വിഴിഞ്ഞം: കള്ള കണക്കുകളും, ഗൂഢാലോചനയും, അന്തര്‍നാടകങ്ങളും

വിഴിഞ്ഞം കണ്ടയിനർ പദ്ധതിയെ പറ്റി അതിന്‍റെ വക്താക്കൾ പറയുന്ന പ്രധാന കാര്യം ഇന്ത്യയിൽ ട്രാൻസ്ഷിപ്പ് തുറമുഖങ്ങൾ ഇല്ലാത്തത് കൊണ്ട് വിഴിഞ്ഞം വന്നാൽ നമ്മൾ വികസനത്തിൽ സിങ്കപ്പൂർ, ദുബായ്, കൊളോമ്പോ എന്നീ നഗരങ്ങളെയെല്ലാം പിന്നിലാക്കി ഏതോ സ്വർഗ്ഗരാജ്യത്തിൽ എത്തുമെന്നാണ്. പക്ഷെ വാസ്തവം എന്താണ്? കെ വി രവിശങ്കര്‍ എഴുതുന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ നാലാം ഭാഗം.

വിഴിഞ്ഞം: കള്ള കണക്കുകളും, ഗൂഢാലോചനയും, അന്തര്‍നാടകങ്ങളും

രവിശങ്കർ. കെ വി

വിഴിഞ്ഞം കണ്ടയിനർ പദ്ധതിയെ പറ്റി അതിന്‍റെ വക്താക്കൾ പറയുന്ന പ്രധാന കാര്യം ഇന്ത്യയിൽ ട്രാൻസ്ഷിപ്പ് തുറമുഖങ്ങൾ ഇല്ലാത്തത് കൊണ്ട് വിഴിഞ്ഞം വന്നാൽ നമ്മൾ വികസനത്തിൽ സിങ്കപ്പൂർ, ദുബായ്, കൊളോമ്പോ എന്നീ നഗരങ്ങളെയെല്ലാം പിന്നിലാക്കി ഏതോ സ്വർഗ്ഗരാജ്യത്തിൽ എത്തുമെന്നാണ്. പക്ഷെ വാസ്തവം എന്താണ്?.

വിഴിഞ്ഞം കണ്ടയിനർ  പദ്ധതി ഇന്നോ ഇന്നലെയോ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയതല്ല. മറിച്ച് സർ.സി.പി യുടെ കാലം മുതലേ തുടങ്ങിയ ആലോചനയാണ്. അത് ശ്രീ. എം.വി.രാഘവൻ സംസ്ഥാന തുറമുഖവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലയളവിൽ പുതിയ ഒരു ദിശയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നതിലേക്ക് എത്തിച്ചു. പിന്നീട് മാറിമാറി എൽ.ഡി എഫും, യു. ഡി എഫും കേരളം ഭരിച്ചപ്പോഴോന്നും, പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതിയാണ് ഒടുവിൽ ഒരു കരക്കടുത്തു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉമ്മൻചാണ്ടി സർക്കാർ, കേരളത്തിന്‌ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ,   അദാനി എന്ന പോർട്ട്‌ ഓപ്പറേറ്റർക്ക് മലയാളികളുടെ മൊത്തം പൊതുസ്വത്ത് തീറെഴുതി കൊടുത്തത്.


വിഴിഞ്ഞം പദ്ധതി ലാഭകരമായി നടക്കണമെങ്കിൽ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറക്കുമതിയുടെ രൂപത്തിൽ  ഇങ്ങോട്ടും, ഇന്ത്യയിൽ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിയുടെ രൂപത്തിൽ ഇവിടെ നിന്നും നിർബാധം ചരക്കുകൾ വിനിമയം ചെയ്യപ്പെടണം. അതിന്റെ കണക്കുകൾ വിശദമായി പരിശോധിക്കുമ്പോഴാണ് ഇത്രയും കാലം കേരളീയരെ മുഴുവൻ പറഞ്ഞു പഠിപ്പിച്ച വിഴിഞം എന്ന സ്വപ്ന പദ്ധതി ഭാവി തലമുറയ്ക്ക് കൂടി എങ്ങനെയാണ് ബാദ്ധ്യത ആകുന്നതെന്ന്.

