ചോര പൊടിഞ്ഞ ഫ്രെയിം

സിനിമയ്ക്ക് വളരെ കൃത്യമായ രണ്ടു അദ്ധ്യായങ്ങൾ ഉണ്ട്. ഒന്നാമത്തെ അദ്ധ്യായം ലാത്തി ആണെങ്കിൽ രണ്ടാമത്തെ അദ്ധ്യായം തോക്ക് ആകുന്നു. ലാത്തിയുടെയും തോക്കിന്റെയും വളരെ വിശദമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ശ്രീകാന്ത് എഴുതുന്നു

ചോര പൊടിഞ്ഞ ഫ്രെയിം

ശ്രീകാന്ത്

'ബാല്യകാലസഖിയെ' കുറിച്ച് എം പി പോൾ എഴുതിയ ലേഖനത്തിലെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ, ഫ്രെയ്മുകളിൽ ചോര പൊടിഞ്ഞിരിക്കുന്ന സിനിമയാണ് വിസാരണൈ. കറുത്ത ഫ്രെയ്മുകളിൽ അതിനേക്കാൾ കറുത്ത യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി വിളക്കി ചേർത്ത സിനിമ. ആ യാഥാർത്ഥ്യങ്ങൾ പലതും നമ്മുടെ സൈ്വര്യജീവിതത്തിന്റെ ഉറക്കം കെടുത്തുന്നതും നിരന്തരം വേട്ടയാടുന്നതുമാണ്. കഥയെക്കാളും സിനിമയേക്കാളും ഭീതിതമാണ് ജീവിതം എന്നത് വളരെ ക്ലീഷേ ആയ ഒരു വെറും പ്രസ്താവനല്ല; 'വിസാരണൈ' സിനിമയേത് ജീവിതമേത് എന്ന് വിഭജിച്ചറിയാൻ പറ്റാത്ത ഒരു ആവിഷ്‌കാരമാണ്. വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു.


ഭരണകൂടം, ജനാധിപത്യം, നിയമ വ്യവസ്ഥ തുടങ്ങി പല അടരുകളുള്ള ഒരു രാഷ്ട്രത്തിന്റെ സ്വത്വത്തിനു നേരെയുള്ള ചോദ്യമാണ് ഈ സിനിമയുടെ കഥാതന്തു. ഓട്ടോ ചന്ദ്രൻ എന്ന് നാട്ടുകാർ വിളിക്കുന്ന എം ചന്ദ്രകുമാറിന്റെ 'ലോക്ക് അപ്പ്'എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത സിനിമയാണ് 'വിസാരണൈ'.

തമിഴ്നാട്ടിൽ നിന്നും ജോലി തേടി ആന്ധ്രയിൽ വന്നവരാണ് പാണ്ടിയും കൂട്ടുകാരും. ടൌണിലെ ഗാന്ധിപാർക്കിൽ ആണ് അവരുടെ താമസം. വൃന്ദാവൻ കോളനിയിലെ ഒരു പലചരക്ക് കടയിൽ ചെറിയ ജോലിയുമുണ്ട്. ഉത്സവകാലം ആയതിനാൽ രാവിലെ 5 മണിയോടെ തന്നെ പാണ്ടി കട തുറക്കുന്നു. സിനിമയുടെ ആദ്യ അഞ്ചു മിനുട്ടിൽ തീരുന്നു ഈ കഥകളൊക്കെ. മഫ്തിയിൽ വന്ന പൊലീസ് പാണ്ടിയേയും കൂട്ടുകാരെയും പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. എന്താണ് സംഭവിച്ചത് എന്ന് കാണികൾക്കോ കഥാപാത്രങ്ങൾക്കോ മനസ്സിലാകും മുബ് ലാത്തിയുടെ പ്രയോഗം തുടങ്ങുന്നു. അത് അവസാനിക്കുന്നതാകട്ടെ , സിനിമയുടെ ആദ്യ പകുതി തീരുമ്പോൾ ആണ്.

വൃന്ദാവൻ കോളനിയിൽ കുറച്ച് ദിവസങ്ങളായി കോടിക്കണക്കിനു രൂപയുടെ മോഷണം നടക്കുന്നു. കള്ളന്മാരെ പിടിക്കാൻ പോലീസിന് സാധിക്കുന്നില്ല. സമൂഹത്തിലെ പല ഉന്നതരുടെയും വീട്ടിലെ മോഷണം ആയതിനാൽ കുറ്റവാളികളെ കണ്ടെത്തുക എന്നത് മാത്രമാണ് പോലീസിന് മുന്നിലുള്ള രക്ഷ. പോലീസിന് തലപ്പത്ത് നിന്ന് കിട്ടുന്ന ആജ്ഞ, 'നിങ്ങൾ കള്ളനെ പിടിക്കാൻ മെനക്കെടേണ്ടതില്ല, കുറ്റവാളികളാകാൻ കുറച്ച് ആളുകളെ കണ്ടെത്തിയാൽ മതി'. അങ്ങനെ കണ്ടെത്തിയ 'കുറ്റവാളികൾ' ആണ് പാണ്ടിയും കൂട്ടുകാരും.

