ആനന്ദമഠത്തിലെ മുസ്ലീം വിരുദ്ധത

ബങ്കിം ചന്ദ്ര ചാറ്റർജി ഇന്ത്യയുടെ സുവർണ ഭൂതകാലവും അവിടെ കാളിമ പടർത്തിയ ഇസ്‌ലാംയുഗവും ഒരേസമയം കണ്ടെത്തുകയാണ്. കൊളോണിയൽ ആധുനികതയോടു നേർക്കുനേരെയുള്ള ഒരു പോരാട്ടസ്ഥലിയിൽ നിലയുറപ്പിക്കുമ്പോൾ തന്നെ കൊളോണിയൽ ആശയങ്ങളെ പരിരംഭണം ചെയ്തുകൊണ്ട് സങ്കൽപരാശിയിലുള്ള ഒരു മുസ്ലിം അപരത്തെ കണ്ടെടുക്കാനുള്ള സമീക്ഷകളാണ് ബങ്കിംചന്ദ്രയുടെ നോവലിനു തച്ചുശാസ്ത്രമാകുന്നത്. സമദ് കുന്നക്കാവ് എഴുതുന്നു.

ആനന്ദമഠത്തിലെ മുസ്ലീം വിരുദ്ധത

സമദ് കുന്നക്കാവ്

''അർധരാത്രി. ആനന്ദമഠത്തിലെ വിഷ്ണുക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ ധ്യാനനിരതനായി സ്വാമികൾ വാഴുന്നു. അപ്പോൾ തേജോമയമായ വിഗ്രഹത്തോടുകൂടിയ ഒരു മഹാപുരുഷൻ അങ്ങോട്ടു കടന്നുചെന്നു. സ്വാമികൾ എഴുന്നേറ്റു നമസ്‌കരിച്ചു.

''വൽസാ, ഇന്നത്രേ മാഘപൗർണമി''- ആഗതൻ ഘനഗംഭീരസ്വരത്തിൽ അരുളി. സ്വാമികൾ പ്രതിവചിച്ചു: ''പ്രഭോ കൽപ്പിക്കൂ! അടിയൻ ഒരുങ്ങിയിരിക്കുകയാണ്''- നിമിഷാർധം മൗനിയായിരുന്നിട്ട് അനന്തരം സ്വാമികൾ ചോദിച്ചു: ''എങ്കിലും പ്രഭോ, ഒരു സംശയം. വിജയത്തിന്റെ മുഹൂർത്തത്തിൽ, സനാതനധർമത്തിന്റെ മഹിമ പ്രകാശിച്ച വേളയിൽ അടിയനെ തിരിച്ചുവിളിക്കുന്നതെന്തിനാണ്?''


ആഗതൻ പറഞ്ഞു: ''നാം ലക്ഷ്യം പ്രാപിച്ചിരിക്കുന്നു. ശത്രുപക്ഷാധികാരം അസ്തമിച്ചു. ഇനി നിനക്കൊന്നും കർത്തവ്യമായിട്ടില്ല. വെറുതെ പ്രാണിഹിംസ പാടില്ല.'' സ്വാമികൾക്ക് സംശയം തീർന്നില്ല. ''പക്ഷേ, സന്താനസാമ്രാജ്യം സ്ഥാപിച്ചില്ലല്ലോ. കൽക്കത്തയിൽ ആംഗലേയരല്ലേ പ്രബലരായിരിക്കുന്നത്.'' ആഗതൻ വ്യക്തമാക്കി: ''സന്താനസാമ്രാജ്യം സ്ഥാപിക്കാൻ സാധ്യമല്ല. അതിനു ശ്രമിച്ചാൽ വൃഥാ ജീവനാശം വരുത്തലാകും ഫലം. അതുതെറ്റാണ്.'' ''എങ്കിൽ ആരാണ് ഇനി രാജ്യം ഭരിക്കുക'' -സ്വാമികൾ ചോദിച്ചു. ''ശത്രുപക്ഷം വീണ്ടും പ്രബലമാകുമോ? മുസ്‌ലിം നവാബ് ഭരണാധികാരിയാകുമോ?'' ''ഇല്ല' -ആഗതൻ ഖണ്ഡിതമായി പ്രവചിച്ചു:''ഇംഗ്ലീഷുകാർ രാജ്യം ഭരിക്കും.'' സത്യാനന്ദസ്വാമികളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീർ ധാരധാരയായി ഒഴുകി. മാതൃരൂപിണിയായ ജന്മഭൂമിയുടെ പ്രതിമയ്ക്കഭിമുഖമായി കൈകൂപ്പി നിന്ന് ഗദ്ഗദസ്വരത്തിൽ സ്വാമികൾ പറഞ്ഞു: ''അമ്മേ, ഭക്തിയോടെ അധ്വാനിച്ചിട്ടും എന്റെ ലക്ഷ്യം നേടിയില്ല. രാജ്യം മ്ലേഛൻമാരുടെ കരങ്ങളിൽ അകപ്പെടാൻ പോകുന്നു.. എന്നോട് പൊറുക്കുക. അയ്യോ, കഷ്ടം ഞാൻ യുദ്ധത്തിൽ മരിച്ചില്ലല്ലോ.'' സ്വാമികൾ പൊട്ടിക്കരഞ്ഞു.

