കറുക്കാൻ തേച്ച കല പാണ്ടാകുമ്പോൾ

പ്രതികരണകലയും പ്രതിരോധകലയും പ്രതിഷേധ കലയും, കലയും തമ്മിലൊക്കെ വളരെ വിശാലമായ വ്യത്യാസങ്ങളുണ്ട്. ജയമോളുടെ കല പ്രതികരണ കലയാണ്. അത് റിയാക്ഷനറിയാണ്. അതിൽ പ്രതിരോധം അഥവാ Resistance, പ്രതിഷേധം അഥവാ Protest എന്നിവ ഇല്ല. രോഹിത് വെമുലയുടെ ആത്മഹത്യ മാധ്യമശ്രദ്ധ നേടിയ വിഷയമാണ്. അതിന്റെ ചുവട് പിടിച്ച് വെമുലയുടെ ദളിത് സ്വത്വത്തെ കറുപ്പിലേക്ക് ന്യൂനവത്കരിക്കുന്നത് റിയാക്ഷനറി കലയുടെ മാത്രം രീതിയാണ്. ജോണി എംഎൽ എഴുതുന്നു.

കറുക്കാൻ തേച്ച കല പാണ്ടാകുമ്പോൾ

ജോണി എംഎൽ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് നാം കേട്ടിട്ടുണ്ട്. പക്ഷേ കറുക്കാൻ തേച്ചത്..? പി എസ് ജയമോൾ എന്ന കലാകാരിയുടെ കാര്യത്തിൽ, കേരളത്തിൽ സംഭവിച്ചത് കറുക്കാൻ തേച്ചത് പാണ്ടായി എന്ന് തന്നെയായിരുന്നു. പൊതുവെ കാർട്ടൂൺ സിനിമകളിലെയും മുഖ്യധാരാ സിനിമകളിലെയും കോമഡി രംഗങ്ങളിലുമൊക്കെയാണ് നാം വെടി പൊട്ടിത്തെറിച്ച് മഉഖത്ത് കരിയുമായ മുടിയിൽ നിന്നുയരുന്ന പുകയുമായി നിൽക്കുന്ന ഹാസ്യകഥാപാത്രങ്ങളെ കാണുന്നത്. ഹാസ്യേത്പാദനമാണ് അവയുടെ ലക്ഷ്യമെങ്കിൽ ജയമോളുടെ ശ്രമം സ്വന്തം മുഖത്തും, പുറമെ കാണപ്പെടുന്ന ശരീരഭാഗങ്ങളിലും കരിതേച്ച് നടക്കുക എന്നതിലൂടെ വളരെ ഗൗരവമേറിയ ഒരു സാംസ്‌കാരിക വ്യവഹാരം സൃഷ്ടിക്കാനായിരുന്നു. സമൂഹത്തിൽ അത്തരമൊരു വ്യവഹാരം ജയമോൾക്ക് സൃഷ്ടിക്കാനായി എന്നതിൽ സംശയമില്ല. പക്ഷേ അത് അവർ ചെയ്ത കലാപ്രവർത്തന്റെ വിപരീതദിശയിൽ ആയിപ്പോയെന്ന് മാത്രം.


