വാൽപ്പാറ ഡയറീസ്; ഒന്നാം ഭാഗം

വാൽപ്പാറ ഡയറീസിന്റെ ആദ്യഭാഗത്തിൽ കഴുതപ്പുലി പേടിപ്പിച്ചതിന്റെ കഥ- ഷിജു കെ ലാൽ എഴുതുന്നു.

വാൽപ്പാറ ഡയറീസ്; ഒന്നാം ഭാഗം

ഷിജു കെ ലാൽ

ഭാഗം ഒന്ന്: നായ് സിരുതയുടെ കയ്യെത്തും ദൂരത്തിൽ ഞങ്ങൾ നടന്നു'

വാൽപ്പാറയിൽ ഞങ്ങൾ എത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു, പഴയൊരു ബ്ലോഗിൽ വായിച്ച അറിവുകൾ കൈമുതലാക്കി ബാർ അറ്റാച്ച് ആയുള്ള ഹോട്ടൽ കണ്ടെത്തി, അവധി ദിനത്തിന്റെ ആധിക്യത്താൽ സഞ്ചാരികൾ ഏറെക്കുറെ നിറഞ്ഞ റൂമുകളിൽ ചിലത് ഒഴിവുണ്ടെങ്കിലും കഴുത്തറപ്പൻ വാടക നൽകാൻ മനസ്സില്ലാത്തതിനാൽ മറ്റൊരു താമസം തേടി അലയവേ; ആ ബോർഡ് എന്റെ കണ്ണിൽ പതിഞ്ഞു PON HOME STAY. പക്ഷെ ഞാൻ അതു വായിച്ചത് വേറെ ഒരു അക്ഷരം കൂടെചേർത്തായിരുന്നു...!


മറ്റൊന്നും ചിന്തിക്കാതെ അതിൽ കണ്ട നമ്പരിൽ വിളിച്ചു കുറഞ്ഞ ചിലവിൽ നല്ലൊരു റൂം ഞങ്ങൾക്ക് കിട്ടി. വൈകി എത്തിയതിനാൽ ഭക്ഷണം പുറമേനിന്നും കഴിക്കേണ്ടി വരും എന്നു ഹോം സ്റ്റേ ഉടമ പറഞ്ഞതിനാൽ ഞാനും അഭിയും കൂട്ടുകാരെ റൂമിൽ നിർത്തി ഭക്ഷണം തേടി യാത്രയായി, അത്ര വലിയ ഒരു അങ്ങാടി അല്ലെങ്കിലും വാൽപ്പാറ സിംഹവാലൻ കുരങ്ങിന്റെ വാലുപോലെ നീണ്ടുനിവർന്നാണ് കിടക്കുന്നത്. അതിനാൽ നഗരാതിർത്തി വരെ നടക്കേണ്ടിവന്നു എല്ലാം ഒപ്പിക്കാൻ.

തമിഴ്നാടൻ പൊറോട്ട പണ്ടേ എന്റെ വീക്‌നെസ് ആണ്. കാരണം ചട്ട്ണിയും അവരുടേതായ ചില വെജിറ്റബിൾ കറിയും കൂട്ടി പൊറോട്ട കഴിക്കുമ്പോൾ വല്ലാത്തൊരു രുചിയാണ്. പാർസലായി വാങ്ങിയ ഭക്ഷണവുമായ് ഞങ്ങൾ റൂമിൽ എത്തി. ആ റൂം ഒരു ലോട്ടറി ആയിരുന്നു കാരണം ഒരു ഓഫീസ് റൂം, അടുക്കള, സ്റ്റോർ റൂം, വിശാലമായ ബെഡ്‌റൂം വിത്ത് അറ്റാച്ച് ബാത്ത്‌റൂം എന്നിവയെല്ലാം ചേർത്തു ഞങ്ങൾ നാലുപേർക്ക് വാടക 1000ക മാത്രം. വിശപ്പകറ്റാൻ ഭക്ഷണവും കഴിച്ചു വാൽപ്പാറയുടെ നിലാവിലും കാർമേഘങ്ങളാൽ ഇരുളുമൂടിയ സൗന്ദര്യം ആവോളം നുകരാൻ ഞങ്ങൾ ഇറങ്ങി. ഒരു നഗരപ്രദിക്ഷിണം എന്ന മട്ടിൽ ആരംഭിച്ച ആ നടത്തം പുത്തൻ അറിവുകളുടെയും ഭീതിയുടെയും രാത്രി ആയി മാറുമെന്നു ഞങ്ങൾ അറിഞ്ഞതേയില്ല...!

