ഉഡ്ത പഞ്ചാബും 89 വെട്ടും

ഈ അടുത്ത് കണ്ട വാർത്തകൾ സത്യമാണെങ്കിൽ പഞ്ചാബിൽ ഒരു വർഷം നടക്കുന്നത് 7500 കോടിയിലധികം രൂപയുടെ മയക്കുമരുന്നിടപാടുകളാണ്. അങ്ങനെയാണെങ്കിൽ പഞ്ചാബിലെ നാർക്കോ പൊളിറ്റിക്‌സിനെ തുറന്നുകാട്ടുന്നതിലും ചർച്ചയാക്കുന്നതിലും ഈ ചിത്രം വിജയിച്ചു എന്ന് പറയാം. ആദർശ് അബൂബക്കർ എഴുതുന്നു.

ഉഡ്ത പഞ്ചാബും 89 വെട്ടും

ആദർശ് അബൂബക്കർ

എതാനും വർഷങ്ങളായി സിനിമാ കാഴ്ചയിൽ മുഖ്യധാരാ ഹിന്ദി സിനിമകൾക്ക് കാര്യമായ സ്ഥാനമില്ലായിരുന്നു. ലോക സിനിമകൾ ധാരാളമായി കാണാൻ തുടങ്ങിയതോടെയാണ് ബോളിവുഡ് സിനിമകൾ എന്തുമാത്രം കെട്ടുകാഴ്ചകൾ നിറഞ്ഞതാണെന്നും, അവ മുന്നോട്ടുവെക്കുന്നത് ഏതുതരം രാഷ്ട്രീയമാണെന്നുമൊക്കെ തിരിച്ചറിഞ്ഞുതുടങ്ങിയത്. അങ്ങനെ അകലം പാലിച്ചു നിന്ന എന്നെ വീണ്ടുമൊരു ഹിന്ദി സിനിമയ്ക്കായി തീയേറ്റരിലെത്തിച്ചത് 'സെൻസർ ബോർഡ്' ചെയർമാൻ പങ്കജ് നിഹ്ലാനിയും അദ്ദേഹത്തിന്റെ '89 വെട്ടുകൾ' ശ്രദ്ധാ കേന്ദ്രമാക്കിയ 'ഉഡ്താ പഞ്ചാബു'മാണ്.


2014 മെയ് മാസത്തിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ശക്തികൾ അധികാരത്തിലെത്തിയ ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർ ഡല്ല) തലവനായി പങ്കജ് നിഹ്ലാനിയും, പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് തലവനായി ഗജേന്ദ്ര ചൗഹാനും വന്ന സാഹചര്യങ്ങളൊക്കെ ഒരുപാട് ചർച്ചചെയ്യപ്പെട്ടതാണ്. CBFC തങ്ങൾക്കില്ലാത്ത അധികാരങ്ങളുപയോഗിച്ച് ഉഡ്ത്താ പഞ്ചാബിന്ന് 89 വെട്ട് വെട്ടിയത് മുംബയ് ഹൈക്കോടതിയുടെ ശക്തമായ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് കാര്യമായ വെട്ടുകളില്ലാതെ ഉഡ്താ പഞ്ചാബിന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവന്നതിന്റെ കെറുവ് തിർക്കാനാണോ റിലീസിന് 2 ദിവസം മുൻപ് ആ സിനിമയുടെ സെൻസർ കോപ്പി ഇൻറർ നെറ്റിൽ ലീക്ക് ചെയ്തത് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.

സംവിധായകാനായും എഴുത്തുകാരനായും മുൻചിത്രങ്ങളായ ഇഷ്‌കിയ, കമീനേ, ഓംകാര എന്നിവയിലൂടെ വിമർശകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ വ്യക്തിയാണ് അഭിഷേക് ചൗബേ. പഞ്ചാബിലെ ഉയർന്ന മയക്കുമരുന്നുപയോഗം പ്രമേയമാക്കി സംവിധാനം ചെയ്ത 'ഉഡ്താ പഞ്ചാബ്' അദ്ദേഹത്തിന്റെ പ്രതിഭയോട് നീതിപുലർത്തുന്ന ചിത്രമാണ് . വഴുതിപ്പോകാൻ ഒരുപാട് സാധ്യതകളുള്ള പ്രമേയമാണെങ്കിലും അത് കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. ഒരു 'ഡ്രഗ് മൂവി' ആണെങ്കിലും സിനിമ ഒരു ദൃശ്യത്തിൽ പോലും മയക്കുമരുന്നുപയോഗത്തെ ഗ്ലോരിഫൈ ചെയ്യുന്നതായി അനുഭവപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് പുറത്തുവന്ന ശേഷം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന ഷാഹിദ് കപൂർ ഇവിടേയും മികച്ചു നിന്നു. എങ്കിലും എടുത്തു പറയേണ്ടത് ആലിയാ ഭട്ടിന്റേയും, ദിൽജിത്ത് ദോസഞ്ചിന്റെയും അഭിനയമാണ്. ദിൽജീത്ത് കരീനാ കപൂർ കൊമ്പിനേഷൻ സീനുകളിലായിരുന്നു തിരക്കഥയുടെ പാളിച്ച ചെറുതായെങ്കിലും അനുഭവപ്പെട്ടത്. രാജീവ് രവിയുടെ ക്യാമറയും സിനിമയുടെ പ്രമേയത്തോട് നീതി പുലർത്തിയിട്ടുണ്ട്.

ഈ അടുത്ത് കണ്ട വാർത്തകൾ സത്യമാണെങ്കിൽ പഞ്ചാബിൽ ഒരു വർഷം നടക്കുന്നത് 7500 കോടിയിലധികം രൂപയുടെ മയക്കുമരുന്നിടപാടുകളാണ്. അങ്ങനെയാണെങ്കിൽ പഞ്ചാബിലെ നാർക്കോ പൊളിറ്റിക്‌സിനെ തുറന്നുകാട്ടുന്നതിലും ചർച്ചയാക്കുന്നതിലും ഈ ചിത്രം വിജയിച്ചു എന്ന് പറയാം.