ഞാൻ വാക്‌സിനെടുത്തു: എനിക്ക് കുട്ടികൾ ഉണ്ടാകുമോ ഡോക്ടർ?

എന്തുകൊണ്ട് വാക്സിൻ വിരുദ്ധർ പ്രതുല്പാദനശേഷിയെ ടാർഗറ്റ് ചെയ്യുന്നു? ഭക്ഷണവും വസ്ത്രവും പാർപ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗികതയും. തന്റെ പേരു ഭൂമിയിൽ നിലനിർത്താൻ ഒരു പിന്തുടർച്ചയുണ്ടാവുകയെന്നത് സാധാരണക്കാരന്റെ ആഗ്രഹങ്ങളിൽ ഒന്ന് മാത്രം. അങ്ങനെയുള്ള ഒന്നിനെ ഇല്ലാതെയാക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന് പറയുന്നത് അവന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒന്നായേ മനുഷ്യൻ കണക്കാക്കൂ.

ഞാൻ വാക്‌സിനെടുത്തു: എനിക്ക് കുട്ടികൾ ഉണ്ടാകുമോ ഡോക്ടർ?

നെൽസൺ ജോസഫ്

ഡോളർ നോട്ടിൽ നിന്ന് സെപ്റ്റംബർ 11 ആക്രമണങ്ങളുടെ സൂചന, ഫ്‌ലൂറൈഡ് കലർത്തിയ ടൂത്ത് പേസ്റ്റിലൂടെ മൈൻഡ് കണ്ട്രോൾ, ചന്ദ്രനിൽ ഇറങ്ങിയത് സ്റ്റുഡിയോയിൽ സെറ്റ് ഇട്ട് നടത്തിയ ഷൂട്ടിങ്ങ്..അല്ല, നുണക്കഥകളെന്ന് വിളിച്ച് തള്ളണ്ട. ശാസ്ത്രീയമായ, വ്യക്തമായ ഒരു തെളിവുകളും ഇല്ലാത്ത, പക്ഷേ കേൾക്കുമ്പോൾ സത്യമെന്ന് തോന്നാവുന്ന ഇത്തരം കെട്ടുകഥകൾക്കൊരു പേരുണ്ട്. ഗൂഢാലോചനാ സിദ്ധാന്തം (കോൺസ്പിരസി തിയറി). വാക്‌സിൻ വിരുദ്ധർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന നമ്പർ വൺ ആയുധം.'


ഒരു തരത്തിൽ പറഞ്ഞാൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി പോസ്റ്റുകൾ ഇടേണ്ടിവരുന്നതുതന്നെ സമ്പൂർണ സാക്ഷരരെന്നും ആരോഗ്യത്തിൽ യൂറോപ്പിനൊപ്പമെന്നും അഹങ്കരിക്കുന്ന കേരളീയർക്ക് നാണക്കേടാണ്. പക്ഷേ വിശദീകരിച്ചേ പറ്റൂ. കാരണം വാക്‌സിൻ വിരുദ്ധർ സാധാരണക്കാരുടെ അടിസ്ഥാന വികാരങ്ങളിലൊന്നിനെ ചൂഷണം ചെയ്യുന്നത് ഇതുകൊണ്ടാണെന്നത് തന്നെ.

(1) എന്തുകൊണ്ട് ലൈംഗികത?


എന്തുകൊണ്ട് വിരുദ്ധർ പ്രതുല്പാദനശേഷിയെ ടാർഗറ്റ് ചെയ്യുന്നു? ഭക്ഷണവും വസ്ത്രവും പാർപ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗികതയും. തന്റെ പേരു ഭൂമിയിൽ നിലനിർത്താൻ ഒരു പിന്തുടർച്ചയുണ്ടാവുകയെന്നത് സാധാരണക്കാരന്റെ ആഗ്രഹങ്ങളിൽ ഒന്ന് മാത്രം. അങ്ങനെയുള്ള ഒന്നിനെ ഇല്ലാതെയാക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന് പറയുന്നത് അവന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒന്നായേ മനുഷ്യൻ കണക്കാക്കൂ. It is a simple and effective strategy.

