പി കെ ജയലക്ഷ്മി അറിഞ്ഞോ കരിമുട്ടി എസ് ടി കോളനിയിലെ വനിത ഇല്ലായ്മയോട് പൊരുതി എംബിഎക്കാരിയായി

മറയൂര്‍ കരിമുട്ടി പട്ടികവർഗ്ഗക്കോളനിയിലെ വനിത വി എന്ന 24കാരി മലപ്പുലയ വിഭാഗത്തിലെ ആദ്യത്തെ എംബിഎക്കാരിയാണ്. ദാരിദ്ര്യവും അവഹേളനവും സഹിച്ചു താന്‍ നേടിയെടുത്തത് എല്ലാം തന്റെ കുടിയുടെ കൂടി നല്ല നാളേക്ക് വേണ്ടിയാണെന്ന് വനിത നാരദ ന്യൂസിനോട് പറഞ്ഞു.

പി കെ ജയലക്ഷ്മി അറിഞ്ഞോ കരിമുട്ടി എസ് ടി കോളനിയിലെ വനിത ഇല്ലായ്മയോട് പൊരുതി എംബിഎക്കാരിയായി

ടിപ്പുവിന്റെ പടയോട്ട കാലത്തു തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിൽ എത്തിയവരാണ് മലപ്പുലയന്മാര്‍ എന്നാണു വിശ്വാസം. മൂവായിരത്തില്‍ താഴെയാണ് ഇവരുടെ ജനസംഖ്യ. കേരളത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ എല്ലാ മേഖലകളിലും പിന്നോക്കം നില്‍ക്കുന്നവരാണ് ഇവരെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ് ഈ വിഭാഗത്തിന്റെ സാക്ഷരതാ നിരക്ക്. കുറിച്ച്യര്‍, മലയരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഒപ്പമെത്താന്‍ ഇനിയും ഏറെ ദൂരം ഇവര്‍ സഞ്ചരിക്കേണ്ടി വരും. കന്നുകാലികളെ വളര്‍ത്തിയും പുല്‍ത്തൈലം ഉണ്ടാക്കിയും ജിവിച്ചിരുന്നവരാണ് ഈ വിഭാഗക്കാര്‍. കുറഞ്ഞതു രണ്ടുമാസമെങ്കിലും വനത്തിനുള്ളില്‍ കഴിഞ്ഞാണ് പുല്‍ത്തൈലം ഉണ്ടാക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഈ രണ്ടു പരമ്പരാഗത തൊഴിലുകളും ഇപ്പോള്‍ ഇവര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.


മറയൂര്‍ കരിമുട്ടി പട്ടികവർഗ്ഗക്കോളനിയിലെ വനിത വി എന്ന 24കാരി മലപ്പുലയ വിഭാഗത്തിലെ ആദ്യത്തെ എംബിഎക്കാരിയാണ്. ദാരിദ്ര്യവും അവഹേളനവും സഹിച്ചു താന്‍ നേടിയെടുത്തത് എല്ലാം തന്റെ കുടിയുടെ കൂടി നല്ല നാളേക്ക് വേണ്ടിയാണെന്ന് വനിത നാരദ ന്യൂസിനോട് പറഞ്ഞു. വയനാട്ടില്‍ മണിക്കുട്ടന്‍ പണിയന്‍ എംബിഎ നേടിയപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, പഠനസഹായം തേടി താൻ പലതവണ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിട്ടും തന്നെ സഹായിക്കാഞ്ഞത് എന്തുകൊണ്ടെന്നു വനിതക്ക് അറിയില്ല. ആദിവാസി വിഭാഗങ്ങൾക്കിടയിലെ ജാതിഭേദം മുതൽ, താൻ പഠിക്കാൻ തെരഞ്ഞെടുത്ത ഇടംവരെ അതിൽ പങ്കുവഹിച്ചിട്ടുണ്ടാവാം എന്നു വനിത സംശയിക്കുന്നു. കോഴിക്കോട് ക്രസ്റ്റില്‍ പിജിപിസിറ്റിഡി എന്ന പ്രൊഫഷണല്‍ ഡവലപ്മെന്റ് പഠനം ഇന്ന് ആരംഭിക്കാനിരിക്കെ വനിത നാരദ ന്യൂസിനോട് പ്രതീക്ഷകള്‍ പങ്ക് വച്ചു.

ഇതു വരെയുള്ള പഠനം 

“കാടിനോടു ചേര്‍ന്നു ജീവിക്കുന്ന മലപ്പുലയ വിഭാഗത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. എനിക്ക് അച്ഛനും അമ്മയും മൂന്നു സഹോദരങ്ങളുമാണുളളത്. ഞങ്ങള്‍ മൂന്നു പെണ്ണും ഒരാണുമാണ്,” വനിത പറഞ്ഞുതുടങ്ങി.

