കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍: ഇക്വഡോറിനെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ സെമിയില്‍

2 - 1 എന്ന ഗോൾ ക്രമത്തിലാണ് യു.എസ്.എ ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമിയില്‍ പ്രവേശനം നേടിയത്.ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഭൂഖണ്ഡപോരാട്ടത്തിൽ യു.എസ്.എ സെമിയിൽ പ്രവേശിക്കുന്നത്.

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍: ഇക്വഡോറിനെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ സെമിയില്‍

ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യ ക്വാർട്ടറിൽ ഇക്വഡോറിനെ 2 - 0 ന് തോൽപ്പിച്ച്  ആതിഥേയരായ യു.എസ്.എ സെമിയിൽ. 22-ആം മിനിറ്റിൽ സ്‌ട്രൈക്കർ ക്ലിന്റ് ഡെംപ്‌സിയിലൂടെയാണ് യു.എസ്.എ ആദ്യം മുന്നിലെത്തിയത്. മിഡ് ഫീൽഡർ ജെർമൈൻ ജോൺസ് ഉയർത്തി നൽകിയ പന്ത് അത്യുഗ്രൻ ഹെഡ്ഡറിലൂടെ ഡെംപ്‌സി വലയിലാക്കുകയായിരുന്നു. പിന്നീട് കളി അൽപ്പം പരുക്കനായെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിൽ ഇക്വഡോറിന് സമനില ഗോൾ നേടാനുള്ള അവവസരം ഒരുങ്ങി. യു.എസ് മിഡ്ഫീൽഡർ ബ്രാഡ്‌ലിയിൽ നിന്നും ചോർന്നുകിട്ടിയ പന്ത് മോന്റെറോ ഗോൾമുഖം ലക്ഷ്യമാക്കി പായിച്ചെങ്കിലും യു.എസ് ഗോളി ഗുസാൻ കിടിലൻ സേവിലൂടെ രക്ഷപെടുത്തി. ഇതോടെ ആദ്യപാദത്തിൽ കളി നിറുത്തുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് യുഎസ്എ മുന്നിൽ.ഇടവേളയ്ക്ക് ശേഷം ഉണർന്നു കളിച്ച ഇക്വഡോർ 49-ആം മിനിറ്റിൽ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല. മുന്നേറ്റനിരയിലെ അന്റോണിയോ വലെൻസിയയുടെയും എന്നർ വലൻസിയയുടെയും വകയായിരുന്നു ആ മുന്നേറ്റം. യു.എസിന്റെ അപകടമേഖലയിലേക്ക് അന്റോണിയോ നൽകിയ പന്ത് സ്വീകരിച്ച് ഗോളി ഗുസാനെ പരീക്ഷിക്കാൻ എന്നർ വലൻസിയക്ക് കഴിഞ്ഞില്ല.

കളിയുടെ 52-ആം മിനിറ്റിലാണ് അത്യന്തം നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. യു.എസ് മിഡ്ഫീൽഡർ ബെദോയോയെ ഫൗൾ ചെയ്തതിന് ഇക്വഡോർ സ്‌ട്രൈക്കർ അന്റോണിയോ വലൻസിയക്ക് രണ്ടാം മഞ്ഞക്കാർഡ് കൂടി കിട്ടിയതോടെ പുറത്തേക്കുള്ള വഴിയൊരുങ്ങി. 37-ആം മിനിറ്റിനും പരുക്കൻ കളി പുറത്തെടുത്തതിന് അന്റോണിയോ റഫറിയിൽ നിന്നും മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. അന്റോണിയോയുടെ ഫൗളും ചുവപ്പുകാർഡും മൈതാനത്ത് കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടെ അധികപ്രസംഗം നടത്തിയ യു.എസ് മിഡ്ഫീൽഡർ ജെർമൈൻ ജോൺസിന് നേർക്ക് കൂടി റഫറി ചുവപ്പ് കാർഡ് നീട്ടിയപ്പോൾ ഇരുടീമുകളും പത്തുപേരായി ചുരുങ്ങി.

പിന്നീട് 65-ആം മിനിറ്റിൽ ഗ്യാസി സർദേസ് വീണ്ടും ഇക്വഡോർ വല കുലുക്കിയതോടെ ആതിഥേയർക്ക് സെമി പ്രവേശനം എളുപ്പമാകുമെന്ന് ആരാധകരും ഫുട്‌ബോൾ പ്രേമികളും ഉറപ്പിച്ചു. ആദ്യഗോൾ നേടിയ ഡെംപ്‌സി ഉയർത്തി നൽകിയ പന്തിന് വലയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുക മാത്രമേ സർദേസിന് ചെയ്യാനുണ്ടായിരുന്നുള്ളൂ. തലകൊണ്ട് അദ്ദേഹം അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. 74-ആം മിനിറ്റിൽ ഇക്വഡോറിന് വേണ്ടി അന്റോണിയോ അറോയോ ആശ്വാസഗോൾ നേടിയെങ്കിലും പിന്നീടൊരിക്കലും യു.എസ് പ്രതിരോധം ഭേദിക്കാൻ ഇക്വഡോറിന് കഴിഞ്ഞില്ല. ഇതോടെ 2 - 1 എന്ന ഗോൾ ക്രമത്തിൽ അതിഥേയരായ യു.എസ്.എ 2016ലെ ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യടീമായി.

ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഭൂഖണ്ഡപോരാട്ടത്തിൽ യു.എസ്.എ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ 4 - 2 - 3 - 1 എന്ന ലൈനപ്പിലാണ് ഇക്വഡോർ ഇറങ്ങിയത്. 4 -4 -2 എന്ന ലൈനപ്പിലായിരുന്നു യു.എസ് കളത്തിലെത്തിയത്. നാലു തവണ ഗോൾമുഖത്തേക്ക് യു.എസ് പന്തടിച്ചപ്പോൾ മൂന്നു തവണ മാത്രമാണ് ഇക്വഡോറിന് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായത്. ഇതിനിടെ 240 തവണ യു.എസ് പാസ് കൈമാറിയപ്പോൾ 351 പാസുകൾ ഇക്വഡോർ പരസ്പരം കൈമാറി. കളിയിൽ 58 ശതമാനവും പന്ത് കൈയടക്കി വച്ചത് ഇക്വഡോറായിരുന്നെങ്കിലും ജയം അവരിൽ നിന്ന് അകന്നുനിന്നു. ഇതിനിടെ അഞ്ചു കോർണറുകൾ ഇക്വഡോറിന് അനുകൂലമായും നാലു കോർണറുകൾ യു.എസിന് അനുകൂലമായും പിറന്നു. എന്നാൽ യു.എസിന്റെ കരുത്തുറ്റ പ്രതിരോധത്തിന് മുന്നിൽ എല്ലാം തച്ചുടഞ്ഞു. ഒടുവിൽ ഇക്വഡോറിന് പുറത്തേക്കുള്ള വഴിയും ഒരുങ്ങി. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ പെറുവും കൊളംബിയയും തമ്മിൽ ഏറ്റുമുട്ടും.