നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവം: അമൃത ആശുപത്രിക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍എ

സാധാരണ ഏതെങ്കിലും ആശുപത്രിയിലും പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് പോയി അന്വേഷിക്കാന്‍ സാധിക്കുന്നത് പോലെ അമൃതാ ആശുപത്രിയില്‍ പറ്റില്ല.

നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവം: അമൃത ആശുപത്രിക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍എ

കൊച്ചിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ). ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യുഎന്‍എ പരാതി നല്‍കി. നഴ്‌സ് ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അമൃതാ ആശുപത്രിക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് യുഎന്‍എ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്നും ഏറെ ദുരൂഹമായ ആശുപത്രിയാണ് അമൃതയെന്നും ജാസ്മിന്‍ ഷാ നാരദാ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി അമൃതാനന്ദമയീ മഠവുമായി ബന്ധമുള്ളയാളുകളെയാണ് അധികൃതര്‍ ജോലിക്ക് എടുക്കുന്നത്. ഒരു കാലത്ത് യുഎന്‍എയുടെ ശക്തി കേന്ദ്രമായിരുന്ന അമൃതാ ആശുപത്രിയില്‍ ഇന്ന് സംഘടന വളരെ ദുര്‍ബലമാണ്. സംഘടനയെ യൂണിയനായി അംഗീകരിക്കാന്‍ പോലും മാനേജ്‌മെന്റ് തയ്യാറല്ല. യുഎന്‍എ അംഗങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേകം ആളുകള്‍ പോലും ആശുപത്രിയില്‍ ഉണ്ട്. അതിനാല്‍ തന്നെ അമൃതാ ആശുപത്രിയില്‍ നടക്കുന്ന പല കാര്യങ്ങളിലും ഇടപെടാന്‍ യുഎന്‍എയ്ക്ക് സാധിക്കുന്നില്ല.

നഴ്‌സ് ബലാത്സംഗത്തിനിരയായി എന്ന വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ യുഎന്‍എ ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്തും നടക്കാന്‍ സാധ്യതയുള്ളയത്രയും ദുരൂഹമായ ആശുപത്രിയാണ് അമൃത. സാധാരണ ഏതെങ്കിലും ആശുപത്രിയിലും പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് പോയി അന്വേഷിക്കാന്‍ സാധിക്കുന്നത് പോലെ അമൃതാ ആശുപത്രിയില്‍ പറ്റില്ല.

യുഎന്‍എയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ക്യാംപെയ്ന്‍ നടക്കുന്ന ആശുപത്രിയാണ് അമൃത. പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് യൂണിയനേക്കാള്‍ ബന്ധം ആശുപത്രി അധികൃതരുമായിട്ടാണ്. സംഘടനയില്‍ അംഗത്വമെടുക്കാന്‍ പോലും കുട്ടികളെ മാനേജ്‌മെന്റ് അനുവദിക്കാറില്ല. സംഭവവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസിന് ആശുപത്രി മാനേജ്‌മെന്റുമായി ബന്ധമുണ്ടെന്നും അതിനാല്‍ സത്യസന്ധതയുള്ള നിഷ്പക്ഷ പോലീസ് ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കുക ആശുപത്രി അധികൃതരെ സംബന്ധിച്ച് വളരെ എളുപ്പമുള്ള കാര്യമാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ദുരൂഹമായ സ്ഥലമാണത്. നേരത്തേ ആശുപത്രിക്കുള്ളില്‍ വെച്ച് ഞങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ അത് പുറംലോകം അറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

2011 ല്‍ യൂണിയനുണ്ടാക്കിയതിന് ശേഷം ഇതുവരെ ഒരു ചര്‍ച്ച പോലും ആശുപത്രിക്കകത്ത് നടന്നിട്ടില്ല. ആശുപത്രിക്കുള്ളില്‍ ചര്‍ച്ച നടത്താന്‍ ലേബര്‍ ഉദ്യോഗസ്ഥന്‍ പോലും തയ്യാറാകാത്ത കേരളത്തിലെ ആശുപത്രിയാണത്. നിഷ്പക്ഷമായ അന്വേഷണമാണ് യുഎന്‍എ ആവശ്യപ്പെടുന്നത്. സംഭവത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

Read More >>