“അനിയന് ഏഴു വയസ്സായപ്പോഴോ മറ്റോ ആണ് അച്ഛൻ മനോരോഗിയാകുന്നത്. അമ്മ പുറംപണിക്കും തൊഴിലുറപ്പിനും മറ്റും പോയാണ് ഞങ്ങളെ വളര്‍ത്തിയത്. പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ജീവിതം. എങ്കിലും പഠിക്കണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ടായിരുന്നു. മറയൂര്‍ സര്‍ക്കാര്‍ സ്കൂളിലും പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ആയി 12ാം ക്ലാസ് വരെ പഠിച്ചു.”

“ഡിഗ്രിക്ക് കൊമേഴ്‌സ് എടുത്തു പഠിക്കണം എന്നായിരുന്നു ആഗ്രഹം. പാലക്കാട് വിക്ടോറിയ കോളേജില്‍ അപേക്ഷ കൊടുത്തെങ്കിലും കൊമേഴ്‌സിന് പ്രവേശനം കിട്ടിയില്ല. ഇതെന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അങ്ങിനെ ഡിസിഎക്ക് പഠിക്കുമ്പോഴാണ് പത്താം ക്ലാസിലെ കൂട്ടുകാരി സൂര്യയും കുടുംബവും സഹായത്തിനെത്തുന്നത്. അവര്‍ പറഞ്ഞു തന്നത് അനുസരിച്ചാണ് ഞാന്‍ മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ബികോമിനു ചേരുന്നത്. പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കും ലഭിച്ചു.”

“കോതമംഗലം മറൈന്‍ അക്കാദമിയില്‍ എച്ച് ആര്‍ മാനേജ്‌മെന്റിനു ചേരാന്‍ സഹായിച്ചത് പിഎച്ച്ഡിക്കാരിയായ പ്രിയങ്ക ചേച്ചിയാണ്. അമ്മ ജോലി ചെയ്തതും കടം വാങ്ങിയതും ഒക്കെ ചേര്‍ത്താണ് ഇതു വരെ എത്തിയത്. നല്ല ഉടുപ്പോ ബാഗോ ഒക്കെ വളരെ വിരളമായിരുന്നു. സുഹൃത്തുക്കളോ അവരുടെ കുടുംബാംഗങ്ങളോ ഒക്കെയാണ് സഹായിച്ചിട്ടുള്ളത്.”

“എന്റെ കുടിയില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വളരെ കുറവാണ്. സര്‍ക്കാര്‍ സ്കൂളുകളിലായിരുന്നു പ്ലസ് ടൂ വരെ. അദ്ധ്യാപകരോ സുഹൃത്തുക്കളോ ഒക്കെ തന്നെയാണ് പിന്നെ സഹായിച്ചത്. കഴിഞ്ഞ മന്ത്രിസഭയില്‍ പി കെ ജയലക്ഷ്മിയെ കണ്ട് നിരവധി തവണ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വാഗ്ദാനങ്ങളല്ലാതെ ഒന്നും നടന്നില്ല ഇത് വരെ. മൂന്നുലക്ഷം രൂപയുടെ കടം ഉണ്ട് ഇപ്പോള്‍.”

Vineetha0110

അവഗണനകളും അവഹേളനങ്ങളും

“ബികോമിനു ചേര്‍ന്നപ്പോഴാണ്, കടുത്ത അവഗണനകളും അവഹേളനങ്ങളും ആഴത്തില്‍ മുറിവേല്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടണം, നല്ലൊരു ജോലി വേണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ പൂര്‍ണ്ണശ്രദ്ധ പഠനത്തിലായിരുന്നു.”

“ഞങ്ങള്‍ക്കു മറ്റുള്ളവരെ പോലെ പെട്ടെന്നു കാര്യങ്ങള്‍ മനസ്സിലാകില്ല. അതുകൊണ്ടു കൂടുതല്‍ സമയം എടുത്തു പഠിക്കണം. മിക്കവാറും റൂമിലും കോളേജിലും ഒക്കെ അതില്‍ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളു. എപ്പോഴും പഠിക്കുന്നു എന്ന പേരില്‍ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.”

“വലിയവലിയ ആഗ്രഹങ്ങള്‍ക്കു പിന്നാലെയൊന്നും പോയിട്ടില്ല. ഒരു ജോലി വേണം എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആദിവാസി എന്ന പേരിലും പലരും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഏറെ വിഷമിപ്പിച്ചത് മറൈന്‍ അക്കാദമിയിലെ പഠനകാലത്തെ ചില സുഹൃത്തുക്കളാണ്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ പണം മോഷ്ടിച്ചതു ഞാനാണ് എന്നുവരെ ചിലര്‍ പറഞ്ഞുപരത്തി. ഇതൊക്കെ ആദിവാസി ആയതിനാലും പണവും ബലവും ഇല്ലാത്തതിനാലും ആണല്ലോ എന്നത് എന്നെ വളരെയധികം തളര്‍ത്തിയിട്ടുണ്ട്. പക്ഷെ അപ്പോഴും എന്തും സഹിച്ച് പഠിക്കണം എന്നു തന്നെയായിരുന്നു തീരുമാനം.”

