ആരോഗ്യമേഖലയിലെ കച്ചവടവല്‍ക്കരണം ലേക്ക്ഷോറിനെ പിടിമുറുക്കുമ്പോള്‍

ഹോസ്പിറ്റല്‍ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി യൂസഫലി മരുമകനും ഡോക്റ്ററുമായ ഡോ: ഷംസീറിനെ ലേക്ക്ഷോറിന്റെ തലപ്പത്തേക്ക് കൊണ്ടുവരുകയാണ് ആദ്യം ചെയ്തത്. 19 ശതമാനം ഓഹരി അങ്ങനെ പടിപടിയായി ഉയര്‍ന്നു 60 ശതമാനത്തില്‍ എത്തുകയായിരുന്നു. കൂടിയ ഓഹാരിക്കനുസൃതമായി ലാഭത്തില്‍ വര്‍ധന വരുത്തുകയായിരുന്നു പുതിയ ഓഹരിയുടമകളുടെ ആദ്യ ദൗത്യം. ഒരു ആശുപത്രി ലാഭത്തില്‍ ആകണമെങ്കില്‍ സ്വാഭാവികമായും ചെയ്യേണ്ട കാര്യം വരുന്ന രോഗികളെ പിഴിയുക എന്നത് തന്നെയാണ്

ആരോഗ്യമേഖലയിലെ  കച്ചവടവല്‍ക്കരണം ലേക്ക്ഷോറിനെ പിടിമുറുക്കുമ്പോള്‍

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്  പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു വാര്‍ത്ത  വന്നു.  വ്യവസായ പ്രമുഖനായ യൂസഫലിയുടെ മരുമകനും യുഎയിലെ പിവിഎസ് ഗ്രൂപ്പിന്റെ ഉടമയുമായ  ഡോ: ഷംസീര്‍ വയലില്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ ഏറ്റെടുക്കുന്നു. ആ  വാര്‍ത്തയ്ക്കൊപ്പം തമസ്‌കരിക്കപ്പെട്ട മറ്റൊരു  വാര്‍ത്തയായിരുന്നു  ലേക്ക്ഷോര്‍ ഹോസ്പിറ്റലിനെ ഇന്ന് കാണുന്ന നിലയിലേക്ക്  വളര്‍ത്തിയ പ്രമുഖ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റുമായ ഡോ:ഫിലിപ്പ് അഗസ്റ്റിന്റെ  പടിയിറക്കം. ഏതൊരു പ്രസ്ഥാനവും  പടവുകള്‍ താണ്ടി മുന്നേറുമ്പോള്‍ കൂടിയ തോതില്‍ ഒരുപാട് പുതിയ മുഖങ്ങള്‍ വരുകയും പോകുകയും ചെയ്യും എന്നാല്‍ മാറാത്തത് ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധതയും ആദര്‍ശവും ആകും, പ്രത്യേകിച്ച് ഒരു ആശുപത്രിപോലെ പൊതുജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാകുമ്പോള്‍. പക്ഷെ  ഈ  പടിയിറക്കം അങ്ങനെ ഒന്നായിരുന്നില്ല. ആതുര സേവന രംഗത്തെ  പുത്തന്‍ വാണിജ്യവത്ക്കരണത്തിനെതിരെ കൂടിയായിരുന്നു ഈ പടിയിറക്കം.


2003 ജനുവരിയില്‍ ഡോ:ഫിലിപ്പ് അഗസ്റ്റിന്‍  ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ തുടങ്ങുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ തന്നെ അത് ഒരു പുതിയ വിപ്ലവത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. ഉദരരോഗങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ള ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നും പുറത്തേക്കു  എത്തുക കൂടി ആയിരുന്നു അന്ന്.  സ്വകാര്യ കഴുത്തറുപ്പന്‍ ആശുപത്രികള്‍ മാത്രം കണ്ടു ശീലിച്ച മലയാളികള്‍ക്ക് ലേക്ക്ഷോര്‍ ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അങ്ങനെ ആയിരുന്നു ഡോ:ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തില്‍  ആശുപത്രി പ്രവര്‍ത്തനങ്ങളെ മുന്നോട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.

ഇത്ര വിപുലമായ ആശുപത്രിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കിയെടുക്കുക എന്നത് ചെറിയ ഒരു കാര്യം ആയിരുന്നില്ല. വ്യവസായിയായ യൂസഫലി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ അതുകൊണ്ട് തന്നെ ഈ ഹോസ്പിറ്റലിന്റെ ഭാഗമായി. 'ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍' ആയിരുന്നു യുസഫലി. 19 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന് തുടക്കത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഈ ഓഹരി പങ്കാളിത്തത്തിന്റെ പിന്‍ബലത്തില്‍ ലേക്ക്ഷോര്‍ ആശുപത്രിയുടെ ചെയര്‍മാന്‍ ആയി. മാനേജിംഗ് ഡയറക്ടറായി ഡോ:ഫിലിപ്പ് അഗസ്റ്റിനും. ഇതായിരുന്നു ആദ്യത്തെ ഹോസ്പിറ്റലിന്റെ ഭരണ സമിതി. ഹോസ്പിറ്റല്‍ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി യൂസഫലി മരുമകനും ഡോക്റ്ററുമായ  ഡോ: ഷംസീറിനെ ലേക്ക്ഷോറിന്റെ തലപ്പത്തേക്ക് കൊണ്ടുവരുകയാണ്  ആദ്യം ചെയ്തത്. 19 ശതമാനം ഓഹരി അങ്ങനെ പടിപടിയായി ഉയര്‍ന്നു 60 ശതമാനത്തില്‍ എത്തുകയായിരുന്നു.

കൂടിയ ഓഹാരിക്കനുസൃതമായി ലാഭത്തില്‍ വര്‍ധന വരുത്തുകയായിരുന്നു പുതിയ ഓഹരിയുടമകളുടെ ആദ്യ ദൗത്യം. ഒരു ആശുപത്രി ലാഭത്തില്‍ ആകണമെങ്കില്‍ സ്വാഭാവികമായും ചെയ്യേണ്ട കാര്യം വരുന്ന രോഗികളെ പിഴിയുക എന്നത് തന്നെയാണ്. ഒരു വ്യക്തിയുടെയും നൂറു ശതമാനം രോഗങ്ങളെയും ആര്‍ക്കും ചികിത്സിക്കാന്‍ സാധിക്കില്ല. അങ്ങനെ ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അയാള്‍ കുടുംബം വിറ്റാല്‍ പോലും ചികിത്സ പൂര്‍ത്തിയാകുകയും ഇല്ല.  ചികിത്സയ്ക്ക്കായി വരുന്നവരെ രോഗികള്‍ ആയി കാണുന്നതിനു പകരം 'ക്ലയന്റ്സസ്' ആയി മാത്രം കാണാന്‍ ആയിരുന്നു, ഇത് അറിയാവുന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. പ്രതിമാസം ഇരുപത്തയ്യായിരത്തിലധികം  രോഗികള്‍ വരുന്ന ഒരു  ആശുപത്രിയില്‍ അഞ്ഞൂറില്‍ താഴെ മാത്രം ആയിരുന്നു ഹൃദയരോഗങ്ങള്‍ കണ്ടു പിടിക്കുന്നതിനു വേണ്ടിയുള്ള ലിപ്പിഡ് ടെസ്റ്റിന് വിധേയരായിരുന്നവർ. ഇത് രണ്ടായിരത്തിയഞ്ഞൂറില്‍ എത്തിക്കാനായിരുന്നു, ആദ്യശ്രമം. പനി മൂലമുള്ള ചെറിയ രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്ന രോഗികളില്‍ പോലും ലിപ്പിഡ് ടെസ്റ്റ് നടത്താന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിത്തുടങ്ങി. ലിപ്പിഡ് ടെസ്റ്റ് ഒരു തുടക്കം മാത്രമായിരുന്നു. പലരിലും ചെറിയ ചെറിയ കാരണങ്ങള്‍ പറഞ്ഞു ചെലവേറിയ ടെസ്റ്റുകളുടെ നീണ്ട നിര തന്നെ നടത്തണം എന്നാണ് ഡോക്റ്റര്‍മാര്‍ക്ക് ലഭിച്ച വ്യക്തമായ നിര്‍ദ്ദേശം. അനുസരിക്കാന്‍ തയ്യാറാകാത്ത വരെ അനുസരിപ്പിക്കാന്‍ സമ്മര്‍ദ്ദം മുതല്‍ ശമ്പള വര്‍ധന വരെയുള്ളവ സ്വീകരിച്ചു. പരാതി  ഡയറക്ടര്‍ ബോര്‍ഡിലും എത്തി. പക്ഷെ പുതിയ ഉടമകള്‍ക്ക് ആവശ്യം ലാഭം മാത്രമായിരുന്നു.  അവിടെ ഡോ:ഫിലിപ്പ് അഗസ്റ്റിന്റെ വാക്കുകള്‍ക്കു ശക്തിയില്ലായിരുന്നു.

