വായിൽ വെള്ളമൂറുന്ന തലശ്ശേരി

എന്താണ് തലശ്ശേരിയുടെ രുചിപ്പെരുമ. ഒറ്റനോട്ടത്തിൽ ബിരിയാണിയുടെ രുചി തിരിച്ചറിയുന്ന മാന്ത്രികവിദ്യ തലശ്ശേരിക്കാർ എവിടെ നിന്നാണ് പഠിച്ചത്. കോഴിയെ മാത്രമല്ല, നാലഞ്ചു മുട്ട കൈയ്യിലുണ്ടെങ്കിൽ ദുനിയാവില്ലുള്ള സകലതിനേം കെയ്ക്ക് ആക്കി കളയുന്ന പഹയന്മാരെക്കുറിച്ചുള്ള എഴുത്താണ്. തലശ്ശേരി രുചിപ്പെരുമയിലൂടെ... സന്തു മാറൂഫ് എഴുതുന്നു.

വായിൽ വെള്ളമൂറുന്ന തലശ്ശേരി

സന്തൂ മാറുഫ്


ചിത്രങ്ങൾ: രഹ്ന ഖാലിദ്, പോൾ എം കെ, സന്തു, ഹാഫിസ് ഹഷിം


തലശ്ശേരി ബിരിയാണിയെ കുറിച്ചു കേൾക്കാത്ത, അവിടത്തെ പലഹാര പെരുമയെ കുറിച്ചു കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഒരു ദേശത്തിന്റെ അതിരുകളും കടന്നു പ്രചാരത്തിലായ ഒരുപാട് തലശ്ശേരി വിഭവങ്ങളുണ്ട്. പക്ഷെ അതിലും എത്രയോ ഏറെയാണ് അവരുടെ വിഭവ പെരുമകൾ. പൂരിക്കുള്ള മാവ് തന്നിട്ട്, പൂരിയല്ലാതെ മറ്റെന്തെലും ഉണ്ടാക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് എന്തൊക്കെ ഉണ്ടാക്കാൻ കഴിയും? പാനി പൂരിക്കുള്ള കുട്ടി പൂരി ഉണ്ടാക്കാൻ കഴിയുമല്ലെ. ഇനിയത് തലശ്ശേരിക്കാരുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു നോക്കിയാൽ പെട്ട് പോയെന്ന് കരുതിയാൽ മതി. അവരത് കൊണ്ട് പൂപ്പാത്രവും ചെടിച്ചട്ടിയും ഉണ്ടാക്കും.


ഞെട്ടിയോ? ചായക്കൊപ്പം പൂപാത്രവും ചെടിച്ചട്ടിയും കഴിക്കാൻ കിട്ടിയാൽ ഞെട്ടാത്ത ആളുകളുണ്ടാകോ? ഞെട്ടാൻ വരട്ടെ, ഇത് തിന്നാൻ കഴിയുന്ന ചെടിച്ചട്ടിയും പൂപ്പാത്രവുമാണ്.


ഗ്ലാസിൽ ഞൊറിഞ്ഞു പിടിപ്പിച്ച പൂരി വറുത്തെടുത്ത്, ഉള്ളിൽ ഇറച്ചി മസാല നിറയ്ക്കും, അതിനു നല്ല രസികൻ തേങ്ങ ചമ്മന്തി വിരിച്ചു ഭംഗിയാക്കും. ചെടിച്ചട്ടി റെഡി. ഇനി വേപ്പില തണ്ടോ, മല്ലിയിലയോ കുത്തി നിർത്തി പ്ലേറ്റിൽ ഒരു പൂന്തോട്ടം ഉണ്ടാക്കും, ഇടയ്ക്ക് തക്കാളി പൂവും കാരറ്റ് പൂക്കളും വിരിയും. അൽപ്പം പരന്ന പാത്രത്തിൽ ചുറ്റി മൊരിച്ചുണ്ടാക്കിയ പൂപാത്രത്തിൽ പലതരം പഴങ്ങൾ നുറുക്കി വച്ചലങ്കരിക്കും ,അല്ലെങ്കിൽ പല നിറത്തിലുള്ള പച്ചക്കറികൾ കുഞ്ഞു നുറുക്കുകൾ സോസുകൾക്കൊപ്പം വിളമ്പും. തീർന്നില്ല, ഇറച്ചിമസാല നിറച്ചു കൂമ്പാലൻ തൊപ്പി പോലെ മടക്കിയ തുർക്കി പത്തിരി, അരികിലെ തൊങ്ങൽ മടക്കുകളുമായി ഇറച്ചി പത്തിരി, ഇറച്ചി അട, മധുരം നിറച്ച കോയിയട. അങ്ങനെ നിരവധി പലഹാരങ്ങളുടെ ഇതുവരെ കാണാത്ത രൂപഭാവങ്ങൾ നിങ്ങൾക്ക് മുന്നിൽ നിറയും.


അതാണ് തലശ്ശേരിക്കാരുടെ ഭക്ഷണ മഹാത്മ്യം. കഴിക്കുന്നവന്റെ മനസും വയറും കീഴടക്കുക മാത്രല്ല വിസ്മയിപ്പിക്കും വിധം ഭക്ഷണമുണ്ടാക്കണമെന്ന ജീവിത സപര്യ തിരിച്ചറിഞ്ഞത് കൊണ്ടാകാം, ഇതുപോലൊരു കെയ്ക്ക് ഉണ്ടാക്കിത്തരണം എന്നാവശ്യപെടാൻ ബ്രോൺ സായിപ്പിന് ധൈര്യം തോന്നിയത്. ഒന്നേകാൽ നൂറ്റാണ്ട് മുൻപാണ് എന്നോർക്കണം. മർദോക്ക് ബ്രൗൺ എന്ന സായിപ്പിന്റെ വെല്ലുവിളി തലശ്ശേരിക്കാരൻ ബാപ്പു സന്തോഷത്തോടെ ഏറ്റെടുത്തു. അങ്ങനെ കേരളത്തിൽ ആദ്യമായിട്ട് കെയ്ക്ക് ഉണ്ടാക്കിയ ആളുകളെന്ന ബഹുമതിയും തലശ്ശേരിക്കാർ സ്വന്തമാക്കി.
[caption id="attachment_27548" align="aligncenter" width="638"]ചട്ടിപ്പത്തിരി
ചട്ടിപ്പത്തിരി[/caption]

അത് മാത്രമോ, നാലഞ്ചു മുട്ട കിട്ടിയാൽ ഓടി പോകുന്ന കോഴിയെ വരെ കേയ്ക്ക് ആക്കി കളയുന്ന ആൾക്കാരാണ് തലശ്ശേരിക്കാർ. പിന്നേം ഞെട്ടിയല്ലേ. നല്ല എരിവും മസാലയും ചേർത്തു മൊരിയിച്ച കോഴി കഷ്ണങ്ങൾ മുട്ടയും ചേർത്തു ഉണ്ടാക്കുന്ന കോഴിക്കേക്ക് രുചി കൊണ്ടും നിങ്ങളെ ഞെട്ടിച്ചു കളയും. കോഴിയെ മാത്രമല്ല, നാലഞ്ചു മുട്ട കൈയ്യിലുണ്ടെങ്കിൽ ദുനിയാവില്ലുള്ള സകലതിനേം കെയ്ക്ക് ആക്കി കളയും പഹയന്മാർ.


