വിഴിഞ്ഞം: കുളച്ചല്‍ പോര്‍ട്ട്, രാജ്യസുരക്ഷ, മറ്റ് ഭീഷണികള്‍

കുളച്ചല്‍ പദ്ധതിയില്‍ പിടിമുറുക്കാന്‍ അദാനി വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചതായി വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. വിഴിഞ്ഞം പദ്ധതിയും കുളച്ചല്‍ പദ്ധതിയും തമ്മിലുള്ള താരതമ്യം ഇവിടെ സാധ്യമാണ്. വിഴിഞ്ഞത്തിന് വളരെ സമീപത്തായി പരിപൂർണമായും കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ വരുന്ന കൊളച്ചൽ പോർട്ടും, ഇന്ത്യയുടെ രാജ്യ സുരക്ഷയും, കേരളത്തിന്റെ മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരിയുടെ അഭ്യന്തര സുരക്ഷയും തുടങ്ങിയ വിഷയങ്ങളിൽ പഠനം ആവശ്യമുണ്ട്- കെ വി രവിശങ്കര്‍ എഴുതുന്നു.

വിഴിഞ്ഞം: കുളച്ചല്‍ പോര്‍ട്ട്, രാജ്യസുരക്ഷ, മറ്റ് ഭീഷണികള്‍

കെ വി രവിശങ്കര്‍ 

വിഴിഞ്ഞം പദ്ധതിയുടെ ഇത് വരെ ചർച്ച ചെയ്യപ്പെടാത്ത ചില കാര്യങ്ങൾ കൂടി പറയാതിരിക്കുന്നത് ശരിയല്ല.

പ്രത്യേകിച്ചും അടുത്തിടെ വിഴിഞ്ഞത്തിന് വളരെ സമീപത്തായി പരിപൂർണമായും കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ വരുന്ന കൊളച്ചൽ പോർട്ടും, ഇന്ത്യയുടെ രാജ്യ സുരക്ഷയും, കേരളത്തിന്റെ മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരിയുടെ അഭ്യന്തര സുരക്ഷയും തുടങ്ങിയ വിഷയങ്ങളിൽ.

കൊളച്ചൽ പോർട്ടും, വിഴിഞ്ഞവും ഒരു താരതമ്യം 

അദാനി പദ്ധതി ഏറ്റെടുത്ത ഉടൻ തന്നെ, വിഴിഞ്ഞത്തിനു തെക്കായി, രാജ്യാന്തര കപ്പൽചാലിന് കുറെ കൂടി അടുത്തു കിടക്കുന്ന കുളച്ചൽ കേന്ദ്രമാക്കി  കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിക്ഷേപത്തിൽ 21000 കോടി രൂപ ചിലവഴിച്ച് പുതിയ രാജ്യാന്തര തുറമുഖം നിർമിക്കാനുള്ള ശ്രീ നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം സംശയ ദൃഷ്ടി യോടെ തന്നെ കാണണം. കാരണം രാജ്യ താൽപര്യം മുൻ നിർത്തിയാണെങ്കിൽ അത് നിലവിലുള്ള വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും   വിഴിഞ്ഞത്തിന്    കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ വയബിലിറ്റി ഗാപ്‌ ഫണ്ട്‌ കൊടുക്കാൻ കൂടി കേരള സർക്കാരുമായി ധാരണ ആയ ശേഷം ഇത്തരമൊരു തീരുമാനം എടുത്തതിൽ ആരെങ്കിലും ദുരൂഹത ആരോപിച്ചാൽ കുറ്റം പറയാനാവില്ല. കാരണം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതൽ തവണ ആവശ്യപ്പെട്ട ഒരു തുറമുഖമായിരുന്ന വിഴിഞ്ഞം. അന്നെല്ലാം പറഞ്ഞത് ഇപ്പോൾ പറയുന്ന തരത്തിലുള്ള യാതൊരു വിധ പ്രാമുഖ്യവും വിഴിഞ്ഞത് തുറമുഖം വരുന്നത് കൊണ്ട് ഉണ്ടാവില്ല എന്നാണ്.


വിഴിഞ്ഞം ഒരു പ്രാദേശിക വികാരം മാത്രമായി ഉയർത്തി കൊണ്ടു വന്നപ്പോൾ അതൊരു തിരഞ്ഞെടുപ്പ് - വോട്ട് രാഷ്ട്രീയം മാത്രമായപ്പോൾ അതിനെ എതിർക്കാൻ ഇടതു പക്ഷ മുന്നണി ക്ക് പോലും ആയില്ല.

മുല്ല പെരിയാർ വിഷയത്തിൽ കേരളവും, കഴിഞ്ഞ സർക്കാരും കാണിച്ച വിവേക ശുന്യമായ വികാര പ്രകടനം പോലെ മാത്രം വിഴിഞ്ഞത്തിന് വേണ്ടിയുള്ള സ്വപ്ന പദ്ധതി എന്ന വികാരവും കണ്ടിരുന്നെങ്കിൽ നമുക്ക് ഇത്രയും വലിയ ആന മണ്ടത്തരം പറ്റുമായിരുന്നില്ല.

