ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസ് നീട്ടി നല്‍കി

വിരമിച്ച ഉദ്യോഗസ്ഥർക്ക് ഒരിക്കലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ പുനര്‍ നിയമനം നല്‍കാറില്ല. എന്നാല്‍ അനിതയ്ക്ക് കാലാവധി നീട്ടി നല്‍കുമ്പോഴും ലക്ഷക്കണക്കിന് രൂപയും കോടികളുടെ സ്വര്‍ണവും കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തുകയാണ്. മാത്രമല്ല നിരവധി കീഴ് ജീവനക്കാരുടെ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതലയും ഇവര്‍ക്കാണ്.

ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസ് നീട്ടി നല്‍കി

തിരുവനന്തപുരം: സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തില്‍ ക്രമക്കേടു നടന്നതിന്റെ പേരില്‍ ക്രിമിനല്‍ കേസ് അന്വേഷണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസ് നീട്ടി നല്‍കി. വിവിധ ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരം , സ്വര്‍ണ തിരുമുടി എന്നിവയുടെ നിര്‍മ്മാണ ചുമതലയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബോര്‍ഡിലെ തിരുവാഭരണ കമ്മിഷണറായ പി.ആര്‍.അനിതയ്ക്കാണ് നിയമവിരുദ്ധമായും ചട്ടങ്ങള്‍ ലംഘിച്ചും സര്‍വീസ് നീട്ടി നല്‍കിയത്.


നിലവില്‍ ബോര്‍ഡിലെ തിരുവാഭരണ കമ്മിഷണറായ പി.ആര്‍.അനിത 2016 മേയ് 31ന് വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും സര്‍വീസ് ചട്ടങ്ങളും ലംഘിച്ച് ഇവര്‍ക്ക് രണ്ടു മാസത്തേക്ക് കൂടി സര്‍വീസ് നീട്ടി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവിട്ട് വിവിധ ക്ഷേത്രങ്ങളില്‍ നടത്തുന്ന സ്വര്‍ണക്കൊടിമരം, സ്വര്‍ണ തിരുമുടി തുടങ്ങിയ ജോലികള്‍ തുടരുന്നതിനാണ് ഈ ഉദ്യോഗസ്ഥയ്ക്ക് അനധികൃതമായി സര്‍വീസ് നീട്ടി നല്‍കിയിട്ടുള്ളത്.

ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണത്തിന്റെ ചുമതലയും പി.ആര്‍.അനിതയ്ക്കായിരുന്നു. എന്നാല്‍ ലക്ഷങ്ങളുടെ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. വന്‍തോതിലുള്ള ക്രമക്കേട് നടത്തിയെന്നും കണക്ക് പ്രകാരമുള്ള സ്വര്‍ണം ഉപയോഗിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഹൈക്കോടതി ജഡ്ജിയും ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മിഷനും നേരിട്ട് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് തിരുവാഭരണം കമ്മിഷണറായ പി.ആര്‍.അനിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ഇതിനിടയിലാണ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയയായതും ക്രിമിനല്‍ കേസ് അന്വേഷണം നേരിടുന്നതുമായ ഉദ്യോഗസ്ഥയ്ക്ക് സര്‍വീസ് നീട്ടി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇത്രയും ഗുരുതരമായ കേസ് നിലവിലുണ്ടായിരുന്നിട്ടും ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരത്തിന്റേയും  സ്വര്‍ണ തിരുമുടിയുടേയും നിര്‍മ്മാണ ചുമതല തന്നെ ഇവര്‍ക്ക് നല്‍കിയെന്നതാണ് വിചിത്രം. കരുനാഗപ്പള്ളി ഗ്രൂപ്പിലെ ശക്തികുളങ്ങര ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം, കടയ്ക്കല്‍ ക്ഷേത്രത്തിലെ സ്വര്‍ണ തിരുമുടി, പട്ടാഴി ക്ഷേത്രത്തിലെ സ്വര്‍ണ തിരുമുടി എന്നിവയുടെ നിര്‍മ്മാണ ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്.

ദേവസ്വം ബോര്‍ഡില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ബോര്‍ഡ് തേടാറുണ്ട്. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ നിയമങ്ങളും സര്‍വീസ് ചട്ടങ്ങളും അനുസരിച്ചാണ്. വിരമിച്ച ഉദ്യോഗസ്ഥരെ ഒരിക്കലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ പുനര്‍ നിയമനം നല്‍കാറില്ല. എന്നാല്‍ അനിതയ്ക്ക് കാലാവധി നീട്ടി നല്‍കുമ്പോഴും ലക്ഷക്കണക്കിന് രൂപയും കോടികളുടെ സ്വര്‍ണവും കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തുകയാണ്. മാത്രമല്ല നിരവധി കീഴ്ജീവനക്കാരുടെ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതലയും ഇവര്‍ക്കാണ്.