കുടിയിലെ രാഷ്ട്രീയം

“ഞങ്ങളുടെ കുടിയില്‍ എല്ലവാരും കോണ്‍ഗ്രസുകാരാണ്. പണ്ട് ഞങ്ങള്‍ക്കു വൈദ്യുതി ലഭിച്ചത് കോണ്‍ഗ്രസുകാരുടെ സഹായം കൊണ്ടാണ്. അതുകൊണ്ട് ഞങ്ങള്‍ പിന്നെ മാറിയിട്ടില്ല. അതു കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ മന്ത്രിയെ കാണാന്‍ പോയതും.”

കുടിയില്‍ മാറേണ്ടുന്നത്

“ആദിവാസി വിഭാഗത്തില്‍ തന്നെ ഏറേ പിന്നോക്കം നില്‍ക്കുന്നവരാണ് ഞങ്ങള്‍. കരിമുട്ടിയില്‍ ആകെ പതിനഞ്ചോളം കുടുംബങ്ങളാണ് ഉള്ളത്. കുട്ടികളില്‍ പലര്‍ക്കും പത്താം ക്ലാസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എനിക്കു ശേഷം ഇപ്പോള്‍ ഒരു പെണ്‍കുട്ടി പത്താം ക്ലാസ് ജയിച്ചിട്ടുണ്ട്. അതാണ് ആകെയുള്ളത്. പെണ്‍കുട്ടികളെയൊക്കെ 15 വയസ്സാകുമ്പോഴേക്കും വിവാഹം കഴിച്ചുകൊടുക്കും. പഠനം മുടങ്ങിപ്പോയവരാണ് പലരും. അഞ്ച് ആണ്‍കുട്ടികളുണ്ട് ഇപ്പോള്‍ സ്കൂളില്‍ പോകാത്തവര്‍.”

“കാട്ടില്‍ പോയി പുല്‍ത്തൈലം ഉണ്ടാക്കുന്നത് സീസണില്‍ മാത്രം ഉള്ള പണിയാണ്. വന്യമൃഗങ്ങളുടെ ആക്രമണം പേടിച്ച് ഇപ്പോള്‍ കാലികളെ മേയിക്കാനും പുല്‍ത്തൈലം എടുക്കാന്‍ പോകാനും ഒന്നും പറ്റില്ല. അതു കൊണ്ട് കൂലിപ്പണിയാണ് പലര്‍ക്കും. അല്ലെങ്കില്‍ പട്ടിണി. ഇതു കാരണമാകാം പലരുടെയും പഠനം മുടങ്ങുന്നത്. അവര്‍ക്കൊക്കെ തുടര്‍പഠനം ഉറപ്പാക്കാന്‍ എന്തെങ്കിലുമൊക്കെ വഴി കണ്ടെത്തണം.”

“ഞങ്ങളുടെ കുടിയിലേക്കു നല്ലൊരു റോഡില്ല. ഒരു അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിയിലേക്ക് പോകാന്‍ പോലും വണ്ടിവരില്ല. പ്രസവത്തിനു കൊണ്ട് പോയ സ്ത്രീ നടുറോഡില്‍ പ്രസവിച്ച അവസ്ഥ വരെ ഉണ്ടായി. എന്നിട്ടും ഇതു വരെ വഴിയുടെ കാര്യത്തില്‍ പരിഹാരമായിട്ടില്ല. ഇതു മാറണം.”

“കുടിയില്‍ പുരുഷന്‍മാരെല്ലാവരും തന്നെ മദ്യപാനികളാണ് എന്ന് പറയേണ്ടി വരും. പത്തുവയസ്സു കഴിയുമ്പോഴേ ആണ്‍കുട്ടികള്‍ പലരും മദ്യപിക്കാന്‍ ആരംഭിക്കും. കൗണ്‍സിലിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിന് ഒരു മാറ്റം വരുത്താന്‍ സഹായിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തക ധന്യാരാമനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.”

“എന്നെ പഠിപ്പിച്ച മറൈന്‍ അക്കാദമിയിലെ സാര്‍ ആവശ്യപ്പെട്ടത് എന്നെ അദ്ദേഹം സഹായിച്ച പോലെ ഞാന്‍ മറ്റൊരാളുടെ വിദ്യാഭ്യാസത്തിന് സഹായിക്കണമെന്നാണ്. ഇതൊക്കെയാണ് എന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. എന്റെ കുടിയിലെ ആരും സമൂഹത്തില്‍ തഴയപ്പെടാൻ ഇടവരരുത്. എല്ലാവര്‍ക്കും പഠിക്കാനും കഴിക്കാനും സ്വൈര്യ ജീവിതം നയിക്കാനും ഉള്ള വക വേണം. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം,” തെല്ലൊരഭിമാന ബോധത്തോടെ വനിത പറഞ്ഞുനിർത്തി.

Story by
Read More >>