വിഴിഞ്ഞത്തെക്കുള്ള കണ്ടയിനറുകളും  ഇന്ത്യൻ തുറമുഖങ്ങളും :

ഇനി നമുക്ക് നിലവിലുള്ള ഇന്ത്യയിലെ തുറമുഖങ്ങളുടെ കണക്കെടുക്കാം. ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഏഴ് പ്രധാന തുറമുഖങ്ങളും,  പടിഞ്ഞാറൻ തീരത്ത് ആറ് പ്രധാന തുറമുഖങ്ങളും ആണ് നിലവിലുള്ളത്. കൊൽക്കത്ത ഡോക്ക് സിസ്റ്റം, ഹൽദിയ ഡോക്ക് കൊമ്പ്ലെക്സ് ഒറിസ്സയിലെ പാരദ്വീപ്, ആന്ധ്രയിലെ വിശാഖപട്ടണം, തമിഴ്നാട്ടിലെ ചെന്നൈ, എന്നോർ, തൂത്തുകുടി എന്നിവയാണ് കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങൾ. ഈ തുറമുഖങ്ങൾ വഴിയാണ് ഇന്ത്യയിലെ മൊത്തം കടൽ - കപ്പൽ ചരക്കു നീക്കത്തിലെ 29,05,13,000 ടണ്‍ ( 29.05 കോടി ടണ്‍) കൈകാര്യം ചെയ്യപെടുന്നത്.

പടിഞ്ഞാറൻ തീരത്ത് നമ്മുടെ കൊച്ചി, കർണാടകത്തിലെ മംഗലൂർ, ഗോവയിലെ മർമഗോവ, മഹാരാഷ്ട്രയിലെ മുംബൈ, ജവഹർലാൽ നെഹ്‌റു പോർട്ട്‌, ഗുജറാത്തിലെ കണ്ടല പോർട്ട്‌, മുദ്ര പോർട്ട്‌ എന്നീ ഏഴ് തുറമുഖങ്ങളിൽ ആയി 2014-15 സാമ്പത്തിക വർഷം 29,08,31,000 കോടി ടണ്‍ ( 29.08 കോടി ടണ്‍ ) ചരക്ക് നീക്കവും നടന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ പറയുന്നു. ഇത് ഇരുമ്പയിർ, വളം, കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങി കണ്ടയിനർ, അടക്കമുള്ള മറ്റു കാർഗോ എന്നിവയെല്ലാം കൂടി ചേർന്നതാണ്.

കണ്ടയിനർ ഇനത്തിൽ മാത്രമായി  3764 ടി.ഇ.യു മാത്രമാണ് ഈ കാലയളവിൽ കൈകാര്യം ചെയ്തത്. ഇതാകട്ടെ 2012-- 13 സാമ്പത്തിക വർഷത്തെക്കാൾ 4.51 ശതമാനം കുറവുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രം രണ്ടു മൂന്ന് വർഷങ്ങൾക്കു മുൻപ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ നിലവിലുള്ള എല്ലാ പോർട്ടുകളും കൂടി അവയുടെ പരമാവധി ശേഷിയുടെ ഏകദേശം 40 ശതമാനം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എന്ന്.

2013 -14 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഏഴ് പ്രധാന തുറമുഖങ്ങൾ വഴി മൊത്തം ചരക്ക് നീക്കത്തിന്റെ ഏകദേശം നേർ പകുതി നടന്നെങ്കിൽ, പടിഞ്ഞാറൻ തീരത്തുള്ള ആറ് പ്രധാന തുറമുഖങ്ങൾ വഴി ബാക്കി പകുതി കണ്ടയിനർ ട്രാഫിക്കിലൂടെ കൈകാര്യം ചെയ്തതായി ഭാരത സർക്കാരിന് കീഴിലുള്ള ഇന്ത്യൻ പോർട്ട്‌ അസോസിയേഷന്റെ കണക്കുകൾ പ്രകാരം മനസ്സിലാകുന്നു. അപ്പോൾ ഇന്ത്യയുടെ കിഴക്കൻ-പടിഞ്ഞാറൻ തീരങ്ങളിലുള്ള  പ്രധാനപ്പെട്ട 13 തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന  കണ്ടയിനർ ട്രാഫിക്കിന്‍റെ പകുതി മാത്രം ആശ്രയിച്ചാണ് വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കാണാം.

കാരണം ഇതൊരു ബിസിനസ്‌ ആണ്. ഓരോ മണിക്കുറും, ഓരോ നോട്ടിക്കൽ മൈലും ലക്ഷങ്ങൾ വില മതിക്കുന്ന ഷിപ്പിങ്ങ് മേഖലയ്ക്ക്, ലാഭം മാത്രമാണ് പ്രധാനം.