സിനിമയുടെ രണ്ടാം പകുതിയുടെ തുടക്കം പ്രേക്ഷകന് അല്പ്പം നിശ്വസിക്കാനുള്ള സമയം കൊടുക്കുന്നു. മുത്തുവേൽ എന്ന തമിഴ് പോലീസുകാരൻ കോടതിയിൽ മൊഴി കൊടുത്ത കാരണം പാണ്ടിയും കൂട്ടുകാരും രക്ഷപ്പെടുന്നു. അവർ തമിഴ്‌നാട്ടിൽ തിരിച്ചെത്തുന്നു.'നമ്മുടെ നാട്ടിലെ പോലീസും പോലീസ് സ്റ്റേഷനുമാണ് നല്ലത്, എല്ലാവരും മനുഷ്യപറ്റുള്ളവർ 'എന്ന് പാണ്ടിയുടെ കൂട്ടുകാരൻ പറഞ്ഞു തീരുന്നിടത്ത് സിനിമ ഗിയർ മാറ്റുന്നു. അനന്തരം ലാത്തി മാറി തോക്കുകൾ കഥ പറഞ്ഞു തുടങ്ങുന്നു.

സിനിമയുടെ രണ്ടാം പകുതി, പോലീസും രാഷ്ട്രീയവും തമ്മിലുള്ള ഉള്ളുകള്ളികൾ ആണ് കാണിക്കുന്നത്. താഴെ തട്ടിലുള്ള ഇരകൾക്ക് പകരം കോർപ്പറേറ്റ് ലോകത്തിലെ ഇരകൾ കടന്നു വരുന്നു. ഇന്റെല്ലിജെൻസ് റിപ്പോർട്ടിൽ ഭരണം നഷ്ടമാകുമെന്ന് അറിയുന്ന ഭരണകൂടം കളിക്കുന്ന കളികളാണ് ഇവിടെ. പലരുമായും ബന്ധമുള്ള ഓഡിറ്റർ കെ കെ ആണ് ഇവിടെ 'കുറ്റവാളി'. പ്രതിപക്ഷ നേതാവിന്റെ ഇടപാടുകൾ കണ്ടെത്തുവാനും അങ്ങനെ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുവാനുമാണ് അണിയറയിലെ നാടകങ്ങൾ. ഈ അജണ്ട നടപ്പാക്കുന്നതിനിടയിൽ പല ഇരകൾ വഴിയിൽ വന്നു വീഴുന്നു. അവരൊക്കെ ഇരകളായി തന്നെ നാമാവശേഷമാകുന്നു.

മർദ്ദന ഉപകരണങ്ങൾ എങ്ങനെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നുവെന്നും അത് എങ്ങനെയാണ് ബഹുവർണ്ണങ്ങളിൽ പൊതിഞ്ഞ 'ഭരണകൂടം' എന്ന സംവിധാനത്തെ താങ്ങിനിർത്തുന്നത് എന്നും സിനിമ തുറന്നു കാട്ടുന്നു. നമ്മുടെ പൊതുബോധത്തെ സംതൃപ്തിപ്പെടുത്താൻ അത്യാവശ്യമായി വേണ്ടത് കുറ്റവാളികളെയല്ല, മറിച്ച് മനുഷ്യരെ മാത്രമാണ്. അവരെ കുറ്റവാളി ആക്കി മാറ്റിയെടുക്കാൻ നമുക്ക് നിയമം വഴി നിർമ്മിതമായ ഒരു വ്യവസ്ഥിതി ഉണ്ട്.

സിനിമ കാണുമ്പോൾ കാണികൾ കഥാപാത്രങ്ങളെ വിട്ടു അഫ്‌സൽ ഗുരു, യാക്കൂബ് മേമൻ എന്നീ സംജ്ഞകളുള്ള മരിച്ച ചില കഥാപാത്രങ്ങളെ ഓർക്കുന്നുവെങ്കിൽ അത് ഈ സിനിമയുടെ രാഷ്ട്രീയ വിജയം ആണ്.

'As is the case with most conspiracies, there is and could be no evidence amounting to criminal conspiracy.The incident, which resulted in heavy casualties, had shaken the entire nation, and the collective conscience of society will only be satisfied if capital punishment is awarded to the offender.'

അഫ്‌സൽ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചുള്ള കോടതി ഉത്തരവിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തില്ലെങ്കിലും വേണ്ടില്ല, സമൂഹത്തെ അടക്കി നിർത്തേണ്ടതാണ് വ്യവസ്ഥിതിയുടെ ബാധ്യത .