യൂസഫലി പടി പടിയായി കൈപ്പിടിയിലൊതുക്കിയ ആശുപത്രിയില്‍ നിന്നും അനിവാര്യമായ പടിയിറക്കമായിരുന്നു ഡോ:ഫിലിപ്പ് അഗസ്റ്റിന്റേത്. അത് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സംഭവിച്ചു. ആശുപത്രിയുടെ പൂര്‍ണ്ണ നിയന്ത്രണം പിവിഎസ് ഗ്രൂപ്പിന്റെ ഉടമയായ  ഡോ: ഷംസീറിലേക്ക് ചെന്നെത്തി. കൂടെ പേരിനു ചെറിയ മാറ്റവും 'പിവിഎസ് ലേക്ക്ഷോര്‍'. ഒരു കോര്‍പ്പറേറ്റ് മാതൃകയില്‍ ആയി പിന്നെ ആശുപത്രിയുടെ ഭരണം.

ഇതിന്റെ ആദ്യ ഇരയായത് ക്യാന്‍സര്‍ രോഗ വിദഗ്ധന്‍, ഡോ: വി പി ഗംഗാധരന്‍ ആയിരുന്നു. സാധാരണ അദ്ദേഹം ആശുപത്രിയില്‍ വരുന്നത് വൈകിട്ട് നാലുമണിക്കാണ്. പിറ്റേന്ന് വെളുപ്പിന് നാലു മണിവരെ അദ്ദേഹം അവിടെയുണ്ടാകും. ഇത് മാറ്റി രാവിലെ പത്തിന് മുന്‍പായി ആശുപത്രിയിലെത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പുതിയ ഉടമസ്ഥരുമായും അവരുടെ കച്ചവട താല്‍പര്യങ്ങളുമായും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന ഡോക്ടര്‍  രാജിക്കൊരുങ്ങി. അനുനയത്തിന്റെ പല വഴികള്‍ക്കൊടുവില്‍ അദ്ദേഹത്തെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചു എങ്കിലും കച്ചവട താല്‍പര്യങ്ങളുമായി മാത്രം മുന്നോട്ടു പോകുന്ന ആശുപത്രി ഉടമകളെ സേവന രംഗത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. ആശുപത്രിയിലെ ലാഭ നഷ്ടത്തിന്റെ കണക്കുപുസ്തകങ്ങള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന  കാലത്ത് ഡോ:ഫിലിപ്പ് അഗസ്റ്റിനില്ലാത്ത ലേക്ക്ഷോറും ആ ഗണത്തിലേക്ക്  തന്നെ പോകുന്നു.