വായനാദിനം; ബെന്യാമിൻ സംസാരിക്കുന്നു

ഒരു പ്രവാസിയുടെ മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ വളരെ ലളിതമായി വിവരിച്ച, ആട് ജീവിതം എന്ന നോവല്‍ ഒന്നു മതി ബെന്യാമീന്‍ എന്ന സാഹിത്യകാരനെ വിവരിക്കുവാന്‍. ഏറെ ലളിതമായ ആഖ്യാന ശൈലിയില്‍ വിവരിച്ച ആട് ജീവിതത്തിനു ലഭിച്ച പുരസ്ക്കാരങ്ങള്‍ ഏറെയാണ്‌. തുടര്‍ന്ന്, 5 ഓളം നോവലുകളും, ചെറുക്കഥ സമാഹാരങ്ങളും, യാത്രാവിവരങ്ങളും, അനുഭവക്കുറിപ്പുകളുമായി സാഹിത്യ രംഗത്ത് സജീവമാണ് ബെന്യാമീന്‍. 2009ലെ കേരള സാഹിത്യ അക്കാദമി ജേതാവാണ്‌ കൂടിയാണ് ബെന്യാമീന്‍. വായനാദിനത്തില്‍ ബെന്യാമീന്‍ സംസാരിക്കുന്നു.

വായനാദിനം; ബെന്യാമിൻ സംസാരിക്കുന്നു

കേരളം വായനയെ സ്നേഹിക്കുന്ന നാട്

കേരളത്തിലെ പോലെ, എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ഇത്രയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകള്‍ വേറെയുണ്ടോ എന്ന് സംശയമാണ്. ഇവിടെ വായനക്കാര്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യം ഏറെയാണെന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചു അറിഞ്ഞിട്ടുള്ളതാണ്. എഴുത്തുകാര്‍ക്ക് നല്ല പ്രാധാന്യം ഈ സംസ്കാരത്തില്‍ കൊടുക്കുന്നു എങ്കില്‍, വായനാ സംസ്കാരം നമ്മുക്കിടയില്‍ നില നില്‍ക്കുന്നു എന്നാണ് അതിനര്‍ത്ഥം. വായനയുടെ പ്രാധാന്യം എന്താണെന്ന് മനസിലാക്കി ക്കൊണ്ടു ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ഗൗരവമായ പരിപാടികള്‍ വായനാ ദിനാഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്നു എന്നുള്ളതും സന്തോഷകരമായ ഒരു പ്രതീക്ഷയാണ്. വായനാശീലം മരിക്കുകയില്ല എന്ന അമര്‍ത്യമായ ഒരു പ്രതീക്ഷയാണത്. കേരളത്തിലുടനീളം വായനാശാലകള്‍ ആരംഭിക്കുവാന്‍ പി.എന്‍. പണിക്കര്‍ നിര്‍വഹിച്ച സേവനത്തെ എങ്ങനെ നമ്മുക്ക് മറക്കുവാന്‍ കഴിയും?


വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി.എന്‍.പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി.എന്‍.പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു.

വായനയില്‍ തല്പരായ ഒരു തലമുറയാണ് ഇന്നുള്ളത്. മലയാളത്തിലെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലും, പുസ്തകവില്‍പ്പനയെ കുറിച്ചു അറിയാന്‍ ശ്രമിക്കാറുള്ളതു കൊണ്ടും ഈ തലമുറയിലെ വായനാ ശീലത്തെ കുറിച്ചു ഞാന്‍ ബോധാവാനുമാണ്.