കിഴക്കൻ തീരത്തുള്ള  ഏഴ് പ്രധാന തുറമുഖങ്ങളും വിഴിഞ്ഞം യഥാർഥ്യമായാലും ഇവിടേക്ക് വരണമെന്നില്ല. കാരണം അവർക്ക് ഇവിടെ എത്തുന്നതിലും എളുപ്പമാണ് സിങ്കപ്പൂർ, ഹംബൻടോട, കോളോമ്പോ പോർട്ടുകൾ വഴി ചരക്ക് നീക്കം നടത്തുന്നത്.

അത് മാത്രമല്ല കണ്ടയിനർ ട്രാഫിക്കിലൂടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്ന 29 കോടി ടണ്‍ ചരക്കുകളിൽ ഏകദേശം 10 കോടിയോളം ഇപ്പോൾ തന്നെ കൈകാര്യം ചെയ്യുന്നത് അദാനിയുടെ ഉടമസ്ഥതയിൽ ഉള്ള കണ്ടല പോർട്ട്‌ ആണ്. അടുത്ത കാലത്തായി അദാനി ഗ്രൂപ്പ്‌ ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത ശേഷം പല തുറമുഖങ്ങളിലേയും ചരക്ക് നീക്കം സ്വന്തം, ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുദ്ര പോർട്ട്‌ കേന്ദ്രികരിച്ചാക്കി. ഇത് കൊണ്ട് കേന്ദ്ര സർക്കാരിന് നികുതി ഇനത്തിലും, പൊതു മേഖലാ പോർട്ടുകൾ നേരത്തെ നേടി കൊണ്ടിരുന്ന വിവിധ നിരക്കുകളിലെ വരുമാനവും നഷ്ടമായതായി കാണാം. വല്ലാർപാടം കണ്ടയിനർ ടെർമിനൽ വന്നപ്പോൾ, പൊതുമേഖല സ്ഥാപനമായ നമ്മുടെ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന് ഉണ്ടായ നഷ്ടം പോലെ.

അദാനി പോർട്ട്‌ കൈ കാര്യം ചെയ്യാത്ത ബാക്കിയുള്ള കണ്ടയിനർ വ്യവഹാരത്തിൽ, ഇപ്പോഴത്തെ   19 കോടിയിൽ എത്ര മാത്രം വിഴിഞ്ഞത്ത് എത്തുമെന്ന് ഒന്ന് കൂടി വിശദമായി വിലയിരുത്തേണ്ടതുണ്ട്. അത് പൊതു മേഖലയിലെ മുംബൈ, മാന്ഗ്ലൂർ അടക്കമുള്ള തുറമുഖങ്ങളിലൂടെ നീങ്ങുന്ന ചരക്കു ഗതാഗതം ആണ് . അതിൽ തന്നെ അഭ്യന്തര വിപണി ലക്ഷ്യമാക്കിയിട്ടുള്ള  കണ്ടയിനർ നീക്കമാണ് കൂടുതൽ.

ഇത്തരം നിരവധി വിഷയങ്ങൾ കീറിമുറിക്കുമ്പോൾ ഈ കരാറിലെ മറ്റു പല നിഗൂഡതകളും സംശയത്തോടെ ഒരു സാധാരണക്കാരന് കാണേണ്ടി വരും.  വല്ലാർപാടം ദുബായ് ആസ്ഥാനമായുള്ള ഡിപി  വേൾഡ് ഏറ്റെടുക്കാൻ കാരണം അവർക്ക് ദുബായ് പോർട്ട്‌ വഴിയുള്ള വലിയ ബിസിനസ്‌ മറ്റാരെങ്കിലും കൊണ്ടു പോകാതിരിക്കാനാണ്‌ എന്ന് വിഴിഞ്ഞത്തെ അനുകൂലിക്കുന്നവർ നിസ്സംശയം നാഴികക്ക് നാൽപ്പത് വട്ടം പറയുമ്പോൾ, ഇവിടെയും കാര്യങ്ങളുടെ കിടപ്പ് മറിച്ചല്ല എന്ന് ആരും സംശയിച്ച് പോകും. അതാണ് വരും നാളുകളിൽ കേരളിയർക്ക് അറിയേണ്ടത്. അദാനി പോർട്ട്‌സ്  എന്ന ദേശീയ കുത്തകയുടെ സ്വന്തം ഉടമസ്ഥതയിലുള്ള , പരിപൂർണമായും പ്രത്യേക സാമ്പത്തിക മേഖലയുടെ എല്ലാ വിധ അനൂകൂല്യങ്ങളും പറ്റുന്ന ഗുജറാത്തിലെ കണ്ടല പോർട്ടിലൂടെയുള്ള കണ്ടയിനർ നീക്കം സംരക്ഷിക്കാൻ, വിഴിഞ്ഞത് വേറൊരു കമ്പനി നടത്തിപ്പുകാരായി വരാതിരിക്കാനായി നടത്തിയ ഒരു വലിയ ഗൂഢാലോചനയായി പെട്ടന്നുള്ള വിഴിഞ്ഞം അദാനി കരാറിനെ കാണണം.  വിഴിഞ്ഞത് വേറെ ഒരു പോർട്ട്‌ ഓപ്പറേറ്റർ വരാതെ ഇരുന്നാൽ സ്വാഭാവികമായും സ്വന്തം വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും. കാരണം തമിഴ്നാട്ടിലെ കൊളച്ചൽ തുറമുഖത്തിന്റെ പെട്ടെന്നുള്ള വികസന പദ്ധതികളെ പറ്റി കൂടുതൽ മനസ്സിലാക്കണം. അടുത്ത ലക്കത്തിൽ അതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കാം   അതിനു വേണ്ടി നടത്തിയ കരുനീക്കത്തിൽ, പ്രതീക്ഷിച്ചതിനേക്കാൾ ലാഭത്തിൽ, തികച്ചും സൌജന്യമായി ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയും കൂട്ടാളികളും കൂട്ട് നിന്നു. അതിലൂടെ അവർ എന്ത് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്ന് കണ്ടെത്തുന്നതിലായിരിക്കും പുതിയ പിണറായി വിജയൻ സര്ക്കാരിന്റെ വിജയം.