ഹോം സ്റ്റേയിൽ നിന്നിറങ്ങി നഗരാതിർത്തിയിലുള്ള പാലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു അത്. മഴക്കാലമായതിനാൽ കാർമേഘങ്ങളാൽ ഘരാവോ ചെയ്യപ്പെട്ട നിലാവ് പുറത്ത് കടക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.. കാഴ്ച്ചയിൽ മാലിന്യമുക്തമായ പാതയോരങ്ങളും തെരുവുവിളക്കുകളാൽ പ്രകാശിതമായ വഴികളും ഞങ്ങളുടെ രാത്രി നടത്തത്തിനു കൂടുതൽ പ്രചോദനമേകി. കടകളെല്ലാം പൂട്ടി തുടങ്ങുന്നു. നഗരാതിർത്തിയിലെ സ്റ്റാൻഡിൽ വന്നു ലാസ്റ്റ് ബസ്സ് തിരിച്ചു പോകുന്നു. വൈൻ ഷോപ്പ പൂട്ടും മുൻപ് എത്താൻ ഒരാൾ ഓടിപ്പോകുന്നതും കാണ്ട. തെരുവുകൾ പതിയെ ശാന്തമാവുകയാണ്. ചില്ലറ ഓട്ടോക്കാരും കുറച്ചു ഗ്രാമീണരും ഒരു ചായക്കടയുമല്ലാതെ ആ പാലത്തിനരികിൽ അപ്പോൾ ഞങ്ങൾ മാത്രം.

valparai_4പാലത്തിനക്കരെ നീണ്ടു നിവർന്ന കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തളിരിലയിൽ നേരത്തെ പെയ്ത മഴയുടെ തേൻ തുള്ളികൾ നേരിയ നിലാവിൽ തിളങ്ങി നിൽക്കുന്ന കാഴ്ച്ച ഒരു കാന്തം പോലെ ഞങ്ങളെ അവിടേക്ക് മാടിവിളിച്ചു. നിലാവും കാർമേഘങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ അന്ധകാരം പിടി മുറുക്കുന്ന നിമിഷങ്ങളെ പ്രതിരോധിക്കാൻ കയ്യിൽ ടോർച്ചു റോക്ക്‌ലൈറ്റും ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ തോട്ടങ്ങളിലേക്ക് നടന്നു.

വളഞ്ഞു പുളഞ്ഞ റോഡിനിരുവശങ്ങളിലും വളർന്നു നില്ക്കുന്ന തേയിലകളെ തലോടി ചെറിയ ചാറ്റൽ മഴയും കൊണ്ടു ഞങ്ങൾ നടന്നു. നഗര ദൃശ്യം കാഴ്ച്ചയിൽ മറയുമെന്നായപ്പോൾ ഇനി മുന്നോട്ട് നീങ്ങേണ്ട എന്ന അഭിപ്രായത്തിൽ ഒരു ചെറിയ ചർച്ചു നടുറോട്ടിൽ വെച്ചു നടത്തവേ ഇരുളില്‌നിന്നും ഒരു രൂപം ഞങ്ങൾക്ക അരികിലെക്ക് നടന്നടുത്തു. മുത്തു എന്നു സ്വയം പരിചയപ്പെടുത്തിയ ഇരുനിറവും വട്ടമുഖവും ഉള്ള വാൽപ്പാറ സ്വദേശിയായ ആ ചെറുപ്പക്കാരൻ അവസാന ബസ്സ് നഷ്ടപ്പെട്ട് വീടിലേക്ക് നടക്കുകയായിരുന്നു. എന്തായാലും നടക്കാൻ ഇറങ്ങി ഇനി കുറച്ചു നേരം മുത്തുവിന് കൂട്ടായ് നടക്കാം എന്നു തീരുമാനിച്ചു.

