'ഉഡ്താ പഞ്ചാബി'ന് സിഎഫ്ബിസിയുടെ പ്രദര്‍ശനാനുമതി ; ചിത്രം തീയറ്ററുകളില്‍ എത്തുന്നത് 13 കട്ടുകളോടെ

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെകുറിച്ചും രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ബിജെപി സഖ്യത്തിലുള്ള സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടും എന്നതിനാലാണ് ചിത്രത്തിലെ 89 രംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതായിരുന്നു ആരോപണം.

ഏറെ ദിവസങ്ങളായി തുടരുന്ന വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ 'ഉഡ്താ പഞ്ചാബി'ന് സിഎഫ്ബിസിയുടെ പ്രദര്‍ശനാനുമതി. 13 സീനുകള്‍ ഒഴിവാക്കി, 'എ' സര്‍ട്ടിഫിക്കറ്റോട്കൂടിയാകും ചിത്രം തീയറ്ററുകളില്‍ എത്തുക.

പഞ്ചാബിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെയും പ്രമേയമാക്കിയ നിര്‍മ്മിച്ച ഉഡ്താ പഞ്ചാബിലെ  89 രംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതാണ് വിവാദങ്ങളുടെ തുടക്കം. കൂടാതെ ചിത്രത്തില്‍ പഞ്ചാബ് എന്ന് പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും മറ്റും വെട്ടിമാറ്റണം എന്ന് സിഎഫ്ബിസി അധ്യക്ഷന്‍ പങ്കജ് നിഹലാനി ആവശ്യപ്പെട്ടതായും ചിത്രത്തിന്റെ നിര്‍മ്മാതാവ് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിരുന്നു.


ഇതേതുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനും പങ്കജ് നിഹലാനിക്കും എതിരെ  ബോളിവുഡ് ഒന്നടങ്കം ആഞ്ഞടിച്ചിരുന്നു. സിഎഫ്ബിസി അംഗമായ അശോക്‌ പണ്ഡിറ്റ് ഉള്‍പ്പടെയുള്ളവര്‍ നിഹലാനിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. നിഹലാനി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ കളിപ്പാവയാണെന്നും  പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെകുറിച്ചും രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ബിജെപി സഖ്യത്തിലുള്ള സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടും എന്നതിനാലാണ് നിഹലാനി ഇങ്ങനെയൊരു നിലപാട് കൈക്കൊള്ളുന്നതെന്നും ആരോപണം ഉയര്‍ന്നു.

പഞ്ചാബില്‍ 70 ശതമാനം ആളുകളും മയക്കുമരുന്നിനു അടിമയാണെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും പഞ്ചാബിനെയും വ്യക്തികളെയും സമുദായത്തെയും ഒക്കെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ചിത്രത്തിലെ 89 രംഗങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ആവശ്യപ്പെട്ടതെന്നുമാണ് നിഹലാനി നല്‍കിയ വിശദീകരണം. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിക്കുകയും ചിത്രത്തിന്റെ അന്തര്സത്ത കളയുന്ന രീതിയിലുള്ള കട്ടുകള്‍ എടുത്ത്മാറ്റണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒടുവില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സിഎഫ്ബിസി നിര്‍ബന്ധിതരാകുകയായിരുന്നു. അഭിഷേക് ചോബെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 17-ന് ചിത്രം തീയറ്ററുകളില്‍ എത്തും.