ജലവൈദ്യുതിയും കേരളീയ ഇരട്ടത്താപ്പുകളും

ജലവൈദ്യുത പദ്ധതികളുടെ കാര്യത്തിൽ വലിയ ഇരട്ടത്താപ്പാണ് മലയാളികൾ കാണിക്കുന്നത്. വൈദ്യുതി എല്ലാവർക്കും ആവശ്യമാണെന്നിരിക്കെ തന്നെയാണ് ഈ ഇരട്ടത്താപ്പ്. ജലവൈദ്യുത പദ്ധതി തന്നെയാണ് നിലവിൽ കേരളത്തിന് അഭികാമ്യം. സോളാർ വൈദ്യുതിയുടെ കാര്യത്തിൽ കേരളം ഇനിയും മുന്നേറാനുണ്ട്. കേരളത്തിൽ സോളാർ പാനലുകളുടെ നിർമ്മാണം തുടങ്ങാൻ കഴിയുമോ എന്നതിനെപ്പറ്റിയാണു സംസ്ഥാനം ആലോചിക്കേണ്ടത്. നിർമ്മാണവും ടെക്‌നോളജിയും സ്വന്തമാക്കാതെ വിദേശ നിർമ്മിത സോളാർ സിസ്റ്റം കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത് വൈദ്യുതി സ്വാതന്ത്ര്യം നേടാം എന്നത് അത്ര പ്രായോഗികമല്ല.

ജലവൈദ്യുതിയും കേരളീയ ഇരട്ടത്താപ്പുകളും

റെജി പി ജോർജ്‌

നിലവിലുള്ള അവസ്ഥയിൽ കേരളത്തിനു യോജിച്ചത് ജലവൈദ്യുത പദ്ധതികൾ തന്നെയാണു. നാലുവരിപ്പാതയും, എട്ടുവരിപ്പാതയും അതിവേഗ ഹൈവെയും വേണമെന്നു വാദിക്കുന്നവർ തന്നെ ജലവൈദ്യുത പദ്ധതികളോടു വിയോജിക്കുന്നതിൽ വലിയ ഇരട്ടത്താപ്പാണുള്ളത്. ഒന്നാം ലോകരാജ്യങ്ങളിൽ ഒരു നാലുവരിപ്പാത നിർമ്മിക്കുമ്പോൾ അതിലൂടെ ഓടാൻ സാധ്യതയുള്ള വാഹനങ്ങളുടെ കണക്ക് കൂട്ടി അത്രയും വാഹനങ്ങൾ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക മാലിന്യം കണക്കുകൂട്ടി അതിനു അനുസൃതമായി ഹൈവേക്ക് സമാന്തരമായി വനവത്കരണം നടത്തിയാണ് ഈ പാതകൾ നിർമ്മിക്കുന്നത്. കേരളത്തിൽ അത്തരം ആലോചനകൾ പോലും കേട്ടിട്ടില്ല. ഒരു ചെറിയ ജലവൈദ്യുത പദ്ധതിക്ക് എത്ര ഹെക്ടർ വനം വേണ്ടിവരുമോ, അത്രയും ഭൂമിയിൽ അതിനു സമാന്തരമായി വനവത്കരണം നടത്തിയും പാരിസ്ഥിതികാഘാതം കുറച്ചും ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കിയാൽ വരുന്ന 15-25 വർഷത്തേക്ക് കേരളത്തിനു വൈദ്യുതിയുടെ കാര്യത്തിൽ മറ്റ് ഊർജ്ജ സ്രോതസ്സുകളെപ്പറ്റി പഠിക്കുവാനും ഒരു സമാന്തര ഊർജ്ജ നയം കൂടെ ജലവൈദ്യുത പദ്ധതികൾക്ക് ഒപ്പം വികസിപ്പിച്ചുകൊണ്ടുവരുവാനും സാധിക്കും.


കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നടന്ന ഭരണമാണു ഇന്ന് ജലവൈദ്യുതിയെപറ്റി ആലോചിക്കേണ്ടിവരുന്നതിലെ ഒന്നാം പ്രതി എന്നുതന്നെ പറയേണ്ടിവരും. കാരണം സോളാർ വൈദ്യുതിയുടെ മേഖലയിൽ നമ്മൾ നടത്തേണ്ടിയിരുന്ന കുതിച്ചുചാട്ടം നടക്കാതെ പോയി. സോളാർ അഴിമതിയുടെയും മാനഭംഗത്തിന്റെയും പര്യായമായി മാറി.

