കഴുകിയാൽ പോകുന്ന കറുപ്പിന്റെ അർത്ഥങ്ങൾ

പല അടരുകളിൽ ചിലത് പരാജയപ്പെട്ടുമ്പോഴും മറ്റു ചിലത് അവശേഷിക്കും. അതാണ് കലയുടെ സ്വഭാവം. ജയയുടെ കലാപ്രകടനത്തിൽ വിജയിച്ച പല അടരുകൾ ഉണ്ട്. അതിന്റെ രാഷ്ട്രീയധാരണയെ അതിവാദത്താൽ കലാകാരി തന്നെ പരാജയപ്പെടുത്തുമ്പോഴും അത് മുന്നോട്ടു വച്ച വ്യവഹാരികത 'കല'യിലൂടെ സംഭവിച്ചതാണ്. ബിപിൻ ബാലചന്ദ്രൻ എഴുതുന്നു.

കഴുകിയാൽ പോകുന്ന കറുപ്പിന്റെ അർത്ഥങ്ങൾ

ബിപിൻ ബാലചന്ദ്രൻ

സാഹിത്യം, സിനിമ ഇവ രണ്ടുമല്ലാതെ മറ്റേതെങ്കിലും സാംസ്‌കാരിക രൂപങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയോ സാംസ്‌കാരിക വ്യവഹാരത്തിനുള്ളിൽ അവയുടെ സ്ഥാനനിർണ്ണയം നടത്തുകയോ പതിവില്ലാത്ത കേരളത്തിലെ മുഖ്യധാരാ സാംസ്‌കാരിക ചർച്ചകളിൽ അടുത്ത കാലത്തായി നിറഞ്ഞുനിന്ന പേരാണ് ജയ പിഎസ് എന്ന കലാകാരിയുടേത്. ശരീരത്തിൽ കറുത്ത ചായം തേച്ച് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ട ഈ കലാകിര പെട്ടെന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അതോടൊപ്പം തന്നെ ശക്തമായ വിമർശനങ്ങളും നേരിടേണ്ടിവന്നു. ദളിത് പ്രശ്‌നങ്ങളോടുള്ള ഐക്യദാർഢ്യമെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കലാപ്രകടനം പ്രധാനമായും വിമർശിക്കപ്പെട്ടടത് അതിലെ രാഷ്ട്രീയമായ ധാരണപ്പിശകിന്റെ പേരിലാണ്.


എന്നാൽ ജയയുടെ ഐക്യദാർഢ്യശ്രമങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള തീവ്രസ്വത്വവാദ നിലപാടുകളും അതിലെ കല എന്ന സന്ദർഭത്തെ മുഴുവൻ റദ്ദു ചെയ്ത് കൊണ്ടുള്ള കലാ നിരൂപണ നിലപാടുകളും തീഷ്ണമായ വിമർശനബുദ്ധിയോടെ രാഷ്ട്രീയമായ ധാരണപ്പിശകിന്റെ പേരിൽ പരാജയപ്പെട്ട ഒരു കലാപ്രകടനത്തെ അക്ഷന്തവ്യമായ ഒരു അപരാധമാക്കിത്തീർക്കാൻ മത്സരിച്ചുകൊണ്ടിരുന്നു.

