ടിന്റുമോൻ എന്ന കോടീശ്വരൻ; ഒരു നിഷ്‌കളങ്ക വായന

ടിന്റുമോൻ എന്ന നായകകഥാപാത്രത്തിന് ജീവൻ നൽകിയത്, ആക്ഷൻ ഹീറോ, യൂണിവേഴ്‌സൽ സ്റ്റാർ ഇളയ ദളപതി സുപ്രീം സ്റ്റാർ, നടിപ്പിൻ നായകൻ മഹാനടൻ സന്തോഷ് പണ്ഡിറ്റ്. നിഷ്‌കളങ്കനായ യുവാവായും, എട്ട് പെൺകുട്ടികളുടെ കാമുകനായും, വർക്ക് ഷോപ് ജീവനക്കാരനായും, ബിസിനസ്സ് മാഗ്‌നറ്റായും അദ്ദേഹം അതിഗംഭീര പ്രകടനമായിരുന്നു. ടിന്റുമോൻ എന്ന കോടീശ്വരൻ; ഒരു നിഷ്‌കളങ്ക വായന- ജോമോൻ തിരു എഴുതുന്നു

ടിന്റുമോൻ എന്ന കോടീശ്വരൻ; ഒരു നിഷ്‌കളങ്ക വായന

ജോമോൻ തിരു

മോഹൻലാൽ ഫാൻസ് ക്ഷമിക്കുക; ഏതർത്ഥത്തിലാണ് നിങ്ങൾ മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ, യൂണിവേഴ്‌സൽ സ്റ്റാർ എന്നൊക്കെ വിളിക്കുന്നത്? ആ സ്ഥാനത്തിന് യഥാർത്ഥത്തിൽ അർഹൻ അദ്ദേഹം തന്നെയാണോ? ഒരിക്കലുമല്ല. സകലകലാ വല്ലഭൻ, ഉലകനായകൻ, മെഗാസ്റ്റാർ എന്നൊക്കെ സംബോധന ചെയ്യാൻ അർഹനായ മറ്റൊരാളുണ്ട്. ആരാണയാൾ? അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച ആ മൂർത്തിയുടെ പേരാണ് സന്തോഷ് പണ്ഡിറ്റ്.

നെയ്യാറ്റിൻകര തമീൻസ് തിയെറ്ററിൽ വച്ച്, കൊല്ലവർഷം 2011-ൽ കണ്ട, കൃഷ്ണനും രാധയും എന്ന ആക്ഷൻ, റൊമാന്റിക് സസ്‌പെൻസ് റിവഞ്ച് ത്രില്ലറിന് ശേഷം, ഞാൻ കാണുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് 'ടിന്റുമോൻ എന്ന കോടീശ്വരൻ.' 'കൃഷ്ണനും രാധയും' ചിത്രത്തിന്റെ പ്രദർശനത്തോടുകൂടി, ആ തിയെറ്റർ പൂട്ടിപ്പോവുകയും, ഇപ്പോൾ തൽസ്ഥാനത്ത് ഒരു സൂപ്പർമാർക്കറ്റ് വരികയും ചെയ്‌തെന്നാണ് കരക്കമ്പി.


നമുക്കെല്ലാവർക്കും പ്രിയങ്കരനായ കോമിക് കഥാപാത്രമായിരുന്നു ടിന്റുമോൻ. ചോദിക്കുന്ന എന്തിനും ഏതിനും ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയുന്ന ടിന്റുമോൻ ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. ടിന്റുമോൻ എന്ന സാങ്കൽപ്പിക കഥാപാത്രം, എൽ.കെ.ജി. സ്റ്റുഡന്റ് ആണെന്നാണ് പൊതു നിഗമനം. എന്നാൽ ടിന്റുമോൻ ഒരു കോടീശ്വരനായാൽ എന്താവും അവസ്ഥ? കേൾക്കുമ്പോൾത്തന്നെ ചിരി വരുന്നില്ലേ?

143മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം ടിന്റുമോൻ എന്ന യുവാവിന്റെ ജീവിതകഥയാണ്. എം.ബി.എ. ബിരുദധാരിയായ ടിന്റുമോൻ, അതിസുന്ദരനും, ആകർഷകമായ വ്യക്തിത്വമുള്ളവനുമാണ്. 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന റിയാലിറ്റി ഷോയിൽ ഫൈനൽ മത്സരാർത്ഥികൂടിയാണ് അദ്ദേഹം. ദുഃഖകരമെന്നു പറയട്ടെ, ഷോയിൽ ഒന്നാം സമ്മാനമായ അഞ്ചുകോടി രൂപയും, ഒരുകോടിരൂപയുടെ കാറും, ഫ്‌ലാറ്റും ടിന്റുമോന് അവസാനനിമിഷം നഷ്ടമാകുന്നു. അതിനെതിരെ ടിന്റുമോൻ എങ്ങനെയായിരിക്കും പ്രതികരിക്കുക? ഉദ്വേഗജനകമായ വഴികളിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

CAST & PERFORMANCES

ടിന്റുമോൻ എന്ന നായകകഥാപാത്രത്തിന് ജീവൻ നൽകിയത്, ആക്ഷൻ ഹീറോ, യൂണിവേഴ്‌സൽ സ്റ്റാർ ഇളയ ദളപതി സുപ്രീം സ്റ്റാർ, നടിപ്പിൻ നായകൻ മഹാനടൻ സന്തോഷ് പണ്ഡിറ്റ്. നിഷ്‌കളങ്കനായ യുവാവായും, എട്ട് പെൺകുട്ടികളുടെ കാമുകനായും, വർക്ക് ഷോപ് ജീവനക്കാരനായും, ബിസിനസ്സ് മാഗ്‌നറ്റായും അദ്ദേഹം അതിഗംഭീര പ്രകടനമായിരുന്നു. സംഘട്ടനരംഗങ്ങളിൽ ശരിക്കും കിടുക്കിക്കളഞ്ഞു. കോമഡി രംഗങ്ങളിൽ അദ്ദേഹം അസാധ്യ പെർഫോമൻസ് ആയിരുന്നു. കോമഡികൾ ഓർത്ത്, എഴുതുന്ന ഈ എനിക്ക് ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. ഹ ഹ ഹാ (ശോഭ ചിരിക്കുന്നില്ലേ?)

ഡുണ്ടുമോൾ എന്ന നായികാകഥാപാത്രത്തെ ഹർഷിണി അവതരിപ്പിച്ചു. ഗായികയായും, വഴക്കാളിയായും, എന്നാൽ മദ്യപാനിയായ അച്ഛന്റെ കൊടിയപീഢനങ്ങൾ ഏറ്റുവാങ്ങുന്ന ദുർബ്ബല സ്ത്രീയായും, കാമക്കണ്ണുകളോടെ തന്നെ ക്ഷണിച്ച മ്ലേഛനെതിരെ ഒരു കൊടുങ്കാറ്റായും, തകർപ്പൻ പ്രകടനം തന്നെ ഡുണ്ടുമോൾ കാഴ്ചവച്ചു. നാഗവല്ലിയൊക്കെ എന്ത്.. (നായികയ്ക്ക് ചേരുന്ന പേരുതന്നെ ആയിരുന്നു.)

കൈകൾ കൊണ്ടുള്ള ഡുണ്ടുമോളുടെ വിക്ഷേപങ്ങൾ വർണ്ണനാതീതമാണ്.. ദേഷ്യം വരുമ്പോൾ വിരൽ ചൂണ്ടും, സന്തോഷം വരുമ്പോൾ കൈ ചുരുട്ടും, എന്തിന്, പിതാവിനോടുള്ള അരിശം പ്രകടമാക്കേണ്ടിവന്ന സാഹചര്യത്തിൽ, നടുവിരൽ പോലും നായിക ഉയർത്തിക്കാണിച്ചത്, വ്യത്യസ്തമായ കാഴ്ചയായിരുന്നു. (മുദ്ര ശ്രദ്ധിക്കണം മുദ്ര.) നൃത്തരംഗത്ത് നായികയുടെ വസ്ത്രധാരണം ശ്രദ്ധേയമാണ്. കേവലം രണ്ടേ രണ്ട് ജോഡി വസ്ത്രങ്ങൾ കൊണ്ട് ഒരു ഗാനചിത്രീകരണം പൂർത്തീകരിക്കപ്പെട്ടു എന്നത് ശ്രമകരവും, വ്യത്യസ്ഥവുമാണ്. (അശോകൻ.jpg)

