സ്വപ്നങ്ങളുടെ മുക്കുവർ

ചിനുവ അച്ചബെ, എൻഗൂഗി വാ തിയോംഗോ, ബെൻ ഓക്രി തുടങ്ങിയ ലബ്ധപ്രതിഷ്ടരായ ആഫ്രിക്കൻ എഴുത്തുകാരിലൂടെ സുപരിചിതമായ ഒരു രീതിയാണ് രൂപപരമായി സാമ്പ്രദായിക ഇംഗ്ലീഷ് നോവലിനെ മാതൃകയാക്കുമ്പോഴും ഗോത്രീയവും പാരമ്പര്യാധിഷ്ഠിതവുമായ വാമൊഴി വഴക്ക കഥാഖ്യാന രീതിയിൽ ഊന്നുക എന്നത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തെ അവതരിപ്പിക്കുമ്പോഴും ആഫ്രിക്കൻ സാഹിത്യം ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിഭാവുകത്വത്തിൽ വീണു പോവുന്നില്ല എന്നതും ഇതോടു ചേർത്തു കാണാം. ചിഗോസി ഒബിയാമയുടെ 'മുക്കുവ'രെ സമീപിക്കുമ്പോൾ ഈ നിരീക്ഷണങ്ങളൊക്കെയും സംഗതമാണ്. ഫസൽ റഹ്മാൻ എഴുതുന്നു.

സ്വപ്നങ്ങളുടെ മുക്കുവർ

ഫസൽ റഹ്മാൻ

Come, follw me, I will make you fishers of men - Mathew - 4 : 19

ഒന്നുരണ്ടു പതിറ്റാണ്ടുകളായി ലോക സാഹിത്യത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശുഭോദർക്കമായ ഒരു കാര്യം ആഫ്രിക്കൻ നോവൽ സാഹിത്യ രംഗത്തുണ്ടായിട്ടുള്ള ഉണർവ്വാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമാൻഡാ എൻഗോസി അദീചി, നോവിയോലെറ്റ് ബുലാവായോ, തേജോ കൂലെ, അലൈൻ മബാംങ്കൂ, തായെ സലാസി, ഡീനോ മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയിൽ ജനിച്ചു പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്‌കൃതിയുടെയും നേട്ടങ്ങൾ സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ ഒരു നിര രംഗം കയ്യടക്കിയത് വായനക്കാരെ മുഗ്ദ്ധരാക്കിയ രചനകളിലൂടെയാണ്. ഈ നിരയിൽ ഏറ്റവും ശക്തമായ ഒരു പുത്തൻ സാന്നിധ്യമാണ് യുവ നൈജീരിയൻ എഴുത്തുകാരൻ ചിഗോസി ഒബിയാമ. തന്റെ പ്രഥമ നോവലായ 'ദി ഫിഷർമെൻ' എന്ന കൃതിയിലൂടെത്തന്നെ നൈജീരിയൻ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ പിൻഗാമി എന്ന് പോലും നിരൂപക പ്രശംസ നേടിയെടുക്കാൻ ഒബിയാമക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ബുക്കർ പുരസ്‌കാര പരിഗണനയിൽ അവസാന ഘട്ടം വരെയെത്തുകയുണ്ടായി 'മുക്കുവർ'. അറുപതുകളിലെയും എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത വയലൻസിന്റെയും കുടിപ്പകകളുടെയും രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ ജമൈക്കൻ തെരുവുകളുടെ പശ്ചാത്തലത്തിൽ റഗ്ഗെ രാജാവ് ബോബ് മാർലിയുടെ നേരെ നടന്ന വധശ്രമത്തിന്റെയും പരിണതികളുടെയും കഥ പറയുന്ന, പുരസ്‌കാരജേതാവായ മാർലൻ ജെയിംസിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെൻ കില്ലിംഗ്‌സ്'; ബ്രിട്ടനിൽ നിയമവിരുദ്ധമായി കുടിയേറുന്ന തൊഴിലന്വേഷകരുടെ വലിഞ്ഞു മുറുകുന്ന ജീവിതം ആവിഷ്‌കരിക്കുന്ന, ശക്തമായ ഇന്ത്യൻ പശ്ചാത്തലമുള്ള സഞ്ജീവ് സുഹോത്തയുടെ 'ദി ഇയർ ഓഫ് ദി റൺഅവെയ്‌സ് ' എന്നിവയെ അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും ആർദ്രവുമായ വായനാനുഭവം ഒബിയാമയുടെ കൃതിയാണെന്നാണ് ലേഖകന്റെ അനുഭവം.