രണ്ടാമത്തെ കാര്യം 'അമേരിക്ക മൂന്നാം ലോകരാജ്യങ്ങളിലെ ജനസംഖ്യ കുറയ്ക്കാൻ കൊണ്ടുവന്ന രഹസ്യായുധമാണു വാക്‌സിൻ ' എന്ന് പറയുന്നത്ര പഞ്ച് വാക്‌സിന് അപൂർവമായി ചുരുക്കം ചില ആളുകളിൽ നേരിയ പാർശ്വഫലങ്ങളുണ്ടാകും എന്ന് പറയുമ്പോൾ കിട്ടില്ലല്ലോ. അതുതന്നെ.

(2) വാദത്തിന്റെ അടിസ്ഥാനങ്ങളും ആരോപണങ്ങളും

(A) ബിൽ ഗേറ്റ്‌സിന്റെ ഒരു പ്രസ്താവനയാണ് ഇതിനു ബലം പകരാനായി വിരുദ്ധർ പ്രധാനമായി ഉപയോഗിക്കുന്നത്.

'The world today has 6.8 billion people. That's heading up to about nine billion. Now if we do a really great job on new vaccines, health care, reproductive health services, we could lower that by perhaps 10 or 15 percent '.

(B) (ഒരു വീഡിയോയിൽ കണ്ടത്) കേരളത്തിലെ ജനനനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നു. ഇത് വാക്‌സിൻ കാരണമാണ്.

(3) ബിൽ ഗേറ്റ്‌സിന്റെ MOTIVE - ACCORDING TO ANTI VACCINE PEOPLE

ഏത് കാര്യത്തിനും ഒരു ലക്ഷ്യവും കാരണവും വേണം. വാക്‌സിൻ വിരുദ്ധർ പറയുന്നത് ബിൽ ഗേറ്റ്‌സടക്കമുള്ളവർ ന്യൂ വേൾഡ് ഓർഡറിന്റെ ഭാഗമാണെന്നാണ്. (കിളി പോകാൻ തുടങ്ങി അല്ലേ? എന്നു വച്ചാൽ ലോകത്തെമ്പാടും ഒരു കറൻസിയും ഒരു ലീഡറും ഒരു മതവും കൊണ്ടുവരാൻ ശ്രമിക്കുന്നവർ. ഇതിനായി ലോകത്ത് ഇപ്പൊഴുള്ള ജനസംഖ്യ 7 ബില്യണിൽ നിന്ന് ഒരു ബില്യണാക്കി കുറയ്ക്കണം. അതിനാണ് വാക്‌സിൻ വഴി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരുന്നത്.

അമേരിക്കയുടെ ഒരു ഡോളർ നോട്ടിൽ ഇവരുടെ സകല ലക്ഷ്യങ്ങളും ഒളിപ്പിച്ച് വച്ചിട്ടുണ്ടത്രേഇപ്പോൾ പൊള്ളത്തരം മനസിലായിത്തുടങ്ങിയല്ലോ? ).

ഇത്തരം വാദങ്ങളെ കോൺസ്പിരസി തിയറികൾ അല്ലെങ്കിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്ന് പറയപ്പെടുന്നു

വാസ്തവം - ജനനനിരക്കും മരണനിരക്കും

ജനന നിരക്കിനെയും മരണ നിരക്കിനെയും സ്വാധീനിക്കുന്ന ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്നിരിക്കെ ഏതെങ്കിലും ഒരു ഘടകം മൂലമാണ് അതിൽ വ്യത്യാസമുണ്ടാകുന്നതെന്ന് കണ്ണുമടച്ച് വാദിക്കുന്നതേ അബദ്ധമാണ്.എങ്കിലും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് വാക്‌സിനേഷനിൽക്കൂടി ലോകത്തെ കുട്ടികളെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ നിലവിൽ വന്ന 2000 തൊട്ടുള്ള കഥ നോക്കാം. ഓർമിക്കുക - വാക്‌സിൻ വിരുദ്ധരുടെ വാദം സത്യമാകാൻ

(1) നിയോനേറ്റൽ മരണ നിരക്ക് കൂടണം (NMR)
(2) അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കൂടണം.(U5MR)
(3) ജനനനിരക്ക് കുത്തനെ കുറയണം.(CBR)

http://data.worldbank.org/indicator/SH.DYN.MORT?locations=IN

ഈ ഡാറ്റ നോക്കിയാൽ ഒരു കാര്യം മനസിലാക്കാം (മനസിലാകുന്നവർക്ക്). ബിൽ ഗേറ്റ്‌സിന്റെ ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങിയതിൽ പിന്നെ ജനനനിരക്കിൽ കാര്യമായ കുറവ് വന്നിട്ടില്ല എന്ന് മാത്രമല്ല മരണനിരക്കിൽ വന്നുകൊണ്ടിരുന്ന കുറവ് അതേപോലെ നിലനിൽക്കുകയും ചെയ്തു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വെറും നാൽപ്പത് വർഷം കൊണ്ട് വൻ വ്യത്യാസം രേഖപ്പെടുത്തിയതിൽ വാക്‌സിന്റെ പങ്ക് ചില്ലറയല്ല.

