അനൂപ് മേനോനോട് എനിക്ക് ഒന്നേ പറയാനുള്ളൂ, 'ഓള്‍ ദി ബെസ്റ്റ്'; നയം വ്യക്തമാക്കി വിനയന്‍

അനൂപ്‌ മേനോന്‍റെ ആദ്യത്തെ ചിത്രമായ കാട്ടു ചെമ്പകത്തിന്റെ സംവിധായകന്‍ കൂടിയാണ് വിനയന്‍.

അനൂപ് മേനോനോട് എനിക്ക് ഒന്നേ പറയാനുള്ളൂ,

അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ രഞ്്ജിത്ത്് , ലാൽജോസ് എന്നീ വലിയ സംവിധായകരോടൊപ്പം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും ന്യൂജനറേഷൻകാരാണെന്നും പറഞ്ഞ അനൂപ്‌ മേനോന് എതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. അനൂപ്‌ മേനോന്‍റെ ആദ്യത്തെ ചിത്രമായ കാട്ടു ചെമ്പകത്തിന്റെ സംവിധായകന്‍ കൂടിയാണ് വിനയന്‍.

കാട്ടു ചെമ്പകത്തില്‍ അഭിനയിച്ചത് നാണക്കേടായിപ്പോയി എന്ന രീതിയിലുള്ള അനൂപ് മേനോന്റ പ്രതികരണം തന്നെ വിഷമിപ്പിച്ചെന്ന്  വിനയൻ ഒരു പ്രമുഖ ഓണ്‍ലൈന്‍മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറ‍ഞ്ഞു.


"അയാളെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അയാൾ തിരുവനന്തപുരത്ത് ചാൻസ് ചോദിച്ച് പോകാത്ത സംംവിധായകരില്ല. സീരിയലിൽ അഭിനയിച്ചു നടക്കുകയായിരുന്നു. സീരിയലിൽ അഭിനയിച്ചതുകൊണ്ട് ആരും ചാൻസ് തരുന്നില്ല, സാറാണ് എന്റെ അവസാന പ്രതീക്ഷയെന്ന് പറഞ്ഞാണ് അന്ന് അനൂപ് എന്നെ കാണാൻ വന്നത്. അഴകപ്പനൊക്കെ റെക്കമെന്റ് ചെയ്തിട്ടാണ് എന്റെയടുത്ത് വന്നത്. സാർ സീരിയലുകാരോട് വേർതിവൊന്നും കാണിക്കാറില്ലല്ലോ? കരുമാടിക്കുട്ടനിൽ സുരേഷ് കൃഷ്ണയ്ക്ക് ചാൻസ് കൊടുത്തല്ലോ, എന്നെ കൈവെടിയരുത് എന്നോക്കെ പറഞ്ഞു. അന്നു ഞാൻ അയാളോട് ഒാൾ ദ ബെസ്റ്റ് പറഞ്ഞാണ് വിട്ടത്, അഭിനയിപ്പിക്കാമെന്നൊന്നും ഉറപ്പു കൊടുത്തില്ല." വിനയന്‍ പറയുന്നു.

"കാട്ടുചെമ്പകത്തിന്റെ നിർമാതാവ് അരോമമണിക്ക് അനൂപിനെ അഭിനയിപ്പിക്കാൻ യാതൊരു താൽപര്യവുമുണ്ടിയിരുന്നില്ല. പിന്നെ എന്നോട് അവസാനം യോജിക്കുകയായിരുന്നു. നമ്മൾ എല്ലാപ്പടവും വിജയിക്കണമെന്നുകരുതിയാണ് എടുക്കുന്നത്. ഇയാളെ അഭിനയിപ്പിച്ചതു കൊണ്ടാണ് പടം പൊട്ടിപ്പോയതെന്ന് എനിക്കും പറയാമല്ലോ? ഞാൻ കത്തിനിൽക്കുന്ന സമയമാണ്. എനിക്ക് ഏത് താരത്തിന്റേയും ചാൻസ് കിട്ടുന്ന സമയമാണ്. അന്നത്തെ അയാളുടെ നന്ദിയും വാലാട്ടലുമൊക്കെ കാണേണ്ടതായിരുന്നു. കാട്ടുചെമ്പകം രണ്ടാഴ്ച തീയറ്ററിൽ ഒാടിയ പടമാണ്." വിനയന്‍ കൂട്ടിചേര്‍ത്തു.

തന്നെ തള്ളിപ്പറഞ്ഞതില്‍ തനിക്ക് വിഷമമില്ലെന്നും എന്നാല്‍ അയാളെന്ന സിനിമാ നടനെ ജനിപ്പിച്ച ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞത് മോശമായി പോയിയെന്നും വിനയന്‍ പറയുന്നു.  അച്ഛന് സൗന്ദര്യം കുറവാണെന്നു കരുതി അടുത്ത വീട്ടിലെയാളെ അച്ഛാ എന്നു വിളിച്ചതു പോലെയാണ് അനൂപ് മേനോൻ ഈ സിനിമയെ തള്ളിപ്പറ‍ഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

"അയാൾ പലർക്കും വാക്കു കൊടുത്തിട്ടുണ്ടു പോലും വിനയനോട് സഹകരിക്കില്ലെന്ന്. അവരെ വിഷമിപ്പിച്ചാൽ സിനിമാ ജീവിതത്തിന് തടസമാകുമോ എന്ന് അയാൾ ഭയപ്പെട്ടിരുന്നു. ഇന്നും അതുപോലെ തന്നെയായരിക്കുമെന്ന് ഞാൻ കരുതുന്നു, എന്നെ തള്ളിപ്പറഞ്ഞാൽ മറ്റു പലരുടേയും പ്രീതി നേടാം എന്ന് അയാൾ കരുതുന്നുണ്ടാകും. അന്നും ഇന്നും അയാളോട് എനിക്ക് ഒന്നേ പറയാനുള്ളൂ , ഒാൾ ദ ബെസ്റ്റ്." വിനയന്‍ പറഞ്ഞുനിര്‍ത്തുന്നു.