ഹൈദാരാബാദ് യൂണിവേഴ്‌സിറ്റിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ജയമോൾ ഒരു സാമുഹ്യപരീക്ഷണം എന്ന് പറയാവുന്ന നിലയിലുള്ള പെർഫോമൻസ് ആയി വിഭാവനം ചെയ്തത്. ദൃശ്യസൗന്ദര്യശാസ്ത്രപരമായി തികച്ചും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കേരളത്തിൽ, പുരുഷാധിപത്യ പ്രവണതകൾ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിന്റെ വിവിധ ധാരകളിൽ പ്രകടമാകുന്ന, പാരമ്പര്യവാദം പുരോഗമനത്തിന് നല്ലതാണ് എന്ന് പറയുന്ന കേരളത്തിൽ ശരീരത്ത് കരിതേച്ച് നടന്ന് സ്വയം ഒരു കാഴ്ചവസ്തുവാകാൻ ജയമോൾ എടുത്ത തീരുമാനം ശ്ലാഘനീയം തന്നെയാണ്. പക്ഷേ ആ പെർഫോമന്‌സ് ആർട്ടിന്റെ അമിത നിർണ്ണയ സ്വഭാവവും, അതിനോട് പ്രതികരിക്കുന്നവർ തികച്ചും തന്റെ ലക്ഷ്യത്തിന് അനുരൂപമായ വിമർശനരീതികൾ സ്വീകരിക്കുമെന്ന മുൻവിധിയും സർവ്വോപരി കറുപ്പ് എന്ന നിറത്തെക്കുറിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള സൈദ്ധാന്തിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ആഴമുള്ള പണത്തിന്റെ അഭാവവും കലാകാരിയെ വെട്ടിലാക്കി ഏറ്റവും പ്രധാനപ്പെട്ട പരാജയം കലാകാരി എന്ന നിലയിൽ ജയമോൾ നേരിട്ടത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുപ്പിനെയും ദളിതത്വത്തെയും അടിസ്ഥാനമാക്കി നടന്ന് കൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾ സൃഷ്ടിച്ച സാമൂഹിക ഇടങ്ങലെ ഇത്തരത്തിലുള്ള ഒരു കലാപ്രവർത്തനത്തിലൂടെ തന്റേതാക്കാം എന്ന ആത്മവിശ്വാസത്തിലാണ്.

ജയമോൾ എന്ന കലാകാരിയുടെ ആത്മവിശ്വാസം ഏറ്റവുമധികം പ്രകടമായത് തുടക്കത്തിൽത്തന്നെ അവർ രോഹിത് വെമുല പ്രശ്‌നത്തെ ദളിത് സ്വത്വത്തിന്റെ ഒട്ടനവധി സൂചനകളിൽ ഒന്ന് മാത്രമായ കറുപ്പിലേയ്ക്ക് ചുരുക്കുന്നു എന്നതിലാണ്. കലാകാരിയുടെ പ്രസ്താവനകളിൽ ആദ്യം കേട്ടത് തന്നെ ഒരു വെല്ലുവിളിയായിരുന്നു. ഞാൻ കറുപ്പ് തേച്ച് നടക്കാം. എന്റെ അനുഭവങ്ങളെ പ്രസിദ്ധീകരിക്കാൻ നിങ്ങൾ തയ്യാറാണോ എന്ന ചോദ്യം കലാകാരി ഉയർത്തി. അവർക്ക് ഉണ്ടായിരുന്ന അമിത നിർണ്ണയ (over determination) ത്തിന് തെളിവായിരുന്നു അത്. ദളിത് പ്രസ്ഥാനങ്ങളെയും കറുപ്പ് എന്ന വ്യവഹാര സൂചകത്തിന്റെ ഈ ആഘോഷത്തെ തിരിച്ചറിയുമെന്നും നെഞ്ചേറ്റുമെന്നും അതേസമയം കേരളത്തിലെ പരമ്പരാഗത മുഖ്യധാര സമൂഹം തന്നെ മുച്ചൂടും എതിർക്കുമെന്നും കലാകാരി കരുതി. അതുകൊണ്ട് തന്നെയാണ് എന്റെ അനുഭവങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറാകുമോ എന്ന വെല്ലുവിളി ജയമോൾ ഉയർത്തിയത്. കേരളത്തിലെ പ്രസിദ്ധീകരണരംഗത്ത് ഉണ്ടായ മാറ്റങ്ങൾപ്പോലും അറിയാതെയാണ് ഈ കലാകാരി അത്തരമൊരു ചോദ്യം ഉയർ്തതിയത്. നവമാധ്യമരംഗങ്ങളിൽ പ്രചാരം നേടുന്ന വിവാദവിഷയങ്ങളെ പുസ്തകരൂപത്തിലാക്കുക എന്നത് ഒരു വലിയ വെല്ലുവിളി അല്ലെന്നും ലിബറൽ എക്കോണമിയുടെ ഭാഗം മാത്രമാണ് എതിർപ്പിനെ മൂലധനവത്കരിക്കുക എന്നതും തിരിച്ചറിയാൻ ജയമോൾക്ക് കഴിഞ്ഞില്ല. ഗുരുവായൂരപ്പൻ കോളേജിലെ വിവാദിവഷയമായ തെറി എന്ന പേരിട്ട കോളേജ് മാഗസിൻ ഡിസി ബുക്‌സ് പുസ്തകമാക്കിയ കാര്യംപോലും ജയമോൾ മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