ജനനനിരക്കിലെ കുറവിന് വിദ്യാഭ്യാസ - സാമ്പത്തിക നിലവാരങ്ങളിലെ ഉയർച്ചയും ഗർഭനിരോധന മാർഗങ്ങളുടെ സാർവദേശീയതതും (പണ്ട് കോണ്ടമോ ഗർഭനിരോധന ഗുളികയോ ഇതുപോലെ സുലഭമായിരുന്നോ? അതുപോലെ ഉപയോഗവും?) കൂടി കാരണമായിട്ടുണ്ട്

ഇനി ലോകത്തെ ആകെ ജനസംഖ്യ നോക്കിയാലും ഗേറ്റ് ഫൗണ്ടേഷൻ നിലവിൽ വന്ന 2000ൽ 600 കോടി ആയിരുന്നത് ഇന്ന് 740 കോടിയാണ്. ജനസംഖ്യ കുറയ്ക്കാനാണ് ബിൽ ഗേറ്റ്‌സു നോക്കുന്നതെങ്കിൽ അങ്ങേർ ഒരു വൻ തോല്വിയാണെന്നേ ഞാൻ പറയൂ.ഗേറ്റ് ഫൗണ്ടേഷൻ മലേറിയ രോഗത്തിന്റെ റിസർച്ചിന് പണം നൽകിയായിരുന്നു തുടക്കം. പുതിയ വാക്‌സിനുകളുടെ അമിത വിലയെ വിമർശിച്ച ഗേറ്റ്‌സിന് എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്..

വാക്‌സിൻ വിരുദ്ധർ തെളിവ് നൽകുന്നത് ഇപ്പൊഴത്തെ കേരള ജനസംഖ്യ 4.5% കുറവ് രേഖപ്പെടുത്തിയെന്ന് പറഞ്ഞാണ്. ജപ്പാനിൽ യുവതീയുവാക്കൾക്ക് സെക്‌സിനോട് താല്പര്യം കുറഞ്ഞെന്നും പറയുന്നുണ്ട്. കേരളത്തിലേത് 2011 സെൻസസിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വാദം.റിപ്രൊഡക്റ്റീവ് പ്രായം 20 വയസ് എന്ന് എടുത്താൽ പോലും 2011ൽ കുഞ്ഞുങ്ങൾ ഉണ്ടാകേണ്ടത് 1990കളിൽ ജനിച്ചവർക്കാണ്. അവർക്ക് വാക്‌സിനേഷൻ എടുത്തിട്ടുണ്ടാകണം. പക്ഷേ ബിൽ ഗേറ്റ്‌സിന്റെ കമ്പനി വരുന്നത് തന്നെ 2000ൽ ആണ്

ഇനി ഗേറ്റ്‌സിന്റെ വാക്കുകളെക്കുറിച്ച്

വാക്‌സിനും മെച്ചപ്പെട്ട ചികിൽസയും എങ്ങനെ ജനപ്പെരുപ്പം കുറയാൻ കാരണമാകുമെന്ന് അറിയാൻ നമ്മുടെ നാട്ടിലേക്ക് തന്നെ നോക്കിയാൽ മതി. പണ്ട് നമ്മുടെ കുടുംബങ്ങളിൽ എല്ലാം തന്നെ 8-13 കുട്ടികൾ ഉണ്ടായിരുന്നു. ( കഴിഞ്ഞ തലമുറയെത്തന്നെ എടുത്താൽ മതിയാകും.) പക്ഷേ ഇപ്പോഴത്തെ കുടുംബങ്ങളിൽ ഒന്നോ രണ്ടോ കുട്ടികളാണുള്ളത്. എന്താണ് കാരണം?