നിർദ്ധിഷ്ട  കുളച്ചൽ പോർട്ടിന്, വിഴിഞ്ഞം പോർട്ട് പ്രൊജക്റ്റ്‌ എന്ന മിഥ്യാ സങ്കൽപ്പത്തേക്കാൾ  ഒരു പാട് മെച്ചങ്ങൾ ചൂണ്ടികാണിക്കാനുണ്ട്.

രാജ്യാന്തര കപ്പൽ ചാലിൽ നിന്നും വിഴിഞ്ഞതിന്റെ ദൂരം 10 നോട്ടിക്കൽ മൈൽ ആണെങ്കിൽ കൊളച്ചൽ അതിലും അടുത്താണ് സ്ഥിതി ചെയ്യുന്നത്.

സമുദ്ര തീരത്തിനോട് ചേർന്ന് കടലിന്റെ അടിത്തട്ടിലുള്ള ആഴം വിഴിഞ്ഞത്തിനെക്കൾ മെച്ചമോ, അല്ലെങ്കിൽ തുല്യമോ ആണ്‌ രണ്ടു സ്ഥലങ്ങളിലും കടലിന്റെ അടിത്തട്ടിന്റെ ആഴം 19 മുതൽ 24 അടി വരെ ഉണ്ട്.  അടിക്കടിയുള്ള ഡ്രെഡ്ജിങ്ങ് വേണ്ടി വരില്ല എന്ന് രണ്ടു കൂട്ടരും ഒരേ പോലെ അവകാശപ്പെടുന്നു. പക്ഷെ പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ടിൽ തന്നെ വിഴിഞ്ഞത് സ്ഥിരമായ  ഡ്രെഡ്ജിങ്ങിന്,  വേണ്ടി തുക വിലയിരുത്തുകയും ചെയ്തത് അധികൃതർ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്.

കുളച്ചൽ തീരത്തിനും. ഒരേ ആരു പോരായ്മയായി പറഞ്ഞിരുന്നത്‌ തീരത്തിനോട് അടുത്തുള്ള കടലിന്റെ അടിയിലെ പാറക്കെട്ടുകൾ ആയിരുന്നു. അത് തകർക്കാൻ ആധുനിക യന്ത്ര സൌകര്യങ്ങൾ ഉള്ളപ്പോൾ ഒരു പ്രയാസവുമില്ല. വിഴിഞ്ഞതും ഏകദേശം തുല്യ അളവിൽ കടൽ കുഴിക്കണം എന്ന് ഇപ്പോഴേ വെളിപ്പെട്ടു കഴിഞ്ഞു.

വിഴിഞ്ഞത്ത് കടൽ നികത്തി 120 ഏക്കർ  നികത്തുമ്പോൾ 500  ഏക്കർ കടലാണ് നികത്തുന്നത്. കരയില വിഴിഞ്ഞം വെറും 250 ഏക്കർ സ്ഥലം ഏറ്റെടുത്തപ്പോൾ കുളച്ചലിനായി തമിഴ്നാട്‌ സർക്കാർ സൗജന്യമായി 5000 ഏക്കർ സ്ഥലം കൊടുക്കാം എന്ന് ജയലളിത വാഗ്ദാനം ചെയ്തത് പദ്ധതികളുടെ വലിപ്പത്തിലെ വ്യത്യാസം നമുക്ക് വ്യക്തമാക്കി തരുന്നു. ഇതിനെല്ലാം പുറമെയാണ് രണ്ടു പോർട്ട്‌ പദ്ധതികൾ തമ്മിലുള്ള ,   സാമ്പത്തിക അന്തരം.

കന്യാകുമാരി എം. പിയും, കേന്ദ്ര ഷിപ്പിങ്ങ് സഹമന്ത്രിയുമായ ശ്രീ. പൊൻ രാധാകൃഷ്ണൻ,  തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ പരിപൂർണ പിന്തുണയോടെ നടപ്പിൽ വരുത്തിയ ആസൂത്രിത നീക്കം വിഴിഞ്ഞത്തിന് ഉണ്ടാക്കുന്ന ഭീഷണി ഇത് വരെ ആരും ചർച്ച ചെയ്തിട്ട് പോലും ഇല്ല. വിഴിഞ്ഞം പദ്ധതിയുടെ ആകെയുള്ള ചെലവ് 7525 കോടി രൂപ കണക്കാക്കി. അതിൽ 2806 കോടി രൂപ പോർട്ട്‌ നിർമാണത്തിന് വേണ്ടി ചിലവഴിക്കുമ്പോൾ, കൊളച്ചലിന്റെ നിർമാണത്തിന്, ( പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങൾക്കും) വേണ്ടി 21000 കോടി രൂപ വകയിരുത്തി. അതായത് നാം ചിലവാക്കുന്നതിന്റെ മൂന്നിരട്ടി തുക. ആദ്യ ഘട്ടത്തിന് 6,628 കോടി രൂപയും, രണ്ടും മൂന്നും ഘട്ടത്തിനായി 14000 കോടി രൂപയും അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. അതും പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ടോ, പാരിസ്ഥിതിക ആഖാത പഠനമോ നടത്താതെ തന്നെ

