കെപിസിസി എക്‌സിക്യൂട്ടീവില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് സുധീരന്‍

ആരേയും വ്യക്തിപരമായി വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ യോഗിത്തില്‍ ഉയര്‍ന്നിട്ടില്ല. യോഗത്തില്‍ സംസാരിക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ മാത്രമാണ് യോഗത്തില്‍ നടന്നതെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി എക്‌സിക്യൂട്ടീവില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ആരും ഉയര്‍ത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ആരേയും വ്യക്തിപരമായി വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ യോഗിത്തില്‍ ഉയര്‍ന്നിട്ടില്ല. യോഗത്തില്‍  സംസാരിക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ മാത്രമാണ് യോഗത്തില്‍ നടന്നതെന്നും സുധീരന്‍ പറഞ്ഞു.


അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സുധീരന്‍ ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി സുധീരന്‍ ഇന്ന്  ഡല്‍ഹിക്ക് തിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചചെയ്യും.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള എക്‌സിക്യൂട്ടില്‍ യോഗത്തില്‍ സുധീരന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ ബാബു ഉള്‍പ്പെടെയുള്ളവരാണ് സുധീരന് എതിരെ ആഞ്ഞടിച്ചത്. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്റിന്റെ ഏഴു ദിവസത്തെ ഡല്‍ഹി ചര്‍ച്ച തന്റെ പരാജയത്തിനു കാരണമായെന്നും കെ ബാബു യോഗത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞതുപോലെ പാര്‍ട്ടി നേതൃത്വവും ഉത്തരവാദിത്വമേറ്റെടുക്കണമെന്നു കെ. ബാബു പറഞ്ഞു.

അതെസമയം  കോണ്‍ഗ്രസില്‍ ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയമാണ് തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കിടയാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സുധീരനെതിരെ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് എക്‌സിക്യൂട്ടീവില്‍ നിന്നു പുറത്തുവരുന്നത്. പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്നും തുടരും.  നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിഎം സുധീരന്‍ ഇന്ന് മറുപടി നല്‍കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖയും യോഗ തയ്യാറാക്കും. 30 ഇന നിര്‍ദേശങ്ങളടങ്ങിയ നയരേഖയും യോഗം ചര്‍ച്ച ചെയ്യും.