സോളാർ വൈദ്യുതി

ഫൊട്ടൊവൊൾട്ടിക് (പിവി) സോളാർ പാനലുകൾക്ക് സൂര്യപ്രകാശം കിട്ടിയാൽ മതി. സൂര്യപ്രകാശത്തിനു ചൂട് ഇല്ലെങ്കിലും പ്രശ്‌നമല്ലെന്നു ചുരുക്കം. ന്യൂയോർക്ക് പോലെ തണുപ്പുള്ള സ്ഥലത്ത് മഞ്ഞുകാലത്ത് സൂര്യപ്രകാശം മിക്കമാസങ്ങളിലും ലഭിക്കും, പക്ഷെ ചൂടുകാണില്ല.

സോളാർ പാനലുകൾ ഇന്ന് നിരവധി കമ്പനികൾ നിർമ്മിക്കുന്നുണ്ട്. കനേഡിയൻ സോളാർ മുതൽ എൽ.ജി, ഹ്യൂണ്ടായി വരെ. സൺപവർ എന്നൊരു കമ്പനി പേന്റന്റഡ് ആയിട്ടുള്ള ഒരു പുത്തൻ പിവി പാനലും മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്. മറ്റു സാധാരണ പാനലുകൾ 250-270 വാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുമ്പോൾ സൺപവർന്റെ പാനലുകൾ 345വാട്ട് തരുന്നു. 'Maxeon' എന്നാണ് സൺപവറിന്റെ സോളാർ സെല്ലുകൾ അറിയപ്പെടുന്നത്. ഒരു സാധാരണ അമേരിക്കൻ വീട്ടിൽ (ഒരു ഫ്രിഡ്ജ്, ഒരു ഫ്രീസർ അല്ലെങ്കിൽ രണ്ടൂ ഫ്രിഡ്ജ്, ടിവി 1-3, എ.സി. 3-5 വിൻഡൊ എസി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒക്കെ ഉള്ള ഒരു വീട്) ഏകദേശം 10,000 കിലൊവാട്ട് ആണ് വാർഷിക വൈദ്യുതി ഉപഭോഗം. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഒരു ലോക്കൽ സോളാർ കമ്പനി ഹ്യൂണ്ടായി പാനൽ 39 എണ്ണം വീടിനു മുകളിൽ ഘടിപ്പിക്കണം എന്നുപറഞ്ഞു.

അപ്പോൾ പോലും ഏതാണ്ട് 9000 കിലൊവാട്ട് മാത്രമാണ് ഉറപ്പുപറഞ്ഞത്. 20-25 വർഷം ആണ് സോളാർ ഉത്പാദനം. പക്ഷെ പലരും നമ്മോടു പറയും ആദ്യവർഷം 100% വൈദ്യുതി (9000 കിലൊവാട്ട്) ഉത്പാദിപ്പിക്കുമെങ്കിൽ 20 ആ വർഷം എത്ര വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന്. മിക്ക സോളാർ പാനലുകളും 80%ൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കില്ല എന്നതാണ് സത്യം. മാത്രമല്ല ഇനി മുന്നോട്ടുള്ള നാളുകളിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കുകയാണ്.

ബാറ്ററി ചാർജ് ചെയ്യാവുന്ന കാറുകൾ മുതൽ സൈക്കിൾ വരെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ മാർക്കറ്റിൽ എത്തിത്തുടങ്ങി. അതായത് ഇന്ന് നിങ്ങളുടെ വൈദ്യുതി ഉപഭോഗം പതിനായിരം കിലോവാട്ട് ആണെങ്കിൽ 20 വർഷത്തിനുശേഷം അത് പത്തിൽ നിന്ന് ഉയരുവാൻ ആണ് സാധ്യത കൂടുതൽ. ഇന്ന് സ്ഥാപിക്കുന്ന സോളാർ പാനലുകൾ അന്ന് തരുന്ന വൈദ്യുതി പത്തിനായിരത്തിൽ നിന്നു താഴോട്ടുപോയി എണ്ണായിരം ആകുകയും ചെയ്യും. അതേ സമയം 20 വർഷം കൊണ്ട് ടെക്‌നോളജിയിൽ വരാനുള്ള മാറ്റങ്ങൾ വളരെ വലുതാണ്. നൂതന സാങ്കേതിക വിദ്യകൾ സോളാർ പാനലുകളെ തന്നെ അപ്രസക്തമാക്കും വീടിന്റെ ചുവരിൽ തേയ്ക്കുന്ന പെയിന്റ് പോലെ മേൽക്കൂരയിൽ തേച്ചുപിടിപ്പിക്കാവുന്ന സോളാർ പാനലുകൾ ആവും ചിലപ്പോൾ വരിക. അമേരിക്കയിൽ വീടിനു മുകളിൽ ഓടുപോലെ ഒരു പ്രത്യേക ഷീറ്റ് ആണ് അടുക്കുന്നത്. ആ ഷീറ്റുകൾ തന്നെ സോളാർ ഷീറ്റ് ആയിട്ടു വരാം. മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 110% കൂടുതൽ വരുന്ന സോളാർ പ്രൊജക്ടിന് ഒന്നും സർക്കാർ സഹായം കിട്ടുകയും ഇല്ല.

