ഉഡ്താ പഞ്ചാബിന് ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധി; എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം

ചിത്രത്തില്‍ നിന്നും 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യവും കോടതി തള്ളി.

ഉഡ്താ പഞ്ചാബിന് ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധി; എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം

മുംബൈ: ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധി. ചിത്രത്തില്‍ നിന്ന് ഒരു പരാമര്‍ശം മാത്രം നീക്കം ചെയ്താല്‍ മതിയെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

ചിത്രത്തില്‍ നിന്നും 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യവും കോടതി തള്ളി.

സിനിമയുടെ കഥാ പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം നിര്‍മാതാക്കള്‍ക്കുണ്ടെന്നും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും തിരക്കഥ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.

കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ പലതും ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ട് ദിവസത്തിനകം സിനിമയ്ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ചിത്രത്തില്‍ സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച മയക്കുമരുന്ന് കുത്തിവെക്കുന്ന രംഗം ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ജനക്കൂട്ടത്തിനു നേരെ നിന്ന് മൂത്രമൊഴിക്കുന്ന ഒരു രംഗമാണ് ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് ചിത്രത്തിന് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ബോര്‍ഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

ജൂണ്‍ 17ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തും. ഷാഹിദ് കപൂര്‍, ആലിയാ ഭട്ട്, കരീന കപൂര്‍, ദില്‍ജിത്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അഭിഷേക് ചൊബെയാണ് സംവിധാനം ചെയ്തത്. അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍.