പാ..വയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ സൂരജ് ടോം

നാല്‍പതോളം താരങ്ങള്‍ അണിനിരക്കുന്ന 'പാവ'യെ കുറിച്ച് സംവിധായകനായ സൂരജ് ടോം നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു...

പാ..വയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ സൂരജ് ടോം

പാവാട എന്ന പ്രിഥ്വി രാജ് ചിത്രത്തിന് ശേഷം അനൂപ്‌ മേനോന്‍- മുരളി ഗോപി എന്നിവ്വര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാവ. പപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും പറയുന്ന 'പാ..വ' അണിയിച്ചു ഒരുക്കുന്നത് നവാഗതനായ സൂരജ് ടോമാണ്‌.  വാര്‍ധക്യത്തിലേക്ക് കടന്ന രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് മുരളി ഗോപിയും അനൂപ്‌ മേനോനും എത്തുന്നത്.

നാല്‍പതോളം താരങ്ങള്‍ അണിനിരക്കുന്ന 'പാ..വ'യെ കുറിച്ച് സംവിധായകനായ സൂരജ് ടോം നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു...


  • നവാഗതനായ 'സൂരജ് ടോം'. ശരിക്കും സൂരജ് ടോം 'നവാഗതനാണോ'?


ഞാന്‍ 2001 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്.ഒരുപിടി ഹൃസ്വ ചിത്രങ്ങളും ഡോകുമെന്ററികളും നൂറോളം പരസ്യ ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. കിംഗ്‌ഫിഷര്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടി പരസ്യ ചിത്രങ്ങള്‍ എടുത്ത ആത്മവിശ്വാസവുമായിയാണ് ഞാന്‍ പാവയിലേക്ക് എത്തിയത്. എന്റെ കലാലയ ജീവിതവും കൂട്ടുകാരുമാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്.  മാര്‍ച്ച്‌ 12 എന്ന ചിത്രത്തില്‍ ബാബു ജനാര്‍ദ്ദനന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • എന്താണ് പാ..വ?


ആദ്യം ഈ ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ കുട്ടികളുമായി ബന്ധപ്പെട്ട് ചിത്രമായി തോന്നുമെങ്കിലും സത്യമതല്ല. 'പപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും', ഇതാണ് പാ..വയുടെ പൂര്‍ണ രൂപം. വാര്‍ധക്യത്തിലേക്ക് കടന്ന രണ്ടു സുഹൃത്തുക്കളുടെ സൗഹൃദത്തിന്‍റെ കഥ നര്‍മ്മത്തിന്റെ അകമ്പടിയോട് കൂടി പറയുന്ന ഒരു ഹാപ്പി എന്‍ഡിങ്ങ് ചിത്രമാണിത്.

ഞാനും അജീഷും (പാ..വ-തിരക്കഥകൃത്ത്)അടുത്ത കൂട്ടുകാരന്. മൂന്ന് വര്‍ഷം മുന്‍പ് അജീഷ് എന്നോട് പറഞ്ഞ കഥയാണ്‌ പാ..വ. പിന്നീട് ഞങ്ങള്‍ ആ കഥയ്ക്ക് പൂര്‍ണരൂപം ഉണ്ടാക്കി.

  • വില്ലന്മാരെ അടിച്ചു ഇടുന്ന അല്ലെങ്കില്‍ സ്ലാപ്സ്റ്റിക്ക് കോമഡികള്‍ കൊണ്ട് പ്രേക്ഷരെ കുടുകൂടെ ചിരിപ്പിക്കുന്ന  അതുമല്ലെങ്കില്‍ സദാ ഗൌരവകാരനായ നായകന്‍. ഇതൊക്കെയാണ് സാധാരണ മലയാള സിനിമയില്‍ നമ്മള്‍ കാണുന്നത്. ഇതില്‍നിന്നുമെല്ലാം വ്യത്യസ്തമായി വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ച രണ്ടുപേരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍


പാവയ്ക്ക് വേണ്ടി കഥ എഴുതിയത് എന്റെ അടുത്ത സുഹൃത്തുകൂടിയായ അജീഷ് തോമസാണ്. ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ഒട്ടുമിക്കപേരെയും എനിക്ക് നേരത്തെ അറിയാം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ സൗഹൃദങ്ങളുടെ ചിത്രമാണ് പാ..വ. അത്കൊണ്ട് തന്നെ ഇങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അതിലെ വ്യത്യസ്ത എന്നെ വളരെയധികം ആകര്‍ഷിച്ചു. പുറമേ ഗൌരവകാരനായ എന്നാല്‍ മനസ്സില്‍ ഒരുപാട് നന്മ സൂക്ഷിക്കുന്ന പാപനെ അവതരിപിക്കുന്നത് മുരളി ഗോപിയാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ വര്‍ക്കിയെ അവതരിപിക്കുന്നത് അനൂപ്‌ മേനോനും. ഇവരെ മുന്നില്‍ കണ്ടാണ്‌ ഈ കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്.

  • ഈ കഥയുമായി മുരളിഗോപിയേയും അനൂപ്‌ മേനോനെയും സമീപിച്ചപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?


ഈ കഥയുമായി ഞങ്ങള്‍ ആദ്യം സമീപിക്കുന്നത് മുരളി ഗോപിയെയാണ്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തി കഥ പറഞ്ഞു. കഥ കേട്ടയുടന്‍ അദ്ദേഹം  സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് അനൂപ്‌ മേനോനും ഈ ചിത്രത്തിന്റെ ഭാഗമായി.

  • വാര്‍ധക്യത്തില്‍ എത്തിയ രണ്ടു സുഹൃത്തുക്കളുടെ കഥയായത് കൊണ്ട് തന്നെ സ്വാഭാവികമായും പ്രേക്ഷകരില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള സംശയമാണ് ഈ സിനിമ കഥ പറയുന്നത് ഫ്ലാഷ് ബാക്കുകളിലൂടെയാണോയെന്നത്. 


പാ..വയില്‍ ഫ്ലാഷ് ബാക്കുകള്‍ ഉണ്ട്. എന്നിരുന്നാലും വര്‍ത്തമാന കാലത്തിലൂടെ തന്നെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. അവരുടെ സൗഹൃദത്തിനപ്പുറം അവരുടെ കുടുംബ ബന്ധങ്ങളുടെ കഥയും ഈ ചിത്രം പറയുന്നു.

  • മുരളി ഗോപിക്കും അനൂപ്‌ മേനോനും പുറമേ ആരൊക്കെയുണ്ട് പാ..വയില്‍?


ഏകദേശം നാല്പതില്‍ അധികം മുഖപരിചയമുള്ള അഭിനേതാക്കള്‍ ഈചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ മുന്‍കാല നായിക രഞ്ജിനി, പ്രമുഖ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,രഞ്ജി പണിക്കര്‍, പി ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അശോകന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട്.

  • ചിത്രത്തിലെ സംഗീതത്തെ കുറിച്ച്...


ആനന്ദ്‌ മധുസൂധനനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍മൊത്തം 6 പാട്ടുകള്‍ ഉണ്ട്. രണ്ടു പകുതികളിലായി മൂന്ന് വീതം. ഇതില്‍ ഒരെണ്ണം മുരളി ഗോപി തന്നെ പാടിയതാണ്. മറ്റു ഗാനങ്ങള്‍ എല്ലാം മെലഡികളാണ്. പാട്ടുകള്‍ ഓരോന്ന് ഓരോന്നായി പുറത്തിറങ്ങി തുടങ്ങി. സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍, സുകു ദാമോദര്‍  എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

  • പാ..വയുടെ 'അണിയറ' വിശേഷങ്ങള്‍


സിയാദ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിക്കും അനൂപ്‌മേനോനും വേഷപകര്‍ച്ച പകര്‍ന്നിരിക്കുന്നത് രഞ്ജിത് അമ്പാടിയാണ്. സതീഷ്‌ കുറുപ്പാണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

  • പാ..വയ്ക്ക് ശേഷമെന്ത്


പാ..വ പുറത്തു വരുന്നത് വരെ എന്റെ എല്ലാ ശ്രദ്ധയും പാവയില്‍ തന്നെയാണ്. പാവയുടെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജൂലൈ അവസാനം ചിത്രം തീയറ്ററുകളില്‍ എത്തും. മറ്റു പരിപാടികള്‍ ഒക്കെ അതിന് ശേഷം മാത്രം.