ഇത്തരം തീവ്ര നിലപാടുകൾ സ്വത്വരാഷ്ട്രീത്തിലെ പ്രതിദ്വന്ദ്വങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ട് സ്വത്വബോധത്തെ ഒരു കേന്ദ്രത്തിന് ചുറ്റും ഘനീഭവിപ്പിക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. ജയയുടേത് ഒരു കലാപ്രകടനമാണെന്ന് വന്നാൽ ഈ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഈ കലാകാരി ദളിത് അനുഭവങ്ങളെ സ്വാശീകരിച്ചുവെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു അബദ്ധ പ്രസ്താവനയാണെന്ന് തിരിച്ചറിയാൻ വളരെയെളുപ്പത്തിൽ ആർക്കും കഴിയും. ഐക്യദാർഢ്യത്തിന് പ്രതീകാത്മക മൂല്യമാണുള്ളത്. അത് ഒരു തരത്തിലും അനുഭവത്തിന്റെ സ്വാശീകരണമാകുന്നില്ല. ജയ ശരീരത്തിലണിഞ്ഞ കറുപ്പിനുള്ളതും അതേ പ്രതീക സ്വഭാവം മാത്രമാണ്. നമ്മുടെ സാമൂഹ്യചരിത്രത്തിൽ ഇന്നോളം സംഭവിച്ചിട്ടുള്ള ഐഖ്യദാർഢ്യ പ്രവർത്തനങ്ങുടെ രൂപങ്ങളും അവ സൃഷ്ടിച്ച അവബോധങ്ങളുടെ കൂടി പങ്കാളിത്തത്തോടെയുള്ള മൂല്യപരിവർത്തനങ്ങളും ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഒരു സവർണ്ണ പശ്ചാത്തലമുള്ള വ്യക്തിക്ക് ദളിത് വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള അവകാശമലി്‌ലെന്നുള്ള വാദം ജാതി എന്നത് ജന്മസിദ്ധമാണെന്നും ആ സ്വത്വത്തെ മറികടക്കാൻ സാധ്യമല്ലയെന്നുമുള്ള ഒരു നിലപാടിനെയാണ് സാധൂകരിക്കുന്നത്.

ആധുനിക പൂർവ്വ കാലഘട്ടങ്ങളിലെ ഉല്പാദന വ്യവസ്ഥ സൃഷ്ടിച്ച ജാതി സമ്പ്രദായം ആധുനിക- ആധുനികാനന്തര കാലഘട്ടത്തിൽ പുതിയ രൂപങ്ങളിലേക്ക് വേഷം മാറിയാണ് നിലനിൽക്കുന്നത്. ആധുനികവത്കരണ പ്രക്രിയയിലെ പങ്കാളിത്തത്തിന്റെ തലത്തിൽ ക്രൂരമായ ഉച്ചനീചത്വങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഇതൊരു ഇരട്ട വ്യവഹാരത്തിന് രൂപംനൽകിയിരിക്കുന്നു. പാരമ്പര്യമെന്നത് മാറ്റമില്ലാത്ത തുടർന്ന് പോകന്നതും ഒരാൾ സ്വന്തമാക്കി കൈവശം സൂക്ഷിക്കുന്ന ഫോസിൽ രൂപമാണെന്നുമുള്ള ധാരണ എല്ലാ സാമൂഹികചിന്തകളിലും വിമർശനങ്ങൾ കൂടാതെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആധുനികവൽക്കരണ പ്രക്രിയയുടെ ഗുണഭോക്താക്കളാകുന്ന പ്രക്രിയയിൽ മുന്നോക്ക- പിന്നോക്ക വിഭാഗങ്ങൾ ഉടലെടുക്കുന്നു.

മുന്നോക്ക/ പിന്നോക്ക സംവർഗ്ഗത്തിന്റെ സാംഗത്യം ആധുനികവൽക്കരണ പ്രക്രിയയുടെ സന്ദർഭത്തിലാണെന്ന് അംബ്ദേക്കറിന്റെ ആദിവാസി സമൂഹത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ വായിച്ചെടുക്കാം. അംബേദ്കറുടെ അഭിപ്രായത്തിൽ ആദിവാസി സമൂഹം ഉദാരജനാധിപത്യ അവകാശങ്ങലുടെ ലോകത്തിലെ ഉത്തരവാദിത്വമുള്ള മത്സാർത്ഥികളായിട്ടില്ല. ഈ ആധുനിക യുക്തിയിൽ ഗോത്രവർഗ്ഗക്കാർ ഹിന്ദുത്വത്തിന്റെ പരാമർശയോഗ്യരല്ലാത്ത അപരം മാത്രമല്ല ആധുനികതയുടെയും അപരമാണ്.