ആഗതൻ ആശ്വസിപ്പിച്ചു: ''കരയരുത്. നീ കപടമാർഗത്തിലൂടെ ധനം സമ്പാദിച്ചു യുദ്ധത്തിൽ വിജയം നേടി. പാപകർമത്തിൽ നിന്ന് പുണ്യഫലം ഉണ്ടാകുകയില്ല. നിന്റെ ബുദ്ധിഭ്രമത്തിന്റെ ദുരന്തഫലമാണിത്. ഇന്നല്ലെങ്കിൽ നാളെ രാജ്യത്തിന്റെ സ്ഥിതി ഭദ്രമാകും. അറിവിലും ബലത്തിലും ഈ നാട്ടുകാർ മഹത്ത്വം സമ്പാദിക്കുന്നതുവരെ ആംഗലേയഭരണമാണ് ഇവിടെ ഗുണകരം.'' ആ വാക്കുകൾ സ്വാമികളെ സംതൃപ്തനാക്കിയില്ല. രോഷത്തോടെ അദ്ദേഹം ചോദിച്ചു: ''എങ്കിൽ എന്തിനീ ഘോരയുദ്ധത്തിനു നിയോഗിച്ചു?''

''ഈ യുദ്ധം ആംഗലേയർക്കെതിരല്ല. മുസ്‌ലിം ഭരണകൂടത്തിനെ തറപറ്റിക്കാനാണ്. ആംഗലേയർ രാജ്യഭാരമേൽക്കാൻ കളമൊരുക്കുന്നതിനാണ് ഈ കലാപം. ഈ ഏറ്റുമുട്ടലുണ്ടായില്ലെങ്കിൽ അവർ വെറും വ്യാപാരികളായി മാറിനിൽക്കുമായിരുന്നു. ഇടനിലക്കാരായി കയറിവരാൻ അവരെ പ്രേരിപ്പിക്കുന്നതിനാണ് ഈ യുദ്ധം. വഴിയേ അവർ സർവാധിപത്യത്തിലേക്കു കയറിക്കൊള്ളും.'' സ്വാമികൾക്ക് അതൊന്നും ഇഷ്ടമായില്ല. കോപം കൊണ്ട് സത്യാനന്ദസ്വാമികളുടെ കണ്ണുകളിൽ തീപ്പൊരികൾ മിന്നി. അദ്ദേഹം അപേക്ഷിച്ചു: ''എനിക്ക് അൽപ്പസമയംകൂടി അനുവദിക്കൂ. ശത്രുക്കളുടെ രക്തം കൊണ്ട് ഭൂമിയെ സസ്യശാലിനിയാക്കട്ടെ.''

