സാങ്കേതിക വൈദഗ്ദ്ധ്യമുള്ള യുവ എസ്പിമാരെ ഉള്‍പ്പെടുത്തി വിജിലന്‍സിനെ ശക്തമാക്കാന്‍ പദ്ധതിയുമായി ജേക്കബ് തോമസ്

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മിടുക്കരായ ഉദ്യോഗസ്ഥരെ ലോക്കല്‍ പൊലീസിലേക്കും ആര്‍ക്കും വേണ്ടാത്തവരെ വിജിലന്‍സ് അടക്കമുള്ള സ്‌പെഷല്‍ യൂണിറ്റുകളിലേക്കും അയയ്ക്കുന്ന രീതി മാറ്റണമെന്ന് ആഭ്യന്തര അഡിഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോയെ കണ്ട് ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാങ്കേതിക വൈദഗ്ദ്ധ്യമുള്ള യുവ എസ്പിമാരെ ഉള്‍പ്പെടുത്തി വിജിലന്‍സിനെ ശക്തമാക്കാന്‍ പദ്ധതിയുമായി ജേക്കബ് തോമസ്

യുവരക്തം നിറച്ച് വിജിലന്‍സിനെ ശക്തമാക്കാന്‍ ഡയറകടര്‍ ജേക്കബ്‌തോമസ്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള യുവ എസ്.പിമാരെ ഉള്‍പ്പെടുത്തി വിജിലന്‍സിനെ മുഖംമിനുക്കാനുള്ള പദ്ധതി ജേക്കബ്‌തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ചു. വിജിലന്‍സിനെ കൂടുതല്‍ സുതാര്യമാക്കാനും ജനപങ്കാളിത്തത്തോടെ അഴിമതിതടയാനുമുള്ള മാര്‍ഗ്ഗരേഖയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

പദ്ധതിയില്‍ പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയാണ്. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഞ്ചരലക്ഷം പൊതുമേഖലാ ജീവനക്കാരും 941പഞ്ചായത്തുകളടക്കം 1209 തദ്ദേശസ്ഥാപനങ്ങളില്‍ കാല്‍ലക്ഷത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇത്രയും ജീവനക്കാരേയും അവരുടെ ഓഫീസിനേയും നിയന്ത്രിക്കേണ്ട വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സി.ഐ, ഡിവൈ. എസ്. പി തലത്തില്‍ 120 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ പകുതിയോളം ഉദ്യോഗസ്ഥര്‍ വിരമിക്കാറായവരുമാണ്.


ഈ ഒരു പ്രതിസന്ധി മുന്നില്‍ക്കണ്ടുകൊണ്ടാണ് 45വയസില്‍ താഴെയുള്ള ഉദ്യോഗസ്ഥരെ അധികമായി ഉള്‍പ്പെടുത്തി വിജിലന്‍സിന് യുവമുഖമിടാന്‍ ജേക്കബ് തോമസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മിടുക്കരായ ഉദ്യോഗസ്ഥരെ ലോക്കല്‍ പൊലീസിലേക്കും ആര്‍ക്കും വേണ്ടാത്തവരെ വിജിലന്‍സ് അടക്കമുള്ള സ്‌പെഷല്‍ യൂണിറ്റുകളിലേക്കും അയയ്ക്കുന്ന രീതി മാറ്റണമെന്ന് ആഭ്യന്തര അഡിഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോയെ കണ്ട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിച്ച് വിജിലന്‍സിന്റെ അംഗബലംകൂട്ടിയാല്‍ പരാതികള്‍ക്ക് യഥാസമയം പരിഹാരമുണ്ടാകുമെന്ന കാര്യവും അദ്ദേഹം ഉറപ്പുനല്‍കി. ഡയറക്ടറുടേയും എസ്.പിമാരുടേയും നേതൃത്വത്തില്‍ പ്രത്യേകസംഘങ്ങളെ സജ്ജമാക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

വിജിലന്‍സിലേക്ക് സാങ്കേതികവൈദദ്ധ്യമുള്ള യുവ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് ജേക്കബ്‌തോമസ് ആവശ്യപ്പെട്ടത്. മരാമത്ത്, ആരോഗ്യം തുടങ്ങി സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള മേഖലകളിലെ അഴിമതികള്‍ പുറമേയുള്ളവരുടെ സഹായമില്ലാതെ കണ്ടെത്താനാണ് ഇത്. ഇതിന്റെ ഭാഗമായി കോഴിക്കോട് റൂറലില്‍ നിന്ന് മാറ്റിയ ബി.ടെക്ക് ബിരുദധാരിയായ പ്രതീഷ്‌കുമാറിനെ വിജിലന്‍സില്‍ നിയമിക്കണമെന്നുള്ള ശുപാര്‍ശ ജേക്കബ് തോമസ് നല്‍കിക്കഴിഞ്ഞു.

അഴിമതിക്ക് കുപ്രസിദ്ധമായ ഓഫീസുകളുടേയും ഉദ്യോഗസ്ഥരുടേയും പട്ടികയുണ്ടാക്കി ഇവിടങ്ങളില്‍ വിജിലന്‍സിന്റെ സ്ഥിരം നിരീക്ഷണമുണ്ടാക്കുവാനുള്ള കര്‍മ്മപദ്ധതിയാണ് ജേക്കബ് മതാമസ് തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരാതിനല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കുകയും ആ പരാതികള്‍ അന്വേഷിച്ച് എസ്.പിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യു, ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ് നല്‍കിയതു പോലുള്ള ഇടപെടലുകള്‍ മറ്റുവകുപ്പുകളിലും ഉണ്ടാകുമെന്നാണ് സൂചന.

വിരമിക്കാനിരിക്കുന്നവരെ ഒഴിവാക്കി രണ്ടുവര്‍ഷമെങ്കിലും കാലാവധിയുള്ളവരെയേ വിജിലന്‍സില്‍ നിയമിക്കാവു എന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികിട്ടിയാല്‍ ഉറപ്പായും നടപടിയെടുക്കുമെന്ന തരത്തില്‍ നിലവിലെ അന്വേഷണരീതികള്‍ മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലേതടക്കം ഫയല്‍നീക്കം പരിശോധിക്കാന്‍ വിജിലന്‍സ് സംവിധാനമുണ്ടാക്കുമെന്നുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം. ഫയലുകള്‍ വൈകിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. പര്‍ച്ചേസുകള്‍ക്ക് അഴിമതിരഹിതരായ ഉദ്യോഗസ്ഥരുടെ പാനലുണ്ടാക്കുകയും മുഖ്യമന്ത്രി, ചീഫ്‌സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, നിയമസെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ വിജിലന്‍സ് കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്യും. സി.ബി.ഐ ബുള്ളറ്റിന്‍ മാതൃകയില്‍ വിജിലന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നകാര്യവും പരിഗണനയിലുണ്ട്.