സംസ്‌കാരമെന്നത് ചലനാത്മകമായ ഒരു പ്രക്രിയയാണെന്ന് ഇന്ന് നരവംശശാസ്ത്ര പഠനങ്ങൾ അഭിപ്രായപ്പെടുന്നു. എങ്കിലും ആധുനിക സ്വത്വരാഷ്ട്രീയത്തിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഒരു സമുദായത്തിന്റെ വ്യതിരിക്തത വ്യാമിശ്രിതവും ചലനാത്മകവുമായ ഒരു പ്രക്രിയയെ മാറ്റമില്ലാതെ നിലകൊള്ളുന്നതും ആ സമുദായത്തിന്റെ സ്വന്തവുമായ ഒരു വസ്തു(ത)യായാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ആധുനികതയുടെ സന്ദർഭം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് നമ്മുടേതെന്ന് വിശ്വാസിക്കപ്പെടുന്നവയിൽനിന്ന് പുറത്തു കടക്കാനും അപരത്തോട് ബന്ധപ്പെടുത്തിയും അതിനെ അവലംബമാക്കിയും സ്വയം പുനർ നിർവ്വചിക്കാനുള്ള ശ്രമമാണ്. ആധുനികവൽക്കരണ പ്രക്രിയയുടെ ഫലമായി രൂപംകൊള്ളേണ്ട വിഷയി ഒരു പുതിയ പൗരസ്ത്യസമൂഹത്തിന്റെ പ്രതിനിധിയാണ്. സ്വത്വം നിരന്തര പ്രകടനത്താൽ ഉറച്ചുപോയ ഒരു സാമൂഹ്യനിർമ്മിതിയാണെന്ന് അയാൾ/ അവൾ തിരിച്ചറിയേണ്ടതുണ്ട്. സ്വത്വത്തിന്റെ പേരിൽ സാമൂഹ്യമായ ഒഴിവാക്കൽ അനുഭവിക്കുന്നവർക്ക് സ്വത്വത്തിന്റെ പേരിൽത്തന്നെ സംഘടിക്കാനും പൊരുതാനുമുള്ള അവകാശമുണ്ട്. എന്നാൽ സ്വത്വരാഷ്ട്രീയത്തിന്റെ ആത്യാന്തിക ലക്ഷ്യം എന്താണ്? ഒരു ആധുനിക-പൗര-വ്യക്തിയുടെ രൂപപ്പെടലാണോ? സ്വത്വരാഷ്ട്രീയവാദികൾ തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിക്കേണ്ടതല്ലേ? ദളിത് രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നത് സമ്പൂർണ്ണമായ ജാതി ഉന്മൂലനമാണോ? എങ്കിൽ അതിനോടുള്ള ഐക്യദാർഢ്യ ശ്രമങ്ങളിൽ നിന്നുള്ള പ്രതീകാത്മക മൂല്യത്തെ അവബോധ രൂപികരണ ശ്രമങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കേണ്ടതില്ലേ? ആധുനിക ജ്ഞാനവ്യവസ്ഥ പുറത്തുനിർത്തിയ അറിവുകൾ, അറിവുല്പാദന രീതികൾ, സാങ്കേതികവിദ്യകൾ, കര-കൗശലവിദ്യകൾ, കൊളോണിയൽ സ്ഥിതി വിവരശാസ്ത്രത്തിൽ ഉപയോഗിക്കപ്പെട്ട സംവർഗ്ഗങ്ങളുടെ പോരായ്മകൾ, ആധുനിക പൂർവ്വകാലഘട്ടത്തിലെ ഉല്പാദന വ്യവസ്ഥയിൽ ജാതി നിർവ്വഹിച്ച വർഗ്ഗപരമായ പങ്ക് ആധുനികവൽക്കരണ പ്രക്രിയയെ മുതലാളിത്ത- ആധുനികത ഹൈജാക്ക് ചെയ്യുന്നതുവഴി രൂപംകൊള്ളുന്ന മുന്നോക്ക/പിന്നോക്ക സമുദായ ധ്രുവീകരണങ്ങൾ എന്നിവയെ മുൻനിർത്തി ദളിത് രാഷ്ട്രീയത്തിൽ ഒരു ആധുനികതാ വിമർശനപദ്ധതി രൂപംകൊള്ളേണ്ടതല്ലേ?

സ്വത്വത്തിന്റെ പ്രകടനാത്മക സ്വഭാവത്തെ മുൻനിർത്തി അതിന്റെ ധ്രുവീകൃത ഘടനയെ നിരന്തരം സംവാദങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടതില്ലേ? ഈ ചോദ്യങ്ങൾ സ്വത്വരാഷ്ട്രീയ സംവാദങ്ങളിൽ ഉന്നയിക്കപ്പെടുന്നുണ്ടോയെന്നറിയില്ല. എന്റെ സംശയങ്ങളാണ്, മറുപടികളെ സ്വാഗതം ചെയ്യുന്നു.