ആഗതൻ ആശ്വസിപ്പിച്ചു: ''ഇനി ശത്രുക്കളില്ല. ആംഗലേയർ യഥാർഥത്തിൽ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ. ഇംഗ്ലീഷുകാരെ യുദ്ധത്തിൽ തോൽപ്പിക്കാനുള്ള ശക്തി ഇപ്പോൾ ഭൂമിയിൽ ആർക്കുമില്ല.''

(ആനന്ദമഠം-ബങ്കിം ചന്ദ്ര ചാറ്റർജി)

കൊളോണിയൽ ആധുനികതയും ഇന്ത്യൻ ദേശീയതയും പരസ്പരം ഇടഞ്ഞും ഇണങ്ങിയും സഞ്ചരിച്ച സവിശേഷമായ നാളുകളിൽ പ്രസിദ്ധീകൃതമായ ആനന്ദമഠം എന്ന ബംഗാളിനോവലിൽ ദൃശ്യപ്പെടുന്ന ആശയ ചേരുവകളാണ് ഇത്. ഇവിടെ പ്രതിനിധീകരിക്കപ്പെടുന്ന മുസ്‌ലിം പ്രതിരൂപങ്ങൾ ദേശീയപ്രസ്ഥാനത്തിലും അതിന്റെ പ്രയോക്താക്കളിലും നിലനിന്ന വൈരുധ്യങ്ങളെ പൂർണമായും വരച്ചുകാട്ടുന്നുണ്ട്. 1882ൽ പുറത്തുവന്ന ഈ നോവലിന്റെ പ്രമേയം 1770 കളിൽ നിന്നാണ് ബങ്കിംചന്ദ്രൻ കണ്ടെടുക്കുന്നത്. ബംഗാളിനെ അക്കാലത്തു ഗ്രസിച്ച കഠിനക്ഷാമം പട്ടിണിയിലേക്ക് എടുത്തെറിയുന്നു. പ്ലാസിയുദ്ധത്തിൽ സിറാജ് ദൗള പരാജയപ്പെടുകയും മിർജാഫർ ബംഗാൾ നവാബായിത്തീരുകയും ചെയ്ത കാലയളവിലാണ് ഈ വരൾച്ച കടന്നുവരുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തഞ്ചവും തരവും നോക്കി ആഭ്യന്തരസംഘർഷങ്ങളിൽ കക്ഷിചേർന്ന് മുതലെടുപ്പു നടത്തുന്നു. വിശപ്പടക്കാൻ കഴിയാതെ ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ പരിഹാരം കണ്ടെത്താതെ ഈ ജനങ്ങളെത്തന്നെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവു നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നു നവാബുമാർ എന്നു നോവൽ പറയുന്നു. ഇതിനുള്ള പ്രതികരണമെന്നോണം വൈഷ്ണവമതക്കാരായ സന്ന്യാസിമാർ നേതൃത്വം കൊടുത്ത ഒരു കലാപം പടർന്നുപിടിക്കുന്നു. ജീവിതം ദുരിതപൂർണമായ സാമാന്യജനങ്ങളും പിരിച്ചുവിടപ്പെട്ട പട്ടാളക്കാരും സ്വത്തുക്കൾ കൈമോശം വന്ന ജമീന്ദാർമാരുമെല്ലാം ഒത്തിണക്കത്തോടെ ഈ കലാപത്തിൽ ചുവടുവയ്ക്കുന്നു. എന്നാൽ രംഗവൂർ, ഡാക്ക, മൈമൻസിങ്, ബോഗ്ര മുതലായ പ്രദേശങ്ങൾ കലാപകാരികൾ കീഴടക്കിയെങ്കിലും അവസാനം കലാപം പരാജയത്തിൽ കലാശിക്കുന്നു.

