യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണയത്തില്‍ 12 കോടിയിലധികം രൂപയുടെ അഴിമതി; അന്വേഷണത്തിന് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു

ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കരാര്‍ ഉറപ്പിച്ചപ്പോള്‍ 4.61 കോടി രൂപയും വയനാട് മെഡിക്കല്‍ കോളേജിന് കരാര്‍ നല്‍കിയതിലൂടെ 7.70 കോടി രൂപയുമാണ് സര്‍ക്കാറിന് നഷ്ടം വന്നിട്ടുള്ളത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണയത്തില്‍ 12 കോടിയിലധികം രൂപയുടെ അഴിമതി; അന്വേഷണത്തിന് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ക്ക് അവസാനമില്ലെന്ന് തെളിയിച്ച് തുടര്‍ക്കഥകള്‍ വന്നുകൊണ്ടിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണയത്തില്‍ 12 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായാണ് പുതിയ കണ്ടെത്തല്‍. മെഡിക്കല്‍ കോളിജിന്റെ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് 12.31 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.


ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയതാണ് നഷ്ടമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കരാര്‍ ഉറപ്പിച്ചപ്പോള്‍ 4.61 കോടി രൂപയും വയനാട് മെഡിക്കല്‍ കോളേജിന് കരാര്‍ നല്‍കിയതിലൂടെ 7.70 കോടി രൂപയുമാണ് സര്‍ക്കാറിന് നഷ്ടം വന്നിട്ടുള്ളത്.

പദ്ധതി തുകയുടെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവും ചട്ടവും. എന്നാല്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് രണ്ട് മെഡിക്കല്‍ കോളേജുകളുടെയും നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത്. ഉയര്‍ന്ന തുകയ്ക്കാണ് കരാര്‍ നല്‍കിയതെന്നും അതിനായി മുന്‍ സര്‍ക്കാരിലെ ഉന്നതന്മാരുടെ അവിഹിത ഇടപെടലുകളുണ്ടായതായും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

ആര്‍.ജി മാട്രിക്‌സ് എന്ന കമ്പനിക്കാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കരാര്‍ കൊടുത്തിരിക്കുന്നത്. അടങ്കല്‍ തുകയുടെ 2.94 ശതമാനമാണ് കരാര്‍ തുക. മൊത്തം അഞ്ച് കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ മൂന്ന് കമ്പനികള്‍ മാത്രമേ യോഗ്യത നേടിയുള്ളു. 1.38, 2.94, 1.71 എന്നിങ്ങനെ നിരക്കുകളിലായിരുന്നു മൂന്ന് കമ്പനികളുടെ ടെന്‍ഡര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനും താഴെ ക്വാട്ട് ചെയ്ത കമ്പനിയെ തഴഞ്ഞ് 2.94 ശതമാനം നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

ഇങ്ങനെ ഉയര്‍ന്ന നിരക്കിന് കരാര്‍ ഉറപ്പിച്ചപ്പോള്‍ സര്‍ക്കാറിന് 4.61 കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. മാത്രമല്ല വയനാട് മെഡിക്കല്‍ കോളേജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. 7.70 കോടി രൂപയാണ് ഈ കരാറിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായത്. ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കരാര്‍ ലഭിച്ച അതേ കമ്പനിക്കാണ് ഈ കരാറും കിട്ടിയതെന്നുള്ളതാണ് കൗതുകകരം. കുറഞ്ഞ നരക്കില്‍ ടെന്‍ഡറുകളുണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് അടങ്കല്‍ തുകയുടെ 3.25 ശതമാന തുകയ്ക്കാണ് കരാറായത്.

അഴിമതിക്കഥകള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഹരിപ്പാട് മെഡിക്കല്‍ കോളേജിന് വേണ്ടി സ്ഥലമെടുത്തതിലും ക്രമക്കേട് നടന്നതായി തെളിവുകളുണ്ട്. ഈ സ്ഥലമെടുപ്പിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. കണ്‍സള്‍ട്ടന്‍സി കരാറിലെ ക്രമക്കേടുകളുടെ അന്വേഷണത്തിന് ശേഷം സ്ഥലമെടുപ്പിലെ നിയമവിരുദ്ധ ഇടപെടലുകള്‍ പരിശോധനയ്ക്ക് വിടുമെന്ന് പൊതുമരാമത്ത് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.