പണ്ടത്തെ കുടുംബങ്ങൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു. അല്ലെങ്കിൽ ശാരീരികാദ്ധ്വാനമുള്ള മറ്റ് ജോലികൾ. വൈറ്റ് കോളർ ജോബ് എന്നത് വിദൂരമായ സ്വപ്നം. കൂടാതെ ഉയർന്ന മരണനിരക്കും പകർച്ചവ്യാധികളും ഉയർന്ന ശിശുമരണനിരക്കും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകേണ്ടത് ഒരു അനിവാര്യതയാക്കി മാറ്റി.കൂടുതൽ കുട്ടികൾ സമം ജോലി ചെയ്യാൻ കൂടുതൽ കൈകൾ..കൂടാതെ സ്ത്രീകളുടെ താഴ്ന്ന വിവാഹപ്രായം കൂടുതൽ കുട്ടികൾ ജനിക്കാൻ അവസരമുണ്ടാക്കി

പിന്നീട് സാധാരണക്കാരനു പോലും ലഭ്യമായ ആരോഗ്യസേവനങ്ങളും വിദ്യാഭ്യാസവും നമ്മുടെ കേരളത്തെ മറ്റൊരു നിലയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.പകർച്ചവ്യാധികൾ കുറഞ്ഞു. ശിശുമരണനിരക്ക് കുറഞ്ഞു.സ്ത്രീകൾ സാക്ഷരരായി. കൃഷിയും കായികാദ്ധ്വാനവും ചെയ്യുന്നവരും കുറഞ്ഞു. സ്ത്രീകളുടെ ശരാശരി വിവാഹപ്രായം ഉയർന്നു.പകർച്ചവ്യാധികൾ തടയാൻ ചിലവാക്കുന്ന പണം മറ്റ് വഴികളിൽ വിനിയോഗിക്കപ്പെട്ടു. മൊത്തത്തിലുള്ള ജീവിതനിലവാരവും ഉയർന്നു. സ്വഭാവികമായും ചിന്താഗതിയിൽ മാറ്റം വന്നു. കുട്ടികളുടെ എണ്ണത്തിനു ലഭിച്ച പ്രാധാന്യം കുറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ സാമ്പത്തിക നിലവാരവും ജനനനിരക്കും തമ്മിൽ ബന്ധമുള്ളതായി (http://www.ncbi.nlm.nih.gov/pubmed/...) കാണപ്പെട്ടിരുന്നു. ബിൽ ഗേറ്റ്‌സിന്റെ പ്രസ്താവനയും ഈ അർഥത്തിൽ കണ്ടാൽ അതിൽ വാസ്തവമുള്ളതായി കാണാം. വാക്‌സിനേഷൻ മൂലം രോഗങ്ങളും ചികിൽസാ ചിലവുകളും കുറയുന്നു.ജീവിതനിലവാരം ഉയരുന്നതിന്റെ ഫലമായി വിദ്യാഭ്യാസനിലവാരവും ഉയരുന്നു ജനസംഖ്യാ വർദ്ധനവ് കുറയുന്നു.

ഉപസംഹാരം

രണ്ട് തുള്ളി പോളിയോ വാക്‌സിനിൽ - അല്ലെങ്കിൽ 1 മില്ലി ലിറ്ററിൽ താഴെ വരുന്ന മറ്റ് വാക്‌സിനെടുത്താലും - കൂടി വന്ധ്യത വരുത്താൻ മാത്രം ശക്തിയുള്ളതും പാർശ്വഫലങ്ങളില്ലാത്തതുമായ ജനന നിയന്ത്രണ മാർഗം ശാസ്ത്രം കണ്ടുപിടിച്ചെങ്കിൽ അത് ഗർഭനിരോധന മാർഗമായിത്തന്നെ കോടിക്കണക്കിനു ഡോളർ ലാഭമുള്ള മരുന്നായി കച്ചവടം ചെയ്‌തേനെ എന്ന് സാമാന്യബോധത്തോടെ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. കണക്കുകളും വിവരങ്ങളും തെളിയിക്കുന്നത് ആരോപണങ്ങൾക്ക് നേരെ വിരുദ്ധമായാണു താനും.

ഇനി കോൺസ്പിരസി തിയറി മാത്രമേ മനസിലാകൂ എന്നാണെങ്കിൽ 900 കോടി ജനങ്ങളുള്ള മാർക്കറ്റിലാണോ അതോ 100 കോടി ജനങ്ങളുള്ള മാർക്കറ്റിലാണോ മൈക്രോസോഫ്റ്റിന്റെ കമ്പ്യൂട്ടർ കൂടുതൽ വിറ്റുപോകാവുന്നത് എന്ന് മാത്രം ആലോചിച്ചാൽ മതി.