സംഘർഷങ്ങൾ നിറഞ്ഞ ഈ നാളുകളിലൊന്നിൽ പദചിന ഗ്രാമത്തിലെ സമ്പന്നനായ മഹേന്ദ്രസിംഘ ഗ്രാമം വിടുന്നതായാണ് നോവൽ ആദ്യഭാഗം. യാത്രാമധ്യേ ഭാര്യയും മകളുമടങ്ങുന്ന കുടുംബം നഷ്ടപ്പെട്ട മഹേന്ദ്ര അലക്ഷ്യനായി സഞ്ചരിക്കവേ 'സന്താൻ' എന്നു സ്വയം നാമകരണം ചെയ്യപ്പെട്ട സന്ന്യാസിസംഘത്തെ കണ്ടുമുട്ടുന്നു. അവരാകട്ടെ, ജന്മനാടിന്റെ അതീത ഭൂതകാലപാരമ്പര്യങ്ങളെ പുനരാനയിക്കാനുള്ള ശ്രമങ്ങളിലാണ്. അതിനവർക്ക് ഉണർത്തുപാട്ടാകുന്നത് വന്ദേമാതരം എന്ന പ്രസിദ്ധമായ ഗീതവും. ഈ ഉദ്യമങ്ങൾ അവരെ ബ്രിട്ടീഷുകാരോടു സഖ്യമുണ്ടാക്കി മുസ്‌ലിം നവാബുമാരെ തുരത്തുക എന്ന കാഴ്ചപ്പാടിലേക്കു കൊണ്ടെത്തിക്കുന്നു. അവസാനം മുസ്‌ലിം ഭരണം തൂത്തുമാറ്റപ്പെടുകയും ആംഗലേയർ അവരോധിക്കപ്പെടുകയും ചെയ്യുന്നിടത്ത് ധർമം പൂർത്തിയായി എന്ന സമാധാനത്തിൽ വച്ച് നോവൽ അവസാനിക്കുന്നു.

ഇവിടെ ബങ്കിം ചന്ദ്ര ഇന്ത്യയുടെ സുവർണ ഭൂതകാലവും അവിടെ കാളിമ പടർത്തിയ ഇസ്‌ലാംയുഗവും ഒരേസമയം കണ്ടെത്തുകയാണ്. കൊളോണിയൽ ആധുനികതയോടു നേർക്കുനേരെയുള്ള ഒരു പോരാട്ടസ്ഥലിയിൽ നിലയുറപ്പിക്കുമ്പോൾ തന്നെ കൊളോണിയൽ ആശയങ്ങളെ പരിരംഭണം ചെയ്തുകൊണ്ട് സങ്കൽപരാശിയിലുള്ള ഒരു മുസ്ലിം അപരത്തെ കണ്ടെടുക്കാനുള്ള സമീക്ഷകളാണ് ബങ്കിംചന്ദ്രയുടെ നോവലിനു തച്ചുശാസ്ത്രമാകുന്നത്. സംസ്‌കൃതസാഹിത്യവും വൈദികവിജ്ഞാനവും കൈകോർത്തുനിൽക്കുന്ന ഭൂതകാല കൽപ്പനകളിൽ നിന്ന് വർത്തമാന രാഷ്ട്രഘടനയ്ക്കുതകുന്ന ചേരുവകൾ കണ്ടെടുക്കാനുള്ള ശ്രമമായിരുന്നു ബങ്കിം ചന്ദ്രനടക്കമുള്ളവർ നടത്തിയത്. ബങ്കിംചന്ദ്ര ചാറ്റർജിയും ബാലഗംഗാധരതിലകും മുതൽ കെ. പി. ജയ്‌സ്വാളും ആർ. സി. മജുംദാറും വരെയുളളവരുടെ ചരിത്രരചനാ സംരംഭങ്ങൾ ഈ ദൗത്യനിർവഹണത്തിന്റെ സാക്ഷ്യങ്ങളായി അവശേഷിക്കുന്നു. വിശദാംശങ്ങളിൽ തർക്കമുണ്ടാവുമെങ്കിലും ഇവരിലൂടെയെല്ലാം പണിതെടുക്കപ്പെട്ട ദേശീയാധുനികതയുടെ ഭാവനാഭൂപടം വൈദികപാരമ്പര്യത്തിൽ വേരോടി നിൽക്കുന്ന ഒന്നുതന്നെയായിരുന്നു. അങ്ങനെ സുവർണവും സവർണവുമായ പുതിയൊരു ദേശാവബോധം ദേശീയതയുടെ നിർമാണസാമഗ്രിയും പ്രത്യയശാസ്ത്ര അടിത്തറയുമായി നിലവിൽ വന്നു.1 ദേശീയാധുനികതയുടെ പ്രത്യയശാസ്ത്രം അതിന്റേതായ മനുഷ്യമാതൃകകൾക്കും ജന്മം നൽകി. മുസ്‌ലിംകൾ, ദലിതർ, സ്ത്രീകൾ തുടങ്ങിയ വിവിധ പ്രകാരങ്ങളിലുള്ള മനുഷ്യാവസ്ഥകളെ അപരവൽക്കരിച്ചുകൊണ്ടാണ് ഈ ദേശീയപൗരത്വം സ്വയം നിർവചിച്ചത്. ബ്രാഹ്മണ്യവും പുരുഷാധിപത്യവുമായ ഈ ആധുനിക സവർണരൂപമായിക്കൊണ്ടാണ് ബങ്കിംചന്ദ്ര നോവലിൽ ദേശീയ പുരുഷനെ വാർത്തെടുക്കുന്നത്.