കാരണം മുത്തുവിന്റെ വീട് അടുത്താണെന്നും പോകും വഴി കാണാൻ നല്ല ഒരു പുഴയുടെ കാഴ്ച്ച ഉണ്ടെന്നും മുത്തു പറഞ്ഞു. അതിൽ ഒളിഞ്ഞിരുന്ന നിഗൂഡ ലക്ഷ്യം മറ്റൊന്നാണെന്ന് മനസിലാകാൻ ഞങ്ങൾ അല്പം വൈകി. വാൽപ്പാറയുടെ പ്രകൃതിയും ജീവിതവും കഥകളായ് മുത്തു പറഞ്ഞു തന്നു, കൂടെ അവിടത്തെ വന്യ സമ്പത്തിനെക്കുറിച്ചും വാചാലനായി, ''നായ് സിരുട്ടൈ നാല്ലാ ഇറുക്കുറ ഇടമാ സർ'' എന്നു അവൻ ഇടക്കിടെ പറഞ്ഞെങ്കിലും ആന പ്രിയനായ അഭിക്കു ആനയെ എവിടെകാണും എന്നറിയാൻ ആയിരുന്നു കൂടുതൽ താല്പര്യം. നാട്ടുകാര്യങ്ങളും കഥകളുമായ് ദൂരംകുറച്ചു കഴിഞ്ഞെന്നു എനിക്കു തോന്നി, ഇടക്കൊക്കെ നമുക്ക് തിരിച്ചു പോകാം എന്നു പറഞ്ഞപ്പോളെല്ലാം ഇവിടെ അടുത്താണ് സർ കണ്ടിട്ടു പോകാം എന്നു മുത്തു പറഞ്ഞുകൊണ്ടിരുന്നു.

valparai_2നിലാവും ചാറ്റൽ മഴയും തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു മഴനനഞ്ഞ് കിടക്കുന്ന പാതകളും, അവിടത്തെ ആളുകളുടെ ജീവിത കഥകളും ഞങ്ങളെ ദൂരമളക്കാത്ത ഒരുയാത്രയിൽ അലിയിച്ചു. മുന്നിൽ കണ്ണെത്താദൂരം തേയിലത്തോട്ടങ്ങൾ അല്ലാതെ മറ്റൊന്നും കാണുന്നുമില്ല... ഇനി പോകെണോ എന്നു ഞാൻ ചോദിച്ചു മുഴുമിക്കും മുൻപേ ഇനി ഒരു വളവു കഴിഞ്ഞാൽ പുഴ കാണാം എന്ന മുത്തുവിന്റെ മറുപടി എത്തി.

നിലാവെളിച്ചം കുറച്ചുകൂടെ ശക്തി പ്രാപിച്ചിരിക്കുന്നു. അതിൽ തൂവെള്ള നിലാവൊഴുകും പോലെ പാറക്കെട്ടുകളെ തഴുകിയും ക്ഷണിക നേരത്തിൽ സ്ഫടിക തുല്യമായും ശാന്തമായും ഒഴുകുന്ന മനോഹരിയായ പുഴയുടെ ശബ്ദവും ദൃശ്യവും എന്റെ മനസ്സിലെ സംശയങ്ങളെയും ആകുലതകളെയും ക്ഷണിക നേരത്തേക്ക് ഒഴുക്കികളഞ്ഞു. വശ്യമനോഹരമായ ആ ദൃശ്യംമനസ്സു നിറഞ്ഞു ഒഴുകവേ ഞാൻ നടക്കുകയാണോ എന്നുംപോലും സംശയിച്ചുപോയ്. ഒരല്പം അകലേയായ് ഒരു പാലവും ബോർഡും കണ്ടു ''കൂലംഗൽ റിവർ'' ഞങ്ങൾ അവിടേക്ക് നീങ്ങി, രാവിലെ വന്നാൽ പാലത്തിനു ഇക്കരെ ഇറങ്ങി കുളിക്കാം എന്നും മറുവശത്തു ഒരുകാരണവശാലും ഇറങ്ങരുതെന്നും അവൻ പറഞ്ഞു, പലരുടെയും ജീവൻ കവർന്ന മനോഹരിയാണ് ഇവളെന്നും മുത്തു കൂട്ടിചേർത്തു.