ജയയുടെ കലാപരിപാടികളിലേക്ക് തിരിച്ചു വരാം. ഇത് കലയേ അല്ല എന്ന മട്ടിലാണ് കലാരംഗത്ത് ഉള്ള പലരും പ്രതികരിച്ചത്. അതിനോട് വിയോജിക്കാതെ വയ്യ. ആധുനിക കലാ വ്യവഹാരത്തിന്റെ ചരിത്രം അറിയാത്തവരല്ല ഇവർ. ആധുനിക കല മുന്നോട്ടു വച്ച പല ധാരണകളെയും എതിർക്കുമ്പോൾ തന്നെ കലയുടെ മണ്ഡലം സ്വയം നിർണ്ണയ ശേഷിയുള്ള ഒരു വ്യവഹാര രൂപമായി പൊതു മണ്ഡലത്തിൽ രൂപംകൊണ്ടതിന്റെ ചരിത്ര പ്രസക്തിയെ നിഷേധിക്കാൻ കഴിയില്ല. ആധുനികമായ ഒരു പൊതു മണ്ഡലത്തിന്റെ രൂപീകരണത്തെ ശക്തമായി പിന്തുണച്ചത് ആധുനിക കലാ വ്യവഹാരമാണ് എന്ന് മറക്കരുത്. രാജാ രവിവർമ്മ, അക്ബർ പദംസി, എം.എഫ്. ഹുസൈൻ, തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ആധുനിക കലാ വ്യവഹാരം രൂപപ്പെടുത്തിയെടുത്ത കലാകാര വ്യക്തിത്വങ്ങളെ കുറിച്ചുള്ള ധാരണ ഇവർ നേരിട്ട വിമർശനങ്ങളെ പ്രതിരോധിക്കാൻ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

ജയയുടെ പ്രകടനകല കേരളത്തിലെങ്കിലും മുഖ്യധാരാ സാംസ്‌കാരിക രംഗത്തിനു പരിചയം പോരാത്തതും സാമ്പ്രദായികമായ കലാ രൂപ നിർവചനത്തിൽ നിന്ന് മാറി നിൽക്കുന്നതുമായ ഒന്നായിരുന്നു. ഇതിന്റെ 'അപര' സ്വഭാവമാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഇത് ഒരു സാമൂഹിക പ്രതികരണം എന്ന നിലയിൽ മാത്രം വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. പ്രകടന കലയുടെ സ്വഭാവം ഇതിനുണ്ട്. പ്രകടനകല ശരീരത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതാണ്. എന്നാൽ, ഇവിടെ അതുണ്ടായില്ല എന്നൊരു വിവാദം ഉയർന്നു വന്നിരുന്നു. ശരീരത്തിന്റെ സാധ്യതകൾ എന്തൊക്കെയാണ്? അത് ആരാണ് നിർവചിച്ചിരിക്കുന്നത്? കത്തി കൊണ്ട് ശരീരത്തിൽ വരയുന്നത് ശരീരത്തിന്റെ സാധ്യതയും ശരീരത്തിൽ ചായം തേക്കുന്നത് അങ്ങനെയല്ലതെയാകുന്നതും എങ്ങനെയാണ്. കേരളത്തിൽ പ്രകടനകല പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച അനില്‍ ദയാനന്ദിൻറെ ചില പ്രകടങ്ങൾ 'വേഷം മാറുന്നതു'മായി ബന്ധപ്പെട്ടവയാണ്. വേഷത്തിലൂടെ ഒരു വ്യക്തിയുടെ സ്വത്വത്തെ കുറിച്ച് രൂപപ്പെടുത്തുന്ന ധാരണയെ കബളിപ്പിച്ച് കൊണ്ടുള്ള ഈ പ്രകടങ്ങളും, ശരീരത്തിന്റെ സാധ്യതകളെ തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.