മുതലാളിത്തത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും അനുഗുണമാകുന്ന തരത്തിൽ വിപണിയെ മാറ്റിയെടുക്കുക എന്നത് കൊളോണിയൽ ആധുനികതയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ സ്ഥിരവാസികളായ ജനങ്ങൾ മുതലാളിത്ത വ്യവസ്ഥിതിയിലേക്കു പ്രവേശിക്കുകയും സാമ്രാജ്യത്വനീതികളിലൂടെ വലിയൊരു വിപണി സൃഷ്ടിക്കുകയും ചെയ്യുമ്പോൾ അതിനനുസരിച്ച് അവരുടെ സ്വത്വങ്ങൾ പുനഃസൃഷ്ടിക്കപ്പെടുകയും അതിന്റെ ആവിഷ്‌കാരത്തിനുവേണ്ടി പുതിയ സാഹിത്യരൂപങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.2  എന്നാൽ ഇന്ത്യയിൽ നോവൽ പ്രസ്ഥാനം രൂപപ്പെട്ടത് ഇത്തരം സാഹചര്യങ്ങളിലല്ലായിരുന്നു. പത്തൊമ്പതാം ശതകത്തിലെ ഇന്ത്യൻ നോവൽ പ്രസ്ഥാനം അധിനിവേശസമൂഹത്തിന്റെ മഹാകാവ്യമായിരുന്നുവെന്ന് സാമാന്യേന വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദേശവികാരത്താൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയാവബോധം ഇന്ത്യയിൽ മൊട്ടിടാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണ്. 1857ൽ ഉടലെടുത്ത ശിപായിലഹളയടക്കമുള്ള മുന്നേറ്റങ്ങൾ ഇന്ത്യക്കാരുടെ ദേശീയബോധത്തിന്റെ ബഹിർസ്‌ഫോടനങ്ങളായിരുന്നു. ഒരു പൊതുശത്രുവിനെ നേരിടാൻ ഹിന്ദുക്കളും മുസ്‌ലിംകളുമായ സൈനികർ അക്കാലത്ത് അണിചേർക്കപ്പെടുന്നുണ്ട്. എങ്കിലും പ്രബലമായ ഒരു സാമ്രാജ്യശക്തിയെ സൈനികമായി നേരിടാൻ ഇന്ത്യക്ക് കഴിവില്ലെന്ന് ശിപായിലഹള തെളിയിച്ചു. ഇംഗ്ലീഷുകാർക്കെതിരേ യുദ്ധവും അക്രമവും ബുദ്ധിയല്ലെന്നുള്ള യുക്തിവിചാരത്തിലേക്ക് ദേശീയനേതാക്കൾ ഇക്കാലത്ത് എത്തിപ്പെടുന്നുണ്ട്. കലാപ്രതിഭകളായ സാംസ്‌കാരിക ദേശീയ നായകന്മാരുടെ പ്രസക്തി ഇവിടെയായിരുന്നു .അവരവരുടെ ഭാഷകളിൽ നാടിന്റെ പൂർവമാഹാത്മ്യത്തെയും മൺമറഞ്ഞ മഹാപുരുഷന്മാരുടെ ജീവിതത്തെയും അവർ പുനരാവിഷ്‌കരിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലെ നോവൽ ആഖ്യാനങ്ങൾ റൊമാൻസിൽ നിന്ന് ചരിത്രനോവലിലേക്കു പരിവർത്തിക്കാൻ കാരണവും ഇതായിരുന്നു.3 സ്വരാജ്യാഭിമാനത്തിന്റെ സർഗപരമായ ഇത്തരം ജ്വാലകൾ ഊതിക്കത്തിച്ച ദേശീയപ്രസ്ഥാനത്തിലെ നേതൃനിരയിലാണ് ബങ്കിംചന്ദ്രയെ ചരിത്രം അടയാളപ്പെടുത്തുന്നത്.

ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രഭാവം വീണ്ടെടുക്കുക എന്ന സദ്‌വികാരമാണ് ബങ്കിംചന്ദ്രന്റെ സാഹിത്യപ്രവർത്തനങ്ങളെ പൊതിഞ്ഞു നിന്നിരുന്നതെന്നുള്ള വിലയിരുത്തൽ ദേശീയപ്രസ്ഥാനത്തിന്റെ പിൻമുറക്കാർ ഇന്നും കൊട്ടിഘോഷിക്കുന്നുണ്ട്. എന്നാൽ 1880ൽ തദ്ദേശീയമായ ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി ശക്തമായി വാദിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ബങ്കിംചന്ദ്രയുടെ വീക്ഷണഗതിയിലെ ഏങ്കോണിപ്പുകൾ പോസ്റ്റ് കൊളോണിയൽ പഠനങ്ങളുടെ അടിപ്പടവായി മാറിയിട്ടുണ്ട്. ഒരു ചരിത്രേതര സമൂഹം എന്ന് നിരന്തരം പഴികേൾക്കേണ്ടി വന്നിരുന്ന ദേശീയപ്രസ്ഥാനം അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ചരിത്രവിജ്ഞാനത്തിന്റെ അഭാവമായിരുന്നു. അതുകൊണ്ട് ചരിത്രജ്ഞാനത്തിന്റെ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ദേശീയവാദികളുടെ പ്രമുഖ ആവശ്യങ്ങളിലൊന്നായി. ബംഗാൾ അതിന്റെ ചരിത്രം സ്വയം കണ്ടെത്തണമെന്ന് ബങ്കിംചന്ദ്ര ആഹ്വാനം ചെയ്യുന്നത് ഇക്കാലത്താണ്. ചരിത്രം എന്ന വികാരം അദ്ദേഹത്തിൽ പ്രവർത്തിക്കുന്നത് മൂന്ന് ആശയചേരുവകളോടുകൂടിയാണ്. ജയിംസ് മിൽ തുടങ്ങിവച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം, ഇന്ത്യക്കാരുടെ സവിശേഷതകളെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകൾ എന്നിവ ബങ്കിംചന്ദ്രയുടെ നിഗമനങ്ങളെ നിർണയിക്കുന്നു. അതേസമയം ആധുനീകരണത്തിന്റെ ഫലമായി ഉടലെടുത്ത വസ്തുനിഷ്ഠമായ ചരിത്രസങ്കൽപ്പവും അദ്ദേഹത്തിന്റെ ചിന്തയെ നിയന്ത്രിക്കുന്നു. പത്തൊമ്പതാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഒട്ടനവധി ചരിത്രകൃതികൾ ബംഗാളിഭാഷയിൽ തന്നെ എഴുതപ്പെട്ടു കഴിഞ്ഞിട്ടും ബംഗാളിനൊരു ചരിത്രമുണ്ടാവണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത് പാശ്ചാത്യപ്രബുദ്ധതയുടെ രീതിമാതൃകകളോട് അവ ഒത്തുപോകാത്തതുകൊണ്ടാണ്. പാശ്ചാത്യ ആധുനികതയുടെ ശാസ്ത്രീയയുക്തി ഉപയോഗിച്ചുകൊണ്ട് ചരിത്ര-സാഹിത്യരചനകളിൽ ഏർപ്പെട്ട ദേശീയപ്രവർത്തകരിൽ കൊളോണിയലിസം പ്രചരിപ്പിച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വ പരികൽപ്പനയും പൗരസ്ത്യവാദം തൊടുത്തുവിട്ട ഭാരതത്തനിമയുടെ ഗൃഹാതുരത്വവും വേരോടിപ്പടർന്നിരുന്നു. നമ്മുടെ ദേശീയബോധത്തിന്റെ മുഖ്യധാരയെ അടിസ്ഥാനപരമായി നിർണയിച്ച ഈ ആശയക്കൂട്ടാണ് ബങ്കിംചന്ദ്രയിൽ പ്രകാശിതമാകുന്നത്. 4 ആനന്ദമഠത്തിലെ ആഹ്വാനം അതിന്റെ ആദിമ തരംഗമാണ്.