valparai_1ആ ഭംഗിയിൽ മനംമറന്നു നിൽക്കവേ ഒരു ജീപ്പ് ഞങ്ങളെ കണ്ടതുകൊണ്ടാവാം പാലത്തിൽ നിർത്തി ദൂര കാഴ്ച്ചയിൽ തന്നെ അതൊരു ഗവർമെന്റ് വാഹനമാണെന്നു വ്യക്തമായിരുന്നു. എന്നാൽ പോലീസ് അല്ല. മുത്തുവിനോടായിരുന്നു ദേഷ്യവും കരുതലും ഉള്ള ആ ചോദ്യങ്ങളെല്ലാം. ഒരല്പം തമിഴ് വശം ഉള്ളതിനാൽ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്കു മനസിലായി. അതുവരെ പുഴയുടെതീരത്തു നിന്നു കാഴ്ച്ചകൾ കണ്ട ഞാൻ ജീപ്പിനടുതേക്ക് ചെന്ന് കാര്യങ്ങൾ ചോദിച്ചു, രാത്രി ഇവിടങ്ങളിൽ നടക്കുന്നത് ഒട്ടും സുരക്ഷിതമല്ല ''നായ്‌സിറുത്തൈ ' ഉള്ള സ്ഥലമാണ് ആളുകളെ ആക്രമിക്കും എത്രയും വേഗം റൂമിലേക്ക് പോകണം എന്നീ നിർദേശങ്ങൾ അവർ നൽകി. അതിനിടയിൽ സർ ഞാൻ ഇവരോട് പറഞ്ഞതാണ് പക്ഷെ അവർ കേൾക്കാതെ പോന്നതാണെന്നു മുത്തു പറഞ്ഞത് ഞങ്ങളെ അപ്പാടെ ഞെട്ടിച്ചു. അതിനിടയിലൂടെ അവൻ നൈസ് ആയി സ്‌കൂട്ടാവുന്നത് ഞങ്ങൾ കണ്ടു..! ടൗണിലേക്ക് ഒരു ലിഫ്റ്റ് തരുമോ എന്ന ചോദ്യം കേട്ട ഭാവംകാണിക്കാതെ ആ ജീപ്പ് മാഞ്ഞു പോയി. വിജനതയിൽ പാതിവഴി തീർന്ന് പോലെ ഞങ്ങൾ നാലുപേരും നിലാവും പുഴയും മാത്രം.

നായ്‌സിറുതൈയോ അതെന്താ..??? നായയെപ്പോലെ പോലെ വല്ല സാധനവും ആവും, അതു ആളെ തിന്നുമോ..? ഇനി പുലി ആണോ..? നമ്മൾ ഇനി എത്ര ദൂരം തിരികെ നടക്കണം. ? ജീപ്പിനേക്കാൾ വേഗത്തിൽ ഓടിമറഞ്ഞ മുത്തു എന്തിനാണ് അങ്ങനെ പറഞ്ഞത്..? ഒരുപാടു ഉത്തരമില്ലാത്ത ചോദ്യങ്ങളും ഞങ്ങളും. എവിടെ പെട്ടു പോയാലും തിരിച്ചു കരകയറാനുള്ള കരളുറപ്പാണ് ഒരു യാത്രികനു പ്രധാനം. ഞങ്ങൾ കൂടി ആലോചിച്ചു ഇത്ര ദൂരമുള്ള യാത്രക്കിടയിൽ ഈ ഒരു ജീപ്പ് അല്ലാതെ മറ്റൊരു വാഹനത്തെയോ മനുഷ്യനെയോ നമ്മൾ കണ്ടിട്ടില്ല. മുന്നിൽ വിജനമായ വഴിയും മൃഗങ്ങളും. പ്രതിരോധനത്തിനായ് നല്ല മരക്കഷണങ്ങൾ സംഘടിപ്പിച്ചു. അഭിയും ജിതേഷും വെളിച്ചം തെളിയിച്ചു. എന്തു വന്നാലും ഒരു മനസ്സും ഒരുശരീരവും ആയി നേരിടാം എന്ന പ്രതിജ്ഞയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.

valparai_5ആദ്യമായ് ഒരു സ്ഥലത്തേക്ക് പോകുമ്പോൾ ദൂരം കൂടുതൽ ഉള്ളതായും തിരിച്ചുവരുമ്പോൾ അകലം കുറഞ്ഞതായും ആണ് അനുഭവപ്പെടുക എന്നാൽ ഇന്നു അതുമറിച്ചായപോലെ എല്ലാവർക്കും തോന്നി. നിശബ്ദമായ വീഥികളിലൂടെ എപ്പോളും മുന്നിൽ വന്നു നിൽക്കാവുന്ന അപകടത്തെ മനസ്സിൽ കണ്ടുകൊണ്ടു ഞങ്ങൾ ഓരോ വളവുകളും നടന്നു നീങ്ങി. ആ മടക്ക യാത്രയിൽ മുത്തുവിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഒരു ടോർച്ചു പോലും കയ്യിൽ ഇല്ലാത്ത അവന് സുരക്ഷിതമായ് വീടെത്താൻ ഒരു കൂട്ട്. അവൻ ഞങ്ങളെ മാന്യമായ് ഉപയോഗപ്പെടുത്തി. ഇടവിട്ട് പെയ്യുന്ന ചാറ്റൽ മഴ ഇപ്പോൾ ആസ്വാദനത്തേക്കാൾ ആലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. കാരണം മനസിലിപ്പോൾ ഭീതി നിറഞ്ഞതും കലുഷിതവുമായിരിക്കുന്നു. പ്രകൃതി എത്ര പെട്ടന്നാണ് അവളുടെ രൂപവും ഭാവവും മാറ്റിയത്. കുറച്ചു മുമ്പുവരെ മനോഹരിയായിരുന്ന ഇവൾ ഇപ്പോൾ ഒരു ഭീതിയുടെ ഭയനാക മുഖംമൂടി അണിഞ്ഞിരിക്കുന്നു. നടന്നിട്ടും നടന്നിട്ടും എത്താത്ത ദൂരം താണ്ടുമ്പോൾ ഒരു ചോദ്യം വീണ്ടും ഉയർന്നു വന്നു. എന്താണീ നായ്‌സിരുത്തൈ?

നടത്തത്തിനു വേഗംകൂട്ടി ഓരോ ചുവടുകളും ശ്രദ്ധയോടെ; വളവുകളിൽ മുൻകരുതലോടെ മുന്നേറി. അവസാനം വെളിച്ചമാണയാത്ത നഗര ചിത്രം ഞങ്ങൾക്കു മുന്നിൽ തെളിഞ്ഞു വന്നു. നഗരാതിർത്തിയിലെ പാലത്തിൽ എത്തും വരെ പിന്നിലേക്ക് നോക്കാതെ നടന്ന ഞാൻ പിന്നിട്ട ഭയാനക വീഥികളിലേക്ക് തിരിഞ്ഞു നോക്കി. അവിടെ നേരിയ നിലാവെളിച്ചത്തിൽ ഒരു ബോർഡ് ഞാൻ വായിച്ചു കൂലങ്കൽ റിവർ 3.5KM. വന്യമൃഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിച്ചും സ്വർഗതുല്യമായ കാഴ്ച്ചകൾ നൽകി അനുഗ്രഹിച്ചും റൂമിൽ തിരിച്ചെത്തിച്ച ദൈവത്തിനു നന്ദി പറഞ്ഞശേഷം തണുപ്പും ഭീതിയും മാറാൻ അല്പം വീഞ്ഞു നുകർന്ന് സ്വപ്നങ്ങളുടെയും കൂർക്കം വലികളുടെയും ഉത്സവപ്പറമ്പിലേക്ക് ഞങ്ങൾ യാത്രയായി.

ഒരു ഉപസംഹാരം:

പിറ്റേന്ന് രാവിലെ കാറിൽ കൂലങ്കൽ പുഴ കാണാൻ പോയപ്പോളാണ് കഴിഞ്ഞ രാത്രി സഞ്ചരിച്ച വീഥികളുടെ യഥാർത്ഥല മുഖവും ഭീകരതയും തിരിച്ചറിഞ്ഞത്: അതോടൊപ്പം നാട്ടുകാരിൽ നിന്നും ഞങ്ങൾ അറിഞ്ഞു. നായ്‌സിരുത്തൈ എന്നാൽ കൈതപ്പുലി (HYENA ) എന്നു വിളിപ്പേരുള്ള ഭീകരൻ ആണെന്നും കഴിഞ്ഞ ദിവസം വൈകീട്ട് നടന്നു പോവുകയായിരുന്ന അമ്മയുടെ കയ്യിൽ നിന്നും കുട്ടിയെ പിടിച്ചു കൊണ്ടുപോയെന്നും.
മറ്റൊരാൾ അക്രമണത്തിനിരയായി മുഖം പോലും ഇല്ലാത്ത അവസ്ഥയിൽ മരണവുമായ് മല്ലിടുകയാണെന്നും..!

(* HYENA has the strongest jaw in the animal kingdom.. ഇതിന്റെ ഒരുകടിക്ക് പുലിയുടെ കടിയെക്കാൾ ശക്തിയുണ്ടാകും ).

Read More >>