വിഴിഞ്ഞത്തിന് ആകെ 300 ഏക്കർ ഭൂമി , ( പദ്ധതിക്കും, അനുബന്ധ വ്യവസായങ്ങൾക്കും)  കണക്കാക്കിയപ്പോൾ  കൊളച്ചലിനു 5500 ഏക്കർ ഭൂമി മാറ്റി വയ്ക്കുന്നു.

കേരളം നമ്മുടെ സ്വപ്ന പദ്ധതി എന്നും, കേരള പിറവിക്ക് ശേഷം സംസ്ഥാനം  നേരിട്ട് നിക്ഷേപിക്കുന്ന ഏറ്റവും വലിയ പദ്ധതി എന്നും കൊട്ടി ഘോഷിക്കുന്ന വിഴിഞ്ഞം  പദ്ധതി, കൊളച്ചൽ പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിന്റെ ചിത്രം കൂടുതൽ തെളിഞ്ഞു വരുമ്പോൾ ഓരോ മലയാളിയും ഞെട്ടി തെറിക്കും.

കാരണം ഇന്നത്തെ നിലയിൽ കൊളച്ചൽ തുറമുഖ പദ്ധതിയുടെ ആസൂത്രണവും, നിർവഹണവും, നടത്തിപ്പും ഏൽപ്പിക്കുക അദാനി പോർട്ടിനെ അല്ലാതെ വേറെ ആരെയും ആവില്ല എന്ന് ഉറപ്പിക്കാൻ വലിയ പ്രയാസമുണ്ടാകില്ല.

ഒരു വൻ കിട പദ്ധതിയും ഒറ്റ രാത്രി കൊണ്ട് ഉരുത്തിരിഞ്ഞ്‌ വരില്ല എന്ന് ഇതുമായി ബന്ധപ്പെട്ടവർക്ക് അറിയാം. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ത്യയിലെ ഷിപ്പിങ്ങ് - പോർട്ട്‌ മേഖലയിലെ പല ഏറ്റെടുക്കലുകളും, അധിനിവേശങ്ങളും നടന്നത്. ഒരു വർഷത്തിനുള്ളിൽ അദാനി പോർട്ട്‌, തങ്ങളുടെ എതിരാളികളായ എസ്സാർ, ശ്രെയി തുടങ്ങിയ പോർട്ട്‌ നടത്തിപ്പ് കമ്പനികളെ ഏറ്റെടുത്തു. അതും ഈ കമ്പനികൾ വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാൻ താൽപര്യം കാണിച്ച ശേഷം. അതെ സമയം തന്നെ കേരളത്തിലെ ചില രാഷ്ട്രിയ നേതാക്കളെ കയ്യിലെടുത്ത്, പുതിയ നീക്കങ്ങൾ നടത്തി, എല്ലാ മലയാളികളെയും ഞെട്ടിച്ച്‌, ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത എകപക്ഷിയമായ നിബന്ധനകളോടെ പുതിയ കരാർ വ്യവസ്ഥകൾ ഉൾപ്പെടുത്തി കൊണ്ട് അദാനി പോർട്ട്‌ രംഗത്ത് വരാനുള്ള സാഹചര്യം എല്ലാ തരത്തിലും അണിയറയിൽ ഒരുക്കി കൊണ്ട് കേരളത്തിന്റെ പൊതു സ്വത്തുക്കൾ അടുത്ത 80 വർഷം വരെ വച്ചനുഭവിക്കാൻ ഒരു ഇന്ത്യൻ കുത്തകയ്ക്ക് വക ഒരുക്കി.

തമിഴ് നാടിന് ഇപ്പോഴത്തെ കേന്ദ്ര സർക്കാറിൽ ചെലുത്താൻ കഴിയുന്ന സ്വാദീനം എന്തായാലും നമ്മുടെ കൊച്ചു കേരളത്തിന്‌ ചെലുത്താൻ കഴിയില്ല എന്നുറപ്പാണ്. അവിടെയാണ് കൊളച്ചൽ എന്ന പദ്ധതിയുടെ ആവിർഭാവവും  ആരുമറിയാതെ  വിഴിഞ്ഞത്തെ എന്ത് കൊണ്ട് അദാനി പെട്ടെന്ന് വാരി പുണർന്നു എന്നതും സൂക്ഷമമായി വിലയിരുത്തേണ്ടതും