ഭാവാനന്ദൻ: ''എന്താ ഗോസായീ, മുഖം വാടിയിരിക്കുന്നുവല്ലോ!''

ജ്ഞാനാനന്ദൻ : ''ഒന്നും ശരിയായില്ല. ഇന്നലെ നടന്ന കവർച്ച നിമിത്തം മുസൽമാന്മാർ കണ്ടെത്തുന്ന കാവിവസ്ത്രക്കാരെയെല്ലാം പിടിച്ചുവരുന്നു. സന്താനങ്ങളെല്ലാവരും ഇന്ന് കാവി വസ്ത്രം ഉപേക്ഷിക്കാതെ പട്ടണത്തിലേക്ക് പോയിട്ടുണ്ട്. മുസൽമാന്മാരുടെ കൈയിൽ പെടുമോ എന്തോ?'' 5

''അതെ, ഞങ്ങൾക്ക് രാജ്യം കിട്ടണമെന്ന ആകാംക്ഷയല്ല. ഈ മുസൽമാന്മാർ ദൈവവിരോധികളായിരിക്കുന്നതിനാൽ അവരെ വംശനാശം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങളുടെ സങ്കൽപ്പം.''6

ഭാവാനന്ദൻ: ''ക്യാപ്റ്റൻ സായിപ്പേ, നിങ്ങളെ ഞങ്ങൾ കൊല്ലുകയില്ല. ആംഗലേയർ ഞങ്ങളുടെ ശത്രുക്കളല്ല. നിങ്ങളെന്തിനായി മുസൽമാന്മാർക്ക് സഹായിപ്പാൻ വന്നു? വരുക, നിങ്ങൾക്കും പ്രാണഭിക്ഷതരാം. തൽക്കാലം നിങ്ങൾ ഞങ്ങളുടെ തടവുപുള്ളി. ആംഗലേയർക്കു വിജയമുണ്ടാവട്ടെ. നിങ്ങൾ ഞങ്ങളുടെ സ്‌നേഹിതന്മാർ.'' 7

''ഹരേ മുരാരേ ഹരേ മുരാരേ' എന്നു പാടുവിൻ. വരുവിൻ, മുസൽമാന്മാരുടെ മാറിനെ പിളർക്കുവിൻ. ലക്ഷം സന്താനങ്ങൾ പർവതശിഖരത്തിലുണ്ട്''8

