'ഉഡ്താ പഞ്ചാബ്' സെന്‍സര്‍ഷിപ്പ് വിവാദം ; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പങ്കജ് നിഹലാനിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ബോളിവുഡ്

പഞ്ചാബിനെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്നും വ്യക്തികളെയോ ഏതെങ്കിലും വിഭാഗത്തെയോ സമുദായത്തെയോ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന സിബിഎഫ്‌സി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തില്‍ കട്ടുകള്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് സെന്‍സര്‍ഷിപ്പ് വിവാദത്തില്‍ സെന്‍സര് ബോര്‍ഡിനെതിരെ ഒന്നടങ്കം ആഞ്ഞടിച്ചു ഹിന്ദി ചലച്ചിത്രലോകം. സിഎഫ്ബിസി അദ്ധ്യക്ഷന്‍ പങ്കജ് നിഹലാനിയെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്ന ആവശ്യവുമായി ഇന്ത്യന്‍ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഡയറക്റ്റെഴ്സ് അസോസിയേഷന്‍ രംഗത്ത്‌ വന്നിരിക്കുകയാണ്. സി എഫ് ബി സി അംഗമായ അശോക്‌ പണ്ഡിറ്റും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു നിലകൊണ്ടു.

ഇതേസംബന്ധിച്ച് വിശദീകരണവുമായി പങ്കജ് നിഹലാനിയും മുന്നോട്ടു വന്നു. പഞ്ചാബിനെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്നും വ്യക്തികളെയോ ഏതെങ്കിലും വിഭാഗത്തെയോ സമുദായത്തെയോ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന സിബിഎഫ്‌സി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തില്‍ കട്ടുകള്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.


പഞ്ചാബിലുള്ള എഴുപതു ശതമാനം ആളുകളും മയക്കുമരുന്നിനു അടിമയെന്നാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ലുധിയാനയിലെയും ജലന്ധറിലെയും ജനങ്ങളെക്കുറിച്ച് മോശം പ്രതിച്ഛായ തീര്‍ക്കുകയാണ് ഉഡ്താ പഞ്ചാബ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠമായാണ് ചിത്രത്തിലെ സെന്‍സര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതെന്നും നിഹലാനി മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ പഞ്ചാബ് പശ്ചാത്തലമാക്കി 98ശതമാനവും പഞ്ചാബി സംസാരിക്കുന്ന ചിത്രം ഹിന്ദി സിനിമയായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയ 89 കട്ടുകളെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഒരു പട്ടിക്ക് ജാക്കിച്ചാന്‍ എന്ന പേരിട്ടതിനെ തുടര്‍ന്നാണ് ഒരു കട്ട് നിര്‍ദ്ദേശിച്ചത്. പട്ടിയെ ജാക്കി എന്ന് വിളിച്ചോളൂ, ചാന്‍ എന്നത് വേണ്ട എന്നാണ് നിര്‍ദ്ദേശിച്ചത്. ഇതെന്തു അസംബന്ധമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അനുരാഗ് കശ്യപ് തന്റെ ട്വിറ്റെര്‍ പേജിലൂടെ കുറിച്ചത്. നിഹലാനി പെരുമാറുന്നത് സ്വേച്ഛാധിപതിയെപ്പോലെയാണെന്നും ഇതെന്താ വടക്കന്‍ കൊറിയയാണോ എന്നും അനുരാഗ് ചോദിക്കുന്നു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെകുറിച്ചും രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ബിജെപി സഖ്യത്തിലുള്ള സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടും എന്നതിനാലാണ് ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.