എന്താണ് തലശേരിയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്?

വളപട്ടണം പോലീസ് സ്റ്റേഷനിൽ കയറി മാധ്യമങ്ങളുടെ മുന്നിൽ വച്ച് മണൽ മാഫിയയിൽ ഉൾപ്പെട്ട കോൺഗ്രസ്സ് നേതാക്കളെ രക്ഷിച്ചുകൊണ്ടുപോയ കെ സുധാകരൻ ഈ സംഭവത്തിൽ ബോധപൂർവം പെൺകുട്ടികളെ ജയിലിലേക്കയക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു എന്ന് സിപിഐ എം ആരോപിക്കുന്നുണ്ട്. രാജന്റെ മകൾ അഖിലയുടെ ഭർത്താവ് ബിജെപി പ്രവർത്തകൻ ആയതുകൊണ്ടും സി പി എമ്മിനെ അടിക്കാൻ നല്ലൊരു വടി കിട്ടിയതിനാലും ബിജെപിയും സിപിഎമ്മിനെതിരെ ശക്തമായി രംഗത്തുണ്ട്. പി സി ജിബിൻ എഴുതുന്നു:

എന്താണ് തലശേരിയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്?

പി സി ജിബിൻ

ദളിത് സ്ത്രീകൾ കൈക്കുഞ്ഞ് സഹിതം ജയിലിൽ അടക്കപ്പെട്ടു എന്ന വാർത്തയാണ് രാഷ്ട്രീയ സംഘർഷങ്ങൾക്ക് പേരുകേട്ട തലശേരിയിൽ നിന്നും ഏറ്റവും അവസാനമായി പുറത്ത് വരുന്നത്. കോൺഗ്രസ്സ് പാർട്ടി കുടുംബത്തിനു നേരിട്ട ഈ പ്രശ്നത്തെ 'കാട്ടുനീതി' എന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വിശേഷിപ്പിച്ചത്. പ്രശ്നത്തെ ജിഷ വധം ഉൾപ്പെടെയുള്ള സമീപകാല ദളിത് പ്രശ്നങ്ങളോടും രോഹിത് വെമുലയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള ദേശീയ ദളിത് പീഡനങ്ങളോടും താരതമ്യം ചെയ്തും അല്ലാതെയും ഒക്കെയുള്ള ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുകയാണ്. യഥാർത്ഥത്തിൽ തലശ്ശേരി കുട്ടിമാക്കൂലിൽ നടന്ന സംഭവങ്ങളെ തീർത്തും പ്രാദേശികമായ ഘടകങ്ങളെ ഉപയോഗിച്ചു തന്നെ പഠനവിധേയമാക്കേണ്ടതുണ്ട്.


തലശ്ശേരി പ്രദേശത്തിന്റെ ചരിത്ര പശ്ചാത്തലം അനുസരിച്ച്, കേരളത്തിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജാതീയമായ വേർതിരിവുകൾ ഇവിടെ കുറവായിരുന്നു. വൈദേശിക ആധിപത്യം, ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമേ വാഗ്ഭടാനന്ദനും ശ്രീനാരായണ ഗുരുവും തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളും സൃഷ്ടിച്ചെടുത്ത ഒരു അന്തരീക്ഷമാണ് ഈ പ്രദേശത്തിന്റേത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ, വിശേഷാൽ സിപിഐഎമ്മിന്റെ ഉരുക്കുകോട്ട എന്ന വിളിപ്പേരുള്ള പ്രദേശം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി മേൽക്കോയ്മ നേടാൻ ഏറെ പണിപ്പെടുന്ന ബിജെപി അഥവാ സംഘപരിവാർ കൂടെ കോൺഗ്രസ്സും. അതാണ് തലശേരിയുടെ ഒരു ഏകദേശ ചിത്രം.

മതപരമായ വേർതിരിവുകൾക്കിടയിൽ സംഭവിച്ച ഒരു കലാപം ആയിരുന്നിട്ടുകൂടി തലശ്ശേരി കലാപം ശ്രദ്ധ ആകർഷിക്കുന്നത് അതിലെ രാഷ്ട്രീയ ഇടപെടലുകളും താൽപര്യങ്ങളും എല്ലാം കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, സോഷ്യലിസ്റ്റ് പാർട്ടി, സംഘപരിവാർ എന്നിവയുടെ ഒരു വടംവലി ആയി തലശ്ശേരി കലാപത്തിനെ കാണുന്ന ചരിത്രകാരന്മാർ ഉണ്ട്. അതായത് തലശേരിയിൽ എന്ത് നടന്നാലും അതിൽ ഒരു രാഷ്ട്രീയവും രാഷ്ട്രീയ താൽപര്യങ്ങളും കാണുമെന്ന് രത്നച്ചുരുക്കം.