വിഴിഞ്ഞവും ആഗോള കണ്ടയിനർ വ്യവസായവും

യുനൈറ്റഡ്  നാഷൻസ് കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആൻഡ്‌ ഡെവലപ്പ്മെന്റ് തയ്യാറാക്കിയ കണക്കനുസരിച്ച് കയറ്റുമതിയില്‍ അന്തർദേശിയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്  ചൈനയും,( ചൈനയുടെ തന്നെ അധീനതയിൽ ഉള്ള ഹൊങ്കൊങ്ങ്, തൈവാൻ), മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ്. ആഗോളതലത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ആദ്യത്തെ പത്തു രാജ്യങ്ങളാണ് ആകെയുള്ള അന്താരാഷ്ട്ര കയറ്റുമതി മൂല്യത്തിന്റെ മൂന്നിൽ രണ്ടും ലോക ഷിപ്പിങ്ങ്  വിപണിയിൽ കൈകാര്യം ചെയ്യുന്നത്. കയറ്റുമതിയിൽ ഇന്ത്യയുടെ ആഗോള സ്ഥാനം പതിനൊന്നാണ്. ആഗോള ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം വെറും പതിനാറാമതാണ്.  യൂറോപ്യൻ രാജ്യങ്ങൾ അടക്കം ബാക്കി വിപണി മൂല്യം കൈകാര്യം ചെയ്യുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മാത്രം,  ആഗോള തലത്തിലുള്ള ലൈനർഷിപ്പുകളുടെ വിപണിയുടെ 28 ശതമാനം മൂല്യവും,  ഗതാഗതത്തിന്റെ 28 ശതമാനവും കൈകാര്യം ചെയ്യുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കൊന്നും വിഴിഞ്ഞം പദ്ധതി പ്രാവർത്തികമായാലും നമ്മെ ആശ്രയിക്കേണ്ടി വരില്ല. അവയെല്ലാം ആശ്രയിക്കുന്നത് ഷങ്ങ്ഹ്ഹായ്, ഹൊങ്കൊങ്ങ് തുടങ്ങിയ തുറമുഖ നഗരങ്ങളെയാണ്.   ലോകനിലവാരത്തിലും ആ രാജ്യങ്ങളോട് ചേർന്ന് നിൽക്കുനതുമായ ട്രാൻസ്ഷിപ്‌മെന്റ്  കണ്ടയിനർ തുറമുഖങ്ങൾ ഉള്ളപ്പോൾ, നാം ഏതോ കാലത്ത്, ഏതോ ഒരു സായ്പ്പ് പറഞ്ഞ കാര്യവും വച്ച് ഇപ്പോഴും മലർ പൊടിക്കാരന്റെ സ്വപ്ന ലോകത്ത് വിലസുകയാണ്. അതിന് കുട പിടിക്കാൻ സർക്കാർ സംവിധാനങ്ങളും, കാര്യമറിയാതെ ഇരുട്ടിൽ തപ്പുന്ന മാദ്ധ്യമസമൂഹവും, രാഷ്ട്രിയ നേതൃത്വവും

 

കയറ്റുമതിയിൽ   ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആദ്യത്തെ 20 ലോക രാജ്യങ്ങൾ