അന്താരാഷ്ട്ര മാധ്യമമായ ബിബിസി പോലും ജയമോളുടെ നൂറ്റിയിരുപത്തിയഞ്ച് ദിവസം നീണ്ടുനിന്ന ഈ പെർഫോമൻസിന് വാർത്താ പ്രാധാന്യം നൽകി. പക്ഷേ കേരളത്തിലെ ദളിത് ബുദ്ധിജീവികൽ തികച്ചും വ്യക്തവും പക്വതയാർന്നതുമായ ഒരു രാഷ്ട്രീയ സാംസ്‌കാരിക നിലപാടാണ് ജയമോളുടെ കാര്യത്തിൽ എടുത്തത്. ഈ ബൗദ്ധികവിഭാഗം തന്നെ തീർച്ചയായും തന്നെ പിന്തുണയ്ക്കുമെന്നുള്ള ഒരുറപ്പ് ജയമോൾക്ക് ഉണ്ടായിരുന്നു. എന്നാൽ ദളിത് ബുദ്ധിജീവികൾ ആ മുന്നറുപ്പിനെ മാത്രമല്ല, കലയുടെയും സംസ്‌കാരത്തിന്റെയും രംഗത്തുള്ള എല്ലാവിധ രക്ഷാധികാര മുൻവിധികളെയും തകർത്തു കളഞ്ഞും ഒരു നൂറ്റാണ്ടിലേറെക്കാലമായി തങ്ങൾ ചോരയും ബുദ്ധിയും കൊടുത്ത് സൃഷ്ടിച്ച (ഇനിയും മുഖ്യധാര അംഗീകരിക്കാൻ വിസമ്മതിക്കുന്ന) വ്യഹാര ഇടങ്ങളെ മാറ്റാരെങ്കിലും ഇത്തരമൊരു പരിപാടിയിലൂടെ ഹൈജാക്ക് ചെയ്യുവാൻ അനുവദിക്കുകയില്ലെന്ന് അവർ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്കമാക്കി. എന്ന് മാത്രമല്ല ജയമോളുടെ സവർണ്ണ ശരീരത്തിന് മേൽ തേയ്ക്കപ്പെടുന്ന കറുപ്പിന്, ദളിതുമായ ബന്ധപ്പെട്ട കറുപ്പിന്റെ നിറമല്ലെന്നും അവർ പറഞ്ഞു. രക്ഷാധികാരത്വം പുലർത്തുന്ന ആശ്രിതത്വം അടിച്ചേൽപ്പിക്കുന്ന ഭാഷണങ്ങൾക്ക് തയ്യാറല്ലെന്നും പരസ്പര സംവാദത്തിന് മാത്രമെ ഇനി ദളിത് ബുദ്ധിജീവികൾ തയ്യാറാകുകയുള്ളൂ എന്നും ഉറച്ച സ്വരത്തിൽ അവർ പറഞ്ഞു.

