ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

നാല് മാസം നീണ്ട പ്രചാരണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനയില്‍ തുടരേണ്ടതില്ലെന്ന് ജനം വിധിയെഴുതിയിരിക്കുന്നത്. 52 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് വോട്ട് ചെയ്തു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന് തീരുമാനിക്കുന്ന ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് വിജയം. ചരിത്രപരമായ തീരുമാനത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ല എന്ന പക്ഷത്തിനാണ് ഹിതപരിശോധനയില്‍ മുന്‍തൂക്കം. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏകദേശം 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കാളികളായത്.

12 പ്രദേശങ്ങളിലായി നടന്ന വോട്ടിംഗില്‍ സ്‌കോട്ട്‌ലന്റ്, വടക്കന്‍ അയര്‍ലന്റ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചത്.


വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന തീവ്രദേശീയവാദികളുടെ അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി.

ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. അഭിപ്രായ സര്‍വേകളില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നതിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വേകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ബിബിസിയുടെ അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നായിരുന്നു സൂചിപ്പിച്ചത്.

നാല് മാസം നീണ്ട പ്രചരണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനയില്‍ തുടരേണ്ടതില്ലെന്ന് ജനം വിധിയെഴുതിയിരിക്കുന്നത്. 52 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് വോട്ട് ചെയ്തു.

ബ്രിട്ടന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം എന്നാണ് വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന പക്ഷക്കാരുടെ വാദം. എന്നാല്‍ ബ്രിട്ടന്റെ അഭിവൃദ്ധിക്കും ഭാവിക്കും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അനിവാര്യമാണെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

1973 ല്‍ കോള്‍ ആന്റ് സ്റ്റീല്‍ കമ്മ്യൂണിറ്റിയില്‍ അംഗമായിക്കൊണ്ടാണ് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ ബന്ധം ആരംഭിക്കുന്നത്. ബ്രിട്ടന്‍ അംഗമായതോടെ  യൂറോപ്യന്‍ കോള്‍ ആന്റ് സ്റ്റീല്‍ കമ്യൂണിറ്റിയുടെ പേര് യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റി എന്നായി. 1975  ജൂണ്‍ അഞ്ചിനാണ് ആദ്യത്തെ യൂറോപ്യന്‍ റഫറണ്ടം ബ്രിട്ടനില്‍ നടക്കുന്നത്. 26 മില്യണ്‍ ജനങ്ങള്‍ പങ്കാളികളായ ഹിതപരിശോധനയില്‍ ഇഇസിയില്‍ തുടരണമെന്നായിരുന്നു ജനവിധി.

1993 ലെ മാസ്ട്രിച്ച് കരാറിനെ തുടര്‍ന്നാണ് യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റ് എന്ന പേര് മാറി യൂറോപ്യന്‍ യൂണിയന്‍ എന്നാകുന്നത്. ഇതോടെ ഇയു സാമ്പത്തിക രാഷ്ട്രീയ സ്ഥാപനമായി മാറി.

2015 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡേവിഡ് കാമറൂണ്‍ ഇന്‍/ഔട്ട് റഫറണ്ടം വാഗ്ദാനം ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹിതപരിശോധന നടന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നതിന്റെ ശക്തനായ വാക്താവായിരുന്നു കാമറൂണ്‍. പുതിയ ജനവിധി കാമറൂണിന് രാഷ്ട്രീയമായി ഏറ്റ തിരിച്ചടി കൂടിയാണ്. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ആയിരുന്നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോവണമെന്ന് വാദിക്കുന്നവരുടെ നേതാവ്. ബ്രിട്ടീഷ് രാജകുടുംബവും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നതിനെ അനുകൂലിച്ചിരുന്നു.

ഹിതപരിശോധനാഫലം പ്രതികൂലമായി വന്നതോടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും കാമറൂണ്‍ രാജിവെക്കുമോ എന്നതാണ് അടുത്ത ചോദ്യം. എന്നാല്‍ ഫലം എതിരായാലും രാജിവെക്കില്ലെന്ന് കാമറൂണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഡേവിഡ് കാമറൂണിന്റെ തീരുമാനം എന്താണെന്ന് വ്യക്തമല്ല.

Read More >>