സോളാർ പാനലുകളെപ്പറ്റി ആലോചിച്ച് അതിന്റെ ഇൻസ്റ്റാലേഷൻ നടത്തുന്ന കമ്പനികളെ സമീപിക്കുമ്പോൾ ആദ്യം അവർ ചെയ്യുന്നത് നമ്മുടെ വീടിന്റെ അഡ്രസ് വാങ്ങിയിട്ട് ഗൂഗിൾ എർത്തിലൊ മറ്റ് സമാന ഇന്റർനെറ്റ് സോഫ്റ്റ്വെയറിലൂടെയൊ നമ്മുടെ വീടിന്റെ മേൽക്കൂര പരിശോധിക്കയാണ്. വീടിനു മുകളിലേക്കു മരങ്ങൾ വളർന്നു നില്പുണ്ടൊ, അതിന്റെ നിഴൽ കൊണ്ട് സൂര്യപ്രകാശം മേൽക്കൂരയിലേക്ക് കടക്കാതെ തടയപ്പെടുന്നുണ്ടോ, കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സൂര്യോദയം മുതൽ മധ്യാഹ്നം വരെയുള്ള ദിശയിലേക്കാണൊ നിങ്ങളുടെ വീടിന്റെ മേൽക്കൂര (അമേരിക്കൻ വീടുകൾ കൂടുതലും നാട്ടിലെ ഓടിട്ട വീടിന്റെ മേൽക്കൂരപോലെ രണ്ടു സൈഡിലേക്കും താഴ്ന്നിറങ്ങുന്നതാണ്.) എന്നതൊക്കെയാണ് അവർ പ്രധാനമായും പരിശോധിക്കുന്നത്. പിന്നീട് നമ്മുടെ ഇലക്ട്രിസിറ്റി ബില്ലിൽ നിന്നും അക്കൌണ്ട് നമ്പർ വാങ്ങി ഇലക്ട്രിസിറ്റി തരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നമ്മുടെ ഒരു വർഷത്തെ ബിൽ വാങ്ങി നമ്മുടെ വൈദ്യുതി ഉപയോഗത്തിന്റെ ശരാശരി അവർ തന്നെ കണ്ടെത്തും അതിനുശേഷം വീടിന്റെ പടം ഗൂഗിൾ മാപ്പിൽ നിന്നും ഡൌൺലോഡ് ചെയ്ത് അതിനുമുകളിൽ സോളാർ പാനലുകൾ അടുക്കി ഒരു ചെറിയ സാമ്പിളുമായി നിങ്ങളെ കാണുവാൻ വരുന്നു.

ഇന്ന് അമേരിക്കയിൽ സോളാർ വൈദ്യുതിക്ക് നിരവധി രീതികൾ നിലവിലുണ്ട്. ലീസ് (Lease) ചെയ്യാം, സ്വന്തം കാശുമുടക്കി വാങ്ങാം, ബാങ്ക് ലോൺ എടുത്ത് സോളാർ പവർ പ്രൊജക്ട് വാങ്ങാം. ലീസ് ചെയ്യുമ്പോൾ കമ്പനി തന്നെ സോളാർ വൈദ്യുതി പാനലുകൾ വീടിനുമുകളിൽ ഘടിപ്പിച്ച് 25 വർഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കും നമുക്ക് ആവശ്യത്തിനുള്ളതിൽ കൂടുതൽ നെറ്റ്മീറ്ററിംഗിലൂടെ വൈദ്യുതി ലൈനിലേക്ക് തിരികെ പോകും. അതിനു വർഷാവസാനം ഇലക്ട്രിസിറ്റി കമ്പനി കമ്പനിക്കു തിരികെ കാശുകൊടുക്കും. കൂടാതെ എല്ലാ വർഷവും ഒരു ചെറിയ തുക അവർ നമ്മളിൽ നിന്നും ഈടാക്കും അത് ഓരോ വർഷവും കൂടിക്കൂടി വരും. ആദ്യ വർഷം എല്ലാം മാസവും 15 ഡോളർ ആണെങ്കിൽ 25ാം വർഷം 35 ഡോളർ ആവും പ്രതിമാസം. കൂടാതെ വൈദ്യുതി കണക്ഷൻ തരുന്ന കമ്പനിക്ക് പ്രതിമാസം 10-15 ഡോളർ വരെ സർവ്വീസ് ചാർജും കൊടുക്കണം.