മുഴുവൻ മുതൽ മുടക്കും കേരളത്തിന്‌. നടത്തിപ്പും , ലാഭവും മുഴുവൻ ഒരു സ്വകാര്യ വ്യക്തിക്ക്. അതും അടുത്തിടെ ഇന്ത്യയിലെ പൊതു മേഖല ബാങ്കുകളിൽ നിന്ന് 76000 കോടി രൂപ കടമെടുത്ത ഒരു കുത്തക കമ്പനി എന്ന് കൂടി വ്യക്തമായ ശേഷം. ഇതിന്റെ കൂടെ ഒരു കാര്യം കൂടി കൂട്ടി വായിക്കണം. വിഴിഞ്ഞം പദ്ധതി നടത്തിപ്പുകാരായി ഒരിക്കൽ നിശ്ചയിച്ച അന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ സൂം ഡെവലപ്പെഴ്സ്, ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്ന് കൂടി പരിശോധിക്കുമ്പോൾ ഭാവിയിൽ അദാനി എന്ന കമ്പനിക്ക് പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാകാതെ വന്നാലും ഒന്നും സംഭവിക്കില്ല എന്നുള്ള മറുവശം നാമെല്ലാം ഓർക്കണം  . പദ്ധതി തുടങ്ങി ലാഭത്തിൽ അല്ലെങ്കിൽ അദാനിക്ക് എളുപ്പം വിഴിഞ്ഞം കയ്യോഴിയാം. അല്ലെങ്കിൽ തന്റെ തന്നെ ഉടമസ്ഥതയിലും, നടത്തിപ്പിലും ഉള്ള മറ്റു തുറമുഖങ്ങളുടെ കച്ചവട താല്പ്പര്യം വിഴിഞ്ഞം കയ്യിൽ നിർത്തി സംരക്ഷിക്കാം. ദുബായ് പോർട്ട്‌ അധികൃതർ വല്ലാർ പാടം നിലനിർത്തുന്നത് പോലെ. പക്ഷെ ആത്യന്തികമായി നഷ്ടം കേരളത്തിനും, ഓരോ മലയാളിക്കും ആണ്.

വിഴിഞ്ഞവും രാജ്യസുരക്ഷയും


വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി  ചർച്ച ചെയ്യാൻ തുടങ്ങിയത് മുതൽ കേൾക്കാൻ തുടങ്ങിയ ഒരു പ്രധാന പ്രശ്നമായിരുന്നു രാജ്യസുരക്ഷ.

എന്താണ്  കേന്ദ്രസർക്കാരിന്റെ അഭ്യന്തര-രാജ്യരക്ഷാ വകുപ്പുകൾ ഇക്കാര്യത്തിൽ ഇത്രമാത്രം ആകുലപ്പെടാനുള്ള കാരണം.. ആദ്യഘട്ടങ്ങളിൽ പലപ്പോഴും ആലോചിച്ച ഒരു കാര്യമായിരുന്നു ഇത്.  പക്ഷെ പിന്നീടൊരിക്കൽ കേന്ദ്രസർക്കാർ അയച്ച കത്ത് കുറച്ചു വർഷങ്ങൾക്ക്  മുൻപ് നേരിൽ കാണാൻ ഇടവന്നപ്പോഴാണ് കാര്യങ്ങളുടെ ഗൌരവം പിടികിട്ടിയത്.

ഇന്ത്യയുടെ രാജ്യാന്തര അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഏറ്റവും അടുത്ത സംസ്ഥാന തലസ്ഥാനവും, നഗരവുമായ തിരുവനതപുരം ഇപ്പോൾ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ട ഒരു സ്ഥലമാണെന്ന് കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ വിലയിരുതിയിട്ടുണ്ട്. പ്രത്യേകിച്ചും അടുത്ത കാലത്തായി ശ്രിലങ്കയിലെ ചൈനീസ് സാമീപ്യവും, മാലി ദ്വീപിലെ പാകിസ്ഥാൻ അധിനിവേശവും. രണ്ടും ഇന്ത്യക്ക് മൊത്തത്തിൽ ഭയാശങ്ക നൽകുന്ന സമീപകാല സംഭവങ്ങളാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്യമായാൽ ഒരേ സമയം സംസ്ഥാന തലസ്ഥാനവും,, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും ഉള്ള നഗരമായതിനാലും, നമ്മുടെ ശത്രു പക്ഷത്തുള്ള രാജ്യങ്ങളുടെ സമീപ്യത്താലും, രാജ്യാന്തര അതിർത്തിയോട് ഏറ്റവും അടുത്തു കിടക്കുന്ന നഗരമായതിനാലും, തിരുവനന്തപുരം ഭീകരവാദ ഭീഷണിയും, മറ്റു സുരക്ഷാ കാരണങ്ങളാലും എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുളള  അതീവലോലമായ പ്രദേശമായി മാറും. ഇപ്പോൾ ശാന്തസുന്ദര മായ നഗരം നാളെ ഭീകരവാദികളുടെയും, വിഘടനവാദികളുടെയും, കളള കടത്തുകാരുടെയും, സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറും. ഇതൊക്കെ തന്നെയാണ് വർഷങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാരിന്റെ അഭ്യന്തര- രാജ്യസുരക്ഷ വകുപ്പുകൾ നമുക്ക് മുന്നറിയിപ്പ് തന്നത്. പക്ഷെ വികസനത്തിന്‌ വേണ്ടിയുള്ള ദാഹം മാറിമാറി വന്ന സർക്കാരുകളെ അന്ധരാക്കി.

