സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് വീഴ്ച്ചകള്‍ ഉണ്ടായത് കൊണ്ടെന്ന് സംസ്ഥാനം; ചട്ടലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സെന്‍കുമാര്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും പരവൂര്‍, ജിഷ വധക്കേസ് സംഭവങ്ങളില്‍ പൊലീസിനെ ന്യായീകരിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് മേധാവിയെ മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് വീഴ്ച്ചകള്‍ ഉണ്ടായത് കൊണ്ടെന്ന് സംസ്ഥാനം; ചട്ടലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേര്‍ക്കു നേര്‍. വീഴ്ച്ചകള്‍ ഉണ്ടായത് കൊണ്ടാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയപ്പോള്‍ സെന്‍കുമാറിനെ മാറ്റിയത് ചട്ടലംഘനമാണെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്.

ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സെന്‍കുമാര്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും പരവൂര്‍, ജിഷ വധക്കേസ് സംഭവങ്ങളില്‍ പൊലീസിനെ ന്യായീകരിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് മേധാവിയെ മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, സെന്‍കുമാറിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തി. സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. രണ്ട് വര്‍ഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ ഒരു കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം. കമ്മിഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്ന കാര്യത്തില്‍ തീരുമാമെടുക്കാവൂ.

സെന്‍കുമാറിന്റെ ഹര്‍ജി അടുത്ത മാസം ഒന്നിന് പരിഗണിക്കുന്നതിനായി ട്രൈബ്യൂണല്‍ മാറ്റിവെച്ചു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം ലോകനാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെ  സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

തന്നെ മാറ്റിയത് അഖിലേന്ത്യാ പോലീസ്  ചട്ടം ലംഘിച്ചാണെന്നാണ് സെന്‍കുമാറിന്റെ വാദം. സെന്‍കുമാറിന് അനുകൂലമായ നിലപാടാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.