2009 TEUS (MILLIONS)                   2010 TEUS (MILLIONS)

 1. ചൈന 1                                                                      31.3

 2. യു എസ് എ 2                                                        11.2

 3. ജപ്പാൻ 8                                                                    5.7

 4. സൌത്ത് കൊറിയ 5                                            5.2

 5. തൈവാൻ 9                                                               3.4

 6. തായ്‌ലാൻഡ്‌ 0                                                        3.4

 7. ജർമനി                 6                                                      3.0

 8. ഇന്തോനേഷ്യ 7                                                          3.0

 9. മലേഷ്യ 2                                                                    2.5

 10. ബ്രസീൽ 3                                                                    2.3

 11. ഇന്ത്യ 6                                                                        1.9

 12. വിയറ്റ്നാം 3                                                              1.6

 13. സൗദി അറേബ്യ 1                                                    1.6

 14. ഇറ്റലി 5                                                                     1.6

 15. ടർക്കി 4                                                                     1.6

 16. ഹോളണ്ട് 4                                                              1.6

 17. കാനഡ 4                                                                   1.5

 18. യു കെ 4                                                                    1.5

 19. ഫ്രാൻസ് 2                                                                  1.3

 20. ഹൊങ്കൊങ്ങ് 2                                                       1.3


ആകെ                                                                                 99.8                                                   114.3ഇറക്കുമതിയിൽ   ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആദ്യത്തെ 20 ലോക രാജ്യങ്ങൾ

 1. യു എസ് എ 0                                                               17.6

 2. ചൈന                 2                                                        12.0

 3. ജപ്പാൻ 4                                                          6.1

 4. സൌത്ത് കൊറിയ 9                                                          4.3

 5. ജർമനി 4                                                          2.8

 6. യു എ ഇ ഒഴികെയുള്ള ഗൾഫ്‌ രാജ്യങ്ങൾ 3            2.7

 7. യു കെ 3                                                          2.5

 8. ഇന്തോനേഷ്യ 1                                                          2.5

 9. തൈവാൻ 2                                                          2.5

 10. ഹൊങ്കൊങ്ങ് 3                                                          2.5

 11. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ 5                          2.4

 12. യു എ ഇ 0                                                          2.1

 13. മലേഷ്യ 7                                                          2.1

 14. തായ്‌ലാൻഡ്‌ 6                                                          2.0

 15. വിയറ്റ്നാം 8                                                          2.0

 16. ഇന്ത്യ 7                                                          2.0

 17. ബ്രസീൽ 3                                                          1.8

 18. ഓസ്ട്രേലിയ 5                                                          1.8

 19. ഇറ്റലി 6                                                          1.8

 20. ഹോളണ്ട് 3                                                          1.7


ആകെ                                                             99.7                                                        114.31 മില്യണ്‍ = 10 ലക്ഷം

വിഴിഞ്ഞവും ഇന്ത്യയിലെ കപ്പൽ ഗതാഗത മേഖലയും

ഇനി കപ്പലുകളുടെ എണ്ണം കൂടി നോക്കാം. 2012--- 13 സാമ്പത്തിക വർഷം ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും കൂടി വെറും 2470 കപ്പലുകളാണ് കൈകാര്യം ചെയ്തത്. അതായത് ഒരു സാമ്പത്തിക വർഷം ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും പലപ്പോഴായി വന്നു പോയ കപ്പലുകളുടെ എണ്ണം 2470  മാത്രം. ചിലപ്പോൾ ഒരേ കപ്പൽ തന്നെ പല തവണ ഒരു പോർട്ടിൽ വന്നു പോയിട്ടുണ്ടാവും.  ഇവയിൽ അഭ്യന്തര - അന്താരാഷ്ട്ര ചരക്കുകൾ കൈ കാര്യം ചെയ്യുന്ന കപ്പലുകൾ എല്ലാം ഇക്കൂട്ടത്തിൽ കണക്കാക്കാം.

കേരള തീരത്ത് കൂടി 2 ലക്ഷത്തിൽ അധികം കപ്പലുകൾ ഓരോ വർഷവും അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ കടന്നു പോകുന്നു എന്ന് പദ്ധതിക്കായി വാദിക്കുന്നവർ പറയുമ്പോൾ ഒരു കാര്യം കൂടി അവർ വ്യക്തമാക്കണം. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രങ്ങളിൽ ഒന്നായ ചൈന, അതോടൊപ്പം മുന്നിൽ തായ്‌ലാൻഡ്‌ , തായ്‌ വാൻ, ഹൊങ്കൊങ്ങ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും, അവിടെ നിന്നും തിരിച്ചും പോകുന്ന കപ്പലുകളാണ് അവയിൽ പകുതിയെന്നും അവയൊന്നും ഒരു കാലത്തും വിഴിഞ്ഞത്തെ ആശ്രയിക്കേണ്ട അവസ്ഥ വരില്ലെന്നും അറിയാത്തവരാണോ?