കഴിഞ്ഞ മാസം ഇതു രണ്ടാംതവണയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് നീട്ടി നല്‍കുന്നത്. ആദ്യം കൊട്ടാരക്കര ഗ്രൂപ്പില്‍പ്പെട്ട പാട്ടാഴി ദേവസ്വത്തിലെ സബ്ഗ്രൂപ്പ് ഓഫീസര്‍ എം. ടി രാധാകൃഷ്ണന്റെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തിയത്. ജൂണ്‍ ഒന്നു മുതല്‍ രണ്ടുമാസത്തേക്കാണ് കാലാവധി നീട്ടിയത്. നിയമപ്രകാരം മേയ് 31 ല്‍ സര്‍വീസില്‍ നിന്നും വിരമിക്കേണ്ട ഇദ്ദേഹത്തോട് സര്‍വീസില്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ സസ്പെന്റു ചെയ്യുകയും തുടരന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ പുനര്‍നിയമനം നല്‍കുകയായിരുന്നു.

അതേസമയം, പി ആര്‍ അനിത സര്‍വീസില്‍ നിന്ന് വിരമിച്ചു എന്നും രണ്ട് ക്ഷേത്രങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍
നാരദാന്യൂസിനോട് പറഞ്ഞു. ശക്തികുളങ്ങര ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ തിരുവാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണറുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അനിത പ്രവര്‍ത്തിക്കുന്നത്. കടക്കല്‍ ദേവി ക്ഷേത്രത്തിലെ തിരുമുടി നിര്‍മ്മാണത്തിന്റെ ചുമതലയും ഉണ്ട്. വലിയ തുക ശമ്പളം വാങ്ങിയിരുന്ന അനിതക്ക് ഇപ്പോള്‍ 30,000 രുപ മാത്രമാണ് നൽകുന്നത്.   വാഹനം പോലും നല്കുന്നില്ല. ആരോപണം നേരിട്ടു എന്നതല്ലാതെ റിട്ടയര്‍ ചെയ്ത വ്യക്തിയെ സസ്പെന്‍ഡ് ചെയ്യാന്‍ സാധിക്കില്ലല്ലോ. അഡ്വക്കേറ്റ് കമ്മീഷണര്‍ക്ക് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അറിയില്ല . അതു കൊണ്ട് തുച്ഛമായ വേതനത്തിന് ഇപ്പോള്‍ അവരുടെ സേവനം രണ്ട് മാസത്തേക്ക് ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളു എന്നും അദ്ദേഹം നാരദാ ന്യൂസിനോട് പ്രതികരിച്ചു.

ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണത്തില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുക്കുന്നത്. 2013 ഫെബ്രുവരിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ക്ഷേത്ര കൊടിമരം മൂന്നുമാസത്തിന് ശേഷം ക്ലാവുപിടിച്ച് കറുത്തു. ഇതുസംബന്ധിച്ച് ഭക്തജനസമിതി സെക്രട്ടറി മണികണ്ഠന്‍ ദേവസ്വംബോര്‍ഡിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ദേവസ്വം ഓംബുഡ്സ്മാന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടിമര പരിശോധന നടത്തി. നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഓംബുഡ്സ്മാന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ സ്വര്‍ണ്ണം പൂശാന്‍ ഉപയോഗിച്ച സ്വര്‍ണ്ണപാളികളില്‍ ചെമ്പിന്റെ അംശം കൂടുതലാണെന്നും കണ്ടെത്തി.

തിരുവാഭരണ കമ്മിഷണര്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പ്രസിഡന്റ് എം.വി. അരവിന്ദാക്ഷന്‍നായര്‍, ട്രഷറര്‍ കേശവന്‍, കൊടിമരം സ്വര്‍ണ്ണം പൊതിഞ്ഞ കോണ്‍ട്രാക്ടര്‍ വെങ്കിടാചലവും ജോലിക്കാരും ദേവസ്വം മരാമത്ത് എന്‍ജിനിയര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 1,25,85000 രൂപ ഭക്തജനങ്ങളില്‍ നിന്ന് ഇതിനായി പിരിച്ചെടുത്തു. തന്ത്രിമാര്‍ക്ക് ദക്ഷിണകൊടുത്തത് ഉള്‍പ്പെടെ 1,65,00000 രൂപ പ്രതികളെല്ലാവരും ചേര്‍ന്ന് ചെലവഴിച്ചു. മാറ്റുകുറഞ്ഞ സ്വര്‍ണ്ണം ഉപയോഗിച്ച് കൊടിമരം സ്വര്‍ണ്ണം പൊതിഞ്ഞതിനാല്‍ ക്ലാവ് പിടിക്കുന്നതിനിടയാക്കിയതുവഴി പ്രതികള്‍ സര്‍ക്കാരിനെയും ഭക്തജനങ്ങളെയും വഞ്ചിച്ചു എന്ന് ആരോപിച്ചാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം തീരെയില്ലെന്ന് വിജിലന്‍സ് സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി.

Read More >>