jaya-psജയമോൾക്ക് തെറ്റ് പറ്റിയത് എവിടെയാണ്? അവരുടെ സവർണ്ണദേഹം ദളിത് പിന്തുണയ്ക്കായി ഉപയോഗപ്പെടുത്തിയത് ഒരു തെറ്റാണോ? ഒരു കലാകാരി എന്ന നിലയിൽ ജയമോളെ കറുപ്പ് നിറഞ്ഞ പ്രശ്‌നവത്കരിക്കുന്നതിൽ നിന്ന് തടയുന്നത് ഒരു തരത്തിലുല്‌ള ഫണ്ടമെന്റലിസം ആകില്ലേ എന്ന സംശയങ്ങൾ ഉണ്ടാകുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ദളിതർക്ക് മാത്രമേ ദളിതരെക്കുറിച്ച് സംസാരിക്കാൻ കഴിയൂ എന്ന് പറയുന്നത് കമ്മട്ടിപ്പാടം സംവിധാനം ചെയ്യേണ്ടിയിരുന്നത് രാജീവ് രവി ആയിരുന്നില്ല മറിച്ച് വിനായകനോ മണികണ്ഠനോ ആയിരിക്കണം എന്ന് പറയുന്നത് പോലെയാണ്. അങ്ങനെ വരുമ്പോൾ ജയമോൾക്ക് തീർച്ചയായും ദളിത് വിഷയങ്ങളിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ സംഭവിച്ചത് ഇതാണ്, രോഹിത് വെമുല സംഭവത്തിൽ ദളിത് വിവേചനം എന്ന വലിയൊരു പ്രശ്‌നം അടങ്ങിയിരിക്കുന്നുണ്ടെങ്കിലും കറുപ്പ് എന്ന് ലളിതവത്കരണത്തിൽ ഒതുങ്ങുന്നതല്ല ആ വിഷയം. ജയമോൾ ആ വിഷയവുമായി ഒരു പൗരി എന്ന നിലയിലും കലാകാരി എന്ന നിലയിലും പ്രതികരിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന സഹഭാവം (എംപതി) ഒരു പക്ഷേ അത് അർഹിക്കുന്ന നിലയിൽ സ്വീകരിക്കപ്പെടണം എന്നില്ല. കറുപ്പ് എന്നത് ഇപ്പോൾ ഒരു പ്രശ്‌നമേയല്ല എന്നാണ്, അല്ലെങ്കിൽ കറുപ്പ് എന്നത് പ്രശ്‌നങ്ങളിൽ ഒന്ന് മാത്രമാണ് എന്നാണ് ദളിത് ബുദ്ധിജീവികൾ ജയമോളോട് പറയുന്നത്. കറുപ്പ് പലതലങ്ങളിൽ രൂപ- ആശയ പരിണാമങ്ങൾക്ക് വിധേയമായി ദളിതന്റെ ജീവിതത്തിൽ തീരാത്ത വിവേചനമായി പ്രത്യക്ഷപ്പെടുന്നു എന്നും ആ പ്രതീകങ്ങളുടെ സങ്കീർണ്ണതയേയും വ്യാപ്തിയേയും ജയമോൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരികയും ചെയ്തിരിക്കുന്നു.

കറുപ്പിലേക്കുള്ള ന്യൂനവത്കരണം ജയമോളുടെ പെർഫോമൻസ് ആർട്ടിന്റെ ഒരു ന്യൂനതയായി നിലകൊള്ളവേ, അത് പെർഫോമൻസ് ആർട്ടിന്റെ പരിധിയിൽ ആണോ അതോ സോഷ്യൽ എക്‌സ്പിരിമെന്റിന്റെ പരിധിയിൽ ആണോ നിൽക്കുന്നത് എന്ന പ്രശ്‌നം കലാരംഗത്തുള്ളവർ പലരും ഉന്നയിച്ചു കണ്ടു. യഥാർത്ഥത്തിൽ പല കലാകാരന്മാർക്കും കലാകാരികൾക്കും പ്രശസ്തിയിലേക്കുള്ള ഒരു കുറുക്കുവഴി മാത്രമാണ് ഇപ്പോൾ പെർഫോമൻസ് ആർട്ട്. ഒരു ആർട്ടിസ്റ്റിന് തന്റെ മീഡിയത്തെ അതിവർത്തിക്കാനുള്ള ത്വര ഉണ്ടാകുകയും അല്ലെങ്കിൽ തന്റെ മീഡിയത്തിന് തന്റെ വിചാരങ്ങളെ ആവിഷ്‌കരിക്കാനുള്ള കഴിവില്ല എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് ഉടലിന്റെ സാധ്യതകൾ അന്വേഷിക്കുന്നത്. ജയമോളുടെ കാര്യത്തിൽ ഇത് പെർഫോമൻസ് ആർട്ട് എന്ന നിലയിൽ പരാജയപ്പെടുന്നത് അത് ഉടലിന്റെ സാധ്യതകളെ കണക്കിലെടുക്കുന്നില്ല എന്നിടത്താണ്. ഇവിടെ ജയമോളുടെ ഉടൻ ഒരു കാൻവാസ് ആകുകയാണ്. ആ കാൻവാസിൽ തേച്ച കറുപ്പ് നിറമാണ് ജയമോളുടെ വിഷയം. കറുപ്പ് നിറത്തോട് ജനങ്ങൾക്കുണ്ടാകുന്ന പ്രതികരണം ആണ് ജയമോളുടെ വിഷയം. കറുപ്പ് നിറത്തോട് ജനങ്ങൾക്കുണ്ടാകുന്ന പ്രതികരണം ആണ് ജയമോൾ തന്റെ പെർഫോമൻസിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനർത്ഥം ഇത് ഒരു സോഷ്യൽ എക്‌സ്‌പെരിമെന്റിനപ്പുറം പോകുന്നില്ല എന്നത് തന്നെയാണ്.

