നാളെ റിലീസാകുന്ന ഹിന്ദി ചിത്രം 'ഉഡ്താ പഞ്ചാബി'ന്റെ സെന്‍സര്‍ കോപ്പി ഓണ്‍ലൈനില്‍ ചോര്‍ന്നു

സെന്‍സറിങ്ങിനായി സെന്റർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷനിൽ സമര്‍പ്പിച്ച പതിപ്പാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

നാളെ റിലീസാകുന്ന ഹിന്ദി ചിത്രം

സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വാര്‍ത്താപ്രാധാന്യം നേടിയ ഹിന്ദി ചിത്രം 'ഉഡ്താ പഞ്ചാബി'ന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നു. 17ന് ചിത്രം റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് വ്യാജ പതിപ്പ് പുറത്തെത്തിയതായി വാര്‍ത്തകള്‍ വരുന്നത്. സെന്‍സറിങിനായി സിബിഎഫ്സിയ്ക്ക് സമര്‍പ്പിച്ച പതിപ്പാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തായ വീഡിയോയില്‍ 'ഫോര്‍ സെന്‍സര്‍' എന്ന് എഴുതിയിട്ടുണ്ടെന്നാണ് പുറത്തായ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചലച്ചിത്രത്തിന്റെ 40 മിനിറ്റുള്ള ഭാഗമാണ് ചോര്‍ന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുടര്‍ന്ന് മുഴുവന്‍ സിനിമ തന്നെ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. പ്രതികാരത്തിന്റെ ഭാഗമായി സെന്‍സര്‍ ബോര്‍ഡ് മനഃപൂര്‍വ്വം കോപ്പി പുറത്തുവിട്ടതാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാക്കളോ പ്രതികരിച്ചിട്ടില്ല.

'ഉഡ്താ പഞ്ചാബ്' നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഎഫ്സിയുടെ '89 കട്ടുകള്‍' എന്ന ആവശ്യത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി ചിത്രത്തിന് ഒരു കട്ട് മാത്രം നടത്തി പ്രദര്‍ശനാനുമതി നല്‍കണമെന്നാണ് ഉത്തരവിട്ടത്. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചിട്ടുള്ളത്.