സിനിമയിൽ അധികം കൊത്തുപണികൾ ഇല്ല. ഉള്ളത് ലാത്തിയും തോക്കും പിന്നെ അതിന്റെ ഉരസലുകൾ കൊണ്ട് വെന്ത കുറെ നഗ്‌ന ശരീരങ്ങളും. രൂപകങ്ങൾ എന്ന് പറയാം. സിനിമയ്ക്ക് വളരെ കൃത്യമായ രണ്ടു അദ്ധ്യായങ്ങൾ ഉണ്ട്. ഒന്നാമത്തെ അദ്ധ്യായം ലാത്തി ആണെങ്കിൽ രണ്ടാമത്തെ അദ്ധ്യായം തോക്ക് ആകുന്നു. ലാത്തിയുടെയും തോക്കിന്റെയും വളരെ വിശദമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. തല്ലുന്നതിനു മുബ് 'ഇതെനിക്ക് വളരെ രാശിയുള്ള ലാത്തി ആണെന്ന്' പറയുന്ന പോലീസുകാരൻ, തിരുപ്പതിയിലെ പ്രസാദം സന്തോഷത്തോടെ കഴിപ്പിച്ച ശേഷം 'ആരാണിവരുടെ ഷർട്ട് അഴിക്കാതെ തല്ലുന്നത് ?ഷർട്ട് അഴിച്ചു മാറ്റി അടിക്കൂ' എന്ന് ഉത്തരവിടുന്ന എസ് ഐ, കൊല്ലുന്നതിനു തൊട്ടു മുമ്പ് പോലും 'ഫൈസലേ, പേടിക്കാനോന്നുമില്ലെട' എന്ന് ആശ്വസിപ്പിക്കുന്ന മറ്റൊരു പോലീസുകാരൻ. സിനിമ ജീവിക്കുന്നത് ഇത്തരത്തിൽ ഉള്ള കുറെ കറുത്ത ഹാസ്യങ്ങളിലൂടെയാണ്. ഒരാളുടെ ശവം പോലും ഒരു കേസിനു ഉപകരിക്കപ്പെടണം എന്നിടത്താണ് അവരുടെ ആപ്തവാക്യം.

സമുദ്രക്കനി അവതരിപ്പിച്ച മുത്തുവേൽ എന്ന കഥാപാത്രം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അയാൾ നീതിമാൻ ആണ്. താൻ ചെയ്യുന്നതിലെ പൊരുത്തക്കേടുകൾ അയാൾക്ക് നന്നായിട്ടറിയാം. കുറ്റബോധം കൊണ്ട് നീറുന്നുണ്ടയാൾ. അതേസമയം മേലുദ്യോഗസ്ഥരെ അനുസരിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ പെട്ടുലയുന്ന മനുഷ്യനെ സമുദ്രക്കനി നന്നായി പകർത്തി. 1983ഇൽ ഇറങ്ങിയ ഗോവിന്ദ് നിഹ്ലാനിയുടെ 'അർധ് സത്യ' എന്ന സിനിമയിൽ ഓം പുരി ചെയ്ത പോലീസുകാരനെ അനുസ്മരിപ്പിക്കുന്നു സമുദ്രക്കനി. ഓം പുരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് കുറ്റബോധം കൊണ്ട് നീറുന്ന ആനന്ദ് എന്ന പോലീസുകാരൻ. ചക്രവ്യൂഹത്തിൽ പെടുന്ന അഭിമന്യുവിനെ പോലെയാണ് നീതിമാനാകാൻ ആഗ്രഹിക്കുന്ന ഓരോ പോലീസുകാരനും (കടപ്പാട്: അർധ് സത്യ). അയാൾക്ക് ഉള്ളറയിലെ അണിയറക്കഥകളിൽ വേദനയുണ്ടാകും, പക്ഷെ അതിൽ നിന്നും പുറത്ത് കടക്കുക അസാധ്യമാണ്.

മലയാളത്തിലെ 'പിറവിയും' ഇതേ പ്രമേയാവിഷ്‌കാരമാണ്. 'പിറവി' കുറെ കൂടി അബ്‌സ്ട്രാക്ട് ആണ്. പോലീസ് സ്റ്റേഷൻ സിനിമയിൽ കണ്ടില്ല എന്ന് വരും.'വിസാരണൈ' തുറന്ന സിനിമയാണ്. ഇവിടെ പോലീസ് സ്റ്റേഷൻ മാത്രമേ കാണു. രണ്ടു ഇസങ്ങളിൽ പെട്ട ആഖ്യാനപരിസരത്ത് നിന്നുണ്ടായതാണെങ്കിലും രണ്ടിന്റെയും രാഷ്ട്രീയം ഒന്നാണ്. അത് ഭീതിതവുമാണ്.