നമ്മുടെ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണോ?

ലൈംഗികതയെക്കുറിച്ചുള്ള അറിവ് എതിർലിംഗത്തെ ബഹുമാനിക്കാനും അവരുടെ ലൈംഗികതയെ മാനിക്കാനുമുള്ള അവസരം കൂടിയാണ് നൽകുന്നത്. കൂട്ടുകാരിൽനിന്നും കൂട്ടത്തിൽ മുതിർന്നവരിൽനിന്നും കിട്ടുന്ന അപസർപ്പക/രതി കഥകൾ കേട്ട് വളർന്ന് വരുന്ന ഒരു തലമുറയാണ് പങ്കാളിയെ രതിക്കുള്ള ഉപകരണം മാത്രമായി കാണുന്നത്. ലൈംഗികതയെക്കുറിച്ചുള്ള പാഠങ്ങൾ തന്നെയാണ് നല്ലതെന്ന ചിന്ത ഉണ്ടാവണം. തെറ്റായ ലൈംഗിക ഉണർച്ചയുടെ പ്രശ്‌നങ്ങൾ അധികമായ സമൂഹത്തിൽ ലൈംഗികത ഒരു പഠനവിഷയമാകുന്നതിൽ തെറ്റില്ല.

നമ്മുടെ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണോ?

ഇന്ത്യൻ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം നിയമം മൂലം നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതിന്റെ രൂപരേഖ ആരോഗ്യമന്ത്രാലയം തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സ്‌കൂൾ കുട്ടികൾക്ക് അനുയോജ്യമാകുന്ന രീതിയിൽ ലൈംഗീകതയുടെ പ്രാഥമിക അറിവുകളും പ്രത്യുൽപ്പാദനപരമായ അടിസ്ഥാന വിവരങ്ങളും നൽകുകയാണ് ഇതിന്റെ ഉദ്ദേശം. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ദേശീയ എയ്ഡ്‌സ് റിസർച്ച് സെന്റർ, മന്ത്രാലയത്തിന്റെ ആരോഗ്യ ഗവേഷണ വിഭാഗം എന്നിവർ ചേർന്നാണ് പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിനാണ് ശുപാർശ നൽകിയിരിക്കുന്നത്.


എന്നാൽ, ഇന്ത്യ നാളിതു വരെ നിലനിർത്തി പോരുന്ന പൈതൃകമായ സംസ്‌കാരത്തിൽ, പാശ്ചാത്യവൽക്കരണത്തിന്റെ സ്വാധീനമാണ് ഈ നീക്കം എന്ന് വാദിക്കുന്നവരും ഉണ്ട്. ലൈംഗീകത ചർച്ച ചെയ്യപ്പെടുന്നത് പോലും അനാവശ്യമാണ് എന്ന് ധാരണ പുലർത്തുന്ന ഒരു സമൂഹത്തിൽ, വിദ്യാലയങ്ങളിൽ ലൈംഗീക വിദ്യാഭ്യാസം നൽകുന്നതിനെ പ്രാവർത്തികമാക്കുവാൻ സർക്കാർ ഏറെ പണിപ്പെടെണ്ടതായും വരും. സർക്കാരിന്റെ ഈ നീക്കത്തെ അറിഞ്ഞു മാതാപിതാക്കന്മാർ പലരും എതിർപ്പ് പ്രകടിപ്പിച്ചതായും ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും, അധ്യാപകരും പറയുന്നു.