കായേൻ - ആബേൽ ഇതിഹാസത്തിന്റെ നിഴൽ

പശ്ചിമ നൈജീരിയയിലെ ഒരു ചെറു പട്ടണമായ അകുറേയിൽ മധ്യ വർഗ്ഗ വിഭാഗമായ അഗ് വു കുടുംബത്തിലെ പതിനാലിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള ഇകേന, ബോയെ, ഒബേംബെ, ബെന്യാമിൻ എന്നീ സഹോദരങ്ങളുടെ കൗമാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കായേൻ - ആബേൽ ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും കാല ഗണനയിൽ മുതിർന്നു വരവിന്റെ കഥയായി (coming-of-the-age) നോവൽ ഇതൾ വിടർത്തുന്നത്. പുതിയ കാലത്തിന്റെ കുടുംബാസൂത്രണ വേദാന്തത്തിൽ താല്പര്യമില്ലാത്ത, ഗംഭീരനായ പിതൃസ്വരൂപ (patriarchal) ആശയത്തിൽ വിശ്വസിക്കുന്ന, നൈജീരിയൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ ആയ മി. അഗ് വു, നിറയെ മക്കളുള്ള വലിയ കുടുംബത്തെയാണ് ആഗ്രഹിക്കുന്നത്. നാൽവരിൽ ഇളയവനായ, കഥാരംഭത്തിൽ ഒമ്പത് വയസ്സുകാരനായ ബെന്യാമിൻ അച്ഛനും അമ്മയും കൂടാതെ പൊടിക്കുഞ്ഞുങ്ങളായ ഡേവിഡും അനിയത്തി എൻകേമും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം അപ്രതീക്ഷിതമായി തകിടം മറിയുന്നതിന്റെയും തകരുന്നതിന്റെയും കഥ പറയുന്നു. ജനറൽ സാനി അബാച്ചയുടെ കിരാതമായ പട്ടാള ഭരണത്തിന്റെ കാലഘട്ടത്തിലും പുരോഗമനവാദിയായ അഗ് വു എന്ന എമേ തന്റെ മക്കളെ കുറിച്ച് വലിയ സ്വപ്നങ്ങളാണ് വെച്ചുപുലർത്തുന്നത് - വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായി വളർന്ന് അവർ ജീവിത വിജയം നേടും - പൈലറ്റ്, അഭിഭാഷകൻ, ഡോക്റ്റർ, പ്രൊഫസർ. വിദ്യാഭ്യാസവും പ്രൊഫഷണൽ അഭിവാഞ്ചയും മാത്രമാണ് എങ്ങും അഴിമതി വേരോടിയ നാട്ടിന്റെ അവസ്ഥയിൽ നിന്ന് മോചനം നേടാൻ മക്കൾക്കുള്ള മാർഗ്ഗം എന്ന് അയാൾ വിശ്വസിക്കുന്നു. അയാളുടെ സാന്നിധ്യത്തിൽ അടങ്ങിയൊതുങ്ങിക്കഴിയുന്ന കുട്ടികൾ പക്ഷെ, അകലെയുള്ള വടക്കൻ നഗരം യോലായിലേക്ക് അയാൾക്ക് സ്ഥലം മാറ്റമാവുന്നതോടെ ഇളയുതുങ്ങളെ നോക്കുന്നതോടൊപ്പം ചന്തയിലെ പച്ചക്കറിക്കടയും നോക്കി നടത്തേണ്ട ബാദ്ധപ്പാടുകളുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രോഗങ്ങളുടെയും അപശകുനങ്ങളുടെയും ദുരൂഹ മരണങ്ങളുടെയും കേന്ദ്രമായ വിലക്കപ്പെട്ട ഓമി ആലാ നദിയിലേക്ക് ഒളിപ്പിച്ചു കടത്തുന്ന ചൂണ്ടകളുമായി അവർ മുക്കുവരാവുന്നു. ഇവിടെ വെച്ചാണ് പട്ടണത്തിന്റെ ഭ്രാന്തൻ സിദ്ധനും ദുരന്തങ്ങളുടെ മാത്രം പ്രവചനക്കാരനുമായ ദുർന്നിമിത്തക്കാരൻ അബൂലു അവരുടെ ജീവിതത്തിലേക്ക് എന്നേക്കുമുള്ള കരിനിഴൽ വീഴ്ത്തുക: മൂത്തവൻ ഇകേന കൊല്ലപ്പെടും, ഒരു സഹോദരന്റെ കൈ കൊണ്ട്, ഒരു മുക്കുവന്റെ കൈ കൊണ്ട്.

മുത്തശ്ശിക്കഥ പോലെയുള്ള ഈ ലളിതമായ തുടക്കം പക്ഷെ സങ്കീർണ്ണവും ഇരുണ്ടു നിഗൂഡവും ഭീകരസ്വപ്ന സമാനവുമായ അവസ്ഥയിലേക്ക് മാറുന്നത് അബൂലുവിന്റെ പ്രവചനം ഇകേനയിൽ മതിഭ്രമ സ്വഭാവമുള്ള മാനസിക പിരിമുറുക്കവും വിഭ്രാന്തിയും സൃഷ്ടിച്ചു തുടങ്ങുന്നതോടെയാണ്. അവൻ 'മോചനമില്ലാത്ത വിധം തടവിലായിപ്പോയ, അതിനപ്പുറം മറ്റൊന്നും നില നിൽക്കുന്നില്ലെന്ന മട്ടിലുള്ള ഒരു കൂട്ടിലടക്കപ്പെട്ട ലോകമായി' മാറുന്നു. താനുൾപ്പടെ സഹോദരങ്ങൾ നിധി പോലെ സൂക്ഷിച്ച രണ്ടു വസ്തുക്കൾ അവൻ നശിപ്പിക്കുന്നുണ്ട്. നൈജീരിയയുടെ പ്രസിഡൻറ് പദവിയിലേക്ക് ഉയർന്നു വരുമായിരുന്ന MKO അബിയോല (Mashood Kashimawo Olawale Abiola - 1937-1998) യോടൊപ്പം ചേർന്നുള്ള അവരുടെ ഒരു ഫോട്ടോ, അദ്ദേഹത്തിന്റെ വിജയംതടഞ്ഞുവെക്കുകയും അസാധുവാക്കുകയും ചെയ്ത പട്ടാളനടപടിയെ തുടർന്നുണ്ടായ കലാപാന്തരീക്ഷത്തിൽ കലുഷമായ തെരുവിലൂടെ സഹോദരങ്ങളെ സുധീരം സുരക്ഷിതത്വത്തിലേക്ക് കൊണ്ടുപോയ ഇകേനയെ കുറിച്ച് പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് ('Young Hero Drives His Brotheres to Safety') എന്നിവ. എല്ലായിപ്പോഴും തൊട്ടു താഴെയുള്ള അനിയൻ ബോയേയെ ഭീഷണമായ വൈരാഗ്യത്തോടെ ഇകേന കാണാൻ തുടങ്ങുന്നതോടെ വീട്ടിനകത്തും പുറത്തും വിടവുകൾ സൃഷ്ടിക്കപ്പെടുന്നു. ഈ കായേൻ - ആബേൽ സംഘർഷം ഇരുവരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലും ഇകേനയുടെ കൊലയിലും തുടർന്ന് ബോയേയുടെ ആത്മഹത്യയിലും ആണൊടുങ്ങുക. മനസ്സിന്റെ സമനില തെറ്റിയ അമ്മ മനോരോഗ ചികിത്സാലയത്തിലും എത്തിച്ചേരുന്നു.