സ്വകാര്യ വ്യക്തികളോ, സ്ഥാപനങ്ങളോ തുറമുഖ നടത്തിപ്പ് പരിപൂർണമായും കൈകാര്യം ചെയ്യുകയും ചെയ്‌താൽ അത് രാജ്യത്തിന്‌ തന്നെ വളരെ വലിയ ഭീഷണി ആകുമെന്ന് ഇപ്പോൾ തന്നെ വിലയിരുത്തപ്പെട്ടിരിക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയും, മുൻ അഭ്യന്തര മന്ത്രിയുമായ ശ്രീ. കോടിയേരി ബാലകൃഷ്ണൻ,  മന്ത്രി എന്ന നിലയിൽ ഭരണഘടനാ പ്രകാരം  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കാലഘട്ടത്തിലെ പ്രധാന ഭരണപരമായ രഹസ്യമായത് കൊണ്ട്, ഇക്കാര്യത്തിൽ അന്ന്  മൌനം പാലിച്ചെങ്കിലും, സി പി എം സെക്രട്ടറി ശ്രീ. സീതാറാം യെച്ചുരി ഇക്കാര്യം മാധ്യമങ്ങളോട് ഒരിക്കൽ  തുറന്നു പറഞ്ഞിരുന്നു എന്നോർക്കുക . അപ്പോൾ അതിൽ എന്തോ  വാസ്തവാമുണ്ട് എന്നത് വെളിവാകുന്നു.

മുംബൈയിലെ ഭീകരാക്രമണം രാജ്യസുരക്ഷയെയും, രാജ്യത്തെ സാമ്പത്തികാവസ്ഥയെയും വർഷങ്ങളോളം പിന്നോട്ടടിച്ചെങ്കിലും കൂട്ടായ പരിശ്രമഫലമായി പഴയ നിലയിലെത്തിക്കാൻ കഴിഞ്ഞിട്ട് അധിക കാലമായില്ല. അതിന്റെ പ്രതിധ്വനി ഇപ്പോഴും പല സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതിയിൽ ഇപ്പോഴും മുഴച്ചു നില്ക്കുന്നു. ആ ആക്രമണം രാജ്യത്തൊട്ടാകെ ലക്ഷകണക്കിന് കോടി രൂപയുടെ നഷ്ടവും, മറ്റും ഉണ്ടാക്കിയെങ്കിൽ കേരളത്തിന്റെ സ്ഥിതി അതല്ല. മുംബൈ എന്ന നഗരം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായത് കൊണ്ടും, സാമ്പത്തിക ശേഷിയിൽ വളരെ മുന്നോട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരും,  സ്വകാര്യ വ്യവസായികളും, സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ അകമഴിഞ്ഞ സഹായത്തോടെ മുംബൈ നഗരം പൂർവസ്ഥിതിയിൽ പുനസ്ഥാപിച്ചു. പക്ഷെ തിരുവനതപുരം ആയിരുന്നു അത്തരമൊരവസ്ഥയിൽ എങ്കിൽ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ച് നോക്കൂ.

ഇന്ത്യൻ നേവി  വിഴിഞ്ഞം പദ്ധതിയിൽ നിന്നും പിന്മാറിയ കാര്യം എത്ര പേർക്ക് അറിയാം. പദ്ധതിക്ക് ആദ്യം അനുകൂലമായി നിന്നിരുന്ന ഇന്ത്യൻ നേവി എന്ത് കൊണ്ട് ഇതിൽ നിന്നും പിന്തിരിഞ്ഞു ? മാദ്ധ്യമങ്ങളിൽ ഒരു കോളം വാർത്തയായി ഒതുക്കുന്നതിൽ പദ്ധതിയെ അനുകൂലിക്കുന്നവർ വിജയിച്ചിരിക്കാം. പക്ഷെ അത് നമ്മുടെ നാടിന്റെ മൊത്തം സാമ്പത്തിക - സാമൂഹിക - പാരിസ്ഥിതിക സന്തുലനം തകർത്ത് കൊണ്ടാകരുത്.