തലശ്ശേരി കുട്ടിമാക്കൂലിലെ എൻ രാജൻ ചെറുപ്പം മുതൽ തന്നെ കോൺഗ്രസ്സ് അനുഭാവിയായിരുന്നു. തലശ്ശേരി മുനിസിപാലിറ്റിയിൽ കണ്ടീജന്റ് ജീവനക്കാരൻ ആയിരുന്ന ഇദ്ദേഹം 2013 ൽ ആണ് വിരമിക്കുന്നത്. പറയത്തക്ക നേതൃപാടവമോ വാക്സാമർത്ഥ്യമോ ഇല്ലാതിരുന്ന രാജനെ സാമുദായിക പരിഗണന മാത്രം നൽകിയാണ് കോൺഗ്രസ്സ് പാർട്ടി, ആദ്യം ഐഎൻടിയുസി നേതൃത്വത്തിലേക്കും തുടർന്ന് പാർട്ടി നേതൃത്വത്തിലേക്കും പരിഗണിക്കുന്നത്. സിപിഐഎംനു സ്വാധീനമുള്ള ഒരു പ്രദേശത്ത് ജീവിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ സിപിഐഎം ഭരണത്തിൽ ഇരിക്കുന്ന ഒരു മുനിസിപാലിറ്റിയിൽ ഐഎൻടിയുസി നേതാവായി പ്രവർത്തിക്കുമ്പോഴോ രാഷ്ട്രീയമോ ജാതീയമോ ആയ വിവേചനത്തിനോ ഭീഷണിക്കോ രാജനോ കുടുംബത്തിനോ ഇരയാകേണ്ടി വന്നിട്ടില്ല.

തികഞ്ഞ സാത്വികനും പരമ സാധുവും സർവസമ്മതനും ആയ രാജന്റെ ജീവിതം മാറി മറിഞ്ഞത് ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടുകൂടി ആയിരുന്നു. തലശേരിയിലെ കരുത്തനായ സിപിഐ എം നേതാവും കുപ്രസിദ്ധമായ ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയുമായ കാരായി ചന്ദ്രശേഖരന് എതിരെ  മത്സരിക്കാനുള്ള ചുമതല കോൺഗ്രസ് നേതൃത്വം രാജനെ എല്പ്പിച്ചതോടെയാണിത്. തങ്ങളുടെ സർവാധിപത്യം ഉള്ള മേഖലയിൽ, പാർട്ടി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസം ആയിരുന്നു സിപിഐ എം നേതൃത്വത്തിന്. ഒരു തരത്തിലും ഈ പ്രദേശത്ത് നിന്നാൽ ജയിക്കില്ല എന്നറിയാവുന്നതുകൊണ്ട് തന്നെ യുഡിഎഫിലെ ഒരു സ്ഥാനമോഹികളും ഈ സീറ്റിനായി ശ്രമിച്ചതുമില്ല. അങ്ങനെയാണ് മത്സരിക്കാൻ ആളില്ലാത്ത ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോൺഗ്രസ്സ് നേതൃത്വം രാജന്റെ പേര് നിർദേശിക്കുന്നത്. പിന്നോക്ക സംവരണ സീറ്റുകൾക്ക് പുറത്ത് ഒരു പിന്നോക്കക്കാരന് പോലും സീറ്റ് കൊടുക്കാത്ത കോൺഗ്രസ്സ് പാർട്ടി, മത്സരിക്കാൻ ആളില്ലാത്ത, തോൽക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റ്, രാജന്റെ തലയിൽ കെട്ടി വെക്കുകയായിരുന്നു. ദളിത് എന്ന രാജന്റെ ഐഡന്റിറ്റിയെ നന്നായി ചൂഷണം ചെയ്ത കോൺഗ്രസ്സ് നേതൃത്വം ജയിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സീറ്റ് നൽകുന്നതിനെ ഏതു നാട്ടുനീതിയുടെ അടിസ്ഥാനത്തിൽ ആണ് വ്യാഖ്യാനിക്കാൻ കഴിയുക.