തിരുവനന്തപുരത്തിന് മുകളിലൂടെ ലക്ഷകണക്കിന് ടൂറിസ്റ്റു കളെയും വഹിച്ചു ഒരു വർഷം 1000 ത്തിൽ അധികം വിമാനങ്ങൾ നമ്മുടെ തലയ്ക്കു മുകളിലൂടെ മാലി ദ്വീപിലേക്കും, ശ്രീലങ്കയിലേക്കും പോകുന്നു. അവരിൽ ചൈന, ഇറ്റലി, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾ ഉണ്ട്. ഇവരിൽ 90 ശതമാനവും ഇത് വരെ ഇന്ത്യ സന്ദർശിക്കാത്ത വരാണ്. ഇത് പോലെ ഒരു കണക്കാണ് കണ്ടയിനർ കാര്യത്തിൽ വിഴിഞ്ഞത്തെ പറ്റി പറയുന്നത്

നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനമായി പ്രഖ്യാപിക്കാൻ നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങൾ പറഞ്ഞ ( അല്ല അവരെ കൊണ്ട് പറയിപ്പിച്ച ) വാദത്തിന് തുല്യമാണ് ഇപ്പോൾ വിഴിഞ്ഞം പദ്ധതിയെ പറ്റി പറയുന്നത്.

ലോകത്ത് ആകെയുള്ളത് 4968 കണ്ടയിനർ ഷിപ്പുകൾ ആണുള്ളത്. 445 എണ്ണം കൂടി പണി പുരയിലാണ്. അടുത്ത അഞ്ചു വർഷം കൊണ്ട് അവ കൂടി നീറ്റിലി റങ്ങും. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ വിഴിഞ്ഞതിന്റെ വക്താവ് പറയുന്നത് കേട്ട് . ഒരു വർഷം രണ്ടര ലക്ഷം കപ്പലുകളാണ് നമ്മുടെ സമുദ്രാതിർത്തി വഴി കടന്നു പോകുന്നതെന്ന്. ഇതെല്ലം സത്യമാണെന്ന് വിശ്വസിക്കുന്ന പാവം നമ്മുടെ തലസ്ഥാന നിവാസികൾ

ആഗോളവല്ക്കരണത്തിന് ശേഷം, ലോകത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉണ്ടായ മാറ്റം കണ്ടയിനർ രംഗത്തെയും ബാധിച്ചിട്ടുണ്ട് എന്ന് ഏറ്റവും അവസാനമായി പുറത്തിത്തിറക്കിയ   ഡ്രിവറി കണ്ടയിനർ വാർഷിക വിശകലന - ഭാവി പ്രവചനവും 2014- 15 എന്ന റിപ്പോർട്ട്‌ ചൂണ്ടി കാണിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ വലിയ തകർച്ചയിൽ നിന്നും അന്താരാഷ്ട്ര കണ്ടയിനർ വ്യവസായ മേഖല തിരിച്ചു വരുന്നതേ ഉള്ളൂ. 2016 ലോ, 2017 ലോ അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ്, കഴിഞ്ഞ വർഷം റഷ്യൻ റൂബിളിനുണ്ടായ തകർച്ചയെ തുടർന്ന്   കഠിനമായി തകർന്നു തരിപ്പണമായി പോയ കിഴക്ക് നിന്നും പടിഞ്ഞാറൻ ഭാഗത്തേക്കുള്ള  - ഏഷ്യ വടക്കൻ യൂറോപ് അന്താരാഷ്ട്ര കപ്പൽ ചാനൽ ഗതാഗതത്തിന്റെ തിരിച്ചു വരവ് ഇനിയും വർഷങ്ങൾ എടുക്കും എന്ന് ഈ റിപ്പോർട്ട്‌ പറയുന്നു. ഈ അന്താരാഷ്ട്ര പാതയിൽ പ്രതീക്ഷ അർപ്പിച്ചാണ് ഒരു ദശകം മുൻപ് വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. അത് കഴിഞ്ഞു ലോകത്ത് ഉണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച് വിഴിഞ്ഞം പദ്ധതി പുനരവിഷ്ക്കരിക്കാൻ നാം തയ്യാറായോ എന്ന വലിയ ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ കണ്ടയിനർ കപ്പൽ കമ്പനിയായ മർസ്സക് എന്ന കമ്പനിയുടെ സി. ഈ. ഓ ആയ സ്മെദ് ഗാർഡ് അന്ദെർസൊൻ പറയുന്നു ചെറുകിട കപ്പൽ കമ്പനികൾക്കും മറ്റും ഭാവിയിൽ ഈ രംഗത്ത് പിടിച്ചു നിൽക്കാൻ ആകില്ല. ഇപ്പോൾ തന്നെ വെറും മൂന്ന് മുതൽ അഞ്ചു ശതമാനം വരെ മാത്രം അന്താരാഷ്ട്ര ചരക്കുകൾ കൈകാര്യം ചെയ്യുന്ന അവർക്ക് കൊടുക്കുന ചെറിയ മുന്നറിയിപ്പ് പോലും ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി നാം കാണണം.