വൈക്കം മുഹമ്മദ്‌ ബഷീര്‍ തലചുമടായി പുസ്തകങ്ങള്‍ നടന്നുകൊണ്ട് വില്‍ക്കുന്ന ഒരു കാലത്ത് നിന്ന്, പുസ്തകം ഇറങ്ങുമ്പോള്‍ തന്നെ പതിനായിരത്തില്‍ അധികം കോപ്പികള്‍ ഒറ്റ ആഴ്ചയില്‍ തന്നെ വിറ്റു പോകുന്ന തരത്തിലേക്ക് നമ്മുടെ പുസ്തക വില്‍പ്പന മാറി പോയിരിക്കുന്നു. എന്നിരുന്നാലും, പൊതു ചര്‍ച്ചകളിലേക്ക് ഇറങ്ങി വരാനും അവരുടെ ചിന്തകളെ പങ്കു വയ്ക്കുവാനും മടി കാണിക്കുന്ന ഒരു യുവത്വമാണ് വളര്‍ന്നു വരുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നി പോകും. ഇത് വായനശീലം നല്‍കുന്ന അനുഭവത്തിന്മേലുള്ള ഒരു അപകടമാണ്.
അവനവന്‍ വായിച്ചു, അവനവനില്‍ ഒതുങ്ങേണ്ടതല്ല നമ്മുടെ വായനകള്‍. പരസ്പരം കൈമാറുകയും, അവനും എനിക്കും ഒരു പോലെ വ്യത്യസ്തമായ ആശയങ്ങളും, അറിവുകളും ഉണ്ടെന്നും, അവ പങ്കു വയ്ക്കപ്പെടെണ്ടതാണ് എന്നുമുള്ള ബോധ്യം കൂടി ഈ വായനാ ദിനത്തില്‍ പ്രചരിപ്പിക്കപ്പെടണം.

വായനയും വിദ്യാഭ്യാസവും


വിദ്യാഭ്യാസം ഉള്ളവര്‍ ധാരാളം ഉണ്ട് എങ്കിലും, അറിവ് ഉള്ളവര്‍ വളരെ കുറവാണെന്ന് ഇന്നത്തെ തലമുറയെ കുറിച്ചു പൊതുവേ പറയപ്പെടുന്ന ഒരു തത്വമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വളരെ വര്‍ധിച്ചിട്ടുണ്ട് എങ്കിലും, അവരുടെ പൊതുവിജ്ഞാനം സംബന്ധിച്ച ഒരു അളവ് എടുക്കുമ്പോഴാണ്, എത്ര ബാലിശമായിട്ടാണ് ഇന്നത്തെ തലമുറ വിദ്യാഭ്യാസത്തെ കാണുന്നതെന്നും, എത്ര ശൂന്യരായിട്ടാണ് അവര്‍ ജീവിതത്തിലേക്ക് നടക്കുന്നതെന്നും മനസിലാക്കുവാന്‍ കഴിയുന്നത്. മുന്‍കാലങ്ങളില്‍ തീരെ വിദ്യാഭ്യാസം ഇല്ലാതിരുന്ന നമ്മുടെ ഒരു മുതിര്‍ന്ന പൌരനോട് ചോദിച്ചാല്‍ പോലും അദ്ദേഹത്തിനുണ്ടാകുമായിരുന്ന കാര്യഗൗരവമായ രാഷ്ട്രീയബോധവും, പൊതുവിജ്ഞാനവും, വളരെയധികം വിദ്യാഭ്യാസം നേടി എന്ന് പറയുന്ന ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോകുന്നു.

അന്താരാഷ്ട്ര കമ്പനികളിലെ ജോലിക്ക് വളര്‍ത്തിയെടുക്കുന്ന ഗിനി പന്നികളെ പോലെയായിരിക്കുന്നു അവര്‍. പാഠ്യപദ്ധതിക്ക് പുറത്തു ഒന്നും മനസിലാക്കേണ്ടതില്ല എന്ന മനോഭാവത്തിലേക്ക് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം മാറിയിരിക്കുന്നത് കൊണ്ടാണ് അത്. പണം മാത്രം മതിയെന്നാണ് ഈ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം. അത് കൊണ്ടാണ് പരന്ന വായന വിദ്യാലയങ്ങളില്‍ നിന്നും അന്യമായിരിക്കുന്നത് എന്ന് വിവക്ഷിക്കാം.

അദ്ധ്യാപകര്‍ വായിക്കുന്നില്ല, പിന്നെങ്ങനെ?