അബൂലു - ശാപങ്ങളുടെ പാഗൻ പ്രതീകം

''ഇഗ്‌ബോ ദേശത്തെയാകെയും ക്രിസ്തുമതം തൂത്തുവാരിക്കഴിഞ്ഞിരുന്നെങ്കിലും ആഫ്രിക്കൻ പരമ്പരാഗത മതത്തിന്റെ പൊട്ടും പൊടിയും ആ ചൂലിൽ നിന്ന് രക്ഷപ്പെട്ടു കിടന്നിരുന്നു'വെന്ന് നോവലിൽ ഒരിടത്ത് പറയുന്നുണ്ട്. നോവലിലെങ്ങും സമൃദ്ധമായി കാണപ്പെടുന്ന രൂപകങ്ങളുടെയും ദൃഷ്ടാന്ത കഥാമാതൃകകളുടെയും സാന്നിധ്യം ഈ സമന്വയത്തെ സൂചിപ്പിക്കുന്നു. മിക്ക അധ്യായങ്ങളുടെയും തുടക്കങ്ങൾ അവയുടെ തലക്കെട്ടായി വരുന്ന രൂപകങ്ങളുടെ കാച്ചിക്കുറുക്കിയ പ്രസ്താവനാരൂപങ്ങളിലൂടെ കഥാപാത്ര പഠനത്തിൽ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് The Eagle എന്ന അദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: ''അച്ഛൻ ഒരു പ്രാപ്പിടിയനായിരുന്നു'. അത് പോലെ: ''ഇകേന ഒരു മലപാമ്പായിരുന്നു (The Python)', ''അമ്മ ഒരു പക്ഷിവേട്ടക്കാരിയായിരുന്നു (The Falconer)', ''ഇകേന ഒരു കുരുവിയായിരുന്നു (The Sparrow)'', ''ബോയ ഒരു ഫംഗസ് ആയിരുന്നു (The Fungus)'', ''ഒബേംബെ ഒരു മണംപിടിക്കും ശ്വാനനായിരുന്നു (The Searchdog), ''എന്നാൽ അബുലു ഒരു ലെവിയാതൻ ആയിരുന്നു (The Leviathan) എന്നിങ്ങനെ. സർവ്വകാല ദ്യോതകമായി വരുന്ന ഏക വാചകാഖ്യാനം ഒരൊറ്റ അധ്യായത്തിനേ ഉള്ളൂ: ''വെറുപ്പ് ഒരു അട്ടയാണ് (The Leech)''. അതാരെ പിടികൂടുന്നുവോ അയാൾക്ക് കനത്ത വില നൽകേണ്ടി വരും. അതൊരു കുടുംബ/വൈയക്തികാനുഭവം എന്നതിലേറെ ഒരു പ്രാപഞ്ചിക സത്യം കൂടിയാണല്ലോ. മഹാപ്രളയാനന്തര ഭൂമിയിൽ തടിച്ചു കൊഴുത്തുപോയ കടൽ ഭീമനെ കുറിച്ചുള്ള ആ ലെവിയാതൻ എന്ന രൂപകം പോലെത്തന്നെ ക്രിസ്തീയ പൂർവ്വമായ പാഗൻ സങ്കൽപ്പനത്തിലൂടെ തന്നെയാണ് മറ്റിടങ്ങളിലും അബൂലുവിനെ അവതരിപ്പിക്കുന്നത്. 'അയാൾ ഒരു ഭ്രാന്തൻ ആയിരുന്നു' എന്ന് തുടങ്ങുന്ന അദ്ധ്യായം (The Madman) ആരംഭിക്കുന്നത് അയാളുടെ വിനാശകരമായ പ്രഭാവം സൂചിപ്പിക്കുന്ന ഒരു ഇഗ്‌ബോ പഴമൊഴിയോടെയാണ്. ''വിനാശകാരികളാവാൻ ദൈവങ്ങൾ തെരഞ്ഞെടുക്കുന്നവരെ അവർ ഭ്രാന്ത് നൽകി ശിക്ഷിക്കും.'' തങ്ങളുടെ ജീവിതത്തെ മുച്ചൂടും മൂടിയ ദുരന്തങ്ങൾക്ക് കാരണക്കാരനായ അബൂലുവിനെ വധിക്കാതെ സഹോദരങ്ങളുടെ ആത്മാക്കൾ തൃപ്തിപ്പെടില്ലെന്നും അത് സാധിക്കാതെ കാനഡയിലേക്ക് കുടിയേറിയാലും തങ്ങൾക്കു സമാധാനം ലഭിക്കില്ലെന്നും തീരുമാനിച്ചാണ് ഒബേംബെയും ബെന്യാമിനും ആ വേട്ട ആരംഭിക്കുന്നത്. എന്നാൽ അത് എളുപ്പമല്ലെന്നും മെൽവില്ലിന്റെ ക്യാപ്റ്റൻ അഹാബിനെ (Moby Dick- Herman Melville) പോലെ അതവരുടെയും നാശത്തിലേ കലാശിക്കൂ എന്നുമുള്ള സൂചനയാണ് പുരാണ പ്രോക്തമായ ഭീമൻ കടൽജീവിയുടെ രൂപകം സൂചിപ്പിക്കുന്നത്. പരസ്യമായി മുഷ്ടിമൈഥുനം നടത്തുകയും ശവരതിയിൽ ഏർപ്പെടുകയും ചെയ്യുന്ന, ഉന്മാദത്തിന്റെ എല്ലാ പടവുകളും താണ്ടിയ ചലിക്കുന്ന മാലിന്യക്കൂമ്പാരവും ദുർഗന്ധവാഹിയുമായ അബൂലുവിൽ വെറുക്കപ്പെട്ട ദുരന്ത പ്രവചന ശേഷി കൂടി കടന്നു കൂടുന്നതോടെ അയാൾ സമൂഹത്തിനും സംസ്‌കാരത്തിന് തന്നെയും ഭീഷണിയായിത്തീരുന്നു. ഗോൾഡിങ്ങിന്റെ 'ഈച്ചകളുടെ തമ്പുരാ'നെ ഓർമ്മിപ്പിക്കുന്ന അത്തരമൊരു മലീമസനായ പ്രവാചകൻ കൃസ്തീയമായ ദൈവപ്രഘോഷക സങ്കൽപ്പത്തിന്റെ ഏറ്റവും വക്രീകരിച്ച എതിരറ്റത്തു പോലും വരില്ലതന്നെ. ഒബേംബേയുടെ കഥയിലൂടെ അറിഞ്ഞ അബൂലുവിന്റെ ദയനീയമായ കൗമാരാനുഭവങ്ങളോ അയാളുടെ 'തലച്ചോറിനെ ഉടലിൽ പലയിടങ്ങളിലായി ചിതറിച്ചു മനസിനെ ആകെ താളം തെറ്റിച്ച' അപകടമോ ഒന്നും അയാൾക്ക് കാര്യമായ സഹതാപം നേടിക്കൊടുക്കുന്നില്ല. ഒബേംബേയും ബെന്യാമിനും അയാളെ വധിക്കുന്ന രീതിയിലെ ബീഭത്സത പോലും മുഴച്ചു നിൽക്കാത്ത ഒന്നാവുന്നത് നല്ലതൊന്നും പറയാനില്ലാത്ത അയാളുടെ പ്രകൃതം കൊണ്ടാണ്.

ശിഥിലമാകുന്ന ലോകവും പക്ഷിവേട്ടക്കാരിയും

വിനാശകരമായ വികാസത്തിന്റെ പാരമ്യത്തിൽ സ്വയം ചിതറിത്തെറിച്ച് ശിഥിലമാവുന്ന സംസ്‌കൃതിയേയും എല്ലാത്തിനെയും ഒരുമിപ്പിച്ചു നിർത്തുന്ന നിയന്ത്രകകേന്ദ്രത്തിന്റെ/ ശക്തിയുടെ പിടിവിട്ടുപോകുന്ന അവസ്ഥയെയും ഏറ്റവും ആത്യന്തികമായ രണ്ടു രൂപകങ്ങളിലൂടെ ( the widening gyre, the falconer) ആവിഷ്‌കരിച്ച ഡബ്ല്യു. ബി. യേറ്റ്‌സിന്റെ ആ കവിത (The Second Coming) പിറന്നിട്ട് ഒരു നൂറ്റാണ്ടാവുന്നു (1917). ഒബിയാമയുടെ ഏറ്റവും വലിയ പ്രചോദനമായ സാക്ഷാൽ ചിനുവ അച്ചബെ നൈജീരിയൻ സമൂഹത്തിന്റെ ശൈഥില്യങ്ങളെ അവതരിപ്പിച്ച മാസ്റ്റർപീസ് (Things Fall Apart) ഈ കവിതയുടെ പ്രചോദനത്തിലായത് സ്വാഭാവികമായിരുന്നു. ഒബിയാമയുടെ കൃതി ഈ യേറ്റ്‌സിയൻ സ്വാധീനം അച്ചബേയിലൂടെ തന്നെയാണ് സാക്ഷാത്കരിക്കുന്നത്.

നോവലിന്റെ ഘടനയിൽ ഏറെ മുഖപ്പിൽ നിൽക്കുന്ന കഥാപാത്രം ആദ്യഘട്ടത്തിൽ പ്രതാപിയും പിന്നീട് സഹനങ്ങളുടെ തോരാമഴയിൽ ബാക്കിയായ കുടുംബത്തിന്റെ ചിതറിപ്പോയ ഖണ്ഡങ്ങളെ പണിപ്പെട്ടു ഒരുമിച്ചു നിർത്താൻ പാട് പെടുന്നവനുമായ അച്ഛൻ ആണെങ്കിലും അതിന്റെ വൈകാരിക ശക്തി കേന്ദ്രം മമ്മയാണ്. അമ്മ ഒരു പക്ഷിവേട്ടക്കാരിയായിരുന്നു എന്ന് തുടങ്ങുന്ന (The Falconer) അധ്യായം ആദ്യം യേറ്റ്‌സിന്റെ അനശ്വര വരികൾ ഉദ്ധരിച്ച ശേഷം ഇങ്ങനെയാണ് തുടങ്ങുന്നത് :

''കുന്നിൻ മുകളിൽ നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ഒരാൾ, തന്റെ മക്കൾക്ക് സംഭാവിക്കാനിടയുള്ളതായി അവൾ കണ്ട എല്ലാ വിപത്തുകളെയും തട്ടിമാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നവൾ. സ്വന്തം മനസ്സിന്റെ പോക്കറ്റിൽ ഞങ്ങളുടെ മനസ്സിന്റെ പതിപ്പുകൾ അവൾക്ക് സ്വന്തമായിരുന്നു, അതുകൊണ്ട് എന്ത് വിപത്തുകളും അവയുടെ ഉത്ഭവത്തിൽ തന്നെ അവൾ മണത്തറിഞ്ഞു.''

മുതിർന്നു വരുന്ന നാല് ആൺകുട്ടികൾ ഉൾപ്പടെ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവനായും തന്നെയേൽപ്പിച്ചു ഉദ്യോഗം നോക്കാൻ പോവുന്ന അച്ഛനോട് അവൾക്കു ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് ഇതേ ദീർഘ വീക്ഷണം കൊണ്ട് തന്നെയാണ്. ''ഞാൻ ഏഴു കൈകളോടെ പിറന്നിരുന്നാലും എങ്ങനെയാണ് എനിക്ക് തനിച്ച് ഈ കുട്ടികളെ മുഴുവൻ ശ്രദ്ധിക്കാനാവുക!'' എന്ന അമ്മയുടെ നിരാശ ഒടുവിൽ ശരി തന്നെയായിരുന്നു എന്നും വ്യക്തമാണ്. ഇകേനയിൽ സംഭവിക്കുന്ന മാറ്റം രക്തം രക്തത്തെ തൊടും പോലെ തുടക്കത്തിലെ തിരിച്ചറിയുന്നതും മമ്മയാണ്. ബോയെയുടെ ആത്മഹത്യ കൂടിയാവുന്നതോടെ കാര്യ ശേഷിയുള്ള കുടുംബിനി എന്നതിൽ നിന്ന് നിസ്സഹായതയിലേക്കും മനസ്സിന്റെ പിടി വിട്ടു പോകുന്ന അവസ്ഥയിലേക്കുമുള്ള അവരുടെ മുങ്ങിത്താഴൽ തന്നെയാണ് നോവലിലെ ഏറ്റവും ഉള്ളുലയ്ക്കുന്ന അനുഭവവും. യേറ്റ്‌സിന്റെ ഏറ്റവും പ്രസിദ്ധമായ വരികൾ അമ്മയെ കുറിച്ചുള്ള അധ്യായത്തിൽ ഉദ്ധരിക്കപ്പിക്കപ്പെടുന്നത്, അവരുടെ തകർച്ചയോടെ കുടുംബം പിടിവിട്ടു പോവുന്നു എന്ന വസ്തുത കൂടി സൂചിപ്പിക്കുന്നു.

സ്വപ്നങ്ങളുടെ മുക്കുവർ

കായേൻ - ആബേൽ കഥയുടെ അന്തർധാര പോലെ നോവലിൽ ശക്തമായ മറ്റൊരു ബിബ്ലിക്കൽ സമാന്തരം മുക്കുവർ എന്ന സംജ്ഞയാണ്. 'എന്നെ പിന്തുടരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കും' എന്ന ക്രിസ്തു വചനം നോവലിന്റെ തലക്കെട്ടിന്റെയും ഉറവിടമാണ്. ഒരു കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുകയും സമീപ വാസികൾക്ക് കുടിവെള്ളവും മീൻ പിടിത്തത്തിലൂടെ അന്നവും ജീവിതവും നൽകുകയും ചെയ്യുമായിരുന്ന നദിയുടെ പതനം നോവലിൽ ഗൃഹാതുരതയോടെ ഓർമ്മിക്കുന്നുണ്ട്:

'ഓമി ആലാ ഒരു പേടിപ്പെടുത്ത നദിയായിരുന്നു.