വിഴിഞ്ഞത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ അഭ്യന്തര ചരക്കുകൾ കൈകാര്യം ചെയ്യുന്നത് നമ്മുടെ ജൻമാവകാശമാണ്, മറിച്ച് വിഴിഞ്ഞം പദ്ധതി വിഭാവന ചെയ്യുന്നത് തെക്കെനേഷ്യൻ രാജ്യങ്ങളുടെ ഹബ് ആയാണെന്നും പറയുന്നവർ ഒരു കാര്യം കൂടി ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും ശ്രീലങ്കയും, മാലിദ്വീപും ഒരു കാലത്തും വിഴിഞ്ഞത്തെ ആശ്രയിക്കേണ്ട അവസ്ഥയിലല്ല. പിന്നെ ആകെയുള്ളത് നേപ്പാൾ, ബംഗ്ലാദേശ് എന്നി രാഷ്ട്രങ്ങളാണ്. നേപ്പാൾ പരിപൂർണമായും ചരക്ക് നീക്കത്തിന് ഇന്ത്യയെ ആശ്രയിക്കുന്ന ഒരു കൊച്ചു രാജ്യമാണ്. പക്ഷെ അവിടെ നിന്ന് എത്രമാത്രം കയറ്റുമതിയും, ഇറക്കുമതിയും നടക്കുന്നുണ്ടെന്നുള്ള ചിന്ത വായനക്കാർക്ക്‌ വിടുന്നു. പിന്നെ  ബംഗ്ലാദേശ് എന്ന അയൽരാജ്യമാണ്. അവിടെനിന്നുള്ള പ്രധാന കയറ്റുമതി വസ്ത്രങ്ങളാണ്. അത് വിഴിഞ്ഞത് എത്തിക്കുന്നതിന്റെ പകുതി ദൂരം കൊണ്ടു അവർക്ക് സിങ്കപ്പൂർ തുറമുഖത്ത് എത്തിക്കുന്നതാണ് ലാഭം.

ആളുകളെ കുറെ കാലത്തേക്ക് കള്ള കണക്കുകളും ഊഹകച്ചവടത്തിലൂടെയും പറ്റിക്കാം. എന്നാൽ ഒരു നാൾ സത്യം പുറത്തു വരിക തന്നെ ചെയ്യും. ഏതൊരു പോർട്ടും ലാഭത്തിലാകണമെങ്കിൽ അല്ലെങ്കിൽ നഷ്ടം കൂടാതെ ചരക്കുകൾ കൈകാര്യം ചെയ്യണമെങ്കിൽ അന്താരാഷ്ട്ര കപ്പൽ കമ്പനികൾ അതിന്റെ ഭാഗമാകണം. ലോകത്തിലെ ഏറ്റവും വലിയ കാർഗോ കപ്പൽ കമ്പനിക്ക് ഇപ്പോൾ തന്നെ കൊളോമ്പോ, സിങ്കപ്പൂർ തുറമുഖങ്ങളിൽ വ്യക്തമായ വ്യാപാര താൽപ്പര്യങ്ങൾ ഉണ്ട്. അവയിൽ ഒരു കമ്പനി അടുത്തിടെ കൊളോമ്പോ തുറമുഖത്തിൽ നിന്നും പിൻമാറി ഒമാനിലെ സലാലയിലേക്ക് മാറിയപ്പോൾ അവർക്കുണ്ടായ സാമ്പത്തിക നഷ്ടം മാറി കടക്കാൻ ഇപ്പോഴും ശ്രിലങ്കക്കായിട്ടില്ല