നായകന്റെ അമ്മവേഷം അവതരിപ്പിച്ച സ്ത്രീ ലിപ്സ്റ്റിക് ഇട്ടത് കണ്ടപ്പോൾ മീൻ കറി വച്ചതിലേക്ക് അവർ മുഖം കുത്തി വീണതാണോ എന്നുപോലും തോന്നി. ശാലിനി, സിന്ധു, സഞ്ജുഷ, ഗോപിക, സബിയ മുഹമ്മദ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. എല്ലാവരും ഒന്നിനൊന്നു മെച്ചം എന്നേ പറയുവാൻ കഴിയൂ. ഇവരേക്കൂടാതെ ഏതാനും നാടക നടീനടന്മാരും, തൊഴിലുറപ്പുകാരും, അണ്ടിയാപ്പീസിൽ പോകുന്ന ചിലരും ചിത്രത്തിൽ വേഷമിട്ടു.

CINEMATOGRAPHY: ക്യാമറാമാൻ രാജേഷ്. ഒരു ക്യാമറ സ്റ്റാൻഡ് സ്വന്തമായി വാങ്ങിയിരുന്നെങ്കിൽ
എന്ന് ചിലപ്പോൾ തോന്നിപ്പോയി. ചില പ്രത്യേകസാഹചര്യങ്ങളിൽ, നായികയുടെ ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം ക്യാമറ വലിച്ചെറിയുകയായിരുന്നോ എന്നുപോലും നോം ചിന്തിച്ചു.

EDITING: നാഷണൽ അവാർഡ് ജേതാവായ വിവേക് ഹർഷനെ കടത്തിവെട്ടുന്ന എഡിറ്റിംഗ് മികവാണ് ഇവിടെ കാണുവാൻ സാധിച്ചത്. ധാരാളം രംഗങ്ങൾ എഡിറ്റ് ചെയ്ത് കയറ്റേണ്ട ചുമതല ഇവിടെ ഉണ്ടായിരുന്നു. പ്രേക്ഷകനെ പുഞ്ചിരിയോടുകൂടി തിയെറ്ററിൽ പിടിച്ചിരുത്തുന്നതിൽ എഡിറ്റിംഗ് ഒരു വലിയ പങ്കുവഹിച്ചു.

ശബ്ദമിശ്രണം കൗതുകകരമായിരുന്നു. നഗരത്തിലൂടെ വാഹനങ്ങൾ പായുമ്പോൾ, വാഹനം ബ്രേക്ക് ചെയ്യുന്ന ശബ്ദം മാത്രം ചിത്രത്തിലുടനീളം കേട്ടു. വെള്ളച്ചാട്ടങ്ങൾ കാണിക്കുമ്പോഴും, സ്വിമ്മിംഗ് പൂൾ കാണിക്കുമ്പോഴും, എന്തിന് റോഡിലെ കുഴികളിൽ തങ്ങിനിൽക്കുന്ന ചെളിവെള്ളം കാണിക്കുമ്പോൾ പോലും പശ്ചാത്തലത്തിൽ കേൾക്കുന്നത് 'ഗുളു ഗുളു' ശബ്ദം മാത്രം.

ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ എടുത്തുപറയേണ്ടതാണ്. സ്റ്റണ്ട് സിൽവയോ മാഫിയ ശശിയണ്ണനോ പീറ്റർ ഹെയിനോ ഒരുക്കുന്നതിലും അപ്പുറമായിരുന്നു അവ. ഐസക് ന്യൂട്ടൺ ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ ചിത്രം കണ്ടാൽ ആത്മാഹുതി ചെയ്‌തേക്കാം. രണ്ടു വിരൽ കൊണ്ടൊക്കെ വില്ലനെ കുത്തിമലർത്തും. സ്ലോമോഷനിലുള്ള നടത്തവും ശ്രദ്ധേയമാണ്.

MUSIC & ORIGINAL SCORES

ജന്മമേകിയ മാതാവ് പോലും സഹിക്കാത്ത ഗാനങ്ങളായിരുന്നുവെന്ന് ആദ്യം കേൾക്കുമ്പോൾ തോന്നിയേക്കാമെങ്കിലും, അവയെല്ലാം അർത്ഥസമ്പൂർണ്ണമായവയായിരുന്നു.. 'Music is the name of love love..' ( you are my Jackosn- Michael Jackosn) എന്ന super hit ഗാനം കേൾക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നെങ്കിലും, സിനിമ കഴിഞ്ഞപ്പോഴായിരുന്നു അറിഞ്ഞത്, ആ ഗാനം ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന ചിത്രത്തിലേതായിരുന്നു എന്ന്. (ആ സിനിമക്കായി കാഞ്ചനമാല മൊയ്തീനെ കാത്തിരുന്നതുപോലെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.)

ദേവീ ശ്രീദേവി..' എന്ന ഗാനം ടൈറ്റിൽ ഗാനമായും, പ്രണയഗാനമായും കേൾപ്പിക്കുന്നുണ്ട്. (ദേവ്യേ..) പച്ചയാം വിരിപ്പിട്ട എന്നുതുടങ്ങുന്ന രണ്ടാം ഗാനം, ഉത്സവപ്രതീതി നൽകും വിധത്തിലുള്ളതാണ്. 'പണം വരും പോകും' എന്ന ഗാനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. പാറമടയിലും കുളിക്കടവിലും ചിത്രീകരിച്ച ഗാനരംഗത്തിനിടെ, നാഷണൽ ജ്യോഗ്രഫിക്, അനിമൽ പ്ലാനറ്റ്, തുടങ്ങിയ ചാനലുകളിൽ കാണുന്ന പ്രോഗ്രാമുകളുമായോ, 'സഞ്ചാര'ത്തിലെ ഏതാനും എപ്പിസോഡുകളുമായാ രംഗങ്ങൾക്ക് സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

നയാഗ്ര വെള്ളച്ചാട്ടം, ആമസോൺ മഴക്കാടുകൾ, വിദേശരാജ്യത്ത് ഷൂട്ട് ചെയ്ത വിവിധ ദൃശ്യങ്ങൾ എന്നിവയുൾപ്പെട്ട സ്‌മൈൽ സ്‌മൈൽ സ്‌മൈൽ എന്ന ഗാനം, ഒരു 'കുത്ത്' സോംഗ്' എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ളതാണ്. ഈ അത്യുജ്ജ്വല ഗാനരംഗത്ത്, സിംഹം, മണ്ണുമാന്തിയന്ത്രം, ദിനോസർ, കുതിര, കപ്പൽ, തെങ്ങിൻ മടൽ, എലി, കാറുകൾ, ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയോടൊപ്പം, സ്വർണ്ണ ചിറകുകൾ വച്ച സന്തോഷ് പണ്ഡിറ്റ് പറക്കുന്ന രംഗങ്ങൾ ആരെയും അത്ഭുത പുളകിതരാക്കും.

പെണ്ണുകെട്ടിക്കഴിഞ്ഞാൽ ജീവിതം, കാലൊടിഞ്ഞ കട്ടിൽ പോലെയാ..' എന്നുതുടങ്ങുന്ന ഗാനം സ്ത്രീകളെ അടച്ചാക്ഷേപിക്കും വിധത്തിലുള്ളതാണ്.

