കോടികളുടെ അഴിമതി: തെരഞ്ഞെടുപ്പു നിരീക്ഷകർക്കെതിരെ വിജിലൻസ് അന്വേഷണം

മറ്റുജില്ലകളിൽ ഒരുകോടി മുതൽ മൂന്നുകോടി വരെ രൂപ ചെലവഴിച്ചപ്പോൾ 11 കോടി രൂപ ധൂർത്തടിച്ച തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പു നിരീക്ഷകർക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ ഉത്തരവ്. ചെലവഴിച്ച തുകയിൽ നാലിലൊന്നിനേ എന്തെങ്കിലും കണക്കുള്ളൂ. ഏഴരക്കോടി രൂപ എവിടെപ്പോയെന്ന് ഒരു രൂപവുമില്ല.

കോടികളുടെ അഴിമതി: തെരഞ്ഞെടുപ്പു നിരീക്ഷകർക്കെതിരെ വിജിലൻസ് അന്വേഷണം

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിയും ധൂര്‍ത്തും തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയതായി കണ്ടെത്തി. 2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ചെയര്‍മാനായ നിരീക്ഷണ സമിതി കോടികളുടെ അഴിമതി നടത്തിയതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ ആർടിഐയിലൂടെ ലഭിച്ച പകർപ്പുമായി തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ സമീപിച്ച പീപ്പിൾസ് ഫോറം ഫോർ ആന്റി കറപ്ഷൻ ഡ്രൈവ് എന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ചു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവായി. കോടതിയിൽ സമർപ്പിച്ച രേഖകളിൽ തന്നെ പ്രഥമദൃഷ്ട്യാ അന്വേഷണം നടത്താനുള്ള വകുപ്പുണ്ടെന്നാണ് വിജിലൻസ് കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിൽ ആരോപണങ്ങളെ സംബന്ധിച്ച തെളിവുലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യാനും അല്ലാത്തപക്ഷം ആ വിവരം അറിയിക്കാനും വിജിലൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു.


മറ്റു ജില്ലകളിലെ നിരീക്ഷണ സമിതികള്‍ ഒരു കോടി മുതല്‍ 3 കോടി വരെ ചെലവാക്കിയപ്പോള്‍ തിരുവനന്തപുരം തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി 11 കോടിയാണ് ചെലവാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ക്രമക്കേടും ധൂര്‍ത്തും തടയുന്നതിനു വേണ്ടിയാണ് നിരീക്ഷണ സമിതിയെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചത്. എന്നാല്‍ ഈ സമിതി തന്നെ അഴിമതി നടത്തുകയായിരുന്നുവെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍.വിനോദ് കണ്ടെത്തി.

കോടിക്കണക്കിന് രൂപ യഥാര്‍ഥ വൗച്ചര്‍പോലുമില്ലാതെ പാസാക്കി എടുത്തു. ആഹാര സാധനങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വാങ്ങുന്നതില്‍ വരെ വന്‍ ക്രമക്കേടുകള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് ചെലവാക്കുന്നതില്‍ വലിയതോതിലുള്ള ക്രമക്കേടും അഴിമതിയും നടന്നു. ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ആണ് എല്ലാ ബില്ലുകളും പാസാക്കിയിട്ടുള്ളത്. യഥാര്‍ഥ വൗച്ചറില്ലാതെ പെരുപ്പിച്ച് കാണിച്ച ബില്ലുകളിലൂടെ തുക മാറിയെടുത്തു. മാത്രമല്ല ചിലയിടങ്ങളില്‍ മുന്‍കൂര്‍ തുക നല്‍കി. എന്നാല്‍ ഇതിന്റെ ബില്ലുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിയതില്‍ ബില്ലുകളില്‍ കൃത്രിമം നടത്തി വ്യാജമായ കണക്കുകളിലൂടെ വിതരണക്കാര്‍ക്ക് വന്‍തുക നല്‍കി. പാനാസോണിക് മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍ വാങ്ങിയതില്‍ ക്രമക്കേടു നടത്തി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു.

ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള കണക്ക് അനുസരിച്ച് 11,06,86,088 രൂപയാണ് തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണ സമിതി ചെലവഴിച്ചിട്ടുള്ളത്. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുടുതല്‍ ചെലവു വരുത്തിയതും തലസ്ഥാന ജില്ലയാണ്. കുടിവെള്ളത്തിനുവേണ്ടി 3,13,273 രൂപയും വാഹനങ്ങള്‍ക്കായി 7,19,718 രൂപയും വീഡിയോഗ്രാഫിക്ക് വേണ്ടി 89,34,789 രൂപയും ചെലവഴിച്ചു. ഡീസല്‍ വാങ്ങിയ വകയില്‍ 29,99,296 രൂപയാണ് ചെലവഴിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരുടെ റ്റി.എ, ചെലവ് എന്നീ ഇനങ്ങളിലായി 1,43,56,000 രൂപയും ടെലഫോണിനായി 10,53,745 രൂപയും ചെലവഴിച്ചു. മറ്റിനങ്ങള്‍ എന്ന വിഭാഗത്തില്‍ 23,56,813 രൂപയാണ് ചെലവാക്കിയത്. എന്നാല്‍ ഇതെല്ലാം കൂടി മൂന്നു കോടിയില്‍ താഴെ മാത്രമേ ആകുകയുള്ളൂ. മറ്റു നിരക്കുകള്‍ എന്ന വിഭാഗത്തില്‍ 7,47,26,229 രൂപയാണ് ചെലവാക്കിയിട്ടുള്ളത്. അതായത് നിരീക്ഷണ സമിതി ചെലവഴിച്ചതിന്റെ 75 ശതമാനം തുകയും ഈ വിഭാഗത്തിലാണ്. ഇതു എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രത്യേക ഹെഡുകള്‍ ഇല്ലാതെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

മറ്റിനങ്ങള്‍, മറ്റു നിരക്കുകള്‍ എന്നീ വിഭാഗത്തില്‍ 7,70,83,042 രൂപ ചെലവഴിച്ചിട്ടുണ്ട്. നിശ്ചിത ആവശ്യം രേഖപ്പെടുത്താതെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയായിരുന്നുവെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), കളക്‌ട്രേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണ്. ഇവരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണം. മാത്രമല്ല ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്ത സെലക്‌ട്രോണിക്‌സ് ആന്റ് ഗ്ലോബല്‍ സിസ്റ്റംസ് ഉടമയ്ക്ക് എതിരെയും ജീവനക്കാര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് ജില്ലാ ഇലക്ട്രറല്‍ ഓഫീസറായ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന നളിനി നെറ്റോയ്ക്ക് ലഭിച്ച ഊമകത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തലസ്ഥാന ജില്ലയിലെ നിരീക്ഷണ സമിതി കോടികളുടെ അഴിമതി നടത്തി എന്ന ഒറ്റവരി കത്താണ് നളിനി നെറ്റോയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് കളക്ടറോട് ഇതേക്കുറിച്ച് രഹസ്യ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഈ റിപ്പോർട്ടിന്റെ പകർപ്പു സഹിതമാണ് പീപ്പിൾസ് ഫോറം ഫോർ ആന്റി കറപ്ഷൻ ഡ്രൈവ് വിജിലൻസ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ഡെപ്യുട്ടി കളക്ടര്‍ ടി ആര്‍ ആസാദ്, തഹസീല്‍ദാര്‍ എസ് രമേശ്, സന്തോഷ്‌കുമാര്‍, ലാന്‍ഡ് അക്യുഷിസന്‍ ഓഫീസര്‍ ആര്‍ എസ് രഞ്ജു, കോട്ടയം ഡെപ്യുട്ടി കള്കടര്‍ ആര്‍.ബിജു, തിരുവനന്തപുരം റവന്യു ഇന്‍സ്‌പെട്കര്‍ എ. ആര്‍. സജ്‌ന എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം കളക്ട്രറ്റേില്‍ 5ാം തീയതി വിജിലന്‍സ് ഡിവൈഎസ്പി മഹേഷിന്റെ നേതൃത്വത്തില്‍ ഫയലുകള്‍ കണ്ടെടുക്കാന്‍ സംഘം പരിശോധന നടത്തും.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടന്‍ തന്നെ ചില ഉദ്യോഗസ്ഥരെ അന്വഷണവിധേയമായി ജില്ലാ കള്കടര്‍ സ്ഥലം മാറ്റിയിരുന്നു.