അതായത് 15 ഡോളർ സോളാർ കമ്പനിക്ക് + 15ഡോളർ വൈദ്യുതി കമ്പനിക്ക് = 30 ഡോളർ ഒരു മാസം. ഇതാണു ലീസ്. ലീസ് ആകുമ്പോൾ ടാക്‌സ് ക്രെഡിറ്റ് (ടാക്‌സ് ഡിഡക്ഷൻ അല്ല) ഒരു ചെറിയ തുകയേ കിട്ടൂ. സ്വന്തമായി പൈസ ഉണ്ടെങ്കിൽ കാശുകൊടുത്തു വാങ്ങിയാൽ വൈദ്യുതി കമ്പനിക്ക് നല്കുന്ന 15 ഡോളർ മാത്രം പ്രതിമാസ ചെലവ്. വർഷാവസാനം നമ്മൾ ഉത്പാദിപ്പിച്ച വൈദ്യുതി ഉപഭോഗത്തെക്കാൾ കൂടുതൽ ആണെങ്കിൽ വൈദ്യുതി കണക്ഷൻ തരുന്ന കമ്പനി അതു വാങ്ങിയ കാശ് തിരികെ തരും. ലോൺ ആണു ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ സോളാർ റിബേറ്റ് 1500+ ഡോളർ ആണ് ന്യൂയോർക്കിലുള്ളത്. അത് നമ്മുടെ വീട്ടിൽ സോളാർ ഘടിപ്പിക്കുന്ന കമ്പനിക്കാണു സ്റ്റേറ്റ് നല്കുന്നത്. പക്ഷെ അത് അവർ നമ്മുടെ മൊത്തം ചെലവിൽ നിന്ന് അതു കുറച്ചിട്ടാണ് നമ്മുടെ ചെലവ് കാണിക്കുക. ഇപ്പോൾ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് ഏകദേശം 50% തുകയ്ക്ക് 12 മാസത്തേക്കു പലിശ രഹിത വായ്പ ഏതെങ്കിലും ബാങ്കിൽ നിന്നും സോളാർ കമ്പനി തന്നെ ഉപഭോക്താവിനു സംഘടിപ്പിച്ചുതരും (മിക്കപ്പോഴും ഇത്തരം വായ്പകൾക്ക് 17-20% ഒക്കെയാണു പലിശ. പിന്നെ 12 മാസത്തേതു തിരികെ അടയ്ക്കാൻ താമസിച്ചാൽ അതിനും കൊടുക്കണം പലിശ) ഇത്രയും ടാക്‌സ് ക്രെഡിറ്റ് ഫെഡറൽ സർക്കാരിൽ നിന്നും ന്യൂയോർക്ക് സംസ്ഥാന സർക്കാരിൽ നിന്നുമായിട്ട് തിരികെ ലഭിക്കും.

അതായത് 12 മാസത്തിനുള്ളിൽ നമ്മൾ പലിശരഹിത വായ്പയായി എടുത്ത തുക ടാക്‌സ് ക്രെഡിറ്റ് ആയി സർക്കാരിൽ നിന്നും കിട്ടും. ആ കിട്ടുന്ന പൈസ അതുപോലെ ബാങ്കിൽ അടച്ച് ലോൺ അവസാനിപ്പിക്കുന്നു. ബാക്കി തുകയ്ക്ക് സ്റ്റേറ്റ് ലോൺ തരും. അതുപക്ഷെ അവർ നേരിട്ടു നമുക്കു തരികയല്ല ചെയ്യുന്നത്. ഏതെങ്കിലും ഒരു വലിയ ബാങ്കുമായി സ്റ്റേറ്റ് ഒരു കരാറിൽ ഏർപ്പെടും. അവർ അത്രയും തുക ലോൺ ആയി തരും. അത് പിരിച്ചെടുക്കുവാനുള്ള ഉത്തരവാദിത്വം പോലും ബാങ്ക് എറ്റെടുക്കില്ല. സ്റ്റേറ്റ് അത്രയും തുക പ്രാദേശിക വൈദ്യുതി സ്ഥാപനത്തെക്കൊണ്ട് നമ്മളിൽ നിന്നും പിരിച്ചെടുക്കും. അതായത്. 50% തുക ഒരു മാസം 3.49% പലിശ നിരക്കിൽ 120-125 രൂപ എന്ന നിരക്കിൽ 10-15 വർഷം കൊണ്ട് വൈദ്യുതബില്ലിന്റെ രൂപത്തിൽ അടച്ചുതീർക്കുക. കാശുകൂടുതലുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും കൂടുതൽ തുക അടച്ച് ആ കടം വീട്ടാം.