ഇന്ത്യൻ നേവി   പിന്മാറിയപ്പോൾ, അതിന് ശേഷം പദ്ധതി ഒരു തരത്തിലും ലാഭകരമാവില്ല എന്ന് കണ്ടു ഇപ്പോൾ രാജ്യത്തെ പ്രമുഖ എണ്ണ കമ്പനികളുമായി പങ്കാളിത്തത്തിന് തയ്യാറാവുകായാണ് അധികൃതർ. ആദ്യം വെറും രാജ്യാന്തര കണ്ടയിനർ തുറമുഖം മാത്രം വിഭാവനം ചെയ്തപ്പോൾ പിന്നീട് ടൂറിസം രംഗത്തുള്ളവരുടെ എതിർപ്പിനെ മറികടക്കാൻ ക്രൂയിസ്സ് ടെർമിനൽ കൂട്ടി ചേർത്തത് പോലെ ഇപ്പോൾ എണ്ണ കപ്പലുകൾക്ക് അനുയോജ്യമാകുന്ന തരത്തിലേക്ക് മാറ്റം വരുത്താൻ ശ്രമിക്കുന്നു. എണ്ണ കപ്പലുകൾ അടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രത്യഘാത പഠനമല്ല വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി നടത്തിയിട്ടുള്ളത്. ഗ്രീൻ പോർട്ട്‌ എന്ന നിലയിലും, എണ്ണ , കൽക്കരി തുടങ്ങിയ ബൾക്ക് കാർഗോ  അടക്കമുള്ളവ കൈകാര്യം ചെയ്യാതെ പരിപൂർണമായും രാജ്യാന്തരകണ്ടയിനർ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായി വിഭാവന ചെയ്ത് ഒടുവിൽ “ഞങ്ങൾ എന്തും ചെയ്യും അത് ചോദിയ്ക്കാൻ നിങ്ങളാരാ” എന്ന മട്ടിലുള്ള അധികൃതരുടെ  പ്രതികരണം ഒരു ജനാതിപത്യ വ്യവസ്ഥക്ക് ചേർന്നതല്ല എന്ന് പറയാൻ നട്ടെല്ലുള്ള ഒരു സംഘടനയോ, രാഷ്ട്രിയ പാർടിയോ നമുക്കില്ലാതെ പോയോ? അതോ ആരും ഇതൊന്നും അറിഞ്ഞില്ല എന്നുണ്ടോ ? പക്ഷെ ഇപ്പോൾ നമുക്ക് ഒരു ചങ്കുറപ്പുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരിക്കുന്നു. ശ്രീ . പിണറായി വിജയൻ വിഴിഞ്ഞം പദ്ധതിയുടെ എല്ലാ വശങ്ങളും ഒരിക്കൽ കൂടി വിശദമായും, ശാസ്ത്രിയമായും പഠിക്കും എന്ന് പ്രത്യാശിക്കാം.

ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും വിഴിഞ്ഞം സീ പോർട്ട്‌ അധികൃതർക്ക് പോലും പദ്ധതിയെ പറ്റി ഇപ്പോഴും ഒരു പാടു അവ്യക്തതകൾ ഉണ്ട്. “ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല” എന്ന അവസ്ഥ. ഇതിലൊക്കെ ഒരു കൃത്യതയും വ്യക്തതയും വന്നിട്ട് പോരെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്?

പക്ഷെ അതിന് കേരളത്തിലെ എല്ലാ രാഷ്ട്രിയ- സാമൂഹിക - പാരിസ്ഥിതിക സംഘടനകളും വിഴിഞ്ഞം പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിക്കണം. ഇത് വരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യണം. അല്ലാതെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല, പിന്നീട് പരിശോധിച്ച ശേഷം പറയാം എന്നോ, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന നമ്മുടെ മുൻ തുറമുഖ വകുപ്പ് മന്ത്രിയെ പോലെ പെരുമാറിയാൽ ഒടുവിൽ അണ്ടി കളഞ്ഞ അണ്ണാന്റെ അവസ്ഥയാലാക്കരുത് കേരളത്തിലെ സാധാരണ ജനങ്ങളെ!

വിഴിഞ്ഞം കൊണ്ട്  കേരളത്തിന് എന്ത് ലാഭം ?

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന ഭരണ - രാഷ്ട്രീയ നേതൃത്ത്വങ്ങൾ പറയുന്ന കാര്യമാണ് വിഴിഞ്ഞം ഒരു ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ് അതിന് വേണ്ടി ചിലവാക്കുന്ന പൈസയുടെ ലാഭനഷ്ട കണക്കുകൾ നോക്കരുത് എന്ന്. ഒരു റോഡോ, പാലമോ അങ്ങനെയാണെന്ന് നമുക്ക് കരുതാം. അതുപോലെയാണോ ഒരു എയർപോർട്ടോ,  തുറമുഖമോ ആവശ്യത്തിനല്ലാതെ,  സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന ഒരു സർക്കാർ നിർമിക്കാൻ  അന്തിമ തീരുമാനമെടുക്കുന്നത്.