മക്കളുപേക്ഷിച്ച അമ്മയെ പോലെ ദീർഘ കാലമായി അകുറെ പട്ടണത്തിലെ നിവാസികൾ ഉപേക്ഷിച്ചു കളഞ്ഞത്. എന്നാൽ ഒരിക്കൽ അത് ആദ്യകാല കുടിയേറ്റക്കാർക്ക് നല്ല കുടിവെള്ളവും മത്സ്യവും പ്രദാനം ചെയ്തുവന്ന ഒരു വിശുദ്ധ നദിയായിരുന്നു. അത് അകുറേയുടെ ഊടും പാവുമായി ഒരു സർപ്പത്തെ പോലെ ചുറ്റിക്കിടന്നു. ആഫ്രിക്കയിലെ അതുപോലുള്ള ഒരുപാട് നദികളെ പോലെ, ഒരിക്കൽ ഓമി ആലയും ഒരു ദൈവമാണെന്ന് വിശ്വസിച്ചു പോന്നു; ആളുകൾ അതിനെ ആരാധിച്ചു. അതിന്റെ പേരിൽ കോവിലുകൾ സ്ഥാപിച്ചു, ജലരാശിയിൽ വസിച്ച ഇയെമോജ, ഓഷാ, ജല ദേവതമാർ, മറ്റു മൂർത്തികളും ദൈവങ്ങളും എന്നിവയുടെയൊക്കെ ഇടപെടലിനായി അവർ അർഥിച്ചു. എന്നാൽ യൂറോപ്പിൽ നിന്നുവന്ന കൊളോണിയൽ ശക്തികൾ ബൈബിൾ അവതരിപ്പിക്കുകയും അതുപയോഗിച്ച് ഓമി ആലായുടെ വിശ്വാസികളെ വിലക്കെടുക്കുകയും ചെയ്തതോടെ, ഒട്ടുമുക്കാലും ക്രിസ്ത്യാനികൾ ആയിമാറിയ ജനങ്ങൾ നദിയെ ഒരു ദുഷ്ട പ്രദേശമായി കാണാൻ തുടങ്ങി. അഴുക്ക് പുരണ്ട ഒരു തൊട്ടിലായി അത് മാറി. ''

തത്ഫലമായി ഇപ്പോൾ മാലിന്യക്കൂമ്പാരത്തിലേക്കും രോഗ വിതരണ, കേന്ദ്രത്തിലേക്കും അനാഥ ശവങ്ങളുടെതുൾപ്പടെ നഗരത്തിന്റെ ഇരുൾ നീക്കങ്ങളുടെ ഇടത്തിലേക്കും ഉള്ള അതേ പുഴയുടെ അപചയം വർത്തമാന യാഥാർത്ഥ്യത്തിന്റെ പരിച്ചേദം തന്നെ. സ്വാഭാവികമായും അങ്ങോട്ടുള്ള യാത്ര കുടുംബത്തിൽ പിറന്ന കുട്ടികൾക്ക് വിലക്കപ്പെട്ടത് തന്നെ. അത് കൊണ്ട് തന്നെ ആറാഴ്ചയോളം തന്റെ കണ്ണ് വെട്ടിച്ചു അത് തുടരുന്നതിനുള്ള ശിക്ഷ മക്കൾക്ക് കിട്ടുന്നുണ്ടെന്ന് അമ്മ ഉറപ്പു വരുത്തുന്നുണ്ട്. എന്നാൽ, ശിക്ഷാമുറ ഏറ്റുവാങ്ങുന്ന മക്കളോട് ചുരത്തുന്ന വാത്സല്യത്തിന്റെ നിമിഷത്തിൽ ക്രിസ്തുവിന്റെ ഭാഷയിൽ അച്ഛൻ മക്കളോട് പറയുന്നുണ്ട്: ഞാൻ നിങ്ങളെ മുക്കുവരാക്കും, മനുഷ്യരെ വലവീശിപ്പിടിക്കുന്ന മുക്കുവർ; സ്വപ്നങ്ങളെ വീശിപ്പിടിച്ചു നായകരാവുന്നവർ. അങ്ങനെയാണ് അബൂലുവിന്റെ പ്രവചനത്തിൽ മുക്കുവർ ചേക്കേറുക. മക്കൾക്ക് കാനഡയിലേക്ക് കുടിയേറാനുള്ള അവസരമാണ് അവരുടെ സ്വപ്നങ്ങളെ വീശിപ്പിടിക്കാനുള്ള പുറപ്പാട് നിമിഷമായി അച്ഛൻ കാണുക. അത് സാധ്യമല്ലാതെ വരുന്നത് അയാളെയും തളർത്തുന്നുണ്ട്, അയാൾ ഇന്ന് പഴയ പ്രതാപിയായ പിതൃ സ്വരൂപമേയല്ല. മാനസികമായി തകർന്നു പോയി കുടുംബ നാഥയുടെ ഉത്തരവാദിത്തങ്ങളൊക്കെയും മറന്നു പോയ അമ്മയുടെ സ്ഥാനത്ത് കുഞ്ഞുങ്ങൾക്ക് വെച്ച് വിളമ്പിയും നഷ്ട സ്വപ്നങ്ങളുടെ ചാവേറിടത്തിൽ മൂകമായി സമരസപ്പെട്ടും സംഭവിക്കാനിടയില്ലാത്ത അത്ഭുതങ്ങൾക്കു കൺപാർത്ത് തോറ്റുപോയിരിക്കുന്നു അയാൾ.

