വിഴിഞ്ഞം പദ്ധതി നഗ്‌നമായ പകൽ കൊള്ള

സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക നഷ്ടം മാത്രം അഞ്ച് ലക്ഷം കോടി രൂപ കഴിയും. വരുമാനം തുച്ഛമായ 30000 കോടി മാത്രവും! വികസനം എന്ന പേരിൽ ഒരു വ്യക്തിക്ക് പൊതു സ്വത്ത് എന്നന്നെക്കുമായി തീറെഴുതി കൊടുത്ത്, ലക്ഷ കണക്കിന് മത്സ്യതൊഴിലാളികളുടെ കിടപ്പാടവും, സ്വത്തും, ജീവനും ഭീഷണിയിലാക്കി. ഇത്തരമൊരു വിഡ്ഢി പ്രൊജക്റ്റ് നമുക്ക് വേണോ? കെ വി രവിശങ്കർ എഴുതുന്നു..

വിഴിഞ്ഞം പദ്ധതി നഗ്‌നമായ പകൽ കൊള്ള

രവിശങ്കർ. കെ വി

വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കും, നട്ടെല്ല് തകർക്കും

സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക നഷ്ടം മാത്രം അഞ്ച് ലക്ഷം കോടി രൂപ കഴിയും. വരുമാനം തുച്ഛമായ 30000 കോടി മാത്രവും! വികസനം എന്ന പേരിൽ ഒരു വ്യക്തിക്ക് പൊതു സ്വത്ത് എന്നന്നെക്കുമായി തീറെഴുതി കൊടുത്ത്, ലക്ഷ കണക്കിന് മത്സ്യതൊഴിലാളികളുടെ കിടപ്പാടവും, സ്വത്തും, ജീവനും ഭീഷണിയിലാക്കി. ഇത്തരമൊരു വിഡ്ഢി പ്രൊജക്റ്റ് നമുക്ക് വേണോ?


വിഴിഞ്ഞം പദ്ധതി നടപ്പിൽ വരുകയാണെങ്കിൽ കേരളത്തിന്റെ സാമ്പത്തിക മേഖലക്ക്, അതുണ്ടാക്കുന്ന ഗുണങ്ങളെ പ്പറ്റിയും നഷ്ടത്തെ പറ്റിയും വിശദമായി തന്നെ വിലയിരുത്തണം. വിഴിഞ്ഞം പദ്ധതി കേരളത്തിലെ സാമ്പത്തിക മേഖലക്ക് വരുത്തുന്ന വലിയ നഷ്ടത്തെ പറ്റിയാണ് എനിക്ക് പറയാനുള്ളത്.

പദ്ധതി വന്നാലുള്ള ലാഭ കണക്ക് ഇപ്പോൾ തന്നെ എല്ലാ മലയാളിയുടെയും മനസ്സിൽ കാണാപാഠമായത് കൊണ്ട് വിശദമായി പറയുന്നില്ല. മറിച്ച് പദ്ധതി സംസ്ഥാനത്തിനും ഓരോ മലയാളിക്കും ഭാവിയിൽ വരുത്തി വയ്ക്കാൻ സാദ്ധ്യതയുള്ള നഷ്ട കണക്കാണ് ഇനി പറയുന്നത് സാമ്പത്തിക ലാഭ നഷ്ടങ്ങളെ വിവിധ തരത്തിൽ പരിശോധിക്കണം. ഒന്ന് പദ്ധതിക്ക് പൊതു ഖജനാവിൽ നിന്നും ചിലവഴിക്കുന്ന മൊത്തം തുകയും, അതിന്റെ വരുന്ന, 80 വർഷങ്ങളിലെ പലിശയും ചേർത്ത്.

പദ്ധതി വഴി കേരളത്തിന്റെ പൊതു ഖജനാവിന് തിരികെ ലഭിക്കാൻ സാദ്ധ്യത ഉള്ളതും, ഉറപ്പായും കിട്ടുന്ന തുക പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങൾ. ഭാവിയിൽ കേരളത്തിന്റെ മൊത്തം സമ്പദ് മേഖലക്ക് ഉണ്ടാക്കുന്ന ഉണർവ്. മൂന്നാമതായി പദ്ധതി നിലനിർത്താനും, പദ്ധതി വഴി ഉണ്ടാകും എന്നുറപ്പുള്ള പാരിസ്ഥിതിക നഷ്ടം നികത്താനും, നിലവിലുള്ള തീരശോഷണം തടയാനും, കൂടുതൽ മേഖലകളെ ബാധിക്കാതെ സംരക്ഷിക്കാനും, വേണ്ട ചിലവുകൾ കടൽ ഭിത്തി, പുലിമുട്ടുകൾ, കൃത്രിമ പാരുകളുടെ നിർമാണം, കടൽ തീരത്തിന്റെ സംരക്ഷണം എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുത്താം.

പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനം മൂലം നഷ്ടമാകുന്ന സ്ഥാവര ജന്ഗമ വസ്തുക്കളുടെ നഷ്ടവും, മത്സ്യ തൊഴിലാളികളുടെ വീടുകളുടെയും, ജീവന്റെയും സംരക്ഷണ ചിലവും, പുനരധിവാസം, പുനർ നിർമാണം ഉൾപ്പെടെയുള്ള ചിലവുകൾ.

അവസാനമായി പദ്ധതി നിലവിൽ വരുന്നതോടെ നിലവിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന മേഖലകളുടെ വരുമാന നഷ്ടവും, തൊഴിൽ നഷ്ടവും, ഭാവിയിൽ ഉണ്ടാകുന്ന മൊത്തം നഷ്ടവും മുകളിൽ പറഞ്ഞ എല്ലാ ഇനങ്ങളുടെയും വേർ തിരിച്ചുള്ള കണക്കോ, മൊത്തത്തിലുള്ള കണക്കോ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയ കമ്പനിയോ, ഇതുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളായ സംസ്ഥാന ഫിഷറീസ്, ടൂറിസം, ഹാർബർ എഞ്ചിനീയറിംഗ്, പോർട്ട് വകുപ്പുകളോ, മത്സ്യ ഫെഡ്, മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പോ എന്തെങ്കിലും പഠനം ആധികാരികമായി നടത്തിയിട്ടില്ല എന്നറിയുമ്പോഴാണ് വിഴിഞ്ഞം പദ്ധതി എത്ര മാത്രം ഏക പക്ഷീയമായി നടപ്പിൽ വരുത്തിയ ഒരു തട്ടിപ്പ് ആയിരുന്നു എന്നത് മനസ്സിലാക്കുക.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ആധികാരികമായി പഠനം നടത്തിയ ലോകബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഐ എഫ്ഫ് സി യും, വിഴിഞ്ഞം തുറമുഖം യഥാർത്യമായാൽ ഭാവിയിൽ കൈകാര്യം ചെയ്യാവുന്ന ചരക്കുകളുടെ അന്താരാഷ്ട്ര നീക്കത്തെ പറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ആഗോള പ്രശസ്ഥമായ ഡ്രിവറി എന്ന സ്ഥാപനവും പദ്ധതി ഒരിക്കലും ലാഭത്തിലാവില്ല എന്ന് അടി വരയിട്ട് പറയുകയും, പദ്ധതി കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന്റെ ഖജനാവിന് ഒരിക്കലും താങ്ങാനാവില്ല എന്നും, പദ്ധതി യഥാർത്യമായാലും അതൊരു വെള്ളാന ആയിരിക്കുമെന്നും പറഞ്ഞിട്ടും വെറും വൈകാരികപരമായ ചില സമരങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോയ മുൻ കേരള സർക്കാരുകൾ ഒരിക്കലും പൊറുക്കാനാവാത്ത പാപമാണ് കേരള ജനതയോട് ചെയ്തത്. ഇത്തരമൊരു പദ്ധതി കേരളത്തിന്റെ കാടുകളെയോ, നദികളെയോ നിലനിൽപ്പിന് ഭീഷണി അല്ലതിരുന്നത് കൊണ്ട്, മലയാളിയുടെ നിത്യ ബോധത്തിലെ പരിസ്ഥിതിയെ ബാധിക്കാത്തത് കൊണ്ടും, അത്ര തന്നെ പ്രാധാന്യമുള്ള കടൽതീരങ്ങളുടെ ശോഷണവും, മറ്റു പ്രശ്‌നങ്ങളും പഠിക്കുന്നതിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള നമ്മുടെ സാമൂഹ്യ - പരിസ്ഥിതി സംഘടനകളും, വ്യക്തികളും, ശാസ്ത്രഞ്ജരും വരുത്തിയ അലംഭാവവും, കല താമസവും വിഴിഞ്ഞം എന്ന വൻകിട പദ്ധതിയുടെ മറുവശം ജനങ്ങളിൽ എത്തുന്നത് വൈകാൻ കാരണമായി എന്ന് കാണാം.

ചരക്ക് നീക്കവും അതു മായി ബന്ധപ്പെട്ട കണക്കുകളും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് അവ വീണ്ടും ആവർത്തിക്കുന്നില്ല. പോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ സ്വകാര്യ പങ്കാളികളുടെ മൊത്തം മുതൽ മുടക്കും അതിലൂടെയുള്ള വരുമാനവും നേരത്തെ പറഞ്ഞു എങ്കിലും ഒരിക്കൽ കൂടി ആവർത്തിക്കുന്നു.

വിഴിഞ്ഞം പദ്ധതി ആകെയുള്ള ചെലവ് - 7525 കോടി രൂപ.
സംസ്ഥാന സർക്കാർ മൂലധനം, - 5071 കോടി രൂപ
കേന്ദ്ര സർക്കാർ വി.ജി.പി ഫണ്ട് അടക്കം
പോർട്ട് ഉണ്ടാക്കാനുള്ള ആകെ ചെലവ് ( സർക്കാർ ചിലവാക്കുന്നത് ) - 4018 കോടി രൂപ
പോർട്ട് (റിയൽ) എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി ചിലവാക്കുന്നത് - 3360 കോടി രൂപ
അദാനി ഗ്രൂപ്പ് ചിലവഴിക്കുന്നത് - 2464 കോടി രൂപ
(റിയൽ) എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം - 896 കോടി രൂപ

ഇത് കൂടാതെ കടൽ നികത്തിയെടുക്കുന്ന 126 ഏക്കർ അടക്കം 400 ഏക്കറോളം സ്ഥലം വെറുതെ കൊടുക്കുന്നു. ഇത്രയും സ്ഥലം ബാങ്ക് ലോൺ എടുക്കാൻ വേണ്ടി പണയം വയ്ക്കാൻ അനുമതി കൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ അഞ്ചു പൈസ സ്വന്തം കൈയ്യിൽ നിന്ന് ചിലാവാക്കാതെ നമ്മുടെ പൊതുസ്വത്ത് ഒരു വ്യക്തിക്ക് തീറെഴുതുന്നു. 40 വർഷം കൊണ്ട് പലിശയടക്കം സർക്കാർ ചിലവാക്കുന്ന തുക 2,30,000 കോടി രൂപ. എല്ലാം കഴിഞ്ഞ് 2054 ൽ സർക്കാരിന് കിട്ടുന്ന വിഹിതം 7800 കോടി രൂപ. ഇത് 60 വർഷം, 80 വർഷം എന്നിങ്ങനെ കണക്കാക്കിയാൽ ഉണ്ടാകുന്ന നഷ്ടം വായനക്കാരുടെ മനോ:ധർമത്തിന് വിടുന്നു

അതിനിടയിൽ പോർട്ട് നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ കിട്ടാതെ പോയാലും, പ്രകൃതി ക്ഷോഭം മൂലമോ, സമയാസമയം ഉറപ്പു വരുത്തേണ്ട സാമ്പത്തിക ലഭ്യത തുടങ്ങിയ മറ്റ് കാരണങ്ങൾ കൊണ്ടോ, കോടതി വ്യവഹാരങ്ങൾ മൂലമോ പദ്ധതി വൈകിയാൽ ഉണ്ടാകുന്ന എല്ലാ നഷ്ടത്തിനും പരിപൂർണ ഉത്തരവാദിത്വം കേരള സർക്കാരിന് മാത്രമായിരിക്കും .

ഇപ്പോൾ തന്നെ ദേശീയ ഹരിത ട്രിബുണലിൽ നടക്കുന്ന കേസുകൾ കാരണവും, ഭാവിയിൽ അവ സുപ്രീം കോടതി വരെ പോയി ഇനിയും അനന്തമായി നീളാനുള്ള സാദ്ധ്യതയും കാണാതിരുന്നു കൂട.
കാരണം പാരിസ്ഥിതിക ആഖാതപഠനം പോലെ വളരെ പ്രാധാന്യത്തോടെ ചെയ്യേണ്ട പഠനങ്ങൾ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും, പൊതുജന വാദം കേള്ക്ക ൽ സമയത്ത് പരാതികൾ വേണ്ട രീതിയിൽ കേൾക്കാതെ, അന്നത്തെ സർക്കാർ സംവിധാങ്ങൾ ദുരുപയോഗം ചെയ്ത് അടിച്ചമർത്തിയ ശേഷം, പഠനത്തിലെ പ്രധാനപ്പെട്ട ചില അദ്ധ്യായങ്ങൾ എതിരാകുമെന്ന് കണ്ടപ്പോൾ, അവ കീറി മാറ്റിയ ശേഷം കേന്ദ്ര സർക്കാരിന്റെ വനം - പരിസ്ഥിതി മന്ത്രാലയത്തിൽ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിക്കാൻ കാണിച്ച ഗുരുതരമായ നിയമ ലംഘനം അടക്കമുള്ള കാര്യങ്ങളും പുതിയ സർക്കാർ
പരിശോധിക്കുകയും, അതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നിയമനത്തിന്റെ മുൻപിൽ കൊണ്ടു വരികയും വേണം.

വിഴിഞ്ഞത്തെ പോലെ സമാനമായ രീതിയിൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്ത കൊളച്ചൽ പദ്ധതിയും, വിഴിഞ്ഞവും തമ്മിൽ ഇത്ര വലിയ സാമ്പത്തിക വ്യത്യാസം എല്ലാ രംഗത്തും കാണാനുണ്ടായതും, വിശദമായി പരിശോധിക്കണം. വെറും ഒരു പദ്ധതിക്ക് വേണ്ടി മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മാത്രം ഉണ്ടാക്കിയ പദ്ധതി ആണ് വിഴിഞ്ഞം എന്ന് തോന്നി പോകുന്ന നിരവധി സംഗതികൾ ഉണ്ട്.
വിഴിഞ്ഞം പദ്ധതിയുടെ രണ്ടും, മൂന്നും വികസന ഘട്ടങ്ങളെ പറ്റി മാത്രമേ പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം നമുക്ക് വിലയിരുത്തനാകൂ.

കാരണം വിഴിഞ്ഞം പദ്ധതിയുടെ ആദ്യകാല റിപ്പോർട്ട്, മാപ്പ് എന്നിവ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. രണ്ടാം ഘട്ടത്തിൽ തന്നെ പദ്ധതി ഇപ്പോഴത്തെ മൂന്നാം ഘട്ടത്തിൽ വരുന്നത് പോലെ ആണ് പ്ലാൻ ചെയ്തിരുന്നത്. റെയിൽവേ ലൈൻ, അടിമലത്തുറ എന്ന മത്സ്യതൊഴിലാളി ഗ്രാമത്തിൽ നിന്നാണ് തുടങ്ങിയിരുന്നത്. അപ്പോൾ വലിയ തോതിൽ ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാൽ ഇപ്പോഴുള്ള തരത്തിൽ തുറമുഖത്തിന്റെ കവാടം, റോഡ്, റെയിൽ ലൈനുകൾ പുനക്രമികരിച്ചു. പദ്ധതിയുടെ മൊത്തം വികസനം രണ്ടു മൂന്ന് ഘട്ടങ്ങളിൽ എന്ന് പറഞ്ഞു നിർത്തി. ഭാവിയിൽ നാലാം ഘട്ടം വേണ്ടി വന്നാൽ അതിനെ പറ്റി യാതൊരു പരാമർശവും, നടത്താതെ മറച്ചു വച്ചു. കാരണം അന്വേഷിച്ചു പോയാൽ അവിടെയും നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ വെളിപ്പെടും.

കാരണം പദ്ധതി അത് വിഭാവനം ചെയ്യുന്നത് പോലെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും യഥാർത്ഥ താൽപര്യം വച്ചാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ അടിമലത്തുറ എന്ന ഗ്രാമം മുഴുവൻ തുടച്ചു നീക്കപ്പെടും. അത് ഒരു കാരണവശാലും ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പിൽ വരുത്താൻ അസാദ്ധ്യമായ സംഗതി ആണെന്ന് പദ്ധതിയുടെ പിറകിൽ ചരടു വലിച്ചവർക്ക് നന്നായി അറിയാം.

കാരണം കേരളത്തിലെ ഏറ്റവും അധികം ജനസാന്ദ്രത ഉള്ളതും, സാക്ഷരതയിൽ കേരളത്തിൽ തന്നെ ഏറ്റവും പിറകിൽ നിൽക്കുന്നതും ആയ ഗ്രാമം ആണ് അടിമലത്തുറ എന്ന് കാണാം. അവരുടെ പുനരധിവാസം ഒരു കാലത്തും നടക്കാത്ത കാര്യമായത് കൊണ്ട് എവിടെയും മിണ്ടുന്നില്ല. അതെ സമയം തന്നെ അടിമലത്തുറ എന്നാ ഗ്രാമത്തിന്റെ തൊട്ടടുത്ത് വരെ എത്തി നിൽക്കുന്ന 4 കിലോമീറ്റർ നീളത്തിലുള്ള ബ്രേക്ക് വാട്ടർ സംവിധാനവും, അവിടേക്ക് കപ്പലുകൾ വരാനുള്ള കപ്പൽ ചാൽ അടിമലത്തുറയുടെ നേരെ മുന്നിൽ ആണെന്നതും ഇത് വരെ ഗൌരവത്തിൽ അധികാരികൾ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ലേഖകന് സംശയം ഉണ്ട്.

കാരണം നിലവിലെ വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖം പ്രവർത്തന ക്ഷമമായ ശേഷം വടക്ക് ഭാഗത്തെ പൂന്തുറ, ബീമാപ്പള്ളി, വലിയ തുറ തുടങ്ങിയ മത്സ്യ തൊഴിലാളി ഗ്രാമങ്ങളിലെ കടൽ തീരം കടലെടുത്ത് ശോഷിച്ചപ്പോൾ, തെക്കോട്ട് മുല്ലൂർ, പുളിങ്കുടി,ആഴിമല, ചൊവ്വര, അടിമലത്തുറ എന്നീ സ്ഥലങ്ങളിൽ പുതിയതായി രൂപപ്പെട്ട ബീച്ചുകൾ കഴിഞ്ഞ കുറച്ചു കാലങ്ങൾ കൊണ്ട് അവിടെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാക്കി മാറ്റുകയും അവിടെയെല്ലാം നിരവധി റിസോർട്ടുകൾ വരികയും ചെയ്തു.

ഒപ്പം മത്സ്യ ബന്ധനം പോലും അസാദ്ധ്യമാക്കുന്ന തരത്തിൽ അടിമലത്തുറ, പൂവാർ, പൊഴിയുർ ഗ്രാമങ്ങളിൽ മണൽ നിക്ഷേപിക്കുകയും, വീടുകളിൽ അടിക്കടി വെള്ളം കയറുന്ന പ്രതിഭാസം ഉണ്ടാവുകയും ചെയ്തു തുടങ്ങി. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ പദ്ധതിയുടെ ഭാഗമായി പഠന വിധേയമാക്കി മാറ്റിയ പാരിസ്ഥിതിക ആഘാത പഠനത്തിൽ പരാമർശിക്കുക പോലും ചെയ്തിട്ടില്ല. അതിന്റെ സാമൂഹിക - സാമ്പത്തിക വശങ്ങളും പഠിച്ചിട്ടില്ല എന്നാണ് ലേഖകന് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

ആ സംശയം കൂടുതൽ വ്യക്തമായത് പദ്ധതി അദാനിക്ക് കൈ മാറിയ ശേഷം ആരംഭിച്ച പ്രക്ഷോഭ സമരങ്ങൾ ഒത്തു തീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ശംഘുമുഖം മുതൽ വേളി വരെയുള്ള മത്സ്യ തൊഴിലാളി ഗ്രാമങ്ങളുടെ പുനരധിവാസത്തിനായി മാറ്റി വച്ച 475 കോടി രൂപയാണ്. ഒരു പഠനത്തിലും പറയാത്ത സംഗതിക്ക് വേണ്ടി ഇത്രയും വലിയ തുക പുറത്തു നിന്നും മാറ്റി വച്ച മുൻ സർക്കാർ ആ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് ഒരിക്കലും വ്യക്തമാക്കിയിരുന്നില്ല.

അത്രയും തുക പദ്ധതിയുടെ വടക്ക് വശത്തെ മത്സ്യ തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ വേണ്ടി വക ഇരുത്തുമ്പോൾ ഇത് പോലെ വെള്ളം കയറി വീടുകൾ നഷ്ടമാകുന്ന തെക്ക് ഭാഗത്തുള്ള മത്സ്യ തൊഴിലാളി ഗ്രാമങ്ങളെ പരിഗണിച്ചില്ല എന്ന് ഭാവിയിൽ ചോദ്യം ഉയരും. അതെ സമയം തന്നെ, തങ്ങളുടെ ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഇടതു പക്ഷ മുന്നണി സർക്കാരിനെ പോലെ ഉള്ളവർക്ക് ഭാവിയിൽ എന്ത് നഷ്ടം വന്നാലും അത് കണ്ടില്ല എന്ന് നടിക്കാനാവില്ല. അങ്ങനെ ആണെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളിൽ വീടും, സ്ഥലവും നഷ്ടമാകുന്നവരുടെ നഷ്ട പരിഹാരം കൂടി കണക്കിൽ എടുക്കുമ്പോൾ മൊത്തം പദ്ധതി ചെലവ് ഇപ്പോൾ പറഞ്ഞതിലും ചുരുങ്ങിയത് 1000 കോടി രൂപയോളം കൂടും.

അതിനും പുറമെയാണ് കൂടുതൽ നഷട്ങ്ങൾ ഉണ്ടാകാതിരിക്കാനും, തീര ശോഷണം തടയാനും ആയി കെട്ടേണ്ടി വരുന്ന കടൽ ഭിത്തികളുടെയും, പുലി മുട്ടുകളുടെയും നിർമാണ ചിലവും, പരിപാലന ചിലവും.
പദ്ധതി പ്രാവർത്തികമാകുന്നതോടെ, അന്താരാഷ്ട്ര പ്രശസ്തമായ കോവളം ബീച്ചിന്റെ നിലവിലെ കടൽ തീരം മുഴുവൻ കടലെടുക്കും. അവിടെയുള്ള കെട്ടിടങ്ങൾ കടലെടുക്കാതെ സംരക്ഷിക്കണമെങ്കിൽ ഒന്നുകിൽ വലിയ കടൽ ഭിത്തികൾ കെട്ടേണ്ടി വരും, അല്ലെങ്കിൽ കടലിൽ വലിയ പുലിമുട്ടുകളോ, കൃത്രിമ പാരുകളോ സ്ഥാപിക്കുകയും അത് നിരന്തരം പരിപാലിക്കപ്പെടുകയും ചെയ്യണം. അല്ലെങ്കിൽ കോവളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും, അവിടെ തീരങ്ങളിൽ, തൊട്ടടുത്തായി നിർമിച്ചിരിക്കുന്ന നിരവധി ഹോട്ടൽ കെട്ടിടങ്ങളും മറ്റും കടലെടുക്കുന്നതും നാം കാണേണ്ടി വരും.
വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ഘട്ട മണ്ണ് പരിശോധനയും, ബ്രേക്ക് വാട്ടർ നിർമാണത്തിനും ആയി കടൽ കുഴിച്ച് മണൽ വാരി തീരത്ത് ഇട്ടപ്പോൾ തന്നെ കഴിഞ്ഞ മെയ് മാസത്തിൽ പെയ്ത വേനൽ മഴയിൽ കോവളം ഹവ്വ, ലൈറ്റ് ഹൌസ്, സമുദ്ര ബീച്ചുകൾ എല്ലാം കടൽ കയറിയ നിലയിലായത് ഇത് വരെ കണ്ടിട്ടില്ലാത്ത പ്രതിഭാസമാണെന്ന് അവിടെയുള്ള പ്രായമായവർ ഒരേ പോലെ അഭിപ്രായപ്പെടുന്നത് ഇനിയും പഠന വിഷയമാക്കാതെ മാറ്റി വയ്ക്കരുത്.
ഇനി ടൂറിസം മേഖലയുടെ കണക്കുകൾ പരിശോധിക്കാം. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2015 - 2016 സാമ്പത്തിക വർഷം കേരളത്തിൽ ടൂറിസം രംഗത്തുനിന്നുള്ള മൊത്ത വരുമാനം (നേരിട്ടും, അല്ലാതെയും ലഭിക്കുന്ന വരവ്) 26689.63 കോടി രൂപയാണ്. അതിൽ 6,949.88 കോടി രൂപ വിദേശ നാണയ യിനത്തിൽ ഉള്ള വരുമാനമാണ്. കേരളത്തിന്റെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 11 % ആയി ടൂറിസം വ്യവസായം മാറിയതായി സർക്കാർ കണക്കുകൾ പറയുന്നു. എല്ലാ വർഷവും പത്ത് ശതമാനത്തിൽ അധികമായാണ്, ഈ രംഗത്തെ വളർച്ചയുടെ തോത് കണക്കാക്കപെട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഈ വളർച്ച നിരക്ക് 7 % ആയിരുന്നു.

കേരളത്തിൽ വരുന്ന വിദേശ ടൂറിസ്ടുകളുടെ എണ്ണം കഴിഞ്ഞ വർഷം 9,77,479 കഴിഞ്ഞതായി കണക്കുകൾ പറയുന്നു. 1, 16, 95, 411 സ്വദേശ സഞ്ചാരികളും, കഴിഞ്ഞ വർഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാനെത്തി. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ മൂന്നിലൊന്നും കോവളം- പൂവാർ മേഖലകളിൽ താമസിക്കാനാണ് ഇഷ്ടപെടുന്നത്. കേരളത്തിലെത്തുന്ന ഒരു സഞ്ചാരി ഏകദേശം എട്ടു മുതൽ പത്ത് ദിവസം വരെ ഇവിടെ ചിലവഴിക്കുന്നതായും പറയുന്നു. കോവളത്ത് എത്തുന്ന, അല്ലെങ്കിൽ ഇവിടെ നിന്നും പോകുന്ന ഓരോ വിദേശസഞ്ചാരിയും, കേരളത്തിലെ മറ്റു സ്ഥലങ്ങൾ കൂടി സന്ദർശിച്ച ശേഷമാണ് പോകുന്നത്.

ഒരു സഞ്ചാരി ഒരു ദിവസം കേരളത്തിലെ ഏതെങ്കിലും ഒരു അംഗികൃത ഹോട്ടൽ അല്ലെങ്കിൽ ഒരു റിസോർട്ടിൽ ഒരു രാത്രി താമസിക്കുമ്പോൾ, ഒരാളായി കണക്ക് കൂട്ടുന്നു. അയാൾ തന്നെ പിന്നീട് ആലപ്പുഴയിലോ, തെക്കടിയിലോ, മുന്നാറിലോ താമസിക്കുമ്പോൾ വീണ്ടും വേറൊരു സഞ്ചാരിയായി കണക്ക് കൂട്ടുന്നു. യഥാർത്ഥത്തിൽ ഏകദേശം ഒന്നോ രണ്ടോ ലക്ഷം മാത്രം ആളുകളാണ് കണക്കിൽ ഒൻപത് ലക്ഷമായി ഉയരുന്നത്.

അങ്ങനെ നോക്കുമ്പോൾ വിഴിഞ്ഞം പദ്ധതി പ്രദേശത്തുള്ള ചെറുതും, വലുതുമായ 32 റിസോർട്ടുകൾ ആണ്. ഏകദേശം ഒന്നേകാൽ ലക്ഷം വിദേശികളും വരുന്നത് ഇവിടെയാണ്. 32 റിസോർട്ടുകളിൽ ആയി, 875 മുറികൾ ഉള്ള മുല്ലൂർ, പുളിങ്കുടി തൊട്ട് ആഴിമല വരെയുള്ള റിസോർട്ടുകൾ വിഴിഞ്ഞം പദ്ധതി വന്നാൽ സഞ്ചാരികൾ കയ്യൊഴിയും. പദ്ധതിക്കായി ഇടത്തരത്തിലുള്ള മൂന്ന് റിസോർട്ടുകളും, 9 ചെറുതും, സർക്കാർ നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കുമ്പോൾ, കടൽ നികത്തുമ്പോൾ ബീച് ഇല്ലാതാകുന്നതിലൂടെ ബാക്കിയുള്ള വലുതും, ഇടത്തരത്തിലുള്ളതുമായ 23 റിസോർട്ടുകൾ സമീപ ഭാവിയിൽ സഞ്ചാരികൾ കയ്യൊഴിഞ്ഞു അടച്ചു പൂട്ടേണ്ട അവസ്ഥ വരും. കാരണം പദ്ധതിയുടെ ഭാഗമായി കടൽ നികത്തുമ്പോൾ അവയുടെയെല്ലാം ബീച്ചുകൾ നഷ്ടപെടും എന്ന് പദ്ധതി രേഖയിൽ തന്നെ വ്യക്തമാക്കുന്നു.
ഈ ഭാഗത്ത് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വിദേശ വിനോദ സഞ്ചാരികളിൽ കൂടുതലും ജെർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവടങ്ങളിൽ നിന്നുള്ളവരാണ്. അവർക്ക് ബീച്ചും, സൺ ബാത്തും അവരുടെ ജീവന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാകയാൽ ബീച് ഇല്ലാത്ത ഒരിടത്തേക്ക് അവർ ഒരിക്കലും അവധി ആഘോഷിക്കാൻ വരില്ല. അത് ഭാവിയിൽ കേരളത്തിലെ വിനോദസഞ്ചാര മേഖലക്കുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.

ആയുർവേദത്തിനു രാജ്യാന്തര തലത്തിൽ പ്രചാരവും, പ്രാമുഖ്യവും നേടി കൊടുത്ത റിസോർട്ടുകൾ ആണ് ഇത്തരത്തിൽ അടച്ചു പൂട്ടാൻ പോകുന്നത്. ഇവിടെയെല്ലാം സര്ക്കാരിന്റെ കള്ളകളികൾ വ്യക്തമാണ്. ഐ. എഫ്. സി തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടിലും, ജൂൺ ഒന്നിന്, ഐ. എഫ്. സി ഒംബുദ്‌സ്മാൻ പുറത്തിറക്കിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.
ഇനി വിനോദ സഞ്ചാര മേഖല സംസ്ഥാനത്തിന്റെ ഖജനാവിന് നല്കുന്ന സംഭാവന നോക്കാം. 2015 - 2016, സാമ്പത്തിക വർഷം കേരളത്തിൽ ടൂറിസം രംഗത്തുനിന്നുള്ള മൊത്ത വരുമാനം (നേരിട്ടും അല്ലാതെയും ലഭിക്കുന്ന വരവ്) 26689.63 കോടി രൂപയും, വിദേശനാണ്യയിനത്തിൽ 6,949.88 കോടി രൂപയുമായിരുന്നു. അതിൽ കോവളം മുതൽ പൂവാർ വരെയുള്ള പ്രദേശത്ത് നിന്നാണ് മൂന്നിൽ ഒന്നും ലഭിക്കുന്നത്
അങ്ങനെ കണക്ക് കൂട്ടുകയാണെങ്കിൽ ഇവിടെ നിന്നും കിട്ടുന്ന വിദേശ നാണ്യയിനത്തിലുള്ള വരുമാനം ഏകദേശം 2000 കോടി കഴിയും. സർക്കാർ കണക്കിന്റെ പകുതി വളർച്ചാ നിരക്കായി 5% മാത്രം കൂട്ടുകയാണെങ്കിൽ പോലും വരുന്ന 40 വർഷം കൊണ്ട് സംസ്ഥാന ഖജനാവിന് വിദേശ നാണ്യയിനത്തിൽ നിന്ന് മാത്രം ഉണ്ടാകുന്ന നഷ്ടം ഒരു ലക്ഷം കോടി രൂപ കഴിയും. സ്വദേശി സഞ്ചാരികളിൽ നിന്നുള്ള വരുമാനം ഈ മേഖലയിൽ നിന്നും കിട്ടുന്നതിന്റെ അഞ്ചിലൊന്നു മാത്രം എടുത്താൽ പോലും 40 വർഷം കൊണ്ട് നേടി തരുന്നത് ഏകദേശം രണ്ട് ലക്ഷം കോടിയിൽ അധികം വരും. അപ്പോൾ മൊത്തത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം കേരളത്തിലെ ഖജനാവിന് ടൂറിസം മേഖലയിൽ നിന്ന് മാത്രം വരും.

ഈ പ്രദേശത്തെ റിസോർട്ടുകളും ഹോട്ടലുകളും ഏകദേശം 2250 പേർക്ക് നേരിട്ടും അനുബന്ധ മേഖലകളായ ടാക്‌സി, പഴം, പച്ചക്കറി, സൂവനീർ എന്നിവയുമായി ബന്ധപ്പെട്ട് 2800 പേരും ജോലി ചെയ്യുന്നു. വിഴിഞ്ഞം പദ്ധതി വന്നാൽ ഏകദേശം 3000 പേർക്കാണ് തൊഴിൽ നഷ്ടപെടുന്നത്.

പ്രവാസി മേഖലയിൽ നിന്നും കേരളത്തിന് കിട്ടി കൊണ്ടിരിക്കുന്ന വിദേശ നാണ്യനിക്ഷേപം എപ്പോൾ വേണമെങ്കിലും നിന്ന് പോകാവുന്ന ഒരു ദുരവസ്ഥ കൂടിയുള്ളപ്പോൾ, ടൂറിസം മേഖലയിൽ നിന്നുണ്ടാകുന്ന വലിയ വരുമാന നഷ്ടം, നമ്മുടെ രാജ്യത്തിന് തന്നെ താങ്ങനാകുമോ എന്ന് കൂടി പരിശോധിക്കണം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന, ഒരു വലിയ പദ്ധതിക്ക് വേണ്ടിയാണ്, അഭിപ്രായ വ്യത്യാസം മറന്ന്, കേരളത്തിലെ എല്ലാ രാഷ്ട്രിയ കഷികളും പോരാടുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.

ടൂറിസവുമായി ബന്ധപ്പെട്ട്, ഞാൻ ഇവിടെ ഉദ്ധരിച്ച കണക്കുകൾ, പെരുപ്പിച്ച് കാണിച്ചതായി വിമർശകർ പറയുകയാണെങ്കിൽ, എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. കഴിഞ്ഞ പത്ത്, പതിനഞ്ച് വർഷമായി, ഇരു മുന്നണികളും മാറിമാറി ഭരിച്ചു, കേരള ടൂറിസം, ഇന്ത്യയിലെ ഏറ്റവും വലിയതായി അവകാശപ്പെടാൻ ചങ്കുറപ്പുകാണിച്ച് നിരവധി അവാർഡുകളും, ഏകദേശം 30,000 കോടി നിക്ഷേപവും ഈ മേഖലയിൽ ഉണ്ടെന്ന് പറയുന്നത് തെറ്റാണെന്ന് തുറന്ന് സമ്മതിക്കണം. ഒപ്പം സംസ്ഥാന ആസൂത്രണ ബോർഡ്, കേരളത്തിന്റെ മൊത്ത വരുമാന സൂചികയിൽ 10.8% സംഭാവന ചെയ്യുന്നത് ടൂറിസം ആണെന്ന് തിരുത്തുകയും വേണം. എന്നാലെങ്കിലും ഈ മേഖലയിൽ ഓരോ വർഷവും, മുതൽ മുടക്കുന്ന പലരുടെയും മുതൽ മുടക്കമെങ്കിലും അവരുടെ കയ്യിലിരിക്കുമല്ലോ?

മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഏകദേശം 2000 കോടി രൂപയുടെ വരുമാനം ഈ മേഖലയിൽ നിന്ന് സർക്കാരിന് ഓരോ വർഷവും കിട്ടുന്നുണ്ടെന്നാണ്. അപ്പോൾ അത് മാത്രം അടുത്ത മുപ്പത് വർഷം കൊണ്ട് നേടി തരുന്നത് 60,000 കോടി രൂപയിൽ അധികമാണ്. വിഴിഞ്ഞം പദ്ധതി വന്നാൽ മത്സ്യസമ്പത്തിൽ ഉണ്ടാകുന്ന വൻനാശം കൂടി കണക്കിൽ എടുക്കുമ്പോൾ, ഇപ്പോഴേ സാമ്പത്തികസ്ഥിതി പരുങ്ങലിലായ കേരളത്തിന് താങ്ങാവുന്നതാണോ എന്ന്, വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി മുറവിളി കൂട്ടുന്ന ഇരുപക്ഷത്തെയും രാഷ്ട്രിയനേതൃത്വം ഇരുത്തി ചിന്തിക്കണം. വിഴിഞ്ഞം പദ്ധതിയുടെ മൂന്ന് ഘട്ടവും കൂടി പൂർത്തിയായാൽ കിട്ടുന്ന ആകെ വരുമാനം 28000 കോടി രൂപ മാത്രവും. അതും വല്ലാർപ്പാടം, തൂത്തുകുടി, കൊളോമ്പോ, ഹമ്പൻടോട തുറമുഖങ്ങളുമായി, മത്സരിച്ച് ലാഭത്തിലായാൽ മാത്രം.

സർക്കാർ ചിലവാക്കുന്ന 5071 കോടി 10 ശതമാനം പലിശ നിരക്കിൽ കണക്ക് കൂട്ടിയാൽ 40 വർഷം കൊണ്ട് 2,24,438.68 കോടി രൂപ പലിശയിനത്തിൽ മാത്രം ചിലവാക്കണം. ഏകദേശം രണ്ടേകാൽ ലക്ഷം കോടി രൂപ. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആണ് ഇത്രയും വലിയ തുക പലിശയിനത്തിൽ മാത്രം, അദാനിയല്ല ഏതു പോർട്ട് ഓപ്പറേറ്റർ വന്നാലും സംസ്ഥാനം ചിലവഴിക്കേണ്ടത്. തലസ്ഥാനത്തിന്റെ പ്രാദേശിക വികസന പ്രശ്‌നമായി വിഴിഞ്ഞം പദ്ധതിയെ കാണുമ്പോഴും കേരള ജനത മുഴുവൻ ഈ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരും എന്ന് കൂടി കാണുമ്പോൾ ഇതൊരു സംസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നമാണ് എന്ന് വിലയിരുത്തേണ്ടി വരും.

ഒരു കാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്നമായിരുന്ന വല്ലാർപാടം അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഇന്ന് ഏത് അവസ്ഥയിൽ ആണെന്ന് കൂടി പ്രാദേശിക വികാരം മാറ്റിവച്ച് പഠിക്കാൻ ശ്രമിക്കണം. അത് കഴിഞ്ഞ് 2054 ൽ കേരളത്തിന് കിട്ടുന്നതോ വെറും 8000 കോടി രൂപ മാത്രവും.

ടൂറിസം വഴിയുള്ള വരുമാനനഷ്ടം 40 വർഷം കൊണ്ട് വേറൊരു രണ്ട് ലക്ഷം കോടിയും. മത്സ്യ മേഖല, പരിസ്ഥിതി നഷ്ടകണക്ക് വേറെയും. ആകെ നഷ്ടം അഞ്ചുലക്ഷം കോടി രൂപ കവിഞ്ഞാലും ആരും അത്ഭുതപ്പെടെണ്ടതില്ല. ഇതൊക്കെ താങ്ങാനുള്ള കരുത്ത് ഈ കൊച്ചു കേരളത്തിന്റെ ഖജനാവിന് ഉണ്ടോ ? ഇത് പറയുമ്പോൾ വികസന വിരുദ്ധൻ എന്ന് പറയുമായിരിക്കും. എന്നാലും സത്യം സത്യമല്ലതാകില്ലല്ലോ? അതു മാത്രമല്ല ഇപ്പോൾ തന്നെ സാമ്പത്തിമായി കടക്കെണിയിൽ പെട്ട് ഉഴലുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ സാമ്പത്തിക പരാധീനത ആണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ല. അത്തരമൊരു നിഗമനത്തിന് ഒരു സാമ്പത്തിക വിദഗ്ദ്ധൻ ആവുകയോന്നും വേണ്ട. ഇതൊരു സാധാരണക്കാരനും മനസിലാകുന്ന ധനതത്വ ശാസ്ത്ര ബോധം മാത്രമേ വേണ്ടു.
മൽസ്യമേഖലക്കും, ടൂറിസം, വ്യവസായത്തിനും ഉണ്ടാകുന്ന കനത്ത ആഘാതം.ഇതൊക്കെ താങ്ങാൻ കേരളത്തിന് ഒരിക്കലും ആകില്ല എന്ന് കൂടി നാം കാണണം.

ഇത് കൂടാതെയുള്ള ചിലവുകളാണ്, തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം മുതൽ ഏകദേശം അഞ്ചു തെങ്ങ് വരെയുള്ള കടൽ തീരത്തിന്റെ, തീരം കടലെടുക്കുമ്പോൾ സംരക്ഷിക്കാൻ വേണ്ട കോടിക്കണക്കിന് രൂപയുടെ കണക്കുകൾ, അതോടൊപ്പം തന്നെ വീടുകൾ നഷ്ടമാകുന്നവർക്കും, ജീവൻ അപകടത്തിലാവുന്നവർക്കുമുള്ള നഷ്ടപരിഹാര തുക എത്ര വരുമെന്ന് നമുക്ക് ഇപ്പോൾ പറയാനാകില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്; ഭാവിയിൽ തിരുവനന്തപുരം ജില്ലയിലെ കടൽ തീരത്തിന്റെ ഏതാണ്ട് മുഴുവനും കടലെടുക്കുമെന്നത്. അതുറപ്പുള്ളത് കൊണ്ടാണ്, മത്സ്യതൊഴിലാളികൾ പറഞ്ഞത് ശരിവയ്ക്കുന്നത് ആണ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ പുനരധിവാസ കരാർ .

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരം വലിയതുറ, ബീമാപ്പള്ളി, വിഴിഞ്ഞം തുടങ്ങിയ കടലോര മേഖലകളിൽ അനുഭവിക്കുന്ന കടൽ ക്ഷോഭം ഇത്രയും കാലം അവിടുത്തുകാർ അനുഭവിക്കാത്തത്ര ഭീകരമാണ്. ഇതിന്റെ കാരണം നിർദ്ധിഷ്ട വിഴിഞ്ഞം പദ്ധതിക്കായി കടൽ കുഴിക്കുന്നത് ആണെന്ന് ഈ രംഗത്തെ വിദഗ്ദർ ആണയിട്ട് പറയുമ്പോൾ, നമ്മുടെ അധികാരികളും, കടലാക്രമണ ത്തിന്റെ സചിത്ര വിവരണം പറയുന്ന മുഖ്യ ധാര മാദ്ധ്യമങ്ങളും മൌനം പാലിക്കുന്നു.

ഒരു വൻകിട പദ്ധതിക്ക് വേണ്ട കൃത്യമായ പഠനം നടത്താതെ, വൈകാരികത മാത്രം മുൻ നിർത്തി വികസനം നടപ്പിലാക്കിയതിന്റെ പ്രത്യാഘാതങ്ങളുടെ നേരിട്ടുള്ള തെളിവാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്ന കടലാക്രമണ വാർത്തകൾ.

വിഴിഞ്ഞം പദ്ധതിയുടെ ആകെ തുക ഇത്രമാത്രം വിവിധ മേഖലകളിലെ നഷ്ടം, 40 വർഷം അഞ്ചു ലക്ഷം കോടി രൂപ സാമ്പത്തിക മേഖലക്ക് നഷ്ടം വരുത്തുമ്പോൾ, വിഴിഞ്ഞം പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ടിൽ പോലും പ്രതീക്ഷിക്കുന്ന വരുമാനം വെറും കോടി രൂപ മാത്രവും.

വിഴിഞ്ഞം എന്ന പോർട്ട് പണി പൂർത്തിയായാലും അത് കൊണ്ട് യാതൊരു വിധ ഗുണവും കേരളത്തിനോ, തിരുവനന്തപുരത്തിനോ ലഭിക്കില്ല. കാരണം ഇങ്ങോട്ട് വരാനോ, ഇവിടുന്ന് പോകാനോ ഉള്ള ചരക്കുകളോ, കണ്ടയിനറുകളോ ഇല്ല . ഇത് വരെ നടത്തിയ ആധികാരിക പഠനങ്ങൾ എല്ലാം അടിവരയിട്ട് പറയുന്ന ഇക്കാര്യം നാം ആധികാരികമായി അവലോകനം ചെയ്തിട്ടില്ല.
ലോകത്ത് ആദ്യമായിട്ടായിരിക്കും, നാടിനും, നാട്ടാർക്കും യാതൊരു പ്രയോജനവും ലഭിക്കാത്ത, അതെ സമയം പിച്ച ചട്ടിയിൽ വരെ കയ്യിട്ടു വാരി ശമ്പളവും, പെൻഷനും കൊടുക്കുന്ന ഭരണാധികാരികൾക്ക്, ഒരു കുത്തക കമ്പനി നടത്തി കൊണ്ടു പോകുമോ എന്ന് ഉറപ്പില്ലാത്ത വിധം, പൊതു സ്വത്ത് തീറെഴുതി കൊടുക്കുന്നത്.

