'നാലായിരം വര്‍ഷത്തിലേറെ പഴക്ക'മുള്ള മഹാവിഷ്ണു ക്ഷേത്രം വില്‍പ്പനയ്ക്ക്; കേരളത്തിലെ തിരുപ്പതി എന്ന് പരസ്യം ചെയ്താൽ ഭക്തർ ഒഴുകി എത്തുമെന്ന് വിൽപ്പനക്കാരൻ

ക്ഷേത്രം കൈമാറ്റത്തിന് എന്ന തലക്കെട്ടില്‍ ഒരു പത്രത്തില്‍ വന്ന പരസ്യം കണ്ടാണ് നാരദ ന്യൂസ് ക്ഷേത്രത്തിന്റെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഗോപാലന്‍ നായരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു ക്ഷേത്രം നേരില്‍ കാണാനുള്ള അനുവാദം വാങ്ങി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ ഗോപാലന്‍ നായരും ഭാര്യയുമുണ്ടായിരുന്നു. ഫോണില്‍ സംസാരിച്ച ആളല്ലേ എന്നു പറഞ്ഞ് ഗോപാലന്‍നായര്‍ നേരെ ക്ഷേത്രത്തിനകത്തേക്ക് ക്ഷണിച്ചു. എല്ലാം കണ്ട് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ബാക്കി സംസാരം എന്നതായിരുന്നു ഗോപാലന്‍ നായരുടെ നിലപാട്.

പാലക്കാട്:  'നാലായിരം വര്‍ഷത്തിലേറെ പഴക്ക'മുള്ള മഹാവിഷ്ണു ക്ഷേത്രം വില്‍പ്പനയ്ക്ക്!  മഹാവിഷ്ണുവിനെ കൂടാതെ ഗണപതി, അയ്യപ്പന്‍, മുരുഗന്‍, ഭഗവതി, തുടങ്ങിയ ദൈവങ്ങളും ബ്രഹ്മരക്ഷസ് എന്നിവയും വാങ്ങുന്നയാള്‍ക്ക് സ്വന്തമാക്കാം. സര്‍പ്പ പ്രതിഷ്ഠയും ഉടന്‍ തന്നെ വരും. അതു കൂടി ചേര്‍ത്താണ് വാങ്ങുന്നയാള്‍ക്ക് കൈമാറുക.

പാലക്കാട് പുതൂര്‍ പാലത്തിന് സമീപം തച്ചങ്കാട് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമായ കുതിരമട മഹാവിഷ്ണു ക്ഷേത്രം വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിലുള്ള വാചകങ്ങളാണിത്. ഒരു ഹോട്ടലോ മറ്റ് കച്ചവട സ്ഥാപനങ്ങളേയോ പോലെ ഈ ക്ഷേത്രം ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്കു ബന്ധപ്പെടാം. അല്ലാത്തര്‍ക്ക് വാങ്ങാം.  ഭാരതപ്പുഴയുടെ തീരത്ത് ഒരേക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ ഭാവിയില്‍ ഇതൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ടെന്നും വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നും വില്‍പ്പനയ്ക്ക് വച്ച ക്ഷേത്രത്തിന്റെ സെക്രട്ടറി പറയുന്നു.


ക്ഷേത്രം കൈമാറ്റത്തിന് എന്ന തലക്കെട്ടില്‍ ഒരു പത്രത്തില്‍ വന്ന പരസ്യം കണ്ടാണ് നാരദ ന്യൂസ് ക്ഷേത്രത്തിന്റെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഗോപാലന്‍ നായരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു ക്ഷേത്രം നേരില്‍ കാണാനുള്ള അനുവാദം വാങ്ങി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ ഗോപാലന്‍ നായരും ഭാര്യയുമുണ്ടായിരുന്നു. ഫോണില്‍ സംസാരിച്ച ആളല്ലേ എന്നു പറഞ്ഞ് ഗോപാലന്‍നായര്‍ നേരെ ക്ഷേത്രത്തിനകത്തേക്ക് ക്ഷണിച്ചു. എല്ലാം കണ്ട് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം ബാക്കി സംസാരം എന്നതായിരുന്നു ഗോപാലന്‍ നായരുടെ നിലപാട്.

tmp 2

പാടങ്ങളുടേയും പുഴയുടേയും അരികിലായി ഒരേക്കറോളം സ്ഥലത്താണ് കുതിരമട മഹാവിഷ്ണു ക്ഷേത്രം നില്‍ക്കുന്നത്. കാഴ്ച്ചയില്‍ പറയുന്നത് പോലെ നാലായിരം വര്‍ഷം പഴക്കമുള്ളതല്ല ക്ഷേത്രം. ക്ഷേത്രവും ചുറ്റമ്പലവും ഊട്ടുപുരയും പുതിയതായി പണി തീര്‍ത്തതാണ്. ഓഫീസ് മുറിയുടെയും കൗണ്ടറിന്റെയും പണി തീര്‍ന്നിട്ടില്ല. അടുക്കളയും ചെറിയ ഓഡിറ്റോറിയവും ഉണ്ട്.  ഈ ക്ഷേത്രത്തിന് എങ്ങിനെ നാലായിരം വര്‍ഷം പഴക്കം വരുമെന്ന സംശയത്തിന് ഗോപാലന്‍ നായര്‍ തന്നെ  ഉത്തരം തന്നു.

ക്ഷേത്രത്തിന് ക്യത്യമായി 3155 ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് അഷ്ടമംഗല്യ പ്രശ്നവശാല്‍ തെളിഞ്ഞത്. ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് നശിച്ചതാണ് ക്ഷേത്രം.  ആദ്യ കാലത്ത് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്തിയത് ഏറ്റവും വിശിഷ്ടനായ ഒരു യതിവര്യനായിരുന്നു. അതു കൊണ്ട് ഈ ക്ഷേത്ര സ്ഥാനവും ദേവബിംബവും നാശമാകാതെ നിന്നു. ഇവിടെയുള്ള വിഷ്ണുവിന്റെ ചൈതന്യം രാജകീയ ആഡംബരത്തോടു കൂടി ലോകത്തേയും ഭക്തജനങ്ങളേയും അനുഗ്രഹിച്ചിരുന്ന ഭാവനാ സ്വരൂപനാണ്. ഉപദേവന്‍മാരായി ഗണപതി, ശാസ്താവ്, ഭഗവതി, സുബ്രമണ്യന്‍, എന്നിവരും ബ്രഹ്മരക്ഷസ്, നാഗം എന്നിവയുടെ ശക്തിയും ഉണ്ടെന്നും ഗോപാലന്‍ നായര്‍ വിശദീകരിച്ചു.

ക്ഷേത്ര വാതില്‍ തുറന്ന് ചുറ്റമ്പലത്തിലേക്ക് എല്ലാം കാണാന്‍ ഗോപാലന്‍ നായര്‍ ക്ഷണിച്ചു.  അമ്പലത്തിനുള്ളിലെ നട അടച്ചിരിക്കുകയാണ്. സമയം കഴിഞ്ഞതിനാല്‍ അത് തുറക്കില്ല. ചുറ്റമ്പലത്തിനുള്ളില്‍ ഓരോ മുറിയിലായി ഗണപതി, അയ്യപ്പന്‍, മുരുകന്‍, ഭഗവതി, വിഗ്രഹങ്ങളും ഫോട്ടോകളും ഉണ്ട്. എല്ലാം കാണിച്ചു കൊണ്ട് ഈ പ്രതിഷ്ഠകളുടെ കാര്യവും വിശദീകരിച്ചു. ബ്രഹ്മ രക്ഷസ് ഉണ്ട്, ഉടന്‍ തന്നെ സര്‍പ്പ പ്രതിഷ്ഠയും നടത്തും. അതോടു കൂടി അമ്പലത്തിലേക്ക് ഭക്ത ജന തിരക്ക് വര്‍ദ്ധിക്കുമെന്ന് ഗോപാലന്‍ നായര്‍ പറഞ്ഞു. വാങ്ങുന്നവരിലേക്ക് ഇതൊക്കെ വന്നു ചേരുമെന്നും വിശദീകരിച്ചു.