പെർഫോമൻസ് ആർട്ടിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അതിന്റെ ആകസ്മിതകളും അസാധ്യതകളുടെ സാധ്യവത്കരണവുമാണ്. ആദ്യകാല പെർഫോമൻസ് ആർട്ടിന് വീഡിയോ ആർട്ടുമായി ബന്ധപ്പെട്ട് ഒരു ചരിത്രം കൂടിയുണ്ട്. വീഡീയോ ആർട്ടിനെ ഏറ്റവും കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചത് ഫെമിനിസ്റ്റ് കലാകാരികൾ ആയിരുന്നു. അതുപോലെ തന്നെയാണ് ഉടലിനെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയതും ഫെമിനിസ്റ്റ് കലാകാരികൾ ആയിരുന്നു. സ്ത്രീ ഉടലിന്റെ കലാചരിത്രം പുരുഷകേന്ദ്രീകൃതമാണ്. സ്ത്രീയുടെ ഉടലുകൾ ഏറ്റവുമധികം വസ്തുവത്കരിച്ചത് പുരുഷകലാകാരന്മാർ ആയിരുന്നു. അതുകൊണ്ട് തന്നെ ഫെമിനിസ്റ്റ് കലാകാരികളെ സംബന്ധിച്ചിടത്തോളം പെർഫോമൻസ് ആർട്ട് ഉടലിന്റെ വീണ്ടെടുപ്പായി. തങ്ങളുടെ ശരീരങ്ങൾക്ക് മേലുള്ള അവകാശത്തിന്റെ സ്ത്രീകളുടെ പരസ്യപ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ പെർഫോമൻസ് ആർട്ട്. കരോളീ ഷീമാൻരെയും ഓൽലാന്റെയും മരീനാ ആന്ദ്രമോവിക്കിന്റെയും സോണിയ പുരാതയുടെുയം ശ്വേതഭട്ടന്റേയുമൊക്കെ പെർഫോമൻസ് ആർട്ട് പ്രസക്തമാകുന്നത് ഈ ഉടലുകളുടെ വീണ്ടെടുപ്പിലൂടെയും അതുയർത്തുന്ന പ്രശ്‌നങ്ങളിലൂടെയുമാണ്.