വിദേശമദ്യം' എന്നുതുടങ്ങുന്ന യുഗ്മഗാനം മദ്യം കാർന്നുതിന്നുന്ന മനുഷ്യന്റെ അവസ്ഥകളെ എടുത്തുകാണിക്കുന്നു. (അവസ്ഥകൾ) മദ്യം മൂലം നായികയ്ക്ക് വീട്ടിലുണ്ടായ ദാരിദ്ര്യത്തോടൊപ്പം, നായികയുടെ വസ്ത്രദാരിദ്ര്യവും ഈ ഗാനരംഗത്ത് ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. അൽപവസ്ത്രധാരിണിയായ നായികയോടൊപ്പം ഒരു അസ്ഥികൂടം നൃത്തം ചെയ്യുന്നത് അതിനൂതന സാങ്കേതികവിദ്യയുടെ തെളിവാണ്.

'മലർ മഞ്ജുളെ നീ മറയരുതേ' എന്നുതുടങ്ങുന്ന ഗാനം, 'മധുചന്ദ്രികേ നീ മറയുന്നുവോ' എന്ന ഗാനത്തിന് വരികളുമായി സാമ്യം തോന്നും. ഈ ഗാനരംഗത്തിൽ, നായിക മെട്രോ ട്രെയിനിനകത്തും, റെയിൽവേ ട്രാക്കിലും, കടലിനു നടുവിലും ചെരുപ്പിടാതെ നൃത്തം ചെയ്തിരിക്കുന്നു. 'പകൽ പോയതറിയാതെ' തമസ്സിൽ എന്നുതുടങ്ങുന്ന വിരഹഗാനത്തിലെ 'ഭൂതകാല കീറത്തുണികൾ' എന്നുതുടങ്ങുന്ന വരികൾ ഹൃദയഭേദകമാണ്.

കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ അതേ ബി.ജി.എം ഇവിടെയും ഉപയോഗിക്കപ്പെട്ടു. മങ്കാത്ത, തുപ്പാക്കി, പരസ്പരം, മാനസപുത്രി, കിങ്കുമപ്പൂവ്, ആംഗ്രി ബേർഡ്‌സ് തുടങ്ങിയവയിൽ കേട്ട ഈണവുമായി ഇവയ്ക്ക് ചിലപ്പോൾ സാമ്യം തോന്നിയേക്കാം.

OVERALL VIEW

എട്ട് ഗാനങ്ങളും എട്ട് നൃത്തങ്ങളും, സംഘട്ടനങ്ങളും കോർത്തിണക്കിയ ഒരത്യപൂർവ്വ കലാവിരുന്ന്. ഹാസ്യചിത്രമെന്നോ survival story എന്നോ, റൊമാൻസ് എന്നോ, റിവഞ്ച് എന്നോ വിശേഷിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. (ഹൊറർ മുവീ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.) നർമ്മത്തിന്റെ മേമ്പൊടിയിൽ വെള്ളമൊഴിച്ച് കുഴച്ചെടുത്ത വ്യത്യസ്തമായ കഥ, അത്യുജ്ജ്വല തിരക്കഥ, പൂർണ്ണമായും, ഹാസ്യചിത്രമല്ലെങ്കിലും, ഏവരേയും പൊട്ടിച്ചിരിപ്പിക്കുന്ന മൂർച്ചയേറിയ സംഭാഷണങ്ങൾ, എങ്ങും കണ്ടിട്ടില്ലാത്ത, മറ്റാർക്കും കഴിയാത്ത വിധത്തിലുള്ള മികച്ച ആവിഷ്‌കാരം.

റിയാലിറ്റി ഷോകൾ മത്സരാർത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും ഏതെല്ലാം വിധങ്ങളിൽ ബാധിക്കുമെന്ന് തുറന്നുകാണിക്കുന്നതോടൊപ്പം, ഇത്തരം പരിപാടികളുടെ ഉള്ളറയിൽ നടക്കുന്ന ചില നീചമായ പ്രവൃത്തികളിലേക്ക് സന്തോഷ് പണ്ഡിറ്റിന്റെ ക്യാമറ ഇറങ്ങിച്ചെന്നു.

സാധാരണ സിനിമകളിൽ അമ്മമാരുടെ സ്‌നേഹത്തെ എടുത്തുകാണിക്കുവാനായി, അവരുടെ സ്വാർത്ഥതയും ദുർസ്വഭാവങ്ങളും മറച്ചുവയ്ക്കപ്പെടുമ്പോൾ, ഇവിടെ സന്തോഷ് പണ്ഡിറ്റിലെ എഴുത്തുകാരൻ കത്തിജ്വലിക്കുന്നു. അമ്മമാർ തെറ്റ് ചെയ്താലും, അത് തെറ്റാണ് എന്ന് പറയുവാനുള്ള ആർജ്ജവം നേടിയ നായകനെ നമുക്കിവിടെ കാണാവുന്നതാണ്.

സാധാരണക്കാരുടെ വീടുകൾ കയറിയിറങ്ങി കറിമസാലകളും, ഇലക്ട്രോണിക് ഉപകരണങ്ങളും, പുസ്തകങ്ങളും, സമ്മർദ്ദം ചെലുത്തി വിൽക്കുവാൻ ശ്രമിക്കുന്ന വ്യക്തികളേയും, അവരെ നിയോഗിക്കുന്ന സംഘടനകളേയും, അവരുടെ പൊള്ളത്തരങ്ങളേയും, അതിനിരയാവുന്നവരുടെ പച്ചയായ ജീവിതത്തേയും നായകൻ വെളിച്ചത്തുകൊണ്ടുവന്നു.

പ്രണയരംഗങ്ങൾ അതിമനോഹരമായിരുന്നു. നായികയുടെ ശരീരത്തോട് ഇഴുകിച്ചേർന്നുള്ള നായകന്റെ പ്രകടനങ്ങൾ, 'ഗ്രഹണി പിടിച്ചവന് ചക്കക്കൂട്ടാൻ കിട്ടിയ അവസ്ഥ പോലെ തോന്നി' എന്ന് ചിലർ പറഞ്ഞേക്കാമെങ്കിലും, അത് നായകൻ കഥാപാത്രത്തോട് കാണിച്ച നീതി-അല്ലെങ്കിൽ അർപ്പണബോധമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. (ഒരുപക്ഷേ ഞാൻ മാത്രം)

'ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയല്ലേ.. പണിപാളും' എന്ന അതിഗംഭീര മാസ്സ് ഡയലോഗിനു ശേഷം, ചാറ്റൽ മഴ പെയ്തു എന്നത്, ഇന്നോളം കാണാത്തവിധമുള്ള, വ്യത്യസ്തമായ ഒരനുഭവമായിരുന്നു. (പക്ഷേ അത് ക്യാമറയിൽ നായകന്റെ തുപ്പൽ തെറിച്ചതായിരുന്നു എന്ന് ചിലർ അടക്കം പറയുന്നത് കേട്ടു.)

മോഹൻലാൽ, ജയൻ തുടങ്ങിയവരുടെ ഡയലോഗുകൾ നായകൻ അനുകരിക്കുന്നതായ രംഗങ്ങൾ, ജന്മനാ കൈകളില്ലാത്തവനെപ്പോലും കയ്യടിപ്പിച്ചേക്കാം. റിയാലിറ്റി ഷോയിൽ ഒരു കോടിരൂപയുടെ കാർ സമ്മാനമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച നായികയ്ക്ക് ലഭിച്ചത് Mahindra Xylo taxi ആണ്. (കൊടും ചതി. അല്ലേ)

'എടി കോപ്പേ ഈ ബ്ലാങ്ക് ചെക്കുകൊണ്ട് നീ എന്നെ പറ്റിച്ച പൈസ എനിക്ക് എടുക്കാൻ പറ്റും. പക്ഷേ നീ തകർത്ത ഹൃദയം എനിക്ക് തിരിച്ചു കിട്ടുവോ വോ വോ..' -നായിക ചതിച്ചു എന്നറിഞ്ഞപ്പോൾ കേട്ട, നായകന്റെ ഈ ഡയലോഗ് ആരുടേയും മിഴികളെ ആർദ്രമാക്കും.

സ്വത്തുതർക്കം, പണസ്‌നേഹം, ഭൂമാഫിയകളുടെ കടന്നുകയറ്റം, Multinational കമ്പനികളുടെ ആഗമനം, സ്റ്റീൽ ബോംബ് നിർമ്മാണം, ക്രിക്കറ്റ് വാതുവെയ്പ്പ്, കോഴ, തുടങ്ങിയ വിവിധ വിഷയങ്ങളിലേക്ക് ചിത്രം ആഴ്ന്നിറങ്ങുന്നുണ്ട്. സമസ്ത മേഖലകളെ കൈകാര്യം ചെയ്ത ഈ ചിത്രം, മലയാളികൾക്ക് നൊയമ്പ് സമയത്ത് ലഭിച്ച ഒരു കൈനീട്ടമാണ്. ഇനിമുതൽ മലയാള സിനിമ, 'ടിന്റുമോൻ എന്ന കോടീശ്വരനു' മുൻപും ശേഷവും എന്നായിരിക്കും അറിയപ്പെടുക.

'ടിന്റുമോനെ കൊല്ലാൻ നീ ഒരു ജന്മമല്ല, പത്തുജന്മം ജനിച്ചാലും നടക്കില്ല..'എന്ന ഡയലോഗ് 'വരയൻപുലിമുരുകൻ' ടീസറിനെ ഓർമ്മിപ്പിച്ചു.

പ്രേക്ഷകാംഗീകാരങ്ങൾ നേടി, നാലാം വാരത്തിലേക്ക് കടന്നുകൊണ്ട്, വിജയത്തിന്റെ വെന്നിക്കൊടി നാട്ടുവാനയി രണ്ടരയടി താഴ്ചയിൽ കുഴികുഴിച്ച കമ്മട്ടിപ്പാടത്തിന്റെയും, ഹാപ്പി വെഡ്ഡിംഗിന്റെയും കളക്ഷനെ 'ടിന്റുമോൻ' നേടുവാനിരിക്കുന്ന വൻവിജയം ബാധിച്ചേക്കാമെന്നുറപ്പ്. മമ്മൂട്ടിച്ചിത്രമായ 'വൈറ്റ്' റിലീസ് ആഗസ്റ്റിലേക്ക് already മാറ്റിക്കഴിഞ്ഞു. (എന്തരാകുവോ എന്തോ)

വാൽക്കഷണം:

കൃഷ്ണനും രാധയും കാണുവാൻ പോയപ്പോൾ പൂവാർ, പാറശ്ശാല, നേമം, വെള്ളയാണി, ബാലരാമപുരം, വെടിവച്ചാൻ കോവിൽ, ആര്യനാട്, കാട്ടാക്കട, വെള്ളറട, പൂച്ചാക്കൽ, തമ്പാനൂർ ദേശത്തുള്ളവരുടെ വൈവിധ്യമാർന്ന തെറിവിളികൾ പഠിക്കുവാൻ എനിക്ക് സാധിച്ചെങ്കിൽ, ഇപ്പോൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, തോപ്പും പടി, അരൂർ, തൃപ്പൂണിത്തുറ, വൈപ്പിൻ, എളമക്കര, കുണ്ടന്നൂർ തുടങ്ങിയ ഇടങ്ങളിലെ അർത്ഥഗർഭമായ ചില തെറികൾ കേൾക്കുവാൻ കഴിഞ്ഞു. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നുപോലും ജനങ്ങൾ എത്തിയെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു.

ശരിയാ.. നല്ലതിനെ അംഗീകരിക്കാൻ മലയാളികൾ പഠിച്ചിട്ടില്ല.