എന്ത് വായിക്കണം എന്ന് ശുപാര്‍ശ ചെയ്യുവാനുള്ള അദ്ധ്യാപകരും ഇന്ന് കുറവാണ് എന്നുള്ളത് മറ്റൊരു സത്യമായിരിക്കുന്നു. അദ്ധ്യാപകര്‍ വായിക്കുന്നില്ല, അതുകൊണ്ട് തന്നെ വിദ്യാര്‍ഥികളോട് വായനയെ ശുപാര്‍ശ ചെയ്യുവാനും ഇവര്‍ക്ക് കഴിയുന്നില്ല. പല വിദ്യാര്‍ഥികളും ഫേസ്ബുക്കിലൂടെയും, വാട്സാപ്പിലൂടെയും എന്നോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്,

"സര്‍, ഞങ്ങള്‍ക്ക് വായിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ, വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഏതാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആരെയാണ് ഞങ്ങള്‍ വായിക്കേണ്ടത്? എന്താണ് ഞങ്ങള്‍ വായിക്കേണ്ടത്? എവിടെ നിന്നാണ് ഞങ്ങള്‍ വായിച്ചു തുടങ്ങേണ്ടത്?"

എന്നിങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങള്‍. അദ്ധ്യാപകര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാഠപുസ്തകത്തിലെ കുറച്ചു കാര്യങ്ങള്‍ മാത്രം പറഞ്ഞു കൊടുക്കുന്നവരാകരുത്  അദ്ധ്യാപകര്‍  . പാഠ്യപദ്ധതിക്ക് പുറത്തുള്ള ജീവിതസത്യങ്ങളെ പറഞ്ഞു കൊടുക്കുന്നവരെയാണ് നമ്മള്‍ എക്കാലത്തും അദ്ധ്യാപകര്‍ എന്ന് വിളിക്കുവാന്‍ ആഗ്രഹിക്കുന്നതും.

എന്‍റെ സാഹിത്യം

ഞാന്‍ മലയാളം മുഖ്യവിഷയമായി എടുത്തു പഠിച്ചിട്ടുള്ള ഒരാള്‍ അല്ല. മലയാള സാഹിത്യത്തില്‍ നിന്നും എന്തെങ്കിലും നേടാം എന്നു ആഗ്രഹിച്ചല്ല നമ്മുടെ സാഹിത്യത്തെ ഞാന്‍ വായിക്കുകയും സ്നേഹിക്കുകയും ചെയ്തത്. സാഹിത്യത്തോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. തിരിച്ചറിവിന്‍റെ കാലത്തില്‍ എന്നെ സാഹിത്യ വായനയിലേക്ക് വഴികാട്ടിയ അധ്യാപകരുടെ യജ്ഞമാണ് എന്നെ ഇന്ന് സാഹിത്യകാരനാക്കിയത് എന്ന് നിസ്സംശയം പറയാം. സാഹിത്യ കഥകളില്‍ നിന്നാണ് ഞാന്‍ മലയാള ഭാഷയുടെ ഭംഗി തിരിച്ചറിയുന്നത്. വ്യാകരണം പഠിക്കുന്നതു മാത്രം അല്ല ഭാഷാപഠനം. അങ്ങനെയുള്ള ഒരു തെറ്റായ ധാരണ നില നില്‍ക്കുന്നത് കൊണ്ടാകാം മലയാളം പഠിക്കുന്നതില്‍ പല കുട്ടികളും വിമുഖത കാണിക്കുന്നതും. എന്നാല്‍, വായനയിലൂടെ ഇത്തരം തെറ്റിദ്ധാരണകളെ മാറ്റാം എന്നിരിക്കെ, മുതിര്‍ന്ന തലമുറയും, അധ്യാപകരും അതിന്നു ഏറെ മുതിരുന്നില്ല എന്നുള്ളതും സത്യമാണ്. ശരിയായ ദിശാബോധം ലഭിക്കാത്ത ഒരു തലമുറ എങ്ങനെ ഭാഷയെ സ്നേഹിക്കും?
എല്ലാവരും സാഹിത്യകാരന്മാരോ എഴുത്തുകാരോ ആയി തീരാനല്ല നമ്മള്‍ സാഹിത്യം വായിക്കേണ്ടത്. അതിനപ്പുറത്തേക്ക്,ചില പ്രയോജനങ്ങളും വായനയ്ക്കുണ്ട്.

