റിലീസിന് മുമ്പ് ഇന്റര്‍നെറ്റിലെത്തിയെങ്കിലും ഉഡ്ത പഞ്ചാബ് രണ്ടു ദിനം കൊണ്ട് നേടിയത് 21 കോടി

അവധിദിനമായ ഞായറാഴ്ചത്തെ കണക്കുകൂടി എടുത്താല്‍ തുക പ്രതീക്ഷിച്ചതിനും മുകളിലാകുമെന്നാണ് അണിയറപ്രവർത്തകരുടെ കണക്കുകൂട്ടല്‍.

റിലീസിന് മുമ്പ് ഇന്റര്‍നെറ്റിലെത്തിയെങ്കിലും ഉഡ്ത പഞ്ചാബ് രണ്ടു ദിനം കൊണ്ട് നേടിയത് 21 കോടി

സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങളില്‍ കുടുങ്ങി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ അഭിഷിക് ചൗധരിയുടെ ഹിന്ദി ചിത്രം ഉഡ്ത പഞ്ചാബിന് രാജ്യമെമ്പാടുമുള്ള തീയേറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം രണ്ടു ദിനം കൊണ്ട് നേടിയത് 21 കോടി രൂപയാണ്. അവധിദിനമായ ഞായറാഴ്ചത്തെ കണക്കുകൂടി എടുത്താല്‍ തുക പ്രതീക്ഷിച്ചതിനും മുകളിലാകുമെന്നാണ് അണിയറപ്രവർത്തകരുടെ കണക്കുകൂട്ടല്‍.

സെന്‍സര്‍ ബോര്‍ഡിന്റെ 89 കട്ടുകളുടെ പേരില്‍ റിലീസിന് മുമ്പ് തന്നെ വിവാദങ്ങളിലകപ്പെട്ട ഉഡ്ത പഞ്ചാബിന്റെ സെന്‍സര്‍ ബോര്‍ഡ് കോപ്പി റിലീസിന് രണ്ടു ദിവസം മുമ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ചിത്രത്തിനെതിരെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ കോടതിയില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായതിന്റെ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അറിവോടെയാണ് ചിത്രത്തിന്റെ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചതെന്ന ആരോപണവുമുണ്ടായി. എന്നാല്‍ കോപ്പി പുറത്തായ സംഭവമൊന്നും ഒരുതരത്തിലും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് തിയേറ്ററിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.