ഹ്യൂണ്ടായി പാനലുകൾ ഞങ്ങളുടെ വീടിനുമുകളിൽ സ്ഥാപിക്കുവാനുള്ള ഒരു പ്രൊപ്പൊസൽ 9000 കിലൊവാട്ട് ഉത്പാദിപ്പിക്കുവാൻ 39 പാനലുകൾ വേണം മൊത്തം തുക 34000 ഡോളർ 1792 ഡോളർ യൂട്ടിലിറ്റി റിബേറ്റ് ബാക്കി 32345. ഫെഡാൽ ടാക്‌സ് ക്രെഡിറ്റ് 9.700, സ്‌ടെറ്റ് ടാക്‌സ് ക്രെഡിറ്റ് 5000 മൊത്തം ടാക്‌സ് ക്രെഡിറ്റ് 14,700. ഇത്രയും തുകക്ക്12 മാസത്തെ പലിശ രഹിത ലോൺ കമ്പനി സംഘടിപ്പിക്കും 12 മാസത്തിനുള്ളിൽ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ തുക സർക്കാർ തരും. അപ്പോൾ ബാങ്കിനു തിരികെ നല്കണം. ബാക്കി 17,600 സർക്കാർ ലോൺ 3.49% പലിശക്ക്. വൈദ്യുതി ബിൽ ആയിട്ട് കമ്പനിക്ക് തിരികെ നല്കണം. സൺപവറിനെ സമീപിച്ചപ്പോൾ വൈദ്യുതി ഉപഭോഗം 12000 കിലൊവാട്ട് ആയിട്ട് എടുത്തുകൊണ്ട് ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി. തുക ഏകദേശം ഇത്രയും തന്നെ വരും. പക്ഷെ മൊത്തം 26 സോളാർ പാനലുകൾ ഇതിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കും. ഹ്യുണ്ടായി 20-25 വർഷം പറയുന്നിടത്ത് സൺപവർ 25-30 വർഷം ആണു പറയുന്നത്. 30ആം വർഷവും 90-95% വൈദ്യുതി ഉത്പാദനവും ഉറപ്പുതരുന്നു.

സോളാർ വൈദ്യുതി ഡിസി ആയി ഉത്പാദിപ്പിക്കുന്നു ഇൻവെർട്ടർ ഉപയോഗിച്ച് അത് എ.സി കറണ്ട് ആയി ഉപയോഗിക്കുന്നു. ഈ ഇൻവെർട്ടറുകൾ വില്ക്കുന്ന കമ്പനികൾ പൊതുവെ ഒരു വെബ്‌സൈറ്റിലേക്ക് നമ്മുടെ സോളാർ പാനലുകളെ ബന്ധിപ്പിക്കുന്നു. അത് വൈഫൈ വഴിയും പ്രവർത്തിക്കുന്ന ഒരു സൈറ്റ് ആണ്. ആ സൈറ്റിൽ നമ്മുടെ സോളാർ പാനലുകൾ കാണുകയും ഏതുപാനൽ എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്ന് പരിശോധിക്കയും ചെയ്യാം. അതിലൂടെ ഏതെങ്കിലും പാനൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ കുറവുവരുന്നു എങ്കിൽ അത് കണ്ടെത്തുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിക്കും. സോളാർ കമ്പനികളും ഇതെ സൈവ് വഴി നമ്മുടെ പാനലുകൾ മോനിട്ടറ് ചെയ്യും.