*വായന നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കാത്ത ഒരു തലമുറയാണ് നമ്മുടെ പണിപ്പുരയില്‍ ഉള്ളത്. ടി.വി കാണുമ്പോള്‍ ഉള്ള മനോഭാവം തന്നെ അതിനുദ്ദഹരണമായിട്ടെടുക്കാം. 5 മിനിറ്റില്‍ അധികം ഒരു ചാനല്‍ കാണുവാനുള്ള ക്ഷമ നമുക്കില്ല. എത്ര ഇഷ്ടമുള്ള പരിപാടി ആണെങ്കിലും റിമോട്ടില്‍ നമ്മുടെ കൈകള്‍ അസ്വസ്ഥമായിരിക്കും. ആത്മാര്‍ഥമായി ടി.വി പോലും കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ നമ്മള്‍ എത്തി നില്‍ക്കുന്നു. വായനയുടെ പ്രയോജനങ്ങളില്‍ ഒന്നു നിതാന്തമായ ശ്രദ്ധ നാം ആര്ജ്ജിക്കുന്നു എന്നുള്ളതാണ്. ഒരു പുസ്തകമോ ലേഖനമോ ആത്മാര്‍ഥമായി വായിക്കുവാന്‍ നമ്മുക്ക് സാധിക്കുമെങ്കില്‍, ഏകാഗ്രതയുടെ ഒരു അംശം നമ്മുക്ക് സായത്തമായി എന്ന് ആശ്വസിക്കാം. ജീവിതത്തിന്‍റെ ലക്ഷ്യ ബോധത്തിനും ഈ ഏകാഗ്രത സഹായകരമാകും. പക്ഷെ, സ്വയം ചതിക്കാത്ത വായന ആകണമെന്ന് മാത്രം! 3 മിനിട്ട് നേരം വായിക്കുകയും, ബാക്കിയുള്ള സമയം, വായിക്കുന്നു എന്ന് നമ്മെ തന്നെ വഞ്ചിച്ചു കൊണ്ട്, പുസ്തകത്തിലൂടെ വെറുതെ കണ്ണോടിക്കുകായും ചെയ്യുന്നതിനെ വായന എന്ന് വിവക്ഷിക്കുവാന്‍ കഴിയില്ല. വായന മനസ്സിരുത്തിയാകണം..അത് ആസ്വാദ്യകരമാകണം..

*വായന നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു


"നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നത് അല്ല സ്വപ്നം. നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതെന്തോ, അതാണ്‌ സ്വപ്നം!" മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ ഈ വാക്കുകളിലെ സത്ത, വായന പ്രദാനം ചെയ്യുന്നു. ഒരു സിനിമ കാണുമ്പോള്‍, അല്ലെങ്കില്‍ ടി.വി കാണുമ്പോള്‍ കലാകാരന്‍ വിഭാവനം ചെയ്ത ലോകം അതേപടി നമ്മുക്ക് മുന്പില്‍ അവതരിപ്പിക്കപ്പെട്ടിരിക്കും. എന്നാല്‍ ഒരു രചന വായിക്കുമ്പോള്‍ അങ്ങനെയല്ല. അത് സൃഷ്ടിക്കുന്ന ലോകം വായനക്കാരന്റെ ഭാവനയാണ്.

നമ്മള്‍ വായിക്കുന്ന ഒരു പുസ്തകവും എഴുത്തുകാരന്‍ എഴുതിയതായിരിക്കില്ല എന്നുള്ളതാണ് സത്യം.

ആട് ജീവിതത്തിലെ നജീബിന്റെ ദുരിതലോകം ബെന്യാമീന്‍ വിഭാവനം ചെയ്തതായിരിക്കില്ല വായനക്കാരന്‍ സങ്കല്‍പ്പിക്കുന്നത്. മരുഭൂമിയുടെ സ്വഭാവത്തിനുണ്ടാകും വ്യത്യാസം, നജീബിന്റെയും, ഹക്കീമിന്റെയും, മറ്റു കഥാപാത്രങ്ങളുടെയും രൂപത്തില്‍ പോലും ഉണ്ടാകും ഓരോ വായനക്കാരന്റെയും മനസ്സിലെ ഈ വ്യത്യാസം. മറ്റൊരു കലയ്ക്കും നല്‍കുവാന്‍ കഴിയാത്ത ഈ മഹത്വം വായനയിലാണ് ഉള്ളത്. വായന ബാക്കി വയ്ക്കുന്ന പ്രതീക്ഷകള്‍ സ്വപ്‌നങ്ങള്‍ ആകുന്നതു അങ്ങനെയാണ്. ഭാവനകളെ പ്രചോദിപ്പിക്കുന്ന വായന സ്വപ്നങ്ങളെ സമ്മാനിക്കുന്നു. സ്വപ്‌നങ്ങള്‍ കാണുന്തോറും വിജയത്തിലേക്കുള്ള ദൂരം കുറയുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഏതു മേഖലയിലും എത്തപ്പെടാന്‍ സ്വപ്നം അനിവാര്യമാണെല്ലോ.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫ ആദ്യം നിര്‍മ്മിക്കപ്പെട്ടത് അത് സ്വപ്നം കണ്ട ഒരു എഞ്ചിനീയര്‍ മനസ്സില്‍ നിന്നാണ്. ടി.വി യുടെ റിമോട്ട് കന്ട്രോളിന്റെ കണ്ടുപ്പിടുത്തവും, ഏതെങ്കിലും ഒരു മടിയന്റെ മനസ്സിന്റെ സ്വപ്നമായിരിക്കാം..ടി.വിയുടെ അടുത്തു വരെ പോകാതെ, ചാനല്‍ മാറ്റാന്‍ കഴിയുമോ എന്ന സ്വപ്നമായിരിക്കണം അത്! എല്ലാ ലക്ഷ്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, അതിന്റെ അടിത്തറയില്‍ ഒരു സ്വപ്നം വേണം..വായന നല്‍കുന്ന ഭാവനാസമ്പന്നനായ സ്വപ്നം!

*വായന പല ജീവിതങ്ങള്‍ ജീവിക്കുവാന്‍ സഹായിക്കുന്നു.


സഹജീവികളോടു, സഹാനുഭൂതിയും സ്നേഹവും ഉണ്ടാകണമെങ്കില്‍ അവനവന്‍റെ ജീവിതത്തില്‍ ഒതുങ്ങി കൂടാതെ. മറ്റുള്ളവരുടെ ജീവിതങ്ങളും അറിയേണ്ടതുണ്ട്. കേരളത്തിന്‍റെ ഒരു ചെറിയ പരിധിക്കുള്ളില്‍ വസിക്കുന്ന നമുക്ക് ലോകത്തിന്‍റെ പല ഭാഗങ്ങളെയും അവിടെയുള്ള ജീവിതങ്ങളെയും അവരുടെ സംസ്കാരത്തെയും പരിചയപ്പെടുത്തുന്നത് പുസ്തകങ്ങളാണ്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യന്‍ ജീവിതം നമ്മള്‍ അറിയുന്നത് വായനയിലൂടെയല്ലേ? ജീവിതത്തില്‍ വിജയിച്ചിട്ടുള്ളവര്‍ എന്ന് നമ്മള്‍ അംഗീകരിക്കുന്നവരുടെ അനുഭവങ്ങളും, അവര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങളും നമ്മുക്ക് ലഭിക്കുന്നത് വായനയിലൂടെയാണ്. വായന അനുഭവങ്ങള്‍ നല്‍കുന്നു..ജീവിക്കുവാന്‍ വേണ്ട അനുഭവങ്ങള്‍!

