സൗദിയില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആലോചന.

സൗദിയില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള  കരട് നിയമത്തിന് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയേക്കും.

ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റ് ഡോ. ഹുസാം അല്‍ അന്‍ഓരി സമര്‍പ്പിച്ച കരട് നിയമം കൗണ്‍സിലിന്റെ ധനകാര്യ ഉപസമിതി അംഗീകരിച്ചുകഴിഞ്ഞു.

സൗദിയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ വര്‍ഷം അയക്കുന്ന പണത്തിന് ആറ് ശതമാനം നികുതി ബാധകമാക്കണമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതി കുറയും. അഞ്ചാം വര്‍ഷം മുതല്‍ രണ്ട് ശതമാനം നികുതിയായിരിക്കും ബാധകം.


വിദേശികള്‍ അയക്കുന്ന പണത്തിന് ഈടാക്കുന്ന നികുതി സൗദി മോണിട്ടറി ഏജന്‍സിയില്‍ പ്രത്യേകം നിക്ഷേപിക്കും. നികുതി വെട്ടിപ്പ് നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയും ഇവിടെ നിക്ഷേപിക്കുമെന്നും കരടു നിയമം വ്യക്തമാക്കുന്നു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. മുപ്പത് ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതും സൗദി അറേബ്യയിലാണ്. കരടുനിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്കായിരിക്കും.

Read More >>