jaya-psജയമോളുടെ പെർഫോമൻസിൽ ഈ വീണ്ടെടുപ്പില്ല. ഇവിടെ ഉടൽ ഒരു കാൻവാസ് മാത്രമാണ്. കറുപ്പ് നിറം തേച്ച ഉടൽ, മറ്റേതൊരു നിറം തേച്ച ഉടലിനെയുംപ്പോലെ വൈചിത്ര്യം എന്ന അനുഭവം ഉണ്ടാക്കപ്പെടുമെന്നല്ലാതെ, അത് ദളിതം എന്ന വ്യവഹാരത്തിലേക്ക് നയിക്കുന്നില്ല. മീനാ കന്തസായിയുടെ പോട്ടോഗ്രാഫുകളും കവിതകളും എഴുത്തും ഉടലിന്റെ വീണ്ടെടുപ്പുകളാണ്. ജയമോളുടെ സോഷ്യൽ എക്‌സിപിരിമെന്റിൽ ഉടലിന്റെ നിറം എന്ന പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതുയർത്തുന്ന കൗതുകമല്ലാതെ അത് പ്രശ്‌നത്തിന്റെ കാതലിലേക്ക് നീങ്ങുകയോ ജയമോളുടെ തന്നെ ഉടലിനെ പ്രശ്‌നവൽക്കരിക്കുകയോ ചെയ്യുന്നില്ല. അവരുടേത് പീഡനം അനുഭവിക്കുന്ന, മാറ്റി നിർത്തപ്പെടുന്ന, കളിയാക്കപ്പെടുന്ന ഒരു ഉടൽ അല്ല. മറിച്ച് നിറം ചേർത്ത് വിചിത്രമാക്കപ്പെട്ട, സമൂഹമനസിലുള്ള ദ്വന്ദ്വങ്ങളെ അവയുടെ കേവലഭാവത്തിൽ മാത്രം ഓർപ്പെടുത്തുന്ന ഉടൽ മാത്രമാണ്.

ജയമോൾക്ക് തന്റെ ഉടലിന് മേലുള്ള അധികാരം ആണ് കറുപ്പ് തേയ്ക്കാൻ അവർക്ക് അവകാശം നൽകുന്നത്. എന്നാൽ കറുത്ത ഉടൽ സ്വാഭാവികമായുള്ളവർ അതിനെ പ്രകാശമാനമാക്കാൻ ശ്രമിച്ചാൽ അതിനെ ഓവർ മേക്കപ്പ് ചെയ്ത് കുളമാക്കി എന്ന് പറയുകയോ, അവർ വെറുക്കാൻ ശ്രമിക്കുകയാണെന്നോ പറയും. വെളുത്ത തൊലിയെക്കുറിച്ചുള്ള ആകുലതകൾ പേറുന്ന ഒരു സമൂഹം അതിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും, കറുത്ത നിറമുള്ള ആളുകളുടെ വെളുപ്പിക്കാനുള്ള ശ്രമങ്ങളെ നിരന്തരം കളിയാക്കിക്കൊണ്ടേയിരിക്കുന്ന കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന വചനം എത്രയേറെ പ്രത്യയശാസ്ത്രപരമാണ്. അതുകൊണ്ട് തന്നെയാണ് ദളിത് ബുദ്ധിജീവികൾ അതിന് വിപരീതദിശയിൽ സഞ്ചരിക്കുന്നത്. അവർ ജയമോളോട് പറയുന്നത്, ജയമോൾ കറുത്താൽ ദളിതയാകില്ല എന്നാണ്. ജയമോളുടെ കറുപ്പ് വൈകുന്നേരം കഴുകി കളയാൻ കഴിയുന്നതാണ്. എന്നാൽ തലമുറകളോളം ഒരു അഴുക്കെന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ദളിതന്റെ തൊലിക്കറുപ്പിനെ എങ്ങനെ കഴുകിക്കളയാമെന്ന് ദളിത് ബുദ്ധിജീവികൾ ചോദിക്കുമ്പോൾ ജയമോൾക്ക് ഉത്തരമില്ലാതാകുന്നു. എന്ന് മാത്രമല്ല കറുപ്പ് തേയ്ക്കാതെ തന്നെ കറുത്ത ദളിത് പെൺകുട്ടികളിൽ സമൂഹത്തിൽ എന്നും കളിയാക്കപ്പെടുകയും തുറിച്ച് നോക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്ന കാലത്തിൽ, അവർ സൃഷ്ടിച്ചിടത്തോളം വ്യവഹാര ഇടമൊന്നും ജയമോൾക്ക് തന്റെ ദീർഘമെങ്കിലും താത്ക്കാലികമായ ഈ പെർഫോമൻസ് കൊണ്ട് കഴിഞ്ഞിട്ടുമില്ല.

ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ ഒരു കലാകാരി കറുപ്പിനെ പ്രശ്‌നവത്കരിക്കുന്നതിൽ ദളിതത്വത്തിനും അതീതമായ ചില കോളോണിയൽ പ്രശ്‌നങ്ങൾ കൂടിയുണ്ട്. ഇന്ത്യക്കാരായ നമ്മൾ വെളുത്ത തൊലിയുള്ളവരെ കറുപ്പ് എന്ന സംവർഗ്ഗം കൊണ്ട് വിശേഷിപ്പിക്കുമെഹ്കിലും ആ വെളുപ്പ് യഥാർത്ഥ വെള്ളക്കാരന്റെ വെളുപ്പിന് മുന്നിൽ കറുപ്പ് അല്ലെങ്കിൽ നിറമുള്ളതാണ്. അതായത് ഇന്ത്യ കറുത്ത വർഗ്ഗക്കാരുടെ നാടാണ് എന്നർത്ഥം. അങ്ങനെ കറുത്തവരുടെ നാട്ടിൽ ഇന്ത്യ കറുപ്പുള്ളവരും ഇളം നിറമുള്ളവരും വെളുത്തവരായി എണ്ണപ്പെടുമെങ്കിൽ അതിനർത്ഥം നാം സ്വയം കോളനിവൽക്കരിക്കുന്നു എന്ന് തന്നെയാണ്. ഇതിനുള്ളിൽ ആരുടെ ദേശീയത എന്നുള്ള പ്രശ്‌നം കൂടി ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യ വെളുത്തവരുടെതാണെങ്കിൽ, അത് ന്യൂനപക്ഷത്തിന്റെതാണ് എന്ന് വരുന്നു. അതേസമയം കറുത്തവരുടെതാണെങ്കിൽ, കറുപ്പ്/വെളുപ്പ് എന്ന ദ്വന്ദം സ്വയം ഇല്ലാതാകേണ്ടതാണ്. ന്യൂനപക്ഷമായ വെളുപ്പ് ചിന്തയെ നിയന്ത്രിക്കുന്നത് ബ്രാഹ്മണവാദത്തിന്റെ മേൽക്കോയ്മ കൊണ്ടാണ്. കോളോണിയലിസം അതിന് സാധ്യത നൽകി. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ കറുപ്പിനെക്കുറിച്ച് പറയുമ്പോൾ അത് അവരുടെ കറുപ്പ് എന്ന പ്രശ്‌നം ഉത്സഭവിക്കുന്നു. ജയമോളും കറുപ്പാണ്. പക്ഷേ താൻ വെളുപ്പാണ് എന്ന ബ്രാഹ്മിണിക്കൽ ബോധത്തിൽ നിന്നാണ് കറുത്ത ചായം തേച്ച് കറുത്തതാകാനുള്ള ജയയുടെ നിശ്ചയം ഉണ്ടാകുന്നത്.

കറുത്തവരുടെ വംശീയ പ്രസ്‌നങ്ങളും അതുമായി ബന്ധപ്പെട്ട സമരങ്ങളെയയും കൃത്യമായി പഠിച്ചിട്ടുള്ളവർക്ക് മനസിലാകുന്ന ഒരു കാര്യമാണ്, കറുപ്പിന്റെ പ്രതിരോധാത്മകത. കറുപ്പിൻരെ പ്രത്യയശാസ്ത്രപരമായ വായനകൾ പല അടരുകളായി വെളുപ്പിലും വെളുപ്പിന്റെ വിരുദ്ധതയിലും കറുപ്പിലും കറുപ്പിന്റെ തന്നെ വിവിധ ടോണുകളിലും ഉൾച്ചേർന്നിരിക്കുന്നു. സങ്കീർണ്ണമാണ് ദളിതവും കറുപ്പുമായ മനുഷ്യരുടെ പ്രതിരോധത്തിന്റെ ചരിത്രം. അതിനുള്ളിൽതന്നെയുള്ള സ്ത്രീവിമോചനത്തിന്റെ ചരിത്രം മറ്റൊന്ന്. അവ മുഖ്യധാര സ്ത്രീവിമോചന പ്രസ്ഥാനങ്ങളുമായി വഴിപിരിയുന്ന മേഖലകൾ നിരവധി. ഈ ചരിത്രസങ്കീർണ്ണതകളെക്കുറിച്ച് ജയമോൾക്ക് ഒരു പിടിപാടും ഇല്ലാതെപോയി എന്നതാണ് അവരുടെ പെർഫോമൻസിന്റെ ഏറ്റവും വലിയ പരാജയം.