*വായന തോല്‍ക്കാന്‍ പഠിപ്പിക്കുന്നു

വിജയിക്കാന്‍ മാത്രമല്ല, ചിലപ്പോഴൊക്കെ തോല്‍ക്കാന്‍ കൂടിയുള്ളതാണ് ജീവിതം! ഇന്നത്തെ യുവതലമുറയുടെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നു, നമ്മുക്ക് തോല്‍ക്കാന്‍ മടിയാണ് എന്നുള്ളതാണ്. ഇന്ത്യ തോല്‍ക്കും എന്നുള്ള ഒരു ക്രിക്കറ്റ് കളി പോലും ഇവര്‍ അധികനേരം കണ്ടിരിക്കില്ല. ഇന്ത്യ തോല്‍ക്കും എന്നുറപ്പിച്ചാല്‍ അപ്പോള്‍ തന്നെ ടി.വി ഓഫ്‌ ആക്കി ഇവര്‍ വിരാട് കോഹ്ലിയെയും,അയാളുടെ കാമുകിയെയും അവരുടെ സര്‍വ്വ വീട്ടുകാരെയും ചീത്ത വിളിക്കുവാന്‍ ആരംഭിക്കും. അവരെ മാത്രമല്ല, അവരുടെ ബന്ധുക്കളെ പോലും ഇക്കൂട്ടര്‍ അസഭ്യം പറയും. തോല്‍ക്കുവാന്‍ മനസ്സില്ല എന്ന ചിന്തയാണ് ഇങ്ങനെയുള്ളവരില്‍ പ്രകടമാകുന്നത്. എന്തിനേറെ, നായകന്‍ തോല്‍ക്കുന്ന ഒറ്റ ചലച്ചിത്രം പോലും വിജയിക്കാത്തത്തിന്‍റെ പിന്നിലും ഇതേ മാനസികാവസ്ഥയാണ്. കംപ്യുട്ടര്‍ ഗെയിം കളിക്കുമ്പോള്‍, തോല്‍ക്കും എന്നുള്ള ഘട്ടത്തില്‍ നമ്മള്‍ അത് നിര്‍ത്തി എഴുന്നേറ്റു പോകും. ഒരിക്കലും അത് പൂര്‍ത്തീകരിച്ചു, ആ തോല്‍വി ഏറ്റു വാങ്ങാന്‍ മനസ്സ് സജ്ജമായിട്ടുണ്ടാവില്ല.

ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് ജീവിതത്തിലെ തോല്‍വികളെ അഭിമുഖീകരിക്കുവാന്‍ പ്രാപ്തരാക്കുന്നത്? ജീവിതം സുഖ-ദുഖങ്ങളുടെ സമ്മിശ്രമാകുമ്പോള്‍ ഇങ്ങനെ ഒരു അവസ്ഥയെ നേരിടാതെയും തരമില്ല. പലരും ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നതും അങ്ങനെയുള്ളപ്പോഴാണ്. ഇവിടെയും നല്ല വായനയ്ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയും. ജീവിതത്തില്‍ എല്ലായിടത്തും ജയിച്ച ആരും ഇല്ലെന്നും, വിവിധങ്ങളായ ജയ പരാജയങ്ങളെ അതി ജീവിച്ചവരെയാണ് നമ്മള്‍ വിജയികള്‍ എന്ന് വിളിക്കുന്നതെന്നും വായനയിലൂടെ മനസിലാക്കാന്‍ കഴിയും.

ഫേസ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗും,കായിക ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരിക്കല്‍ പരാജിതരുടെ പട്ടികയില്‍ എണ്ണപ്പെട്ടിരുന്നവരാണ്. അവരുടെ അനുഭവക്കുറിപ്പുകളില്‍ അവര്‍ തങ്ങളുടെ തോല്‍വിയെ വിവരിക്കുന്നു. വായനാ തോല്‍ക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.

'ആട് ജീവിതം' നജീബിന്റെ ജയത്തിന്റെയോ പരാജയത്തിന്റെയോ കഥയാണെന്ന് വിലയിരുത്തേണ്ടത് വായനക്കാരനാണ്. പ്രവാസ ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായങ്ങളെ അതിജീവിച്ച നജീബ്, മറ്റു പലര്‍ക്കും ജീവിക്കുവാനുള്ള സന്ദേശം നല്‍കിയത്, ജീവിതത്തില്‍ പലപ്പോഴും തോറ്റ് കൊടുത്തിട്ടായിരുന്നെല്ലോ.

വായനയുടെ ഗുണങ്ങള്‍ ഏറെയാണ്‌...ഒരു പക്ഷെ വിവരണാതീതമായ ഒന്നാണ് അത്.

"വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും.."കുഞ്ഞുണ്ണിമാഷിന്റെ ഈ ഒറ്റ വരിയില്‍ വായനയുടെ എല്ലാ മഹത്വമുണ്ട് !

തയ്യാറാക്കിയത്: ഷീജ അനില്‍

 

Read More >>