നെറ്റ്മീറ്ററിംഗ് സംവിധാനത്തിലൂടെയാണ് സോളാർ വൈദ്യുതി നമുക്ക് വൈദ്യുതി കണക്ഷൻ തന്നിട്ടുള്ള കമ്പനിയുമായി ബന്ധിപ്പിക്കപ്പെടുന്നത്. നിലവിലുള്ള വൈദ്യുതി മീറ്റർ മാറ്റി പുതിയ ഒരു മീറ്റർ വൈദുതി കമ്പനി ഘടിപ്പിക്കുന്നു. ഈ മീറ്റർ മുന്നിലേക്കും പിറകിലെക്കും കറങ്ങും എന്നതാണ് അതിന്റെ പ്രത്യെകത. അതായത് നമ്മൾ സോളാർ ഉപയോഗിക്കുമ്പോൾ മീറ്റർ പിന്നിലെക്ക് കറങ്ങുന്നു. വൈദ്യുതി കമ്പനി തരുന്ന വൈദ്യുതി ഉപയോഗിക്കുമ്പോൾ മീറ്റർ മുന്നിലെക്ക് കറങ്ങുന്നു. ഇതിലൂടെയാണ് കമ്പനി എത്ര സോളാർ വൈദ്യുതി എത്ര കമ്പനിയുടെ വൈദ്യുതി എന്ന് കണക്കാക്കുന്നത്. വർഷാവസാനം അവർ വാങ്ങുന്ന വൈദ്യുതിക്കു നല്കുന്ന നിരക്കിൽ തന്നെ നമ്മൾക്കും തുകതരും ഉപയോഗിച്ചതിൽ കൂടുതൽ നമ്മൾ ഉത്പാദിപ്പിച്ചിട്ടുണ്ടെങ്കിൽ.

കേരളത്തിൽ സോളാർ പാനലുകളുടെ നിർമ്മാണം തുടങ്ങാൻ കഴിയുമൊ എന്നതിനെപ്പറ്റിയാണു സംസ്ഥാനം ആലോചിക്കേണ്ടത്. നിർമ്മാണവും ടെക്‌നോളജിയും സ്വന്തമാക്കാതെ വിദേശ നിർമ്മിത സോളാർ സിസ്റ്റം കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത് വൈദ്യുതി സ്വാതന്ത്ര്യം നേടാം എന്നത് അത്ര പ്രായോഗികമല്ല. ഒന്നാം ലോകരാജ്യങ്ങളിൽ സോളാർ വിജയം കൊയ്യുന്നത് അത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന എന്നതിനാൽ അല്ല മറിച്ച് ടെക്‌നോളജി, സോളാർ നിർമ്മാണം, സോളാർ ഘടിപ്പിക്കുന്ന തൊഴിൽ അനുബന്ധ വ്യവസായങ്ങൾ എന്നിങ്ങനെ ഒരു വലിയ സംരംഭമായിട്ട് അത് പ്രവർത്തിക്കുന്നു എന്നതിനാലാണു. സോളാർ വൈദ്യുതി എടുക്കുന്നവർക്ക് സർക്കാർ സബ്‌സിഡിയും ടാക്‌സ് ക്രെഡിറ്റും അടക്കം മെച്ചപ്പെട്ട സഹായം സർക്കാരിൽ നിന്നും ലഭിക്കുന്നു എന്നത് സത്യമാണു. ഒരു നയാപൈസാപോലും മുടക്കാതെ സോളാർ വീടുകളിൽ ഘടിപ്പിക്കുവാനും വൈദ്യുതി സോളാറിൽ നിന്നും വീടിനെ പ്രകാശമയമാക്കുവാനും സഹായിക്കും എല്ലാം സർക്കാർ പിന്തുണയുള്ള ലോണിന്റെയും സബ്‌സിഡിയുടെയും ബലത്തിലാണു. ഇത്രയും വലിയ സഹായം സർക്കാർ നൽകുമ്പോൾ ടെക്‌നോളജിയുടെ വികാസം, സോളാർ നിർമ്മാണത്തിലൂടെ നേടുന്ന ലാഭം, ജനങ്ങൾക്ക് തൊഴിൽ പിന്നെ സർക്കാരിനു ടാക്‌സ് ആയി കിട്ടുന്ന പണം എന്നിവയിലൂടെ സബ്‌സിഡിയെക്കാൾ ആദായമാണുണ്ടാകുന്നത്. ഒപ്പം വൈദ്യുതി ഉത്പാദനത്തിനു ചിലവാകുന്ന ഭീമമായ മുതൽ മുടക്കിൽ നിന്നും വിട്ടുനിൽക്കുവാനും കഴിയും അങ്ങനെ ഒരു വീടിനു മുകളിൽ സോളാർ സ്ഥാപിക്കുവാൻ സർക്കാർ സബസിഡിയും മറ്റ് ധനസഹായവും നൽകുമ്പോൾ അത്രയും തുകയൊ അതിനെക്കാൾ കൂടുതലൊ തിരികെ മറ്റു മാർഗ്ഗങ്ങളിലൂടെ സർക്കാരിലേക്ക് എത്തപ്പെടുന്നു.