അതെ കമ്പനിയാണ് നമ്മൾ ഇപ്പോൾ പറയുന്ന മദർ ഷിപ്പുകൾ നിർമിച്ച് കൈകാര്യം ചെയ്യുന്നത്. അവർ വിചാരിക്കാതെ ഒരു കാലത്തും അവയൊന്നും വിഴിഞ്ഞം യഥാർത്യമായാൽ കൂടി ഇവിടെ അടുക്കുകയില്ല. വിഴിഞ്ഞത്തെ പോലെ തന്നെ അന്താരാഷ്ട്ര കപ്പൽ ചാലിനോടു ചേർന്ന് കിടക്കുന്നതും, ഇത്ര തന്നെ അഴമുള്ളതുമായ കണ്ടയിനർ തുറമുഖമാണ് ചൈനയുടെ സഹായത്തോടെ ശ്രീലങ്കയുടെ ഏറ്റവും തെക്കേ മുനമ്പിൽ നിർമാണം പൂർത്തിയായി പ്രവർത്തനം തുടങ്ങിയ ഹംബൻഡോട തുറമുഖം. അവിടെയും, കൊളോമ്പോയിലും ഒരു  കണ്ടയിനർ കയറ്റി ഇറക്കാൻ വേണ്ട സമയം തുലോം പരിമിതവും, ചെലവ് കുറവുമാണ്. വിഴിഞ്ഞം പദ്ധതി പണി പൂർത്തിയാക്കുമ്പോഴേക്കും അവർ ബഹുദൂരം മുന്നേറിയിരിക്കും. അപ്പോൾ അവർ ഈടാക്കുന്നതിന്റെ പകുതി തുക മാത്രം ചിലവാക്കിയാൽ പോലും ഒരു കച്ചവട താൽപ്പര്യമുള്ള കപ്പലോ, കാർഗോ എജന്റോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കില്ല. ഇക്കാരും വളരെ വ്യക്തമായി തന്നെ വിഴിഞ്ഞം പദ്ധതിയുടെ മാസ്റ്റർ പ്ലാനിൽ തന്നെ പറഞ്ഞത് കൊണ്ടാണ് ഇത് വരെ ഈ രംഗത്തുള്ള ഒരു രാജ്യാന്തര തുറമുഖ ഓപ്പറേറ്ററും ഈ വഴി തിരിഞ്ഞ് നോക്കതിരുന്നത്. ഭാവിയിലും അങ്ങനെ ഒരു പ്രതീക്ഷ നാം വച്ച് പുലർത്തേണ്ടതുണ്ടോ എന്ന് ഒരു ആയിരം പ്രാവശ്യം നാം ഇരുത്തി ചിന്തിക്കണം.

വിഴിഞ്ഞം പദ്ധതിയുടെ മൂന്ന് ഘട്ടവും കൂടി പൂർത്തിയായാൽ കിട്ടുന്ന ആകെ വരുമാനം 28000 കോടി രൂപ മാത്രവും. അതും വല്ലാർപ്പാടം, തൂത്തുകുടി, കൊളോമ്പോ, ഹമ്പൻടോട തുറമുഖങ്ങളുമായി, മത്സരിച്ച് ലാഭത്തിലായാൽ മാത്രം.

പിന്നെ വിഴിഞ്ഞത്തെ സിങ്കപ്പൂരോ, കൊളോമ്പോയുമായോ താരതമ്യപെടുത്തേണ്ട ആവശ്യമില്ല. കേരളം ഇന്ത്യ എന്ന രാജ്യത്തിൻറെ ഒരു സംസ്ഥാനമാണ്. അല്ലാതെ ഒരു പരിപൂർണ റിപ്പബ്ലിക് അല്ല. വിഴിഞ്ഞം രാജ്യത്തിന്‌ ഒരു മുതൽ കൂട്ടാവുമായിരുന്നു എങ്കിൽ ഇത് എന്നോ പ്രവർത്തികമായിരുന്നു. പിന്നെ മറ്റുള്ളവർ പറയുന്നത് ( ഞാനടക്കം ) കേട്ട് അത് ഏറ്റു പാടാതെ കണക്കും, യഥാർഥ്യങ്ങളും മനസ്സിലാക്കി പദ്ധതിയെ പറ്റി കൂടുതൽ മനസ്സിലാക്കൂ. എങ്ങനെയാണ് ഓരോ തിരുവനന്തപുരം നിവാസിയെയും ഇവർ ഇത്രയും വർഷം പറ്റിച്ചതെന്നു കൂടി അറിയുക.

മൂന്നാം ഭാഗം: യുഡിഎഫ് സര്‍ക്കാരിന്‍റെ തട്ടിപ്പുകള്‍ ഇവിടെ വായിക്കും