ഇത്തരം പാചകവിധികളിൽ ഉണ്ടാക്കുന്ന കേക്കുകളിൽ ഏറ്റവും പ്രമുഖൻ കായ്‌പോള ആണ്. നല്ല പഴുത്ത പഴം നുറുക്കുകൾ നെയ്യിൽ വഴട്ടിയെടുത്ത ശേഷം പഞ്ചസാരയും മുട്ട പതപ്പിചച്ചതും ചേർത്തുണ്ടാക്കുന്ന വിഭവമാണിത്. കാരറ്റ് പോള, മുട്ട പോള, തരി (റവ) പോള, അങ്ങനെ മധുരമുള്ള പോളകളും ഇറച്ചി പോള, മസാല ബ്രെഡ് പോള അങ്ങനെ പലതരം കേയ്ക്കുകളും തലശ്ശേരിക്ക് മാത്രം സ്വന്തമായ പലഹാരങ്ങളാണ്.
[caption id="attachment_27606" align="aligncenter" width="638"]കായ്കറി
കായ്കറി[/caption]

വിദേശ വിഭവങ്ങളുടെ സ്വാധീനം ഏറെയുണ്ട് തലശ്ശേരി പാചകരീതികളിൽ. അവയെ വീടകങ്ങളിലെ പരിമിത സൌകര്യങ്ങളിലെയ്ക്കും, രുചികളിലേയ്ക്കും പറിച്ചു നട്ടിരുന്ന മുൻ തലമുറയുടെ സാമർത്ഥ്യം പല പാചകരീതികളിലും തെളിഞ്ഞും മറഞ്ഞും കിടക്കുന്നുണ്ട്. റവയിൽ പഞ്ചാസാരയും തേങ്ങയും മുട്ടയുടെ വെള്ള പതപ്പിച്ച്തും ചേർത്തു സ്റ്റീൽ ഗ്ലാസിൽ നിറച്ച ശേഷം ആവിയിൽ വേവിച്ചെടുക്കുമായിരുന്ന തരിയപ്പം കപ്പ്‌കേയ്ക്കിന്റെ തനിനാടൻ പകർപ്പ് തന്നെ!


ഭക്ഷണം അതിന്റെ രുചിയും മണവും കൊണ്ട് മാത്രല്ല, അത് വിളമ്പുന്ന രീതിയുണ്ടാക്കുന്ന വിസ്മയം കൊണ്ട് കൂടെയാണ് കഴിക്കാനിരിക്കുന്നവരുടെ മനസിനെ കീഴടക്കുന്നത്. പക്ഷെ പല തലശ്ശേരി വിഭവങ്ങളും അതിന്റെ ഉണ്ടാക്കൽ രീതി കൊണ്ട് തന്നെ വിസ്മയപ്പിക്കുന്നവയാണ്. അടുക്കള ഒരു ലാബ് ആണെന്നും, ഒരു കൂട്ടം ശാസ്ത്രഞ്ജർ അവിടെ തങ്ങളുടേതായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ഒരു ശാസ്ത്രശാഖയെ പരിപോഷിപ്പിക്കുകയാണെന്നും തോന്നി പോകും. ഒരു ജനതയ്ക്ക് എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുക എന്ന കലയിൽ ഇത്ര താല്പര്യമുണ്ടാകുന്നത്. ഉണ്ടാക്കുക എന്നതിന്റെ അതി മനോഹരവും സൂക്ഷ്മവും ആയ മിടുക്കുകളിലൂടെ കടന്നു പോകുന്ന നിരവധി വിഭവങ്ങളുണ്ട്. ഇതൾ പത്തിരിയും ചട്ടി പത്തിരിയുമൊക്കെ അവയിൽ ചിലതാണ്.


ഇച്ചിരി കനമുള്ള പാത്രത്തിൽ നേർത്ത അരിമാവ് വീഴ്ത്തി പത്തിരി വേവിച്ചെടുക്കുന്നു . അതിനു മുകളിൽ നെയ് തടവിശേഷം , തേങ്ങാപ്പാൽ ഒഴിക്കും .പിന്നീട് മാവൊഴിച്ച് അടുത്ത ലെയർ വേവിക്കുന്നു. ഇതൾ ഇതളായി വിടർത്തിയെടുക്കാവുന്ന പത്തിരിയാണിത്. വീട്ടമ്മയുടെ ഭാവനാവിലാസം പോലെ ഇനിയിതിന്റെ വകഭേദങ്ങൾ. ഒറ്റ നിറത്തിലോ, ഒന്നിടവിട്ട നിറങ്ങളായോ, പല നിറങ്ങൾ ചേർത്തോ ഇതളുകൾ ഉണ്ടാക്കും.
[caption id="attachment_27549" align="aligncenter" width="638"]ചെമ്മീൻ ചോറ് ചെമ്മീൻ ചോറ്[/caption]

ഇത്തരം പത്തിരികൾക്കിടയിൽ ഇറച്ചി മസാല നിറച്ച അടക്കുകൾ കൂടെയാകുമ്പോഴോ. അന്തിച്ചു നിൽക്കുന്ന നമ്മളെ കാണുമ്പോ, ഇതൊക്കെയെന്തു എന്നൊരു ഭാവമാകുമവർക്ക്. ചട്ടി പത്തിരിയും അടുക്കു പത്തിരിയുമൊക്കെ മസാല ഫില്ലിങ്ങുകൾ ഉള്ള ലെയർ പത്തിരികളാണ്. പത്തിരിടെ വകഭേദങ്ങളുടെ പേരുകളും രസകരമാണ്. ഓരോ പേരും അതുണ്ടാക്കുന്ന രീതിയെയോ രുചിയെയോ സൂചിപ്പിക്കുന്നവയാണ്. നൈസ് പത്തിരി, തേങ്ങാ പത്തിരി, കൈ പത്തിരി, മീൻ പത്തിരി, നെയ്യ് പത്തിരി, മീൻപത്തിരി, മൂലപ്പത്തിരി, കുഞ്ഞിപ്പത്തിരി, വീശിപ്പത്തിരി, ഓട്ടപ്പത്തിരി, മട്ടൻ സ്തൂവിനൊപ്പം വിളമ്പുന്ന മുട്ട പത്തിരി, പൊരിച്ചെടുക്കുമ്പോൾ പൂ പോലെ വിടർന്നു വരുന്ന പൂ പത്തിരി, പണ കിഴി പോലുള്ള കിഴി പത്തിരി ഇങ്ങനെ പോകുന്നു പട്ടിക.