പലസ്ഥലത്തും സൂര്യപ്രകാശത്തിന്റെ ദിശ മാറുന്നതിനു അനുസരിച്ച് റൊട്ടേറ്റ് ചെയ്യാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ സംവിധാനങ്ങൾ വരെ നിലവിലുണ്ട്. നിങ്ങളുടെ വീടിന്റെ മേൽക്കൂരയിൽ ഒരു റൊട്ടേറ്റർ ഘടിപ്പിച്ച് അതിനു മുകളിലാണു സോളാർ പാനലുകൾ ഉറപ്പിക്കുന്നത്. വിട്ടിൽ ഇരുന്ന് റിമോട്ട് കണ്ട്രോൾ വഴി സൂര്യന്റെ ദിശമാറുന്നതിനനുസരിച്ച് സോളാർ പാനലുകളൂടെ ദിശയും മാറ്റുവാൻ ഇതിലൂടെ കഴിയും.

പരിസ്ഥിതിക്കു ദോഷകകരമായ വൈദ്യുതി ഉത്പാദനത്തിനു പകരം സോളാർ ഊർജ്ജത്തെ ആശ്രയിക്കുമ്പോൾ അതിലൂടെ വൈദ്യുതി ഉത്പാദനം മാത്രമല്ല നടക്കുന്നത്. അതിനൊപ്പം പുത്തൻ തൊഴിൽ സാധ്യതകൾ കൂടെയാണു വളരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയിൽ 2015 ൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ചത് സോളാർ മേഖലയിലാണു. 173,807 അമേരിക്കകാർ ആണു 2014 സോളാർ ഒരു തൊഴിലായി ചെയ്തതു. 2013മുതലുള്ള കണക്കുകൾ പ്രകാരം 21.8% ആണു സോളാർ വ്യവസായത്തിൽ തൊഴിലിന്റെ വർദ്ധന. കഴിഞ്ഞ 12മാസത്തെ കണക്കുകൾ പ്രകാരം പുതിയതായി സൃഷ്ടിക്കപ്പെടുന്ന 72 തൊഴിലുകളിൽ ഒന്ന് സോളാർ മേഖലയിലാണു. മൊത്തം തൊഴിലിന്റെ ഏതാണ്ടു 1.3%.

കൽക്കരി ഖനനം (93, 185 തൊഴിൽ) പോലുള്ള പാരമ്പര്യ ഊർജ്ജ മേഖലയിൽ മൊത്തം സൃഷ്ടിക്കപ്പെടുന്ന തൊഴിലിനെക്കാൾ വളരെക്കൂടുതൽ സോളാർ installation രംഗത്ത് ശൈശവ ദശയിൽ തന്നെ ഒരുങ്ങികഴിഞ്ഞിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഓയിൽ, ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണ മേഖലയിലും, ക്രൂഡ് പെട്രോളിയം, എൽ.എൻ.ജി ഖനന മേഖലയിലും മറ്റും പുതുതായി വരുന്ന തൊഴിലിന്റെ 50% കൂടുതൽ തൊഴിലാണൂ സോളാർ പുതുതായി ഒരുക്കിയിരിക്കുന്നത്.

സോളാർ പാനലുകളുടെ installation, നിർമ്മാണം, വില്പനയും വിതരണവും, പ്രൊജക്ട് ഡവലപ്പ്‌മെന്റ് എന്നിങ്ങനെ നിരവധി മേഖലകളിലായി സോളാറുമായി ബന്ധപ്പെട്ട് പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് സൃഷ്ടിക്കുവാൻ കഴിയാത്തത്ര നിരവധി തൊഴിലുകൾ പുതുതായി വരുന്നു.

സോളാർ ഊർജ്ജ ഉത്പാദന രംഗത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങളാണൂ ഭാവിയിൽ ഉണ്ടാകുവാൻ സാധ്യത. നിലവിലുള്ള സോളാർ പാനലുകൾക്കു പകരം സോളാർ പെയ്ന്റും, സോളാർ ഫിലിമും മറ്റും ആവും വീടുകളെയും വാഹനങ്ങളെയുമൊക്കെ മോഡീപിടിപ്പിക്കുക.

കാറ്റാടി

കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നുകേട്ടാൽ നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് ഭീമാകാരൻ കാറ്റാടികൾ ആണു. പക്ഷെ ഇന്ന് ഇൻഡസ്ട്രിയൽ ഫാനിന്റെ വലുപ്പമുള്ള ഭാരം കുറഞ്ഞ കാറ്റാടികൾ ഒന്നാം ലോകത്ത് ഉപയോഗത്തിലുണ്ട്. സോളാർ പാനലുകൾക്ക് ഒപ്പം ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും ഈ കാറ്റാടികൾ സ്ഥാപിച്ച് സോളാർ-കാറ്റാടി സംയുക്ത സംരംഭമാണു പലയിടത്തും നടപ്പിലായി വരുന്നത്. കേരളത്തിനു ഈ രംഗത്തും ടെക്‌നോളജി സ്വയത്തമാകുവാനും കാറ്റാടി നിർമ്മാണ ഫാക്ടറികൾ തുറക്കുവാനും കഴിയുന്നതിലൂടെ മാത്രമേ എന്തെങ്കിലും മെച്ചം ഉണ്ടാക്കുവാൻ കഴിയൂ.

ജിയോതെർമ്മൽ എനർജി

കുഴൽകിണറുകൾ പോലെ കുഴികൾ കുഴിച്ച് ഭൂമിയുടെ അടിയിലെ ചൂട് പൈപ്പുകളിലൂടെ വീടിനുള്ളിലേക്ക് എത്തിച്ച് വീടിനുള്ളിൽ തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് ഇതേ പൈപ്പുകളിലൂടെ വീടിനുള്ളിലെ ചൂടെ വലിച്ചെടുത്ത് വീടിനുൾവശം തണുപ്പിച്ചും ചൂടും തണുപ്പും ക്രമീകരിക്കുന്ന സംവിധാനമാണു ജിയോതെർമൽ എനർജി. ഭൂമിയുടെ മുകൾപരപ്പിലെ 10 അടിക്കു താഴെ എവിടെ ചെന്നാലും 10 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില എന്നാണു ഈ മേഖലയിലുള്ള വിദഗ്ദ്ധർ പറയുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ ചൂടുവെള്ളവും ഇങ്ങനെ ഒരുക്കുവാൻ കഴിയും എന്നതാണു ഇതിന്റെ പ്രത്യേകത. വളരെ കുറച്ച് വൈദ്യുതി മാത്രമേ ഇതിനാവശ്യാമായി വരുന്നുള്ളു.

അമേരിക്കയിലെ ഇലക്ട്രിസിറ്റി ഉത്പാദനത്തിന്റെ 0.3 ശതമാനമാണു ജിയോതെർമൽ വൈദ്യുതി അതേ സമയം ഫിലിപ്പൈൻസിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 27ശതമാനം ജിയൊതെർമൽ പവർപ്ലാന്റിൽ നിന്നുമാണു. ഐസ്ലാണ്ടിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 30ശതമാനം ജിയൊതെർമൽ പവർപ്ലാന്റിൽ നിന്നുമാണു വരുന്നത്. അല്പം വിചിത്രമായ കാര്യം ലോകത്തിന്റെ മൊത്തം ജിയൊതെർമൽ വൈദ്യുതി ഉത്പാദനത്തിന്റെ 29 ശതമാനമാണു അമേരിക്കയിലെ 0.3 എന്നത്. ഫിലിപ്പസിലെ 27 ശതമാനം എന്നത് ആഗോള ജിയൊതെർമൽ വൈദ്യുതി ഉത്പാദനത്തിന്റെ 18 ശതമാനവും ഐസ്ലാണ്ടിന്റെ വിഹിതം 5 ശതമാനവുമാണു.

കേരളത്തിന്റെ കാലാവസ്ഥയോടു വളരെ സാമ്യമുള്ള ഫിലിപ്പൈൻസിനു തങ്ങളുടെ രാജ്യത്തിന്റെ 27 ശതമാനം വൈദ്യുതി ജിയൊതെർമൽ പവർപ്ലാന്റുകളിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുമെങ്കിൽ തിർച്ചയായും കേരളവും ജിയൊതെർമൽ സാധ്യതകളെപ്പറ്റി പഠനവും അന്വേഷണവും നടത്തേണ്ടിയിരിക്കുന്നു.