ലക്ഷണമൊത്ത ട്രാജഡി

ചെറിയ മനുഷ്യർ വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണ് വെക്കുന്നത് ദൈവങ്ങൾക്ക് ഇഷ്ടമാവില്ല എന്നിടത്താണ് ക്ലാസിക്കൽ ട്രാജഡി ചുവടുറപ്പിക്കുന്നത്. ക്രിസ്തീയവും അതിനെതിരായ പാഗൻ ധാരകളും തമ്മിൽ നോവലിൽ സുവ്യക്തമായ അതിർവരമ്പുകൾ ഇല്ല എന്നത് കൊണ്ടാവാം, അരിസ്റ്റോട്ടിലിന്റെ ക്ലാസിക്കൽ ട്രാജഡി നിർവചനത്തിന്റെ സമവാക്യങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്നുണ്ട് 'മുക്കുവർ' . താനും തന്റെ കുടുംബവും സാമാന്യവും സാധാരണവുമായ ജീവിതാവസ്ഥകൾക്ക് മുകളിലാണെന്നും അത്‌കൊണ്ട് തന്നെ വലിയ ലക്ഷ്യങ്ങൾ തന്റെ മക്കൾക്ക് അപ്രാപ്യമല്ലെന്നും ഉള്ള എമേയുടെ വിശ്വാസം ട്രാജഡിയുടെ കാരണമാകാവുന്ന ഒരു താൻപോരിമയുടെ - hubris- തലത്തിലേക്ക് വളരുന്നുണ്ടെന്ന് പറയാം. ''അച്ഛൻ തന്റെ കൂട്ടാളികൾക്കു മേലെ ഉയരത്തിൽ കൂടുകെട്ടിയ ആ ശക്തനായ പക്ഷി (eagle) ആയിരുന്നു, ഒരു രാജാവ് തന്റെ സിംഹാസനം കാക്കും പോലെ തന്റെ ഗരുഡൻ കുഞ്ഞുങ്ങൾക്ക് കാവലിരുന്നവൻ''. തൊണ്ണൂറുകളുടെ കടുത്ത നൈജീരിയൻ സാമ്പത്തിക മാന്ദ്യത്തിലും ഏറെ കുഞ്ഞുങ്ങളുടെ പിതാവാകുന്നതിനു കളിയാക്കപ്പെടുന്നതൊന്നും അയാളെ സ്പർശിക്കുന്നേയില്ല. മക്കൾ മുക്കുവരാവുക എന്ന 'അധമത്വം' അയാൾക്ക് സങ്കൽപ്പിക്കാൻ പോലുമാവാത്തതും ഇതേ ഉൽക്കർഷ ചിന്ത കൊണ്ടും കൂടിയാണ്.

മീൻ പിടിത്തത്തെ മുന്നേ തന്നെ വെറുത്തു കഴിഞ്ഞിരുന്ന ഇകേന തന്റെ സഹോദരങ്ങളെ ആറ്റിലേക്ക് പോവുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതറിയാതെ ഏറ്റവും മൂത്തവൻ എന്ന പേരിൽ അച്ഛൻ നൽകുന്ന അമിത ശിക്ഷ അവനിൽ കടുത്ത പരിണാമങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനു ശേഷമാണ് അവൻ ഒരു പെരുമ്പാമ്പായത് എന്ന് ബെന്യാമിൻ ഓർക്കുന്നു. പ്രധാന കഥാപാത്രങ്ങളിലെല്ലാം ദുരന്തകാരിയായ ഭാവങ്ങൾ (fatal flaws) വ്യക്തമാണ്. പ്രവചിതമായ മരണത്തിലേക്ക് ഇകേന തന്റെ തന്നെ സംശയങ്ങളുടെയും സ്വയം നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭങ്ങളുടെയും ഫലമായി കുതിച്ച് ചെല്ലുകയാണ്. തന്റെ കൈകൊണ്ടാവും മൂത്ത സഹോദരന്റെ മരണമെന്ന അപശകുനം അറിയാമായിരുന്നിട്ടും അതൊഴിവാക്കനാവാതെ നൈമിഷിക സമ്മർദ്ദത്തിനു കീഴ്‌പ്പെടുകയാണ് ബോയേയും ചെയ്യുന്നത്. സഹോദര വധ (fratricide)ത്തിന്റെ പാപഭാരം പേറി, തകർന്നു പോയ മമ്മയേയും കുടുംബാംഗങ്ങളേയും അഭിമുഖീകരിക്കാനാവില്ല എന്ന ആത്യന്തിക നിസ്സഹായതയിലാണ് മുക്കുവൻ എന്നതിൽ നിന്ന് മത്സ്യാന്നം എന്നതിലേക്ക് അവൻ കിണറാഴങ്ങളിൽ മറയുന്നത്. അന്നൊരിക്കൽ ഓമി-ആലയിൽ വീർത്തുപൊന്തിയ പെണ്ണുടലിന് അവൻ സ്വയമൊരു വികലാനുകരണമാകുന്നു; അജ്ഞാത യുവതിയുടേത്, സ്ത്രീവിരുദ്ധതയടക്കമുള്ള കുറ്റകൃത്യങ്ങളുടെ സമകാലീന നൈജീരിയൻ നഗര ജീവിതത്തിന്റെ നിദർശനമാണെങ്കിൽ, ബോയേയുടേത് ദുരൂഹമായ അമൂർത്ത സമസ്യകൾ കൂടി ഉൾക്കൊള്ളുന്ന ഒരന്ത്യമാണ്. നഗരത്തിന്റെ പാപഭാരങ്ങൾ ഏറ്റുവാങ്ങുന്ന പുഴ സമൂഹത്തിനു ഉപയോഗശൂന്യവും വെറുക്കപ്പെട്ടതുമാവുമ്പോൾ, ബോയേയുടെ ആത്മഹത്യയെ തുടർന്ന് കിണർ കുടുംബത്തിന് ഉപയോഗശൂന്യമാവുന്നു.

