രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശ്ശിക; സോണിയാ ഗാന്ധി ഇടപെടുന്നു

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശ്ശിക വിഷയത്തില്‍ സോണിയാ ഗാന്ധി ഇടപെടുന്നു

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശ്ശിക; സോണിയാ ഗാന്ധി ഇടപെടുന്നു

തിരുവനന്തപുരം:  നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശ്ശിക വിഷയത്തില്‍ സോണിയാ ഗാന്ധി ഇടപെടുന്നു. സ്മാരകനിര്‍മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് സോണിയയെ ഒന്നാം പ്രതിയാക്കി കോടതിയെ സമീപിച്ചത് എന്‍ഡിടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാദ്ധ്യമങ്ങളടക്കം വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്തിന് കര്‍ശന താക്കീത് നല്കി സോണിയാ ഗാന്ധി തന്നെ രംഗത്ത് എത്തിയത്. കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ സോണിയാഗാന്ധി ഫോണില്‍ വിളിക്കുകയായിരുന്നു. നിയമനടപടികളിലേക്ക് വലിച്ചിഴക്കാതെ കെട്ടിടനിര്‍മാണത്തിന്റെ കുടിശിക ഉടന്‍ തന്നെ കൊടുത്തുത്തീര്‍ക്കാനും തീരുമാനമായതായി കെപിസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.


മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ നെയ്യാര്‍ഡാമില്‍ കെപിസിസി മൂന്ന് വര്‍ഷം മുന്‍പ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായാണു രണ്ടര ഹെക്ടറില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേര്‍ത്ത് കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ രാജീവ് തിരുവനന്തപുരം സബ്‌കോടതിയെ സമീപിച്ചത്. ഒന്നാം എതിർകക്ഷിയായ സോണിയാഗാന്ധിക്ക് സമന്‍സ് അയക്കാനും കോടതി തീരുമാനിച്ചിരുന്നു.

സോണിയ ഗാന്ധിയെ കൂടാതെ കെട്ടിടനിര്‍മാണത്തിനു മുന്‍കൈയെടുത്ത മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് എന്നിവരെയും എതിർകക്ഷികളാക്കിയാണ് ഹീതർ കൺസ്ട്രക്ഷൻസ് കോടതിയെ സമീപിച്ചത്. രമേശ് ചെന്നിത്തല കെപിസിസിഅധ്യക്ഷനായിരിക്കേയാണു സ്മാരകം പൂര്‍ത്തിയായത്.

മലേഷ്യയിലെ യൂത്ത് സെന്റര്‍ മാതൃകയിലാണു കെട്ടിട രൂപകല്‍പന. 2013 സെപ്റ്റംബറില്‍ ആണ് പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം സോണിയാ ഗാന്ധി നിർവഹിച്ചത്. അന്നു മുതലുള്ള ബില്‍ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്.

Read More >>