വ്യാജരേഖകൾ സമർപ്പിച്ച് ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ മുൻ സ്പീക്കർ എൻ ശക്തനെതിരെ വിജിലന്‍സ്‌ അന്വേഷണം

സംസ്ഥാന സ്‌പീക്കറെന്ന നിലയില്‍ ജി. കാര്‍ത്തികേയന്‍ യാത്രപ്പടി ഇനത്തില്‍ ചെലവാക്കിയതിന്റെ ഇരട്ടിയിലേറെയായിരുന്നു അതേകാലയളവില്‍ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ശക്‌തന്റെ യാത്രാച്ചെലവ്‌. പലപ്പോഴും അതു മൂന്നിരട്ടിവരെയായെന്നും റിപ്പോർട്ടുകളുണ്ട്.

വ്യാജരേഖകൾ സമർപ്പിച്ച്  ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ മുൻ സ്പീക്കർ എൻ ശക്തനെതിരെ  വിജിലന്‍സ്‌ അന്വേഷണം

യാത്രാപ്പടി ഇനത്തില്‍ മുന്‍ നിയമസഭാ സ്‌പീക്കര്‍ എന്‍ ശക്‌തൻ വ്യാജരേഖ സമര്‍പ്പിച്ചു ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന്  വിജിലന്‍സ്‌ അന്വേഷണം. ഇതു സംബന്ധിച്ച്‌ ദ്രുതപരിശോധന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഡോ. ജേക്കബ്‌ തോമസ്‌ ഉത്തരവിട്ടതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്‌പീക്കര്‍, സ്‌പീക്കര്‍ പദവികളിലിരിക്കേ ശക്‌തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ യാത്രാപ്പടി വാങ്ങിയതല്ലാതെ, പലയിടങ്ങളിലും അദ്ദേഹം പോകുകയുണ്ടായില്ലെന്നും  ഇപ്രകാരം ഒരേദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട്‌ ബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചനകൾ.


സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ യാത്രാവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസിനെ അറിയിക്കണമെന്നാണു നിയമം. എൻ ശക്തൻ നൽകിയ രേഖകളും സമർപ്പിച്ച ബില്ലുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇക്കാര്യം ചർച്ചയായത്. ശക്‌തന്‍ ഡെപ്യൂട്ടി സ്‌പീക്കറും സ്‌പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനും സർക്കാർ കൂട്ടാക്കിയിരുന്നില്ല.

സംസ്ഥാന സ്‌പീക്കറെന്ന നിലയില്‍ ജി. കാര്‍ത്തികേയന്‍ യാത്രപ്പടി ഇനത്തില്‍ ചെലവാക്കിയതിന്റെ ഇരട്ടിയിലേറെയായിരുന്നു അതേകാലയളവില്‍ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ശക്‌തന്റെ യാത്രാച്ചെലവ്‌. പലപ്പോഴും അതു മൂന്നിരട്ടിവരെയായെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം കഴിഞ്ഞ മേയ്‌ ഏഴിനു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിന് പിന്നാലെ അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ വിജിലന്‍സ്‌ ദ്രുതപരിശോധനയാവശ്യപ്പെട്ടു കത്ത്‌ നല്‍കുകയായിരുന്നു.

എന്നാൽ  അന്നത്തെ വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍. ശങ്കര്‍റെഡ്‌ഡി അതിന്മേല്‍ നടപടിയെടുത്തിരുന്നില്ല. യാത്രാരേഖകളിലെ കൃത്രിമം പുറത്തുവന്നതോടെ ശക്‌തന്‍ സ്‌പീക്കര്‍ സ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരിക്കൽപ്പോലും ശക്‌തനോ യു.ഡി.എഫ്‌. നേതൃത്വമോ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ കാട്ടാക്കട മണ്ഡലത്തില്‍ ശക്‌തന്‍ 849 വോട്ടിനു പരാജയപ്പെട്ടിരുന്നു.

Read More >>