മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്; ടെറ്റനസ് ബാധിച്ച പെണ്‍കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം

ടെറ്റനസ് മൂര്‍ച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. മൂന്നാഴ്ച തീവ്ര പരിചരണവിഭാഗത്തില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് രോഗം ഭേദമായത്.

മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്; ടെറ്റനസ് ബാധിച്ച പെണ്‍കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം

തിരുവനന്തപുരം:  ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിയായ 18 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ചികിത്സയ്ക്ക് ശേഷം രോഗം പൂര്‍ണമായും ഭേദമായി. ടെറ്റനസ് മൂര്‍ച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്.  മൂന്നാഴ്ച തീവ്ര പരിചരണവിഭാഗത്തില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് രോഗം ഭേദമായത്.

ശരീരത്തില്‍ ഒരു മുറിവും ഇല്ലാതെയാണ് ഈ കുട്ടിക്ക് ടെറ്റനസ് ബാധിച്ചത്. മറ്റേതെങ്കിലും തരത്തിലുള്ള അണുബാധയില്‍ കൂടിയാകാം  ടെറ്റനസ് ബാധിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.കഴിഞ്ഞ മാസം ചെറിയ പല്ലുവേദനയാണ് രോഗ ലക്ഷണം പ്രകടമായത്. പിന്നീട് വായ് തുറക്കാന്‍ പ്രയാസവും ശ്വാസ തടസവും ശരീരമാസകലം വേദനയുമുണ്ടായി. എഴുന്നേറ്റ് നടക്കാന്‍ പ്രാപ്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെ ദന്തല്‍ ഡോക്ടറേയും ഇ.എന്‍.ടി. ഡോക്ടറേയും കാണിച്ചു. ഇവിടെ നിന്ന് കൂടുതല്‍ പരിശോധനയ്ക്കായി ദന്തല്‍ കോളെജിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും മാറ്റുകയായിരുന്നു.


മെയ് ആറാം തീയതിയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കി തീവ്ര പരിചരണത്തില്‍ നിരീക്ഷിച്ചു. ഇതിനിടെ പല പ്രാവശ്യം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ബി.പി., പള്‍സ് എന്നിവയില്‍ വ്യതിയാനമുണ്ടാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തു.  3 ആഴ്ച വെന്റിലേറ്റര്‍ സഹായത്തോടെയുള്ള വിദഗ്ധ സംഘത്തിന്റെ ശ്രമഫലമായി പെണ്‍കുട്ടി രോഗം ഭേദമായി ആശുപത്രി വിട്ടു.

മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.കെ. സുരേഷ്്, അസി. പ്രൊഫസര്‍ ഡോ. അജിത, ക്രിട്ടിക്കല്‍ കെയര്‍ ടീം ലീഡര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. അരുണ്‍ പ്രതാപ്, ഡോ. അന്‍വിന്‍, ഡോ. ദിവ്യ ജോണ്‍, ഡോ. ആന്‍സി, വിദഗ്ധ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ കുട്ടിയെ പരിചരിച്ചത്.

മുറിവിലൂടെ ശരീരത്തില്‍ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ്. ഇതിനെ കുതിര സന്നിയെന്നും വിളിക്കാറുണ്ട്. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീവിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം മൂര്‍ഛിക്കുന്നത്. കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്. അതു കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ ലോക്ക് ജോ എന്ന് സാധാരണയായി വിളിച്ച് വരുന്നു.

വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബിപി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ജന്നിയും വരാം.
ടെറ്റനസ് ബാധിച്ചാല്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ. ടെറ്റനസ് വാക്‌സിനേഷന്‍ വ്യാപകമായതോടെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ ഈ രോഗം പകരാവുന്നതാണ്.

പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ മൂന്ന് തവണകളായി 6, 10, 14 ആഴ്ചകളില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണം. തുടര്‍ന്ന് എപ്പോഴെങ്കിലും മുറിവ് പറ്റിയാല്‍ കുത്തിവയ്പ്പ് എടുക്കണം. ഒന്നരമാസത്തിനു ശേഷം മുറിവ് പറ്റിയാല്‍ വീണ്ടും കുത്തിവയ്പ്പ് എടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ മുറിവില്ലാതെ അണുബാധയില്‍ കൂടിയും ടെറ്റനസ് വരാം.എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടിയിരിക്കണം. മുറിവ് പറ്റിയാല്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ കര്‍ശനമായി എടുക്കേണ്ടത് അത്യാവശ്യമാണ്.

Story by