തങ്ങളുടെ പരമ്പരാഗത കോട്ടകളിൽ എതിർക്കാൻ ആര് വന്നാലും അവനെ ഉടനെ ഒതുക്കണം എന്ന ഗോത്ര-കളരി-ബോധമുള്ള സിപിഐ എം അണികളാവട്ടെ കാരായി ചന്ദ്രശേഖരന് എതിരെ മത്സരിക്കാൻ എത്തിയ എൻ രാജനെ ആജന്മ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് വിവിധ രീതികളിൽ ഉള്ള ബുദ്ധിമുട്ടുകൾ തനിക്കെതിരെ സിപിഐ എം അണികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു എന്ന് രാജൻ പറയുന്നു. 2015 ഡിസംമ്പർ 22 ന് രാജന്റെ വീടിന് മുന്നിലൂടെയുള്ള വഴി ഡി വൈ എഫ് ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് ജോയിന്റ് സെക്രടറി എം സി ഷിജിലിന്റെ നേതൃത്വത്തിൽ മണ്ണിട്ട് ഉപയോഗയോഗ്യമാക്കുകയുണ്ടായി. നഗര പ്രദേശത്തുനിന്നും എത്തിച്ച മണ്ണിൽ പ്ലാസ്റ്റിക് ഉൾപ്പെടെ നിരവധി മാലിന്യവസ്തുക്കൾ ഉണ്ടായിരുന്നതായി രാജൻ പറയുന്നു. ഈ മാലിന്യം തന്റെ കിണറ്റിലേക്ക് എത്തുമെന്ന് പറഞ്ഞു രാജൻ പണി തടസ്സപ്പെടുത്തുകയും പോലീസിലും നഗരസഭാ ഓഫീസിലും ഉൾപ്പെടെ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഈ പ്രശ്നം സിപിഐ എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ തല നേതാക്കൾ ഉൾപ്പടെ ഇടപെട്ട് രമ്യമായി പരിഹരിച്ചു തന്നുവെന്ന് രാജൻ പറയുന്നു. അതിനുശേഷം ചില ചെറിയ ചെറിയ പ്രശ്നങ്ങൾ ഷിജിലുമായി ഉണ്ടായിട്ടുണ്ടെന്നും അവ സിപിഐ എം പ്രാദേശിക നേതൃത്വം ഇടപെട്ട് പരിഹരിച്ചതായും രാജൻ തന്നെ പറയുന്നു.

പരാജയപ്പെടുന്ന ഒരു സീറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിപ്പിക്കുകയും തുടർന്ന് എതിരാളിയുടെ വിവിധ ആക്രമണങ്ങൾ ബ്ലോക്ക് സെക്രട്ടറിയായ ഒരാൾ ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ കോൺഗ്രസ്സ് നേതൃത്വം എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം പ്രസക്തമാണെന്ന് തലശേരിയിലെ ഒരു യുവ കോൺഗ്രസ്സ് നേതാവ് സ്വകാര്യമായി പറയുന്നു. ഇത്തരം ആക്രമണങ്ങൾ നടന്ന സമയത്ത് കേരളം ഭരിച്ചിരുന്നത് യുഡിഎഫ് ആയിരുന്നു. അക്രമകാരികൾക്കെതിരെ കർശനമായ നടപടി എടുപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ അത് ആരും ചെയ്തില്ല എന്നാണ് യുവ കോൺഗ്രസ്സ് നേതാവിന്റെ അഭിപ്രായം. പ്രാദേശിക സി പി ഐ എം അണികളുമായി ബന്ധപ്പെടുമ്പോൾ രാജനെതിരെ അത്തരം ആക്രമണങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന വിശദീകരണമാണ് ലഭിക്കുന്നത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് എം സി ഷിജിൽ എൻ രാജന്റെ മകളായ അഞ്ജനയുടെ സ്‌കൂൾ സഹപാഠി ആണെന്നും ഷിജിലിനെതിരെ രാഷ്ട്രീയ കുബുദ്ധി പ്രയോഗിച്ച് നിരന്തരം പരാതി നൽകുകയാണെന്നും ആണ് അവർ പറയുന്നത്.

അതിന്റെ സത്യാവസ്ഥ എന്തായാലും കാര്യങ്ങൾ ഇപ്പോഴത്തെ നിലയിലേക്ക് എത്തുന്നത് ജൂൺ തുടക്കം മുതലാണ്. ജൂൺ ഒന്നാം തീയതി രാജന്റെ അയൽക്കാർ അവരുടെ പറമ്പിലെ മഴവെള്ളം രാജന്റെ കിണറിനു സമീപത്തേക്ക് വഴിതിരിച്ചു വിട്ടെന്ന് ആരോപിച്ച് രാജന്റെ പെണ്മക്കളും അയൽവാസിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി.  ഈ സമയത്ത് രാജൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ പ്രശ്നം ഷിജിൽ ഏറ്റെടുത്തതായും രാജൻ ആരോപിക്കുന്നു.

ജൂൺ മൂന്നാം തീയതി രാജന്റെ പുതിയ കാർ ആരോ കല്ലെറിഞ്ഞു തകർക്കുന്നു. ഇളയമകൾ രാജന്റെ പേരിൽ വാങ്ങിയ കാറായിരുന്നു അത്. കല്ലെറിഞ്ഞത് ബൈക്കിൽ എത്തിയ രണ്ടംഗസംഘം ആയിരുന്നു. അതിൽ ഷിജിലിനെ രാജന്റെ മക്കൾ തിരിച്ചറിഞ്ഞ് പോലീസിൽ പരാതിനൽകി. ഈ ഘട്ടത്തിൽ ഒന്നും തന്നെ കോൺഗ്രസ്സ് നേതാക്കളോ പാർട്ടിയോ ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല.

ഇതിന്റെ തുടർച്ചയെന്നോണമാണ് ജൂൺ എട്ടിന് ഷിജിലും മറ്റു ചിലരും ചേർന്ന് രാജനെ മർദിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സ തേടിയ രാജൻ ഇവർക്കെതിരെ പോലീസിൽ പരാതി നൽകി. ഈ ഘട്ടത്തിൽ സിപിഐ എം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി തന്നെ വിളിച്ചു 'സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നായിപ്പോയെന്ന്' പറഞ്ഞതായി രാജൻ പറയുന്നു. ചിലരെ നേരിൽ കാണാൻ അയക്കാം എന്ന് ലോക്കൽ സെക്രട്ടറി പറഞ്ഞെങ്കിലും ആരും രാജനെ വന്നു കണ്ടില്ല.

രാജൻ തങ്ങൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ടുള്ള വ്യാജ പരാതികൾ നൽകുകയായിരുന്നു എന്നാണ് പ്രാദേശിക സിപിഐ എം പ്രവർത്തകർ പറയുന്നത്. വാക്കു തർക്കങ്ങളെ പോലും പർവ്വതീകരിച്ച് രാജൻ കേസുകൾ നൽകിയെന്ന് അവർ ആരോപിക്കുന്നു.

ഈ സംഭവങ്ങളെ തുടർന്ന് ജൂൺ പതിനൊന്നിന് തങ്ങൾ വഴിയിലൂടെ നടന്നു പോകുമ്പോൾ ഷിജിലും കൂട്ടരും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും തെറി വിളിച്ചെന്നും ഒക്കെയാണ് രാജന്റെ പെണ്മക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അവഹേളനം ഉണ്ടായപ്പോൾ അത് ചോദ്യം ചെയ്ത് പാർട്ടി ഓഫീസിന്റെ പടിയിൽ ചെന്നപ്പോൾ തന്നെ തങ്ങളെ കസേരയെടുത്ത് ആക്രമിക്കാൻ ഷിജിലിന്റെ നേതൃത്വത്തിൽ ശ്രമിച്ചെന്നാണ് പെൺകുട്ടികളുടെ വാദം. അപ്പോൾ വലിയ ബഹളം ഉണ്ടായെന്നും പോലീസ് എത്തിയാണ് എല്ലാവരെയും ശാന്തരാക്കി മടക്കിയതെന്നും രാജൻ ഈ ലേഖകനോടു പറഞ്ഞു.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന വാദം തീർത്തും കള്ളമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായ സിപിഐ എം പ്രവർത്തകരിൽ ഒരാൾ ദളിത് വിഭാഗത്തിൽ പെട്ട ആളാണെന്നും പി ജയരാജൻ പറഞ്ഞു. പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ രണ്ടു സ്ത്രീകളും ചേർന്ന് പട്ടിക കഷ്ണങ്ങൾ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ മർദിക്കുകയും ഫർണിച്ചറുകൾ തകർക്കുകയും ആണ് ഉണ്ടായതെന്ന് തലശ്ശേരി എംഎൽഎയും സിപിഐ എം നേതാവുമായ എ എം ഷംസീർ പറയുന്നു.

പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തകരെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ മർദിച്ചു എന്ന പരാതിയിൽ ആണ് രാജന്റെ മക്കൾ ആയ അഖില, അഞ്ജന എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും കോടതി അവരെ റിമാണ്ട് ചെയ്യുകയും ചെയ്തത്. ജൂൺ പതിനൊന്നിന് ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന ആരോപണം ഉയർന്ന അന്നുമുതൽ കോൺഗ്രസ്സ് ജില്ലാ നേതൃത്വവും കെ സുധാകരൻ അടക്കമുള്ള ജില്ലയിൽ നിന്നുള്ള ഉന്നത നേതാക്കളും ഈ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുകയും ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും കോൺഗ്രസ് നേതാക്കളോ അഭിഭാഷകരോ പോലീസ് സ്റ്റേഷനിൽ എത്തിയില്ല എന്നതും കോടതിയിൽ ഇവരെ ഹാജരാക്കിയ അവസ്ഥയിൽ ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടായിട്ടും അതിനുവേണ്ടി ശ്രമിക്കാതിരിക്കുകയും ചെയ്തത് ദുരൂഹമാണ്.

വളപട്ടണം പോലീസ് സ്റ്റേഷനിൽ കയറി മാധ്യമങ്ങളുടെ മുന്നിൽ വച്ച് മണൽ മാഫിയയിൽ ഉൾപ്പെട്ട കോൺഗ്രസ്സ് നേതാക്കളെ രക്ഷിച്ചുകൊണ്ടുപോയ കെ സുധാകരൻ ഈ സംഭവത്തിൽ ബോധപൂർവം പെൺകുട്ടികളെ ജയിലിലേക്കയക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു എന്ന് സിപിഐ എം ആരോപിക്കുന്നുണ്ട്. രാജന്റെ മകൾ അഖിലയുടെ ഭർത്താവ് ബിജെപി പ്രവർത്തകൻ ആയതുകൊണ്ടും സി പി ഐഎമ്മിനെ അടിക്കാൻ നല്ലൊരു വടി കിട്ടിയതിനാലും ബിജെപിയും സിപിഐഎമ്മിനെതിരെ ശക്തമായി രംഗത്തുണ്ട്.

ശനിയാഴ്ച ജയിൽ മോചിതരായ യുവതികൾക്ക് കോൺഗ്രസ്സ് നേതൃത്വം വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി. തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തെ സ്വീകരണ പരിപാടികൾക്ക് ശേഷം മനോരമ ന്യൂസ് ചാനലിന്റെ വാർത്താ ചർച്ചയിൽ പങ്കെടുക്കാനായി ചാനലിന്റെ പ്രാദേശിക സ്റ്റുഡിയോയിലേക്ക് പെൺകുട്ടികൾ പോയി. ഈ ചർച്ചയിൽ വച്ച് സിപിഐ എം വനിതാ നേതാവ് പി പി ദിവ്യ ഈ പെൺകുട്ടികൾ ക്വട്ടേഷൻ സംഘത്തെപ്പോലെ പെരുമാറുകയാണെന്നും ഇവർക്കെതിരെ പ്രദേശവാസികൾ പോലീസിലും മറ്റും നിരന്തര പരാതികൾ നൽകിയിരുന്നു എന്നും അഭിപ്രായപ്പെട്ടു. ചർച്ചയ്ക്കുശേഷം ചാനൽ വാഹനത്തിൽ തന്നെ വീട്ടിലേക്കു മടങ്ങിയ പെൺകുട്ടികൾ വീട്ടിലെത്തിയതിനു ശേഷം ന്യൂസ് ബുള്ളറ്റിനുകൾ കാണുകയും പ്രസ്തുത സംഭവത്തിൽ പ്രചരിക്കുന്ന വാട്സ് അപ്പ് സന്ദേശങ്ങൾ വായിക്കുകയും ചെയ്തു. തുടർന്ന് കടുത്ത മനോവിഷമം അനുഭവപ്പെട്ട അഞ്ജന മുകൾ നിലയിലെ മുറിയിലേക്ക് തനിച്ചു പോകുകയും മുറിയിൽ ഉണ്ടായിരുന്ന വിവിധ ഗുളികകൾ ഒരുമിച്ചു കഴിച്ചു കിടക്കുകയുമായിരുന്നു എന്ന് രാജൻ ഞങ്ങളോട് പറഞ്ഞു. വിവരം മനസിലാക്കിയ പെൺകുട്ടിയുടെ സഹോദരികളും അവരുടെ ഭർത്താക്കന്മാരും ചേർന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സ്മാരക സഹകരണ ആശുപത്രിയിൽ അവിടെ ജോലി ചെയ്യുന്ന അടുത്ത ബന്ധുവായ നഴ്സിന്റെ സഹായത്തോടെ പെൺകുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുപ്പിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ശക്തമായിട്ടുണ്ട്.

തങ്ങളുടെ ദളിത് ഐഡന്റിറ്റി കൊണ്ടാണ് ഈ പെൺകുട്ടികൾക്ക് ഇത്തരം ഒരു അവസ്ഥ ഉണ്ടായത് എന്ന വാദത്തോട് ഈ പ്രദേശം സന്ദർശിക്കുന്ന ആർക്കും യോജിക്കാൻ കഴിയില്ല. തങ്ങൾക്കെതിരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവരെയൊക്കെ കൈക്കരുത്തുകൊണ്ട് അടക്കിയിരുത്താം എന്ന് കരുതുന്ന 'കണ്ണൂർ സി പി ഐഎം അണികളുടെ' മനോഭാവം ഈ സംഭവത്തിൽ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം ആരുടെയൊക്കെയോ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു കുടുംബത്തിന്റെ ദളിത് ഐഡന്റിറ്റി ദുരുപയോഗം ചെയ്യപ്പെടുന്നതായും ഈ സംഭവത്തിൽ നിരീക്ഷിക്കാം. ഈ പ്രശ്നത്തെ ഒരു രാഷ്ട്രീയ പ്രശ്നമായി നേരിടുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെടുകയോ അതല്ലെങ്കിൽ പ്രശ്നത്തെ ജാതിവൽക്കരിച്ച് വിജയിക്കുകയോ ചെയ്തിട്ടുണ്ട്.

പോലീസ് സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത് എന്നും അതുകൊണ്ടാണ് രണ്ടു വിഭാഗക്കാരും നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് എന്നുമാണ് സി പി ഐ എം പറയുന്നത്. ഇത് മുഖവിലക്കെടുക്കാൻ സാധിക്കും, എന്നാൽ തങ്ങളുടെ അണികളുടെയും ബഹുഭൂരിപക്ഷം വരുന്ന പ്രാദേശിക നേതാക്കളുടെയും പ്രവർത്തന ശൈലി തിരുത്തുന്നതിനു ആവശ്യമായ നടപടികൾ സിപിഐ എം സ്വീകരിച്ചേ മതിയാവൂ.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ജയിലുകളിൽ നിരവധി സ്ത്രീകൾ കുട്ടികളുമായി കഴിയുന്നുണ്ട്. ദളിത് വിഭാഗത്തിൽ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകൾക്ക് ജയിലിൽ പ്രസവിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ട്. വിശപ്പുമാറ്റാൻ വേണ്ടി പോക്കറ്റടിയോ വ്യഭിചാരമോ ചെയ്ത് ജയിലിൽ എത്തിയവരാണ് ഇത്തരക്കാരിൽ ബഹുഭൂരിപക്ഷവും. മുൻപ് മുത്തങ്ങാ സമരഭൂമിയിൽ നിന്നും പിടികൂടി ജയിലിൽ അമ്മമാരോടൊപ്പം അടക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്. അപ്പോഴൊന്നും ഉയരാത്ത ചർച്ചകൾ ഇപ്പോൾ ഉയർത്തുന്നത് ദളിത് അവകാശങ്ങളെ മുന്നിൽ നിർത്തിക്കൊണ്ടുള്ള രാഷ്ട്രീയക്കളികൾക്ക് വേണ്ടി തന്നെയാവണം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങൾ ആവാതെ സ്വയം കരുത്താർജിക്കാൻ കേരളീയ ദളിത് സമൂഹത്തിനു ഈ സംഭവം ഒരു പ്രചോദനം ആകട്ടെ.

Story by