മാനവീയം വീഥി- ടീം നിഴലാട്ടം നിലപാട് വ്യക്തമാക്കുന്നു

നാളിതുവരെ കേരളത്തിന്റെ കലാ സാംസ്കാരിക മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ടീം നിഴലാട്ടം കലയെയും കലാകാരനെയും പ്രശസ്തിയുടെ, ലിംഗ, മത, ജാതിയുടെ അളവുകോലുകൾ വച്ചല്ല പ്രോത്സാഹിപ്പിച്ചിട്ടുള്ളതും, സംരക്ഷിച്ചിട്ടുള്ളതും.

മാനവീയം വീഥി- ടീം നിഴലാട്ടം നിലപാട് വ്യക്തമാക്കുന്നു

മാനവീയം വീഥി- ടീം നിഴലാട്ടം നിലപാട് വ്യക്തമാക്കുന്നു

നാളിതുവരെ കേരളത്തിന്റെ കലാ സാംസ്കാരിക മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ടീം നിഴലാട്ടം കലയെയും കലാകാരനെയും പ്രശസ്തിയുടെ, ലിംഗ, മത, ജാതിയുടെ അളവുകോലുകൾ വച്ചല്ല പ്രോത്സാഹിപ്പിച്ചിട്ടുള്ളതും, സംരക്ഷിച്ചിട്ടുള്ളതും. കല ഏറ്റവും വലിയ വിപ്ലവായുധമാണെന്ന് പഠിപ്പിച്ച നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.

വിവിധ സംഘടനകൾക്കൊപ്പം ചേർന്ന് നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ടീം നിഴലാട്ടം ഏർപ്പെട്ടിട്ടുണ്ട്.അത് അത്തരം സംഘടനകൾ മുന്നോട്ടു വയ്ക്കുന്ന സത്യസന്ധമായ നിലപാടുകൾ കൊണ്ടാണ്. അല്ലാത്തപക്ഷം കലയുടെ പേരിൽ നടത്തി വരുന്ന പ്രഹസന നാടകങ്ങളിൽ നിന്ന് നിഴലാട്ടം വിട്ടു നിൽക്കുക തന്നെ ചെയ്യും. മാനവീയം തെരുവോരക്കൂട്ടം എന്ന സംഘടനയ്ക്ക് അതിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടതിന്റെ പരിണിത ഫലങ്ങൾ കുറച്ചു നാളുകളായി അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്.


ശീതീകരിച്ച മുറികളിൽ നിന്നും കലയും കലാകാരനും തെരുവിലേയ്ക്കിറങ്ങുമ്പോൾ ഒരേ നിരയിലും ഒരേ വരിയിലുമായിക്കണം അവരുടെ സ്ഥാനം.അത് തെരുവിന്റെ സത്യസന്ധതയാണ്‌.എന്നാൽ പ്രശസ്തിയുടെ അളവുകോലുകൾ വച്ചാണ് ഇവിടെ കലാകാരന് അവന്റെ കലയ്ക്ക് ഇക്കൂട്ടർ മാർക്കിടുന്നത്.

തെരുവിനെ ശീതീകരിച്ച മുറിയാക്കുവാനുള്ള ശ്രമങ്ങളുടെ ഫലമാണ് വീഥിയിലെ മതിലുകളിൽ വരച്ചിരിക്കുന്ന ചിത്രങ്ങളിൽ ചിലതിനെ മാത്രം പ്രശസ്തിയുടെ പേരു പറഞ്ഞ് ചില്ലിട്ടു സൂക്ഷിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കലാകാരനും അവന്റെ കലയ്ക്കും പ്രാധാന്യം കല്പിക്കാത്തതിന് ഉദാഹരണമാണ് ചില ചിത്രങ്ങൾ വരയ്ക്കുന്നതിന് മുൻപ് മതിൽ പൂജകൾ നടത്തിയത്. ഇത്തരം തരംതാണ പ്രവർത്തികളിലൂടെ കലയ്ക്കും കലാകാരൻമാർക്കുമിടയിൽ വലിപ്പചെറുപ്പത്തിന്റെ വേലി കെട്ടുകയാണിവർ. കലാകാരൻമാർ തുല്യരാണെന്നതാണ് ഞങ്ങളുടെ പക്ഷം.

മാനവീയം ചില വ്യക്തിതാല്പര്യങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന സംഘടനയായിന്ന് മാറിയിരിക്കുന്നു. സങ്കുചിതമായ മനസ്സുകളാണ് ആ സംഘടനയെ നിലവിൽ നിയന്ത്രിച്ചു പോരുന്നത്. അതു കൊണ്ട് തന്നെയാണ് കലാഭവൻ മണിയുടെയും ഒഎൻ.വിയുടെയും അനുസ്മരണം ഒരേ വേദിയിൽ വച്ച് നടത്തുന്നതിനെച്ചൊല്ലി ആ സംഘടനയ്ക്കുള്ളിൽ തർക്കമുണ്ടായത്. ഓ.എൻ.വി. അനുസ്മരണത്തിനു ക്ഷണിച്ച വിശിഷ്ട വ്യക്തികൾക്ക് അതിനോടൊപ്പം മറ്റൊരു കലാകാരനായ കലാഭവൻ മണിയുടെ അനുസ്മരണം കൂടി സംഘടിപ്പിച്ചാൽ ബുദ്ധിമുട്ടുണ്ടാകും എന്നു ചിന്തിച്ച, തുറന്നു പറഞ്ഞ സംഘടനാ പ്രവർത്തകരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതിൽ പ്രതിഷേധിച്ചാണ് കലാഭവൻ മണി അനുസ്മരണം ടീം നിഴലാട്ടം മറ്റൊരു പൊതു വേദിയിൽ സംഘടിപ്പിച്ചത്.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി മാനവീയം വീഥിയിൽ ഒരു കൂട്ടം കലാകാരൻമാർ കലാപരിപാടികൾ അവതരിപ്പിച്ചു വരികയാണ്. അതിന്റെ കാര്യക്ഷമമായ തുടർപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഒരു കമ്മിറ്റി രൂപീകരിച്ചത്.

നിരവധി കലാ-സാംസ്കാരിക സംഘടനകൾ അംഗമായ കമ്മിറ്റികളിൽ ടീം നിഴലാട്ടം ഒഴിച്ച് ഭൂരിഭാഗവും ഒറ്റയാൾ സംഘടനകളാണ്. എന്നാൽ കമ്മിറ്റിയുടെ ചില ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള വിയോജിപ്പ് നിഴലാട്ടം പലകുറി രേഖപ്പെടുത്തിയിട്ടുണ്ട്. പബ്ലിക് റോഡിനിരു വശവുമുള്ള നടപ്പാതയിൽ കോൺഗ്രീറ്റ് ചട്ടികൾക്കുള്ളിൽ വൃക്ഷതൈകൾ നടുന്ന മാനവീയം സംഘടനയുടെ വൃക്ഷ സ്നേഹത്തിൽ എന്ത് ആത്മാർത്ഥതയാണുള്ളത്. നിലവിൽ മാനവീയം വീഥിയോട് ചേർന്നുള്ള മതിലിൽ ഒരു ഗേയ്റ്റ് വന്നാൽ കലാ സാംസ്കാരിക പ്രവർത്തനത്തിന് നേരിടുന്ന തടസ്സമെന്താണെന്ന് സമര സംഘാടകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഔദ്യോഗികമായ ഏതാനും കടലാസ് വർക്കുകളിലൂടെ പരിഹരിക്കേണ്ട നിസ്സാര കാര്യത്തെ കലാകാരൻമാരെയും പൊതുജനത്തെയും നിരത്തി സമരം നടത്തി വാർത്തയുണ്ടാക്കാനുള്ള ശ്രമത്തെ നിഴലാട്ടം പിന്തുണയ്ക്കുന്നില്ല. സത്യസന്ധമായ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കും എല്ലാവിധ പിന്തുണയും തുടർന്നുമുണ്ടാകും.

ടീം നിഴലാട്ടം

Read More >>