tmp4

പന്നീട് ഈ ക്ഷേത്രം ഗോപാലന്‍ നായരുടെ കയ്യില്‍ വന്നു ചേര്‍ന്ന കാര്യവും പറഞ്ഞു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ഇവിടെ കുറെ സ്ഥലം വാങ്ങി. അഞ്ചേക്കര്‍ സ്ഥലം. അവിടെ കുറെ മരം ഉണ്ടായിരുന്നു. കൃഷിയും നടത്തിയിരുന്നു. പിന്നെ വെട്ടിത്തെളിച്ചപ്പോള്‍ ശ്രീകോവില്‍ കണ്ടു. ഒരു മരത്തിന്റെ ചുവട്ടിലായി. ഈ മരത്തിനു മുമ്പും ഒരു മരം ഇവിടെ ഉണ്ടായിരുന്നു. ആ മരം വിറ്റയാളും വാങ്ങിയ ആളും മരം മുറിച്ചപ്പോള്‍ മരിച്ചു. അതു കാരണം ജനങ്ങള്‍ ഇവിടെ നില്‍ക്കുന്ന മരങ്ങള്‍ ഒന്നും എടുക്കില്ല. അവര്‍ക്ക് അമ്പലമാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അഷ്ടമംഗല്യ പ്രശ്നത്തിലാണ് ഇത് അമ്പലമാണെന്ന് മനസ്സിലായത്. അതിനു ശേഷമാണ് ഇവിടെ പൂജ തുടങ്ങിയത്. പിന്നീട് ചെറിയ ശ്രീകോവില്‍ ഉണ്ടാക്കി. പത്ത് മുപ്പത് വര്‍ഷം കൊണ്ട്  3155 ലേറെ പഴക്കമുള്ള ക്ഷേത്രത്തെ വീണ്ടും സ്ഥാപിച്ചു."

നാലായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമെന്ന് കാണിക്കാന്‍ മുറ്റത്ത് കിടന്നിരുന്ന ഒരു പഴയ കരിങ്കല്‍ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും ഗോപാലന്‍ നായര്‍ കാണിച്ചു തന്നു. ക്ഷേത്രത്തിന് പുറത്ത് ഒരു വലിയ കിണറുണ്ട്. മുകള്‍ ഭാഗം വെട്ടുകല്ലു കൊണ്ട് കെട്ടിയ ആ കിണറും നാലായിരം വര്‍ഷം മുമ്പ് കുഴിച്ചതാണെന്നാണു ഗോപാലന്‍ നായര്‍ പറഞ്ഞത്.

കിണറിനടുത്തായി ആദ്യം ക്ഷേത്രം തുടങ്ങിയ സ്ഥലമാണ് പിന്നീട് കാണിച്ചു തന്നത്. "ആദ്യം ഇവിടെ ഒരു പടിപ്പുര കെട്ടിയാണ് തുടങ്ങിയത്. പത്ത് മുപ്പത് വര്‍ഷം മുമ്പ്. തുടക്കം അങ്ങിനെ ഒന്നും ഇല്ലാത്ത സ്ഥലത്തു നിന്ന്. അവിടെ നിന്നാണ് ഓരോന്നോരോന്നു ചെയ്ത് ഈ നിലയിലെത്തിയത്. അങ്ങിനെ ഇപ്പോള്‍ ക്ഷേത്രത്തിന് ഒരു സെറ്റപ്പ് ആയിട്ടുണ്ട്."

"പിന്നെ ഇവിടെയുള്ളത് തിരുപ്പതിയിലെ പ്രതിഷ്ഠയാണ്. ഇതു നമ്മള്‍ വച്ചു കൊണ്ടു നടക്കാന്‍ പാടില്ല. ഒന്നു പൊന്തിച്ചെടുക്കേണ്ടെ? ഞങ്ങള്‍ടെ പൊസിഷന്‍ ഒക്കെ ആയിക്കഴിഞ്ഞു. ഒരു വിധം ലെവല്‍ ചെയ്തു. ഇനി ഇത് ആരെങ്കിലും ഏറ്റെടുക്കണം. അപ്പോ കേരളത്തിലെ തിരുപ്പതി എന്നു വച്ച് ഒരു ഫ്‌ളാഷ് വന്നാല്‍ ജനം കുത്തിയൊഴുകും."

tmp8

ഗോപാലൻ നായർ സ്വന്തം സ്ഥലത്തിന്റെ വിലയും കാര്യങ്ങളെ കുറിച്ചുമാണ് പിന്നീട് സംസാരിച്ചത്.  "സ്ഥലം ഒരേക്കര്‍ ഉണ്ടെങ്കിലും 78 സെന്റ് മാത്രമേ രേഖയിലുള്ളൂ. അതിന്റെ വില തന്നാല്‍ മതി. ഞങ്ങള്‍ കുറെ ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ വിലയും കിട്ടണം. എന്റെ കുറെ സ്ഥലവും വിറ്റിട്ടാണ് ഇതിലേക്ക് ഇന്‍വെസ്റ്റ് ചെയ്തത്. വാങ്ങുന്നവര്‍ക്ക് ഇതിന്റെ ഓണര്‍ഷിപ്പ് കിട്ടും. പിന്നെ പൂജാ കാര്യങ്ങള്‍ക്കെല്ലാം അവര്‍ക്ക് പുതിയ ആളുകളെ വെക്കാം."

"ഇപ്പോള്‍ അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ടതു പ്രകാരം ഞാനാണ് പൂജ ചെയ്യുന്നത്. ഭഗവാന് അതാണ് ഇഷ്ടം,  അമ്പലത്തിനും പറമ്പിനുമെല്ലാമായി പ്രതീക്ഷിക്കുന്ന വില രണ്ടു കോടിയാണ്. കുറെ ആളുകള്‍ വന്ന് നോക്കിയിട്ടുണ്ട്."

"കുറേ പേര്‍ വന്ന് ചോദിക്കുന്നുണ്ട്, എന്തിനാ അമ്പലം വില്‍ക്കുന്നതെന്ന്. ഞങ്ങള്‍ അമ്പലം നില്‍ക്കുന്ന ഞങ്ങളുടെ സ്ഥലമാണ് വില്‍ക്കുന്നത്. അതില്‍ അമ്പലവും പെടും. ഞങ്ങളും അമ്പലം വാങ്ങിയിട്ടില്ലല്ലോ. എന്തിനാ അമ്പലം വില്‍ക്കുന്നതെന്ന് ചോദിക്കുന്നവന്റെ പത്ത് പൈസ ഇവിടെ വരുന്നില്ല."

അമ്പലത്തില്‍ നിത്യേന കുറേ ഭക്ത ജനങ്ങള്‍ വന്നു പോകുന്നുണ്ട്.  അഞ്ച് രൂപയുടെ അര്‍ച്ചന മുതല്‍ 850 രൂപയുടെ നിറമാലയും ആയിരത്തിലധികം രൂപ വരുന്ന വിശേഷാല്‍ പൂജയുമെല്ലാം ഇവിടെ നടന്നു വരുന്നുണ്ട്.  ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന വരുമാനത്തേക്കാള്‍ ഭാവിയില്‍ ക്ഷേത്രം വാങ്ങുന്നയാള്‍ക്ക് ലഭിക്കാന്‍ പോകുന്ന വരുമാനം പറഞ്ഞാണ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നത്.

പരസ്യം കണ്ട്  ചില ഹിന്ദു സംഘടനകളും മറ്റും വന്നു. അതു കൊണ്ട് ക്ഷേത്രം ഇനി ഹിന്ദുവായ ഒരാള്‍ക്ക് മാത്രമേ കൈമാറൂ. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നമാകുമെന്ന് ഗോപാലന്‍നായര്‍ പറഞ്ഞു.  ക്ഷേത്രം വില്‍ക്കുന്നതില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ഇറക്കിയ ഇന്‍വെസ്റ്റ്മെന്റ് തിരിച്ചു കിട്ടാന്‍ വില്‍പ്പനയില്‍ നിന്ന് പിന്‍മാറാന്‍ ഗോപാലന്‍നായര്‍ തയ്യാറല്ല.