വിഴിഞ്ഞം പദ്ധതി പ്രവർത്തികമായാൽ തിരുവനന്തപുരം - കൊച്ചി നാഷണൽ ഹൈവേ വഴിയുള്ള ഗതാഗത കുരുക്ക് ആരെങ്കിലും മുന്നിൽ കണ്ടിട്ടുണ്ടോ. വലിയ കണ്ടയിനർ ലോറികൾ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന അവസ്ഥയിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഒരു പരിഹാരം എന്തെങ്കിലും മുൻ കൂട്ടി കണ്ടിട്ടുണ്ടോ. വിഴിഞ്ഞത് വരുന്ന എല്ലാ കണ്ടയിനറുകളും റെയിൽവേ മാർഗം തന്നെ ഇന്ത്യയുടെ മറ്റു ഭാഗത്തേക്ക്‌ പോകണം എന്ന് നിർദ്ദേശിക്കാൻ പറ്റുമോ. വലിയ മദർ ഷിപ്പുകളിൽ നിന്നും കുറെയൊക്കെ ചെറു കപ്പലുകളിൽ കയറ്റി മറ്റു തുറഖങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് കരുതാം. എന്നാലും നമ്മുടെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയിൽ താങ്ങാവുന്ന കാര്യമാണോ ഇത് പോലെ വലിയ ഒരു തുറമുഖം വിഭാവന ചെയ്യുമ്പോൾ അധികൃതർ കാണിക്കേണ്ട ജാഗ്രത.

ഇന്ത്യയിലെ എല്ലാ നാഷണൽ ഹൈവേകളും 60 മീറ്റർ വീതിയിൽ പണിയുമ്പോൾ, നമ്മുടെ കേരള ത്തിലെ ഹൈവേ കളുടെ വീതി 45 മീറ്റർ ആക്കാൻ പോലും പറ്റാതെ എത്രയോ കാലം നാം പണി ദീർഘിപ്പിച്ചു എന്ന് മനസ്സിലാക്കണം. അത് ഇപ്പോഴത്തെ വാഹനങ്ങളുടെ അവസ്ഥ മാത്രം കണക്കിലെടുത്താണ് തിരുമാനിച്ചത്. അപ്പോൾ പോലും ഭാവിയിൽ ഇങ്ങനെയൊരു കാര്യം കൂടി മുന്നിൽ കാണണമെന്ന് നമ്മുടെ സർക്കാർ വകുപ്പുകൾ കാണിച്ചില്ല. വികസനതിന്റെ കാര്യത്തിൽ കാണിക്കേണ്ട ദീർഘ വീക്ഷണം നമുക്ക് ഇത്ര കാലമായിട്ടും ഇല്ല എന്ന് നിരവധി തവണ തെളിയിച്ചിട്ടും വിഴിഞ്ഞം മാതിരി ഒരു മെഗാ പ്രൊജക്ടുമായി മുന്നോട്ടുപോകുമ്പോൾ, സമൂഹത്തിന്റെ എല്ലാ മേഖലകളെയും അപഗ്രഥിക്കുന്ന സമഗ്ര പഠനം നടത്താൻ പോലും തയ്യാറായില്ല എന്നത് കേരളത്തെ പോലെ സമൂഹ്യ വളർച്ചയുടെ കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ഒരു സംസ്ഥാനത്തിന് നാണക്കേടാണെന്ന് പറയാതിരിക്കാൻ നിവർത്തിയില്ല  ഇത്രയും കാലമായിട്ടും ഭരണപക്ഷമോ പ്രതിപക്ഷമോ മറ്റു ബഹുജന സംഘടനകളോ, ഇതിനെ കുറിച്ച് ആലോചിച്ചത് പോലുമില്ല എന്നത് തികച്ചും ഖേദകരമാണ്.

കഴിഞ്ഞ പത്തു വർഷം കൊണ്ട് തലസ്ഥാനത്ത് നിന്നും കൊച്ചിയിലെത്താൻ വേണ്ട സമയം നാലു മണിക്കൂറിൽ നിന്നും ആറു മണിക്കൂറായി വർദ്ധിച്ചു എന്നത് തന്നെ നമ്മുടെ വികസന കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നു. അപ്പോൾ വളരെ പതുക്കെ മാത്രം പോകുന്ന വളരെ നീളമുള്ള കണ്ടയിനർ ട്രക്കുകൾ ഈ വീതി കുറഞ്ഞ റോഡിലൂടെ കടന്ന് പോകുന്നത് ആലോചിച്ചു നോക്കൂ. ആറു വരി പാത നാല് വരിയാക്കിയ നമ്മുടെ സർക്കാരുകൾക്ക് നഷ്ടപെടുന്ന വോട്ടുകളിൽ മാത്രമാണ് കണ്ണ്. ഈ നിലപാട് മാറാത്തിടത്തോളം കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ വിഴിഞ്ഞം പോലെയുള്ള സ്വപ്ന പദ്ധതികളിൽ കുടുങ്ങി കിടക്കും.