കച്ചവടത്തിൽ എതിരാളികൾ ആരെന്നും, തലകുത്തി മറിഞ്ഞാലും ഒരിക്കലും ലാഭം പോയിട്ട് മുടക്ക് മുതൽ പോലും തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും, വെറും ഊഹങ്ങളുടെ അടിസ്ഥാനത്തിൽ, മലർ പൊടി ക്കാരന്റെ സ്വപ്നം പോലെ, വികസന എന്നാ ഉമ്മാക്കി കാട്ടി, സ്വപ്ന പദ്ധതി എന്ന് പറഞ്ഞ് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

വിഴിഞ്ഞം എന്ന പോർട്ട് പദ്ധതി ഇപ്പോഴും വേണ്ട എന്ന് വയ്ക്കാൻ വൈകിയിട്ടില്ല. അത് ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ പദ്ധതിയുടെ ഫീസിബിലിടി റിപ്പോർട്ട് മാത്രം പരിഭാഷപ്പെടുത്തി മലയാളത്തിലാക്കി, ഇപ്പോൾ പദ്ധതിയെ അനുകൂലിക്കുന്നവർക്ക് കൊടുത്താൽ മതി. മുഴുവൻ വായിക്കുമ്പോൾ സാമാന്യ ബുദ്ധിയുള്ള ഏതൊരു മലയാളിയും, കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും, വികസനത്തിന്റെ ശവക്കല്ലറ തീർക്കുന്ന വിഴിഞ്ഞം പോർട്ട് വേണ്ട എന്ന് പറയും. അതോടൊപ്പം പദ്ധതി വന്നാലുള്ള മുഴുവൻ ലാഭ നഷ്ട കണക്കുകളും ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും പുതിയ കേരള സർക്കാർ മുന്നോട്ട് വരണം. തട്ടിപ്പിന്റെ അവസാന വാക്കായ ഇതിനെതിരെ ജനരോഷം വളർത്തി കൊണ്ടു വരണം. ഇത്രയും കാലം പദ്ധതിക്ക് വേണ്ടി വാതോരാതെ വാദിച്ച എല്ലാവരും പദ്ധതിയുടെ വരും വരായ്കകകളെ പറ്റി ഒന്നു കൂടി വിശകലനം ചെയ്യണം. ഇപ്പോൾ ചിലവാക്കിയ 100 കോടി പോയാലും വേണ്ടില്ല, ഭാവിയിൽ നഷ്ടപെടനുള്ള ലക്ഷ കണക്കിന് കോടി രൂപയും, നാടിന്റെ പരിസ്ഥിതിയും, ജനങ്ങളുമാണ് തങ്ങൾക്ക് വലുതെന്ന് ആർജ്ജവത്തോടെ ജനസമക്ഷം പറയുന്ന ഒരു ജനക്ഷേമ സർക്കാറും, അതിനു നേതൃത്വം നല്കുന്ന ശ്രീ . പിണറായി വിജയനും, എന്നും കേരളത്തിന്റെ സുരക്ഷിതവും, ശാശ്വതവുമായ ഭാവിക്ക് വേണ്ടി നിലനിന്ന സി പി എം , സി പി ഐ കക്ഷികൾ ഉൾപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, മുന്നോട്ട് വരണം.

വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനങ്ങളെ പറ്റിക്കാനുള്ള കടലാസ്സ് പദ്ധതി ആയിരുന്നു എന്നും, അതിലെ ഗൂഢാലോചനയും, കള്ളകളികളും തുറന്നു കാട്ടുകയും ചെയ്തു കൊണ്ടായിരിക്കണം ഞങ്ങൾ പദ്ധതി പുനരവലോകനം ചെയ്യുന്നു എന്ന് ലോകത്തെ അറിയിക്കേണ്ടത്.

അല്ലെങ്കിൽ ഭാവി തലമുറ നമ്മൾ ഇന്ന് ചിന്തിക്കാതെ ചെയ്ത ഒരു വലിയ തെറ്റിന് വലിയ വില നൽകേണ്ടി വരും. അത് ചിലപ്പോൾ കേരളം എന്ന ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തിന്റെ അസ്ഥിവാരത്തെ തന്നെ തകർത്ത ശേഷമായിരിക്കും എന്ന് മാത്രം. ഇനിയും വൈകിയിട്ടില്ല. ഒരു പുനർചിന്തക്ക്, അതിന് കേരളത്തിലെ, സാമൂഹിക പാരിസ്ഥിതിക പ്രതിബദ്ധതയുള്ള മുഴുവൻ സംഘടനകളും, വ്യക്തികളും മുന്നോട്ട് വരണം.

നമ്മൾ ഇത്രയും കാലം പറഞ്ഞ സ്വപ്ന പദ്ധതി വെറും സ്വപ്നം മാത്രമായിരുന്നു എന്നും, അതിന്റെ യഥാർത്ഥ്യം മനസ്സിലായത് കൊണ്ടു ഞങ്ങൾ തെറ്റ് മനസ്സിലാക്കി പിൻമാറുന്നു എന്നും, വികസനത്തിന് വേണ്ടിയുള്ള വികസനവും, പാഴ്ചിലവും, ധൂർത്തും, അഴിമതിയും അല്ല ഇപ്പോഴത്തെ കേരള സർക്കാരിന്റെ നയം, മറിച്ച് പാരിസ്ഥിതിക സന്തുലനവും, ജനക്ഷേമവും, സാമ്പത്തിക സുസ്ഥിരതയും ഒത്തു ചേർന്ന സന്തുലിത വികസനമാണ് യഥാർത്ഥ ഇടതു പക്ഷ കാഴ്ച പ്പാടെന്ന് പറയാൻ ശ്രീ പിണറായി വിജയൻ സർക്കാർ മനസ്സ് വയ്ക്കണം. വരും തലമുറക്കും, കേരളത്തിന്റെ ബാക്കിയുള്ള പരിസ്ഥിതിക്കും വേണ്ടി പിൻമാറുന്നു എന്ന് പരസ്യമായി പറയാൻ തയ്യാറാകണം.

അഞ്ചാം ഭാഗം: വിഴിഞ്ഞം: കുളച്ചൽ പോർട്ട്, രാജ്യസുരക്ഷ, മറ്റ് ഭീഷണികൾ

നാലാംഭാഗം: വിഴിഞ്ഞം: കള്ള കണക്കുകളും, ഗൂഢാലോചനയും, അന്തർനാടകങ്ങളും

മൂന്നാം ഭാഗം: വിഴിഞ്ഞം; യുഡിഎഫ് സർക്കാരിന്റെ തട്ടിപ്പുകൾ

രണ്ടാം ഭാഗം: വിഴിഞ്ഞവും മത്സ്യ തൊഴിലാളി ഗ്രാമങ്ങളും


ഒന്നാം ഭാഗം: വിഴിഞ്ഞം പദ്ധതി ഒരു പുനർചിന്ത അത്യാവശ്യം