വിധി വേട്ടയാടുകയും മനുഷ്യൻ അതിന്റെ കളിപ്പാവയായിപ്പോവുകയും ചെയ്യുന്ന ക്ലാസിക്കൽ യവന ദുരന്ത നാടകങ്ങളുടെ രീതി ഏറെ പ്രകടമാണ് ഇവിടെയൊക്കെ. ഇതിനു വിപരീതമായി, ഷേക്‌സ്പിയറുടെ കാഷ്യസ് പറയും പോലെ സ്വന്തം വിധി കരുപ്പിടിപ്പിക്കാൻ തന്റെ മക്കൾക്കാവും എന്ന എമെയുടെ വിശ്വാസത്തിനേൽക്കുന്ന പ്രഹരമാണ് തന്റെ കുടുംബത്തിന് ഭവിക്കുന്ന ദുരന്തങ്ങൾ. പാലായനം ചെയ്യാൻ നിർബന്ധിതനാവുന്ന ഒബേംബേയും കുടുംബാംഗങ്ങളെ പോലും കാണാൻ അനുവാദമില്ലാതെ തടവിൽ കഴിയേണ്ടി വരുന്ന ബെന്യാമിനും നോവലിന്റെ അന്ത്യത്തിൽ കുടുംബത്തോട് ചേരാനുള്ള സാധ്യത സൂചിതമാവുന്നുണ്ടെങ്കിലും - ശുഭാപ്തിയുടെതായ ഈ വിദൂര സ്വപ്നം ഡേവിഡിനെയും എൻകേമിനെയും കുറിച്ചുള്ള 'വെള്ളക്കൊക്കുകൾ' (Egrets) എന്ന രൂപകത്തിലും വ്യക്തമാണ് - ഇകേനയും ബോയേയും ഉൾപ്പടെ നഷ്ടങ്ങളൊന്നും തിരിയെ കിട്ടാൻ പോവുന്നില്ല എന്നത് കൊണ്ട് തന്നെ അതൊരു ആത്യന്തിക ദുഃഖ പര്യവസായി തന്നെയാണ്.

ചിനുവ അച്ചബെ, എൻഗൂഗി വാ തിയോംഗോ, ബെൻ ഓക്രി തുടങ്ങിയ ലബ്ധപ്രതിഷ്ടരായ ആഫ്രിക്കൻ എഴുത്തുകാരിലൂടെ സുപരിചിതമായ ഒരു രീതിയാണ് രൂപപരമായി സാമ്പ്രദായിക ഇംഗ്ലീഷ് നോവലിനെ മാതൃകയാക്കുമ്പോഴും ഗോത്രീയവും പാരമ്പര്യാധിഷ്ഠിതവുമായ വാമൊഴി വഴക്ക കഥാഖ്യാന രീതിയിൽ ഊന്നുക എന്നത്. ആഖ്യാനത്തിലെ മിത്തിക്കൽ - മിസ്റ്റിക് സ്വഭാവത്തെ നിലനിർത്തുമ്പോഴും ആധുനികതയുടെ സമകാലിക മുദ്രകൾ സർഗ്ഗാത്മകമായി ഉൾച്ചേർക്കുന്നതിന് ഈ രീതി ആഫ്രിക്കൻ സാഹിത്യത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാവും. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തെ അവതരിപ്പിക്കുമ്പോഴും ആഫ്രിക്കൻ സാഹിത്യം ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിഭാവുകത്വത്തിൽ വീണു പോവുന്നില്ല എന്നതും ഇതോടു ചേർത്തു കാണാം. ചിഗോസി ഒബിയാമയുടെ 'മുക്കുവ'രെ സമീപിക്കുമ്പോൾ ഈ നിരീക്ഷണങ്ങളൊക്കെയും സംഗതമാണ്.