അത്ര തവിടുപൊടിയല്ലാത്ത ജീവിതം

തവിടുപൊടി ജീവിതത്തിന് ഒരാമുഖം- ജിഗീഷ് കുമാരൻ എഴുതുന്നു

അത്ര തവിടുപൊടിയല്ലാത്ത ജീവിതം

ജിഗീഷ് കുമാരൻ

മുതിർന്നവരെ തരിമ്പും ബാധിക്കാത്തതും എണ്ണിയാലൊടുങ്ങാത്തതുമായ നിരവധി സ്വത്വപ്രതിസന്ധികൾക്കിടയിലൂടെയാണ് കുരുന്നുകളുടെ ഓരോ ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന ആത്യന്തികമായ സത്യം നമുക്കറിയാമെങ്കിലും പൊതുവിൽ കപടഗൌരവക്കാരായ നമ്മൾ അതൊരു വിഷയമാക്കാറില്ല. അങ്ങനെയിരിക്കെ ഒരു സംവിധായകൻ ആ വിഷയമെടുക്കുന്നു. അതുവരെയും നമ്മുടെയുള്ളിൽ ഒളിച്ചിരുന്ന ഒരു കൊട്ട ഗൃഹാതുരത്വം ഇതാ മറിഞ്ഞുവീഴുന്നു.

കഥാനായകനായ സതീശന്റെ അത്രമേൽ ഊഷ്മളവും ചടുലവുമായ ഒരു ജന്മദിനാഘോഷത്തിന്റെ മാസ് സീനിൽ നിന്നാണ് വിശ്വവിഖ്യാതമായ ആ ഐഡന്റിറ്റി ക്രൈസിസിലേക്കുള്ള നിർണ്ണായകമായ ട്വിസ്റ്റ് തുടങ്ങുന്നത്. അതു നിങ്ങളെ ചുമ്മാ അങ്ങ് ഒഴുക്കിക്കൊണ്ടുപോവുകയാണ്. ഒരിളം കാറ്റിലെന്നപോലെ ബാല്യത്തിനു മാത്രം സ്വന്തമായ എത്രയെങ്കിലും നുണുങ്ങു തമാശകളിലേക്കും കുറുമ്പുകളിലേക്കും മണ്ടത്തരങ്ങളിലേക്കും നിങ്ങൾ പറന്നുപോവുന്നു. ഏതൊക്കെയോ ഇടവഴികളിലൂടെ, പാടവരമ്പിലൂടെ, തോട്ടിറമ്പിലൂടെ, പറമ്പുകളിലൂടെ നിങ്ങൾ നടന്നുപോവുന്നു. അങ്ങനെ പോയിപ്പോയി സ്വയം മറക്കുന്നു. നേരം വൈകി നിങ്ങൾ വീട്ടിലെത്തുമ്പോൾ അവിടെ ആ കപടഗൌരവക്കാരൻ ഇരിപ്പുണ്ട്. എന്തൊരു ബോറാണ് ഈ ജീവിതമെന്ന് നിങ്ങൾ പിന്നെയും ആ പഴയജീവിതം ജീവിച്ചുതുടങ്ങുന്നു.


പേരുപോലെ തന്നെ വിനോദമാണ് സമീപനം. തവിടുകൊടുത്തു വാങ്ങിയവനും തീപ്പെട്ടിക്കൂടിൽ നിന്നു കളഞ്ഞുകിട്ടിയവനും തമ്മിലുള്ള ആ ഒരു അന്തരമുണ്ടല്ലോ അതിലടങ്ങിയ ഒരു സൌഹൃദമുണ്ടല്ലോ. അതൊരു ഒന്നൊന്നര സൌഹൃദമാണ്. നെല്ലിൽ നിന്നു പുറത്താക്കപ്പെടുന്ന തവിടിന്റെ ഐഡന്റിറ്റി ക്രൈസിസിൽ നിന്നാണ് തുടക്കം. ഈ ആംബിയൻസ് ഒട്ടും ചോർന്നുപോകാതെ സിനിമയിലുടനീളം നിലനിർത്താൻ കഴിഞ്ഞു എന്നതാണ് പടത്തിന്റെ ഒരിത്. സമീപനമാണ് സിനിമയെന്നും മേക്കിംഗ് അഥവാ ക്രാഫ്റ്റ് അതിന്റെ ഹൃദയഭാഗത്താണ് ഇരിക്കുന്നതെന്നും ഈ പടം നിങ്ങളോടു പറയുന്നു.

ശിശുക്കളെപ്പോലെ തികച്ചും നിരുപാധികമായി ലോകത്തോടു സംവദിക്കൂ അങ്ങനെ ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് ഉദ്‌ഘോഷിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെയും പിന്തുണയില്ലാതെ സരളമധുരമായ ദൃശ്യഭാഷ മാത്രം ഉപയോഗിച്ച് ഈ സിനിമ ലോകത്തോടു വിളിച്ചു പറയുന്ന സന്ദേശവും അതുതന്നെ.