ആധുനികോത്തര കലയുടെ പുന:ർനിർവചന ശ്രമങ്ങളിലൂടെയാണ് അതിന്റെ പ്രസക്തി വെളിവാകുന്നത്. കല എന്ന സംവർഗ്ഗം സൃഷ്ടിക്കുന്ന സവിശേഷമായൊരു വ്യാവഹാരിക മണ്ഡലത്തിനുള്ളിലെ സാധുതയെത്തന്നെയാണ് 'അപര' രൂപങ്ങളെ 'കല' എന്ന് വിളിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ സാധുതയിലൂടെ വ്യാവഹാരിക പിൻബലം നേടുന്നതോടെ അതിന്നു മറ്റു സാമൂഹ്യവ്യവഹാരങ്ങളുമായി സ്വയം നിർണ്ണയ പദവിയോടെ ഒരു പൊതു മണ്ഡലത്തിൽ വച്ചു സംവാദത്തിൽ ഏർപ്പെടുന്നതിനുള്ള കഴിവ് ലഭിക്കുന്നു. ആധുനിക പൂർവ്വ 'കല'യിലെ പ്രചാരണ സ്വഭാവത്തെയും ഒരു പ്രത്യേക വിശ്വാസ വ്യവസ്ഥിതിക്കുള്ളിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന സാമൂഹ്യ ധർമ്മത്തെ കുറിച്ചുള്ള ധാരണയേയും മാറ്റി വച്ചു കൊണ്ട് അവയെ 'കല'എന്ന് വിളിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നത് ആധുനികാവാദം സൃഷ്ടിച്ചെടുത്ത കലാ വ്യവഹാരത്തിന്റെ സ്വയം നിർണ്ണയ പദവിയാണ്. മേൽപ്പറഞ്ഞതരം ഉപാധികളുടെ അഭാവത്തിൽ 'കല' അനുവാചകരുമായി സംവദിക്കുന്നതിന്നു നിരന്തരമായി ഒരു പൊതുഘടകത്തെ അന്വേഷിക്കുന്നുണ്ട്. ശരീരം ശക്തമായൊരു 'trope' ആയിത്തീരുന്നത് ഈ സന്ദർഭത്തിലാണ്.

ആധുനിക, ആധുനികോത്തര കല ലക്ഷ്യം വയ്ക്കുന്ന പൊതു മണ്ഡലത്തിലെ അനുവാചകരെ സംബന്ധിച്ചിടത്തോളം ശരീരം പൊതു സ്വകാര്യയിടങ്ങൾക്ക് ഇടയിൽ പെട്ട ശക്തമായൊരു 'മിത്ത്' ആണ്. പ്രത്യയശാസ്ത്രപരമായ പരുവപ്പെടുത്തലുകളിലൂടെ അത് സമൂഹ്യമായതും, പ്രത്യക്ഷമായി മറ്റെല്ലാത്തിനെയും അപരവൽക്കരിക്കുന്ന ഏകമെന്ന നിലയിൽ അത് സ്വകാര്യവുമായിരിക്കുന്നു. എന്നാൽ, നിരന്തരമായി ഒന്നു മറ്റൊന്നായിത്തീരുന്ന അവസ്ഥ ശരീരത്തിനുണ്ട്. സ്വകര്യമായത് പൊതുവായും, പൊതുവായത് സ്വകാര്യവുമായി മാറുന്നു. ദളിത് രാഷ്ട്രീയത്തിൽ ശരീരത്തിനുള്ള പ്രാധാന്യവും ഇത് തന്നെയാണ്. അത് കൊണ്ട് കൂടിയാണ് ജയയുടെ കലാപ്രവർത്തനം പ്രകോപന പരമായി മാറുന്നത്. അതിന്റെ ശരീരത്തിൻറെ ഇടപ്പെടലിൽ ശരീരത്തിനു കലാകാരി കൽപ്പിച്ചു കൊടുത്ത 'trope' എന്ന പദവിയെ നിരാകരിക്കുകയും നേരത്തെ വിവരിച്ച രണ്ടിടങ്ങളെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നുമുള്ള നിലപാടിലേക്ക് വിമർശകർ എത്തിചേരുന്നത്. ശരീരം കലാ മാധ്യമം ആകുമ്പോൾ, 'പൊതു/സ്വകാര്യ'മെന്നു രണ്ടു തലത്തിൽ ചിഹ്നനം ചെയ്യപ്പെട്ട ഒന്നിന്റെ ഒരു മിത്തിക്കൽ മൂന്നാം തലം രൂപപ്പെടുകയാണ്. കല ഒരർത്ഥത്തിൽ നിരന്തരമായ മിത്ത് നിർമ്മാണത്തിലാണ്. കലയും സാമൂഹ്യശാസ്ത്രവും ചേർച്ചയില്ലാത്ത ദമ്പതിമാരാണെന്ന് ബോർദ്യൂവിന്റെ വാദം മുഖവിലയ്ക്ക് എടുത്തില്ലെങ്കിൽ പോലും ഈ ഗൂഡവൽക്കരണവും അപഗൂഡവൽക്കരണവും തമ്മിലുള്ള സംഘർഷം ആധുനിക കലാവ്യവഹാരം കൈകാര്യം ചെയ്യുന്ന ഒരു പ്രധാന സംഗതിയാണെന്നു കാണാം. നമ്മുടെ ദൃശ്യ-സംസ്‌കാര രൂപങ്ങളിൽ ശരീരം പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും വിഘടിതമാക്കപ്പെട്ട സമഗ്രത നിഷേധികപ്പെട്ട ഒളിഞ്ഞുനോട്ട വസ്തുവായിട്ടാണ്.