ഉപ്പും ജീരകവും ചേർത്തരച്ച് ഉണ്ടാക്കിയ മാവ് പരത്തി നല്ല വെളിച്ചെണ്ണയിൽ ചുട്ടെടുക്കുന്ന നെയ്പത്തിരി. നല്ല സ്വർണ്ണ നിറമുള്ള നെയ്പ്പത്തിരി മട്ടൻ കറിക്കോ, കോഴിക്കറിക്കോ ഒപ്പമൊക്കെ രുചിയുടെ പറുദീസ പണിതു തീർക്കും. ബ്രേക്ഫാസ്റ്റ് എന്ന് ഏകദേശ അർഥം വരുന്ന 'ഫതീർ' എന്ന വാക്കിൽ നിന്നായിരിക്കണം പത്തിരിയുടെ ഉത്ഭവം. പത്തൽ എന്നാണു തലശ്ശേരിക്കാർ പത്തിരികളെ വിളിക്കുക. കുതിർത്ത പുഴുങ്ങലരി അരച്ചു ഓടിന്റെ ചട്ടിൽ ചുട്ടെടുക്കുന്ന ഒറോട്ടി എന്നൊരു പ്രിയപ്പെട്ട വിഭവം കൂടെയുണ്ട്.
[caption id="attachment_27608" align="aligncenter" width="638"]ബിരിയാണി ബിരിയാണി[/caption]

പൊതുവേ മാംസാഹാരരുചി വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ് തലശ്ശേരി ഭക്ഷണ ശീലങ്ങൾ. കടലോര പ്രദേശമായതുകൊണ്ട് മീൻ വിഭവങ്ങളും. ജോലിസംബന്ധമായി തലശ്ശേരിയിലേയ്ക്ക് എത്തിയ ഒരു തൃശ്ശൂർക്കാരൻ പ്രഭാത ഭക്ഷണത്തിനു, പുട്ടിനൊപ്പം മീൻകറി വിളമ്പുന്ന സർവ്വ സാധാരണ രീതി കണ്ടു മൂക്കത്ത് കൈ വച്ച കഥയറിയാം. തലശ്ശേരി വിസ്മയ വിഭവങ്ങളിലെ പ്രധാന ചേരുവ മുട്ട ആണെന്ന് തോന്നാറുണ്ട്. മുട്ട കൊണ്ട് എന്തൊക്കെ പലഹാരമുണ്ടാക്കാൻ കഴിയും എന്നവരോട് ചോദിച്ചു പോകരുത് . ദൃശ്യ, രുചി വിസ്മയങ്ങളുടെ ഒരു കുത്തൊഴുക്കിൽ പെട്ട് പോകും നമ്മൾ.


മുട്ട അടക്കെന്നൊരു പലഹാരമുണ്ട്. മുട്ട പതപ്പിച്ച്തിൽ പഞ്ചാരയും മൈദയും കലക്കി, പാലൊഴിച്ച് മൃദുവാക്കിയ മാവിൽ പലയടുക്കുകൾ ആയിട്ട് ചുട്ടെടുക്കും. ഓരോ ലെയരിനകത്തും തേങ്ങ വിളയിച്ചതും ഉണക്കമുന്തിരിയും വിതറും. ഇതൾ പത്തിരി ഉണ്ടാക്കുന്ന പോലെയല്ല ഇതിന്റെ അടക്കുകൾ ഉണ്ടാകുന്നത് . ഒരു ബുക്കിന്റെ പേജ് മറിക്കുന്ന രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മടക്കി മടക്കി മുട്ട അടക്കെന്ന വിഭവം ഉണ്ടാക്കുന്നത് കണ്ടു നിൽക്കേണ്ട ഒരു സംഭവം തന്നെയാണ്.


ഇനി മുട്ടകൊണ്ടൊരു മാല ആയാലോ സല്ക്കാരത്തിനു ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വിഭവമാണിത്. രുചി കൊണ്ട് മാത്രല്ല, നിറ ഭംഗി കൊണ്ടും ശ്രദ്ധേയം. മുട്ട വെള്ള കൊണ്ടുണ്ടാക്കുന്ന അപ്പത്തിനു മുകളിൽ മുട്ട മഞ്ഞ കൊണ്ടുണ്ടാക്കുന്ന മൃദുവായ മധുര നൂലിഴകൾ വച്ച്‌ലങ്കരിച്ചു വിളമ്പുന്ന മുട്ടമാലയുണ്ടാക്കാൻ കുറച്ചൊന്നുമല്ല കൈത്തഴക്കം വേണ്ടത്. മുട്ടയുടെ മഞ്ഞ കലക്കിയെടുത്ത്ആ മഞ്ഞ നൂലിഴകൾ ചൂടാക്കിയ പഞ്ചസാര ലായനിയിൽ മൊരിച്ചെടുക്കുകയാണ് ചെയ്യുക.
[caption id="attachment_27550" align="aligncenter" width="638"]കയ്പോള
കായ്പോള[/caption]

മുട്ടമാലയുടെ റെസിപ്പി ഈയടുത്തകാലം വരെ അതീവ രഹസ്യമായിരുന്നു. അതുണ്ടാക്കാൻ കഴിയുന്നവർക്ക് രാജകീയ സ്വീകരണമായിരുന്നു ത്രേ! അതീവ ഗൌരവത്തിൽ വരുന്ന പാചകക്കാർ അടുത്താരെയും അടുപ്പിക്കില്ല. മിണ്ടിയാൽ മുട്ടമാലയുടെ നൂലിഴ പൊട്ടി പോകുമെന്ന ഉഗ്ര ശാസനത്തിൽ തുമ്മാൻ പോലും സമ്മതിക്കില്ലായിരുന്നുവെന്ന് പഴമക്കാർ ഓർമ്മിക്കുന്നു. കൈയടക്കത്തിന്റെ ഈ മിടുക്കുകൾ സൂചിപ്പിക്കുന്ന പലഹാരങ്ങളുമുണ്ട്. കൈ വീശൽ അങ്ങനെ വന്നൊരു പേരാകാം. മുട്ട ഉപയോഗിച്ചുള്ള ഒരു പലഹാരം തന്നെയാണിതും. ഒറ്റത്തുളയുള്ള ചിരട്ടയിൽ മാവോഴിച്ചു തിളച്ച എണ്ണയിൽ പൂ പോലെ വരച്ചെടുക്കുന്ന കൈ വീശൽ കരവിരുതിനെ പുകഴ്ത്താനാരോ അറിഞ്ഞിട്ട പേരാണിത്. അറബ്, ഗ്രീസ്, റോം, പോർച്ചുഗീസ്, ഡച്ച് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളും കേരളത്തിലേയ്ക്ക് വന്നിരുന്ന ഒരു കാലഘട്ടത്തിന്റെ സങ്കലനങ്ങളെ ഓർമിപ്പിച്ചു നിർത്തുന്ന രുചിക്കൂട്ടുകളാണ് തലശ്ശേരിയുടേത്. ആ ഭക്ഷണപെരുമയെ ആഘോഷങ്ങളുടെ ഭാഗമാക്കി തലമുറകൾ കൈമാറിയതിലൂടെ, ഒരു ജനത തന്റെ നാടിന്റെ ചരിത്രം കൂടെ എഴുതുകയാണ്.


വടക്കേ ഇന്ത്യയിൽ മുഗൾ വംശജർക്ക് മുൻപേ തന്നെ പേർഷ്യക്കാരുടെ പുലാവും ബിരിയാണിയും എത്തിയിരുനെങ്കിലും, തലശ്ശേരിയിൽ ബിരിയാണിയും നെയ്‌ച്ചോറും ഇറച്ചി ചോറുമെത്തുന്നത് അറബ് വ്യാപാരികൾ വഴിയാണ്. തലശ്ശേരി ബിരിയാണിയിലും ഇറച്ചി ചോറിലും നിറഞ്ഞു നിൽക്കുന്ന തനതായ രുചിക്കൂട്ടുകളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ കൊതിപ്പിക്കുന്ന മണവും നിറവും എപ്പോഴും കൂടിക്കലരുന്നുണ്ട്. വയനാടും കണ്ണൂരുമൊക്കെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കൃഷിയിടങ്ങളായിരുന്നതിന്റെ ഓർമപെടുത്തലുകൾ കൂടെയാണീ സുഗന്ധങ്ങൾ ബാക്കി വയ്ക്കുന്നത്. മറ്റിടങ്ങളിൽ ബിരിയാണി വിളമ്പുന്നതിൽ നിന്നും വ്യത്യസ്തമായാണ് തലശ്ശേരിക്കാർ ബിരിയാണി വിളമ്പുന്നത്.


മണി മണിയായി വേറിട്ട് കിടക്കുന്ന നല്ല സുന്ദരി ബിരിയാണിചോറാണ് ഏറ്റവും പ്രധാനം. അതിൽ ഇടയ്ക്കിടെ ദമ്മിലിട്ട മസാലയുടെ നെയ് നിറവും കലർന്നിരിക്കും. മഞ്ഞളും മല്ലിപ്പൊടിയുമൊക്കെ അധികം ചേർത്തു നിറം മാറാത്ത മസാല ആയിരിക്കണമെന്നതും നിർബന്ധമാണ്. പാത്രത്തിൽ വിളമ്പിയ മസാലയ്ക്ക് മുകളിൽ ബിരിയാണി ചോറ് വിളമ്പുന്ന രീതിയല്ല തലശ്ശേരി ബിരിയാണി വിളമ്പലിൽ സ്വീകരിക്കുന്നത്. മസാലയും ചോറും പ്രത്യേകം പ്രത്യേകമാണ് വിളമ്പുക. ദമ്മിട്ട ബിരിയാണി ചെമ്പു തുറന്നു പ്രത്യേക കൈത്തഴക്കത്തോടെ ചോറും മസാലയും വേർതിരിക്കുന്നതും, വിളമ്പുന്നതും കാണേണ്ട കാഴ്ച്ച തന്നെയാണ്.


ഒറ്റക്കാഴ്ച്ചയിൽ തന്നെ തലശ്ശേരിക്കാർ ബിരിയാണിയെ വിലയിരുത്തിക്കളയും. കാരണം സുഗന്ധവും രുചിയും മാത്രമല്ല, നിറവും വേവും ഒക്കെ ചേർന്ന് ബിരിയാണിക്ക് ഉണ്ടാകേണ്ട ഒരു കാഴ്ചഭംഗി കൂടെയുണ്ട്. അതിൽ വിട്ടു വീഴ്ച്ച ഇല്ല. തലശ്ശേരി ബിരിയാണികളിൽ എടുത്തു പറയേണ്ട ഒന്നാണ് ഫിഷ് ബിരിയാണികൾ. അയ്ക്കൂര ബിരിയാണിയും ചെമ്മീൻ ബിരിയാണിയും മട്ടൻ ബിരിയാണിക്കും ചിക്കൻ ബിരിയാണിക്കും ഒപ്പമോ, അതിലേറെയോ കൊതിപ്പിക്കുന്ന രുചിയോടെ തീന്മേശയിൽ ഇടം പിടിക്കും. ബിരിയാണിയാണോ ഇറച്ചി ചോർ ആണോ കൂടുതൽ പ്രിയമെന്ന് തലശ്ശേരിക്കാരോട് ചോദിച്ചാൽ അവരാകെ കുഴഞ്ഞു പോകും.


'മുല്ല പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാ സൗരഭ്യ'മെന്നു പറയുമ്പോലെ മസാലയോടൊപ്പം ദമ്മിൽ കിടന്നു, സുഗന്ധവും രുചിയും പേറുന്ന അരിമണികളിൽ നിന്ന് അമ്പേ വ്യത്യസ്തമാണ് ഇറച്ചി ചോറിന്റെ രുചി. കാരണം രുചികരമായിട്ടു ഒരുക്കിയ ഇറച്ചിക്കറിയിൽ കിടന്നു വെന്തു പാകമായിട്ടാണ് ഇറച്ചിച്ചോറിന്റെ വരവ്. ഇറച്ചിക്കറിയിൽ കിടന്നു വെന്തു വരുന്ന കക്കറോട്ടി മറ്റൊരു തനതു തലശ്ശേരിവിഭവമാണ്. അരി അരച്ചത് ഉരുട്ടി, കുഞ്ഞു കക്ക ഇത്തൽ ആകൃതിയിൽ ആവിയിൽ വേവിച്ചെടുക്കും. ഇറച്ചിക്കറിയിലേയ്ക്ക് ഈ കുഞ്ഞു ഒറോട്ടി ചേർത്തു തേങ്ങയും ജീരകവും അരപ്പ് കൂട്ടി ചേർത്തെടുക്കും.
[caption id="attachment_27611" align="aligncenter" width="638"]കക്കറോട്ടി കക്കറോട്ടി[/caption]

തലശ്ശേരിയുടെ മീൻ വിഭവങ്ങൾ വൈവിദ്ധ്യമേറിയവയാണ്. തലശ്ശേരിയിൽ ഒരിക്കലെങ്കിലും പോയിട്ടുള്ള ആളുകൾക്ക് കല്ലുമ്മക്കായ നിറച്ചത് കാണാതെ മടങ്ങാൻ കഴിയില്ല. അത്രയ്ക്ക് ജനപ്രിയമായ ഒരു വിഭവമാണിത്. ഭക്ഷണവൈവിദ്ധ്യങ്ങളെ കുറിച്ചു ഒരു ജനത എത്രത്തോളം ചിന്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണീ വിഭവം. തേങ്ങയും ജീരകവും കുഞ്ഞുള്ളിയും കുതിർത്ത അരിയും ചേർത്ത് അരച്ച മാവ്, വൃത്തിയാക്കിയ കല്ലുമ്മക്കായ പിളർന്നതിൽ നിറക്കും. ആവിയിൽ പുഴുങ്ങിയെടുത്ത ഈ കല്ലുമ്മക്കായ് നിറച്ചതിനെ ഇത്തലിൽ മാവോട് കൂടി നിന്ന് ശ്രദ്ധയോടെ വിടർത്തി എടുക്കണം. ഒരു ശിൽപ്പം അതിന്റെ വാർപ്പ് രൂപത്തിൽ നിന്ന് അടർത്തിയെടുക്കുന്ന പോലെ!


പിന്നെയതിനെ മുളക് പൊടി കലക്കിയതിൽ മുക്കി പൊരിചെടുക്കുന്നു. കല്ലുംമക്കയുടെ രുചി മാത്രമല്ല, നിങ്ങൾക്ക് മുൻപിൽ അതിന്റെ ആകൃതി കൂടെ വിളമ്പുകയാണ് തലശ്ശേരിക്കാർ. കടലിന്നാഴം കൂടെ തീന്മേശയിൽ വിളമ്പുന്ന ഭാവനാത്മകമായ ഭക്ഷണ കലാ നൈപുണ്യം കൂടെയാണത്. അരി അരച്ചതും, കോഴിമുട്ടയും ചേർത്തു പതപ്പിച്ചു, ആ നുര കൊണ്ടുണ്ടാക്കുന്ന നൊരയപ്പം, അരിയും തേങ്ങയും അരച്ചു നേർപ്പിച്ച മാവ് കോരി ഒഴിച്ചുണ്ടാക്കുന്ന ഉറുമാൽ പത്തിരി ഒക്കെ കനം കുറഞ്ഞ പത്തിരികൾക്ക് ഉള്ള അവാർഡ് കിട്ടേണ്ട സംഭവങ്ങളാണ്. വിശപ്പടക്കുക എന്നതിലുപരി വിഭവ വൈവിദ്ധ്യങ്ങൾ നിറഞ്ഞൊരു പാചക രീതി ഒരു നാടിനു അവകാശപെടാനുണ്ടാകുമ്പോൾ, അതാ നാടിന്റെ സന്തോഷത്തിന്റെയും, ആനന്ദത്തിന്റെയും സംതൃപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും സുഭിക്ഷതയുടെയും അലങ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും പ്രകടനമാണ്. കൂടാതെ ധാരാളം ഒഴിവു സമയങ്ങളുടെയും, കൂട്ടായ്മയുടെതും കൂടെയാണ്.


വീടിനകത്ത് പോലും, പെണ്ണിടങ്ങൾ നിശ്ചയിക്കപെട്ടിരിക്കുന്ന സംസ്‌കാരങ്ങളിൽ പൊതുവേ വിഭവങ്ങൾ കൂടുതലുള്ള ഭക്ഷണ വൈവിദ്ധ്യം കടന്നു വരുന്നത് കാണാം. വീടിനകത്ത് അധികവും സമയം ചിലവഴിക്കുന്നതും, കൂട്ട് കുടുംബവ്യവസ്ഥയിൽ ഒരുപാടു സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ കൈ വരുന്ന ആശയങ്ങളും, ജോലി ഭാരം പങ്കിട്ടെടുക്കാനുള്ള ആൾബലവും ആകാം കാരണമെന്ന് തോന്നുന്നു. ഒരു തട്ടത്തിൻ മറയത്തു നിന്നോ, മറക്കുടയ്ക്ക് അപ്പുറം നിന്നോ ഞങ്ങളും ജീവിച്ചിരുന്നുവെന്ന് കാലത്തിനോടുള്ള കലമ്പിക്കലാകാം രുചിക്കൂട്ടുകളിലെ വിസ്മയങ്ങൾ. ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിൽ, വീടകങ്ങളിൽ മാത്രം ചിലവഴിക്കേണ്ടി വന്നിരുന്ന സ്ത്രീകൾ തങ്ങളുടെ സമയത്തെ കൊന്നിരുന്നതുമാകാം.
[caption id="attachment_27552" align="aligncenter" width="638"]മുട്ടമാല മുട്ടമാല[/caption]

അധികാരിയെന്ന നിലയിൽ താന്‌പോരിമ നേടിയിരുന്ന പുരുഷന്റെ വിശാല സാതന്ത്രങ്ങളിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ടായിരിക്കാമവൾ, വീട്ടിലേയ്ക്ക് തിരികെ നടക്കാനുള്ള വഴി അവന്റെ ഹൃദയത്തിൽ രുചിക്കൂട്ടുകൾ കൊണ്ട് കൊത്തിയിടുന്നത്. സ്ത്രീകൾ തങ്ങളുടെ സാന്നിധ്യവും സ്‌നേഹവും ഭക്ഷണത്തിന്റെ ഭാഷയിലൂടെ ഒരു പുരുഷ കേന്ദ്രീകൃത ലോകത്തിലേയ്ക്ക് പ്രസരിപ്പിക്കുന്നു. അവരുടെ രുചി സംഭാവനകൾ നാടിന്റെ അതിരുകളും കടന്നു പ്രശസ്തി നേടുന്നു. അത്തരം രുചിക്കൂട്ടുകൾ വ്യാവസായീകമായി മാറുമ്പോൾ, ആണുങ്ങൾ ഏറ്റെടുക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് .സാമൂഹീകമായി സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യകുറവുകളാകാം അതിനു കാരണം.


പേർഷ്യൻ എഴുത്തുകാരി ഫാത്തിമ മർനീസി തന്റെ വേലി ചാടുന്ന പെൺകിനാക്കൾ എന്ന പുസ്തകത്തിൽ പറഞ്ഞതോർമ വരുന്നു. 'പ്രാവിന്റെ ഇളം മാംസവും കറുകപ്പട്ടയും ബദാം പരിപ്പും പഞ്ചസാരയും ചേർന്നുണ്ടാക്കുന്ന പസ്ടീല്ല ഉണ്ടാക്കുന്ന പെണ്ണുങ്ങൾക്ക് അൽപ്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ വീട്ടു തീറ്റ പണ്ടം ഉണ്ടാക്കുന്നതിനു പകരം വിറ്റ് കാശാക്കുമായിരുന്നെന്ന്'. ബുദ്ധിയെ ഹൃദയം കൊണ്ട് തോൽപ്പിക്കാൻ ശീലിക്കപ്പെട്ട പെണ്ണുങ്ങൾക്ക് പക്ഷെ കഴിക്കുന്നോരുടെ മുഖത്തെ സംതൃപ്തി മാത്രം മതിയെന്ന് വരുന്നതും കാലഘട്ടത്തിന്റെ വളർത്തു ശീലങ്ങളും മെരുക്കങ്ങളും കൊണ്ട് കൂടെയാകാം .
[caption id="attachment_27601" align="aligncenter" width="638"]ഉന്നക്കായ ഉന്നക്കായ[/caption]

തലശ്ശേരി ഭക്ഷണവിസ്മയങ്ങളിൽ ഏറിയ പങ്കും നോമ്പ് വിഭവങ്ങൾ എന്ന പേരിൽ മുസ്ലീം കുടുംബങ്ങളിൽ ഉണ്ടാക്കപെടുന്നവയാണ്.


ഇന്ന് തലശ്ശേരിയിലെ ഹോട്ടലുകളിൽ പ്രചാരത്തിലുള്ള പല വിഭവങ്ങളും പുത്യാപ്ല സൽക്കാരത്തിനു അമ്മായി (അമ്മ) ഉണ്ടാക്കിയിരുന്ന പലഹാരങ്ങളാണ്. അമ്മായിയമ്മ, മരുമകൻ എന്നൊക്കെ നമ്മളിപ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ വന്നത് മരുമക്കത്തയത്തിലൂടെയാകാം. ആങ്ങളയുടെയും പെങ്ങളുടെയും മക്കൾ തമ്മിൽ വിവാഹം കഴിക്കുകയും, സ്ത്രീകൾ സ്വന്തം വീട്ടിൽ തങ്ങുകയും, ആങ്ങളമാർ കുടുംബ കാരണവർ സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാകാം ഈ വിളികൾ.


അങ്ങനെ മകളുടെ ഭർത്താവിനെ സല്ക്കരിക്കാനായി അമ്മായി അതീവ താൽപ്പര്യത്തോടെ കണ്ടുപിടിച്ച രുചി വൈവിധ്യങ്ങളാണ് പല തലശ്ശേരി വിഭവങ്ങളും. ഇത്തരം തക്കാരങ്ങൾക്കും നോമ്പ് തുറയ്ക്കും ഇവരുണ്ടാക്കുന്ന വിഭവങ്ങളുടെ പേര് കണ്ടാൽ തന്നെ ആരും ഞെട്ടി പോകും. ഈ കൊല്ലം പുതിയ പലഹാരം എന്തെങ്കിലും കണ്ടുപിടിക്കണമെന്ന ഉത്സാഹത്തോടെ പെണ്ണുങ്ങൾ, ഓരോ നോമ്പ്തുറയ്ക്കും പലഹാരങ്ങളുണ്ടാക്കുന്നത് കാണാം. ഇത്തരം വിഭവങ്ങൾ പിന്നീട് ഹോട്ടലുകളിൽ പ്രചാരം നേടുകയും, അതിന്റെ പെരുമ കേരളത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് പരക്കുകയും ചെയ്തു.


മലയാളികൾ ഉള്ളിടത്തൊക്കെ ഇപ്പോൾ തലശ്ശേരി ഭക്ഷണ പെരുമയും നിറഞ്ഞു. ഭക്ഷണ ശാലകളായിട്ടും, വിവാഹങ്ങൾക്കും, വിശേഷാവസരങ്ങളിലേക്കും തലശ്ശേരി ബിരിയാണി ഉണ്ടാക്കി കൊടുക്കലുമായി ഒത്തിരി തലശ്ശേരി പുരുഷന്മാരുടെ അതിജീവന മാർഗമാണ് ഇന്ന് തലശ്ശേരി ഭക്ഷണ നൈപുണ്യങ്ങൾ. കുറച്ചൊക്കെ സ്ത്രീകളും ഇതൊരു വരുമാന മാർഗമായി സ്വീകരിക്കുന്നുണ്ടെന്നതും സന്തോഷിപ്പിക്കുന്ന മാറ്റമാണ്.
[caption id="attachment_27553" align="aligncenter" width="638"]മീൻ മസാല ഉണ്ട മീൻ മസാല ഉണ്ട[/caption]

കേരളത്തിൽ വന്നു പോകുന്ന വിദേശികളിലൂടെയും, മലയാളികളുടെ പ്രവാസ ജീവിതത്തിലൂടെയും തലശ്ശേരി ഭക്ഷണ വിശേഷങ്ങളും രുചികളും മറ്റു രാജ്യക്കാർക്കിടയിലും പ്രചാരത്തിലാകുന്നുണ്ട്. മുട്ടമാല എന്ന വിഭവത്തെകുറിച്ച് കേട്ടറിഞ്ഞു വന്നു, തലശ്ശേരി പാചകം പഠിച്ചു പോയൊരു വിദേശിയെ കുറിച്ചൊക്കെ വാർത്തകളിൽ നിറഞ്ഞത് ഈയിടെയാണല്ലോ! മൈദാ, എണ്ണ പലഹാരങ്ങൾ ഇടം പിടിച്ചെങ്കിലും തേങ്ങകൊണ്ടും വെളിച്ചെണ്ണകൊണ്ടും അരികൊണ്ടും ഉണ്ടാക്കിയ വിഭവങ്ങളാണ് തലശ്ശേരി വിഭവങ്ങളിൽ പ്രധാനം. കായലും പുഴകളും കടലോരങ്ങളും മത്സ്യവിഭവങ്ങളെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാകാത്ത ഇനമാക്കിയാതിനാലാകാം പുഴമീനുകൾകൊണ്ടും കടൽമത്സ്യങ്ങളെക്കൊണ്ടും ഉണ്ടാക്കിയ ആഹാരസാധനങ്ങൾ തലശ്ശേരി രുചിയുടെ അനിഷേധ്യ സാന്നിധ്യമാണ്.


തികച്ചും ആരോഗ്യകരമായ രീതിയിലുള്ളവ ആവിയിൽ വേവിച്ചെടുക്കുന്ന ഒരുപാട് അരി വിഭവങ്ങളുണ്ട്. മീൻ പത്തിരിയും, മീൻ നിറച്ച ഉണ്ടയുമൊക്കെ അതിൽ ചിലതുകൾ മാത്രാണ്. അരച്ച അരിക്കൂട്ട് അപ്പം പോലെ പരത്തി, അതിൽ വറുത്തെടുത്ത മീനിന്റെ കഷണങ്ങൾ തേങ്ങാപ്പീരയിൽ ഒതുക്കിയത് നിറച്ചു പരത്തിയ ശേഷം മറ്റൊരു അപ്പം കൊണ്ട് മൂടി ആവിയിൽ വേവിച്ചെടുക്കുന്നതാണ് പുയ്ങ്ങലപ്പം എന്ന് വിളിക്കുന്ന മീൻ പത്തിരി.
[caption id="attachment_27604" align="aligncenter" width="638"]പഴം വാട്ടിയത് പഴം വാട്ടിയത്[/caption]

കൊഴുക്കട്ട പോലെ ഉണ്ടയുട്‌നാക്കി ഉള്ളിൽ മീൻ മസാല നിറക്കുന്നതാണ് മസാല അരിയുണ്ട. അരി അരച്ചതു കുഞ്ഞു പയർ മണി പോലെ ഉരുട്ടിയെടുത്ത് ആവിയിൽ വേവിക്കുന്നതുകൊണ്ട് ഉണ്ടാക്കുന്ന കായ്ക്കറി. പേരങ്ങനെ ആണെങ്കിലും പായസം പോലെ ആസ്വദിച്ചു കുടിക്കാൻ പറ്റുന്ന സംഭവമാണ്. പരിപ്പും പഴവുമൊക്കെ തേങ്ങാപ്പാലിൽ വേവിച്ചു, ഈ അരി മുത്തുകൾ കൂടെയിട്ട് വേവിച്ചു തരുന്ന ഈ വിഭവം എത്രത്തോളം ആരോഗ്യകരമായ രീതികൾ പഴമക്കാർ പിന്തുടന്നിരുന്നു എന്നതിന്റെ ഉദാഹരണം കൂടെയാണ്. വിഭവങ്ങളുടെ പേരിടൽ പോലെ തന്നെ കൌതുകകരമാണ് അതിന്റെ ആകൃതി. വാളൻ പുളിയുടെ രൂപത്തിൽ ഉണ്ടാക്കുന്ന പുളിവാരൽ . പഴവും മൈദയും ചേർത്തുണ്ടാക്കുന്ന ഒരു എണ്ണപലഹാരമാണ് പഞ്ഞിക്കായയുടെ രൂപത്തിൽ ഉണ്ടാക്കുന്ന ഉന്നക്കായ . പഴം പുഴുങ്ങിയത് അരച്ചെടുത്ത ശേഷം ഉള്ളിൽ പണ്ടം നിറച്ചു ഉരുട്ടിയെടുക്കുന്നതാണ്.


ഫില്ലിങ്ങിന് തലശ്ശേരിഭാഷയിൽ പണ്ടം എന്ന് പറയും. തേങ്ങ വിളയിച്ചതും, മുട്ട മധുരമിട്ട് ഒതുക്കിയെടുത്തതും തുടങ്ങി, മീൻ മസാലയും, ചെമ്മീനും, കോഴിയുമൊക്കെ കൊണ്ടുള്ള പണ്ട വൈവിദ്ധ്യങ്ങളുണ്ട്. പെട്ടി പോലെ മടക്കുന്ന പെട്ടിയപ്പം, മനോഹരമായ രൂപമുള്ള ഓമന പത്തിരി, മയ്യത്തപ്പമെന്നു കുട്ടി കുസൃതിയോടെ വിളിക്കുന്ന ഏലാഞ്ചി. നേരത്ത മൈദാ മാവ് ദോശയിൽ പഞ്ചാരയിൽ വിളയിച്ച തേങ്ങാപണ്ടം നിറച്ചു കച്ച ചുറ്റും പോലെ ചുരുട്ടി എടുക്കുന്നതിനെയാണ് മയ്യത്തപ്പം എന്ന് പറയുന്നത്.


ഇത്രയേറെ രുചി വൈവിദ്ധ്യങ്ങൾ രസ മുകുളങ്ങളെ ത്രസിപ്പിക്കുന്ന തലശ്ശേരിക്കാർ പുറത്തേയ്ക്ക് ഇറങ്ങിയാൽ കഴിക്കാൻ കൊതിക്കുന്നത് എന്തായിരിക്കും?
[caption id="attachment_27556" align="aligncenter" width="638"]ഓമന പത്തിരി ഓമന പത്തിരി[/caption]

ഹോട്ടലുകാർക്ക് ഇവരുടെ രുചികളെ തൃപ്തിപെടുത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. പുറത്തെയ്ക്കിറങ്ങുന്ന തലശ്ശേരി കുടുംബം ആദ്യം ചെന്ന് കയറുന്നത് ഒരു ജൂസ് കടയിലേയ്ക്ക് തന്നെയാകും. വിശേഷ ദിനങ്ങളിൽ കുടുംബത്തോടെ 'ഐസ് ക്രീം കുടിക്കാൻ' പോക്ക് ഒരു ചടങ്ങാണിവിടെ. ഫലൂദയുടെയും ജൂസിന്റെയുമൊക്കെ ഇടയിലും ഇപ്പോഴും തലശ്ശേരിക്കാർ ഹൃദയത്തിൽ കൊണ്ട് നടക്കുന്നതാണ് അവൽ കലക്കിയതും, കസ് കസ് വെള്ളവും. വെള്ളത്തിലിടുമ്പോൾ വീർത്തു വരുന്ന കസ് കസ് കുരുക്കളും നാരങ്ങാ നീരുമൊക്കെ ചേർത്ത പാനീയമാണത്. മരച്ചീനി നീളത്തിൽ കീറി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുത്തുണ്ടാക്കുന്ന കോഴിക്കാൽ ഒരു വഴിയോര സ്‌നാക് ആണ്. ബേക്കറികളിൽ പണ്ട് മുതലേ പ്രചാരത്തിലുള്ള മണ്ട. കാണുമ്പോൾ സമൂസ എന്ന് തോന്നിപ്പിക്കുമെങ്കിലും റവയും പഞ്ചാരയുമൊക്കെ ചേർത്തുണ്ടാക്കിയ മധുര പലഹാരമാണ്.


റവ വറുത്ത് തേങ്ങ പൂളിയതിന്റെ കൂറ്റെ കിസ്മിസും അണ്ടിപ്പരിപ്പും മധുരവുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന തരിയുണ്ട, കിണ്ണത്തപ്പം, കലത്തപ്പം തുടങ്ങീ പലഹാരങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടാകും ഓരോ ബേക്കറിയിലും.


ഉണ്ണിയപ്പത്തിന്റെ രൂപത്തിൽ ഉണ്ടാക്കുന്ന മുട്ട സർക്ക എന്ന വിഭവവും തലശ്ശേരിയുടെ സ്വന്തം രുചിയാണ്. പലഹാര പെരുമയിൽ അന്യം നിന്ന് പോയ വിഭവങ്ങളും ഏറെയാണ്. ചക്കര പോളയെന്ന ശർക്കര പാനി വീഴ്ത്തി ഉണ്ടാക്കുന്ന അപ്പം, കായുണ്ട, വിരൽ വണ്ണത്തിൽ പണ്ടം നിറച്ച മാവിൽ കൂന്തൽ വലയങ്ങൾ കോർത്തിട്ടു പൊരിച്ചെടുക്കുന്ന കൂന്തൽ മാല, ഉണക്ക കപ്പ പൊടിച്ച് ഉണ്ടാക്കിയിരുന്ന പോളാപ്പം, ഈന്ത് പനയുടെ കാ ഉണക്കി പൊടിച്ചുണ്ടാക്കുന്ന ഈന്തും പിടി എന്നിവ അവയിൽ ചിലതാണ്. ബ്രഡ് നിറച്ചത്, കോഴി നിറച്ചത്, ആട് നിറച്ചത് തുടങ്ങീ അകത്തു മുട്ടയും മസാലയുമൊക്കെ നിറച്ചു പൊരിച്ച നിറച്ചതുകളും ഏറെയുണ്ട്.
[caption id="attachment_27557" align="aligncenter" width="638"]പഴം നിറച്ചത് പഴം നിറച്ചത്[/caption]

പണ്ടൊക്കെ നോമ്പ് കാലമാകുമ്പോൾ പള്ളി പരിസരത്തെ വലിയ ചെമ്പ് നിറയെ ആവി പറക്കുന്ന ബോട്ടിക്കറിയും, ആടിന്റെ തലക്കറിയും പുട്ടും ആയിട്ട് ഭക്ഷണ വിൽപ്പനക്കാർ നിരക്കുമായിരുന്നത്രേ. മധുരം ഒരുപാടു ഇഷ്ടപെടുന്ന ആളുകളായത് കൊണ്ടാകാം, മധുരമുള്ള അച്ചാറുകളാണ് ഏറെയും പ്രചാരത്തിലുള്ളത്. അധികം പഴുക്കാത്ത ഈന്തപ്പഴം അച്ചാർ തലശ്ശേരിക്കാരുടെ പ്രിയപെട്ട അച്ചാർ ആണ്. ബിരിയാണിക്കൊപ്പം വിളമ്പുന്നതും ഈ കേമനെയാണ്. കാരറ്റും ഉണക്ക മുന്തിരിയും, ബീറ്റ് റൂട്ടും ഉണക്ക മുന്തിരിയും അച്ചാറുകളും എരിവും മധുരവും ഒന്നിക്കുന്ന രുചി വൈവിദ്ധ്യമാണ്. റൊട്ടി പൊടിക്ക് പകരം കട്ട്‌ലട്ടിൽ സേമിയ മുക്കി പൊരികച്ച് കിളിക്കൂടെന്ന പുതിയ വിഭാവത്തെ കണ്ടുപിടിക്കൽ, രണ്ടു ബ്രഡ് സ്ലൈസുകളെ ചേർത്തു അമർത്തി, വട്ടത്തിൽ മുറിച്ചെടുത്ത് മുട്ടയിലും റൊട്ടി പൊടിയിലും മുക്കി പൊരിച്ച ശേഷം മുറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന പോക്കറ്റിൽ ഫില്ലിംഗ് നിറച്ചു വിളമ്പി വിസ്മയിപ്പിക്കാനും ഇവർക്കുത്സാഹമാണ്.


ഗൾഫ് വിഭവമായ ഷവർമ തലശ്ശേരി വീട്ടമ്മമാരുടെ തീന്മേശയിൽക്ക് എത്തുമ്പോൾ പോക്കറ്റ് ഷവർമ ആയി രൂപാന്തരപെടുന്നു. ഏതൊരു പാചക വിധിയും കൌതുകത്തോടെ സ്വീകരിക്കുകയും, തങ്ങളുടെ രുചിയടുപ്പങ്ങളോട് ചേർത്തു വയ്ക്കുകയും ചെയ്യുന്ന ഈ മനോഭാവം തന്നെയാകാം ഒരു നാടിന്റെ മുഖമുദ്ര തന്നെ അതിന്റെ രുചി വൈവിദ്ധ്യങ്ങളാകുകയും, അതിന്റെ പേരിൽ പ്രശസ്തി നേടുന്നതും.