പരിപൂർണമായും സ്വകാര്യ സംരംഭമായിരുന്നിട്ടുകൂടി ആറൻമുള വിമാനത്താവള പദ്ധതിയെ എതിർത്ത് തോല്പ്പിച്ചവരാണ് മലയാളി. മുൻ മുഖ്യമന്ത്രി പറയുന്നത് പോലെ ഇത് വരെ ചുരുക്കം ചിലർ മാത്രം എതിർത്തതാണ് വിഴിഞ്ഞം പദ്ധതി എന്ന് പറയുന്നതിൽ കാര്യമില്ല. കാരണം ഇത് വരെ വിഴിഞ്ഞം പദ്ധതിയുടെ ഒരു വശം മാത്രമേ ജനങ്ങൾക്ക്‌ മുൻപിൽ ബോധപൂർവം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ.  അക്കാര്യത്തിൽ കേരളത്തിലെ പത്ര - ദൃശ്യ മാദ്ധ്യമങ്ങൾ കാണിച്ച അക്ഷന്തവ്യമായ ഒരു നിലപാട്, ഐ എസ്. ആർ ഓ ചരക്കേസിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ മാദ്ധ്യമ സമസ്യയായി തുടരും. എല്ലാവരും ഒരേ ഉറവിടത്തിൽ നിന്നും കിട്ടുന്ന വിവരങ്ങൾ അതെ പടി വിഴുങ്ങി, വികസനത്തിന്റെ അപ്പോലസ്തൻമാരായി തങ്ങളാണ് ഈ പദ്ധതിയുടെ യഥാർത്ഥ വക്താക്കൾ എന്ന് പറയാൻ മുന്നോട്ടു വന്നതല്ലാതെ ഇതിന്റെ മറുപുറത്തെ കുറിച്ച് ഒരു ചെറിയ അന്വേഷണം നടത്താൻ പോലും ഇന്നേ വരെ തയ്യാറായില്ല എന്നതാണ് ഏറ്റവും അതിശയകരം. എതിർത്ത വരെയെല്ലാം റിസോർട്ട് ലോബി എന്നും വികസന വിരുദ്ധർ എന്നും, ദുബായ്, സിങ്കപ്പൂർ, കൊളോമ്പോ പോർട്ടുകളുടെ അച്ചാരം വാങ്ങിയവരെന്നും പറഞ്ഞു സമൂഹത്തിൽ ഒറ്റപെടുത്താൻ ശ്രമിച്ചു. മറിച്ച് അദാനിക്കു വേണ്ടി വാതോരാതെ സംസാരിക്കുന്നവരെ വിശുദ്ധരായി ഉയർത്താനും ശ്രമിക്കുന്ന കാഴ്ചയാണ് മലയാളി ഇപ്പോൾ കാണുന്നത്. മാധ്യമ ധർമം മറന്നിട്ടില്ലാത്ത ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഇപ്പോഴെങ്കിലും ഉയർന്നു തുടങ്ങിയത് സത്യം എന്നായാലും വിജയിക്കും എന്നതിന്റെ ശുഭോതർക്കമായ സൂചനകളാണ് എന്ന തിരിച്ചറിവാണ്.

എന്നാൽ അതിന്റെ മറുവശം കൂടി  ജനങ്ങളെ ബോധ്യപെടുത്താൻ ഉത്തരവാദിത്വപ്പെട്ട ഒരു സർക്കാരിന് ബാധ്യതയുണ്ട്. അതാണ് കേരളത്തിലെ പുതിയ മുഖ്യമന്ത്രി ഇനീ നിർവഹിക്കേണ്ടത്. ആ കർത്തവ്യം കേരളത്തിന്റെ ദീർഘകാല താല്പ്പര്യം മുൻനിർത്തി ശ്രീ. പിണറായി വിജയൻ നിർവഹിക്കും എന്ന് പ്രത്യാശിക്കാനെ ഈ പദ്ധതിയെ പറ്റി കൂടുതൽ പഠിച്ചവർക്ക് ആശിക്കാനാകൂ

ഒപ്പം വികസനത്തിൽ പക്വതയോടെയുള്ള സമീപനം സ്വീകരിക്കേണ്ട പ്രതിപക്ഷത്തിനും, കേരളത്തിലെ എല്ലാ രാഷ്ട്രിയ- സാമൂഹിക - പരിസ്ഥിതി സംഘടനകൾക്കും വ്യക്തികൾക്കും, ധാർമികത നഷ്ടപെട്ടില്ലാത്ത മാദ്ധ്യമ സമൂഹത്തിനും ഒരേ പോലെ കൂട്ടുത്തരവാദിത്വമുണ്ട്. ഈ പതിമൂന്നാം മണിക്കൂറിലെങ്കിലും എല്ലാവരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം.