കറുപ്പുടുത്ത പ്രച്ഛന്നവേഷങ്ങള്‍

ഈ ശബ്ദങ്ങള്‍ക്ക് ഒന്നും ചെവികൊടുക്കാത്ത, ഈ കലമ്പലുകള്‍ ഒന്നും കാണാത്ത അല്ലെങ്കില്‍ കാണാനും കേള്‍ക്കാനും വിസമ്മതിക്കുന്ന 'പൊതുസമൂഹവും മാധ്യമങ്ങളും' പി എസ് ജയ എന്ന കലാകാരി കറുപ്പ് തേച്ച് നടത്തുന്ന ജാതിവിരുദ്ധ സമരത്തിനു പിന്തുണയും ആയി വരുന്നതില്‍ ഒട്ടും അത്ഭുതം ഇല്ല, കാരണം അതാണ് അല്ലെങ്കില്‍ അതുകൂടിയാണ് ജാതീയത. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സൂക്ഷമായ ഇടപെടലുകള്‍ അത് നടത്തും

കറുപ്പുടുത്ത പ്രച്ഛന്നവേഷങ്ങള്‍

അജയ കുമാര്‍

ജാതീയതയുടെ അടിസ്ഥാനം നിറം (സ്‌കിന്‍ കളര്‍) ആണെന്നത് ജാതിയെകുറിച്ചുള്ള വികലമായ നിര്‍വചനമാണ്. ബ്രാഹ്മണര്‍ എല്ലാവരും വെളുത്തവര്‍ അല്ലെന്നും, ദളിതര്‍ എല്ലാവരും കറുത്തവര്‍ അല്ലെന്നുമുള്ള പ്രാഥമിക വിവരങ്ങള്‍ പോലും വിശദീകരിക്കാന്‍ അതിനാവില്ല. ജാതിവിവേചനത്തെ വംശീയ വിവേചനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര കണവന്‍ഷന്റെ (International Convention on the Elimination of All Forms of Racial Discrimination CERD) പരിധിയില്‍ കൊണ്ടുവരണമെന്ന ഇന്ത്യയിലേയും ഇതര തെക്കനേഷ്യന്‍    രാജ്യങ്ങളിലെയും ദളിത്  മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും  വാദങ്ങളെയും ഇന്ത്യന്‍ സര്‍ക്കാരും, ചില  ബുദ്ധിജീവികളും എതിര്‍ത്തത് ജാതി നിറത്തെ അടിസ്ഥാനമാക്കിയുള്ളതല്ല  എന്ന ന്യായത്തില്‍ ആണ്.


വര്‍ണ്ണത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തെക്കാള്‍ നിന്ദ്യവും , ക്രൂരവും ആണ് ജാതി അടിസ്ഥാനമാക്കിയുള്ളത്  എന്ന വാദം കണ്‍വെന്‍ഷന്‍ നിര്‍വചനത്തിലെ 'ജന്മം കൊണ്ട്' (
by
descent) എന്ന ഭാഗത്തെ അടിസ്ഥാനമാക്കി പിന്നീട്  സിഇആര്‍ഡി കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പറഞ്ഞുവരുന്നത് ഡോ: അംബേദ്കറും  അദ്ദേഹത്തിനു മുന്‍പും , ശേഷവും നിരവധി ദളിത് ബുദ്ധിജീവികളും, ദളിത് ഫെമിനിസ്‌റ്കളും , എഴുത്തുക്കാരും, രാഷ്ട്രീയ/ സാമൂഹിക പ്രവര്‍ത്തകരും,ജാതിയെകുറിച്ചുള്ള  നിരവധി പാഠങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. എത്രയോ സൂക്ഷ്മ വിശകലനങ്ങള്‍ ദിനേനയെന്നോണം പുറത്ത് വരുന്നു. ജീവിതത്തിലും  / പൊതുസമൂഹത്തിലും , കിട്ടാവുന്ന  എല്ലാ ഇടങ്ങളിലും   ദളിതര്‍ ഒറ്റക്കും  തെറ്റക്കും ഇതൊക്കെ വിളിച്ചു പറയുന്നുമുണ്ട്.

ഈ ശബ്ദങ്ങള്‍ക്ക് ഒന്നും ചെവികൊടുക്കാത്ത, ഈ കലമ്പലുകള്‍ ഒന്നും കാണാത്ത അല്ലെങ്കില്‍ കാണാനും കേള്‍ക്കാനും വിസമ്മതിക്കുന്ന 'പൊതുസമൂഹവും മാധ്യമങ്ങളും' പി എസ്  ജയ എന്ന കലാകാരി കറുപ്പ് തേച്ച് നടത്തുന്ന ജാതിവിരുദ്ധ സമരത്തിനു പിന്തുണയും ആയി വരുന്നതില്‍ ഒട്ടും അത്ഭുതം ഇല്ല, കാരണം അതാണ് അല്ലെങ്കില്‍ അതുകൂടിയാണ് ജാതീയത. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സൂക്ഷമായ ഇടപെടലുകള്‍ അത് നടത്തും. ജാതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട്തന്നെ ജാതീയ അധീശത്വം സ്ഥാപിച്ചെടുക്കാന്‍ അതിനാവും.  ദളിതര്‍ക്ക് 'വേണ്ടി' സംസാരിക്കുന്ന, ഉള്‍ക്കനം ഇല്ലാത്ത ഇത്തരം കലാപ്രകടങ്ങള്‍ ജാതിസമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും.

കറുത്തമുഖത്തോടെ ഭരതനാട്ട്യം നടത്തും എന്നും , കറുപ്പ്‌കെട്ടി നടന്ന കാലത്തെ അനുഭവങ്ങള്‍ പുസ്തകം ആക്കും എന്നൊക്കെ പി എസ്  ജയ പറയുന്നുണ്ട്, ഒരു കലാകാരി എന്ന നിലയില്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തള്ളിപറയാന്‍ ഞാന്‍ ആളല്ല  പക്ഷെ  കേരളത്തിലെ ദളിതരുടെ പ്രതേകിച്ചും ദളിത് സ്ത്രീകളുടെ അനുഭവങ്ങള്‍ക്ക് മേലുള്ള  ഈ പ്രച്ഛന്നവേഷത്തെ,  പ്രച്ഛന്ന ജാതീയത (
covert discrimination
) എന്ന് തന്നെ വിളിക്കണം.  കവി ബിനു പള്ളിപാടിന്റെ  കവിതയോടെ ഈ കുറിപ്പ്  അവസാനിപ്പിക്കുന്നു.

'കറുപ്പ്
കൃത്യമായി
കളറെടുക്കാത്തവന്റെ
കൈപ്പിഴയാണ്
വെളുപ്പിനെ
വേര്‍ത്തിരിച്ചവരുടെ
തടാകമാണ്
ചെങ്കടലെടുക്കുവോളം
ചേരകയറിയ
അടുപ്പുകളുടെ
അഹങ്കാരമാണ് '
-ബിനു പള്ളിപ്പാട് (സ്റ്റുഡന്റ് വാട്ടര്‍ കളര്‍ )

Story by