പ്രതികരണകലയും പ്രതിരോധകലയും പ്രതിഷേധ കലയും, കലയും തമ്മിലൊക്കെ വളരെ വിശാലമായ വ്യത്യാസങ്ങളുണ്ട്. ജയമോളുടെ കല പ്രതികരണ കലയാണ്. അത് റിയാക്ഷനറിയാണ്. അതിൽ പ്രതിരോധം അഥവാ Resistance, പ്രതിക്ഷേതം അഥവാ Protest എന്നിവ ഇല്ല. രോഹിത് വെമുലയുടെ ആത്മഹത്യ മാധ്യമശ്രദ്ധ നേടിയ വിഷയമാണ്. അതിന്റെ ചുവട് പിടിച്ച് വെമുലയുടെ ദളിത് സ്വത്വത്തെ കറുപ്പിലേക്ക് ന്യൂനവത്കരിക്കുന്നത് റിയാക്ഷനറി കലയുടെ മാത്രം രീതിയാണ്. കഴിഞ്ഞ പുതുവർഷദിനത്തിൽ കേരളത്തിൽ സംജാതമായ കലാകക്ഷി എന്ന കലാകാരന്മാരുടെ കൂട്ടായ്മ ഇത്തരത്തിൽ റിയാക്ഷനറികളുടെ ഒരു സംരംഭമാണ്. അവർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരാണ്. ജയമോൾ കലാകക്ഷിയുടെ സൃഷ്ടിയാണ്. മാധ്യമശ്രദ്ധ കിട്ടുന്ന വിഷയങ്ങളിൽ കക്ഷി ചേരുക എന്നതാണ് ഇവരുടെ തന്ത്രം. എം എഫ് ഹുസൈൻ മാധുരി ദീക്ഷിതിനേയും സച്ചിൻ തെണ്ടുൽക്കറെയും ചിത്രവിഷയമാക്കുന്നത് പോലെയുള്ള ഒരുതരം വിലകുറഞ്ഞ പ്രചരണ തന്ത്രമാണത്. രാഷ്ട്രീയകല എന്ന പേരിൽ മുതലാളിത്തത്തിന്റെ കെട്ടുകാഴ്ചകളെ കലയുടെ പേരിൽ കൊണ്ടാടുന്ന കൊച്ചി മുസരീസ് ബിനാലെ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ ഇരകളാണ് കലാകക്ഷിയും ജയമോളും. കടക്കാരൻ ജാഥയിൽ കയറി വീട്ടിൽ പോകുന്ന പരിപാടിയാണ് കലാകക്ഷിയുടേത്. ഒരുനാൾ അവർ പിടിക്കപ്പെടും. കേരളത്തിന്റെ ദളിത് ആശയസംവാദ പരിസരത്ത് ജയമോളുടെ കല തള്ളപ്പെട്ടത് ഈ ജാഥയിലെ അബദ്ധം തിരിച്ചറിഞ്ഞത് കൊണ്ടാണ്.

പിൻകുറിപ്പ്

കലാകക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജ് നോക്കിയാൽ മാത്രം മതി. അവിടെ കല ഇല്ല, മുദ്രാവാക്യങ്ങൾ മാത്രമേ ഉള്ളൂ.