'പ്രകടനകല' ശരീരത്തിന്റെ ഇത്തരം വിഘടിത രൂപങ്ങളിൽ നിന്ന് ശരീരത്തെ വീണ്ടെടുത്ത് സമഗ്രമായ ഒരു തത്സമയ സാന്നിധ്യമായി അവതരിപ്പിക്കുന്നു. അതിന്റെ അർത്ഥോത്പാധത്തിൽ അനുവാചകരുടെ ഭൗതികവും, വൈകാരികവുമായ ഇടപെടലുകളുണ്ട്. അത് മുന്നോട്ടു വയ്ക്കുന്ന ഭാവുകത്വത്തിനു വിഷയിത്വം, കലാമാധ്യമം, പ്രദർശനപരത ഒളിഞ്ഞുനോട്ടം തുടങ്ങി നിരവധി തലങ്ങളിലൂടെ കടന്നു പോകുവാനും അവയെ അതിർവർത്തിക്കുവാനും കഴിയുന്നു. പ്രകടനകലയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളായ മറീന അബ്രമോവിച്ച് പറയുന്നു:' ഞാന്‍ ഭയക്കുന്ന ഒരു സംഭവത്തെ ഞാൻ കണ്ടെത്തുകയാണ്. ഞാൻ പൊതു മണ്ഡലത്തിലേക്ക് പോകുന്നു. എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ അവർക്കും അത് കഴിയും ഞാനൊരു രോഗ ചികിൽസകയല്ല. ഒരു ആത്മീയ നേതാവുമല്ല. ഈ ഘടകങ്ങൾ ഒക്കെ കലയിൽ ഉണ്ട്. അത് രോഗ ചികിത്സാപരവും, ആത്മീയപരവും, സാമൂഹ്യ-രാഷ്ട്രീയപരവുമൊക്കെയാണ്. അതിന്നു നിരവധി അടരുകളുണ്ട്. കലയ്ക്കു പല അടരുകൾ ആവശ്യമാണ്. അങ്ങനെയല്ലെങ്കിൽ അത് മറന്നേക്കുക..'

പല അടരുകളിൽ ചിലത് പരാജയപ്പെട്ടുമ്പോഴും മറ്റു ചിലത് അവശേഷിക്കും. അതാണ് കലയുടെ സ്വഭാവം. ജയയുടെ കലാപ്രകടനത്തിൽ വിജയിച്ച പല അടരുകൾ ഉണ്ട്. അതിന്റെ രാഷ്ട്രീയധാരണയെ അതിവാദത്താൽ കലാകാരി തന്നെ പരാജയപ്പെടുത്തുമ്പോഴും അത് മുന്നോട്ടു വച്ച വ്യവഹാരികത 'കല'യിലൂടെ സംഭവിച്ചതാണ്. മറ്റൊന്നിനും അതിന്നു മുകളിൽ അവകാശം സ്ഥാപിക്കാൻ കഴിയില്ല . അത് കൂടി രേഖപ്പെടുത്തി കൊണ്ടാണ് കേരളത്തിലെ സമകാലിക കലയുടെ വ്യവഹാരമണ്ഡലം വികസ്വരമാകുന്നത്.