നോവലിൽ ചരിത്രസ്ഥലികളായി ബങ്കിംചന്ദ്ര ബംഗാളിനെയും ഇന്ത്യയെയും സ്ഥാപിച്ചെടുക്കുന്നുണ്ടെങ്കിലും രണ്ടിടത്തും അക്രമിയും വിദേശിയുമായി നിർമിക്കപ്പെടുന്നത് മുസ്‌ലിം തന്നെയാണ്. ചരിത്രഗ്രന്ഥങ്ങളിൽ തുറന്നുപറയാൻ കഴിയാത്ത പലതും ചരിത്രനോവലുകളിലൂടെ ഫലപ്രദമായി ആവിഷ്‌കരിക്കാം എന്ന് ബങ്കിംചന്ദ്ര കണക്കുകൂട്ടിയിരുന്നു. അധിനിവേശം അടിച്ചേൽപ്പിച്ച ആധികളും വേവലാതികളും ബംഗാളിലെ ബങ്കിംചന്ദ്രയടങ്ങുന്ന വരേണ്യവർഗം മറികടന്നത് തങ്ങളുടെ ഇന്നലെകളിലേക്കു മടങ്ങി വർത്തമാനകാല സംഘർഷങ്ങളെ നേരിടാൻ കഴിവുള്ള പുതിയ സാമൂഹികസ്വത്വങ്ങളെ സങ്കൽപ്പിച്ചുകൊണ്ടായിരുന്നു. ചരിത്രമില്ലെങ്കിൽ ബംഗാളികൾക്ക് മനുഷ്യരാവാൻ കഴിയില്ലെന്ന് ബങ്കിംചന്ദ്ര എഴുതുന്നുണ്ട്. അതിനാൽ ദേശത്തെ എഴുതാനും രാഷ്ട്രത്തെ സങ്കൽപ്പിക്കാനും അദ്ദേഹത്തിന് ഭൂതകാലത്തിലേക്കു വഞ്ചികയറേണ്ടതുണ്ടായിരുന്നു. ചരിത്രനോവലുകളുടെ ആഖ്യാനതന്ത്രങ്ങളിലൂടെ അദ്ദേഹം പൗരാണികവും പാവനവുമായ ഒരു ഇന്ത്യൻ ബൃഹത്പാരമ്പര്യത്തിന്റെ അഭാവം നികത്തുകയായിരുന്നു. പലതിനേയും ഒഴിവാക്കിയും ചിലതിനെയെല്ലാം പെരുപ്പിച്ചുകാട്ടിയുമാണ് ഇതു സാധ്യമായത്. ബുദ്ധ-ജൈനമതങ്ങൾ ഭാരതീയപൈതൃകമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ തന്നെ ഇസ്‌ലാം പാരമ്പര്യം അതിൽ ഒഴിവാക്കപ്പെട്ടു (ഇ.വി.രാമകൃഷ്ണൻ).

പരാമർശിത രചനകൾ

1. ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വർത്തമാനവിചാരങ്ങൾ-ലേഖനം സുനിൽ പി. ഇളയിടം, മാതൃഭൂമി ആഴ്ചപ്പതിപ്പ് -2006 ഒക്ടോബർ -22 ലക്കം 34.
2. ദേശീയതകളും സാഹിത്യവും -ഇ. വി. രാമകൃഷ്ണൻ, ഡി. സി. ബുക്‌സ്
3. നോവലും രാഷ്ട്രീയവും -ഡോ. എ. എം. വാസുദേവൻപിള്ള, കേരള സാഹിത്യ അക്കാദമി. തൃശൂർ, 1991 ,പേജ് 28.
4. ചരിത്രം -പാഠരൂപങ്ങളും പ്രത്യയശാസ്ത്രങ്ങളും, സുനിൽ പി. ഇളയിടം, മാതൃഭൂമി ബുക്‌സ്, 2004, പേജ് 78.
5. ആനന്ദമഠം, പരിഭാഷകൻ ടി. പി. കുഞ്ഞുണ്ണിനായർ, പി. കെ. ബ്രദേഴ്‌സ്, കോഴിക്കോട്, പേജ് 100
6. അതേ പുസ്തകം പേജ് -104
7. അതേ പുസ്തകം പേജ് -205
8. അതേ പുസ്തകം പേജ് -251
14. സവർണ രചനകൾക്കു പിന്നിലെ ബംഗാൾ സ്വാധീനം
Fri, 20 May 2011 2011 16:50:54 +0000