കാലങ്ങളായുള്ളതാണ് ലൈംഗി വിദ്യാഭ്യാസത്തിനെതിരെയുള്ള ഈ മനോഭാവം. അധ്യാപകരിൽ ഒരുവിഭാഗം ലൈംഗികവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും മറുവിഭാഗം അതിനെ എതിർക്കുകയും ചെയ്യുന്നു. എതിർക്കുന്നവരിൽ അധ്യാപകർ മാത്രമല്ല, രക്ഷകർത്താക്കളുമുണ്ട്. അതിൽ ഒരു രക്ഷകർത്താവ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

പ്രിയപ്പെട്ട ടീച്ചർക്ക്,

എൻറെ കുട്ടിയുടെ ഭാവിയിൽ ആശങ്കയുള്ള ഒരു രക്ഷകർത്താവ് എന്ന നിലയിൽ, സ്‌ക്കൂളുകളിൽ ലൈംഗീക വിദ്യാഭ്യാസം നൽകുവാനുള്ള സർക്കാർ നീക്കത്തെ ഞാൻ എതിർക്കുന്നു. താങ്കൾക്ക് ഒരു പക്ഷെ ഇത് സൃഷ്ടിക്കുവാൻ പോകുന്ന ആഘാതത്തെ കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. എന്നാൽ ഇത് ഒരു കൊടിയ വിപത്താണ് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇത് ഭാരതത്തിൻറെ സംസ്‌കാരത്തിനു എതിരാണ്, ഇത് ഒരിക്കലും ഞങ്ങൾക്ക് അംഗീകരിക്കുവാനും കഴിയില്ല.


വിദ്യാഭ്യാസത്തിൽ ലൈംഗീകത പഠനവിഷയം ആകുന്നതു പാശ്ചാത്യ നാടുകളുടെ രീതിയാണ്. ഇവിടെ ഇന്ത്യയിൽ അത് ആവശ്യമില്ല. പാശ്ചാത്യ നാടുകളിൽ ഇങ്ങനെ ചെയ്തതു കൊണ്ട് സംഭവിച്ച സാംസ്‌കാരിക ച്യുതിയെ കുറിച്ച് ഞാൻ പ്രത്യേകം പറയേണ്ടതില്ലെലോ. എന്തുമാകാം എന്നും, എങ്ങനെയും ജീവിക്കാം എന്നും കരുതുന്ന ഒരു യുവ തലമുറയാണ് ഇങ്ങനെയുള്ള ഒരു പഠന രീതിയുടെ സമ്മാനം. എന്റെ കുട്ടി അങ്ങനെ ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഇപ്പോൾ സുരക്ഷിതരാണ്. ദയവു ചെയ്തു, അവരുടെ ജീവിതം വഴി തെറ്റിക്കുന്ന നടപടികൾക്ക് മുതിരരുത്.


സെക്‌സിൽ സ്ത്രീകളുടെയും പുരുഷന്റെയും തുല്യ അവകാശം, സ്വന്തം ശരീരത്തിൻ മേലുള്ള അവകാശവും സ്വാതന്ത്രവും, ആധുനിക ലൈംഗീക ഉപകരണങ്ങൾ, സ്വവർഗ്ഗരതി, ഭിന്നലിംഗാസക്തി എന്നിവയൊക്കെ എന്റെ കുട്ടി അറിയണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലത്തിലൂടെ കടന്നു വന്ന ഞങ്ങൾക്ക് ഈ വക വിദ്യാഭ്യാസം ഒരു ആവശ്യം ആണെന്ന് തോന്നുന്നുമില്ല. ഞങ്ങൾ വളർന്ന സംസ്‌കാരത്തിലും അച്ചടക്കത്തിലും അവരും വളരട്ടെ. സ്വാതന്ത്ര്യം കൂടുകയും, ലൈംഗീക അറിവ് വർദ്ധിക്കുകയും ചെയ്യുമ്പോൾ ആണ് സമൂഹത്തിൽ ആക്രമണങ്ങളും പീഡനങ്ങളും ഉണ്ടാവുന്നത്. ഞങ്ങളുടെ കുട്ടി അങ്ങനെയൊന്നും ആകേണ്ടതില്ല. ഇപ്പോൾ എങ്ങനെയാണോ, അങ്ങനെ തന്നെ കാര്യങ്ങൾ തുടരണം.


സസ്‌നേഹം, മക്കളുടെ കാര്യത്തിൽ ആകുലതയുള്ള മാതാപിതാക്കൾ.


ഡൽഹിയിലെ ഒരു സ്‌കൂളിലെ പ്രഥമ അധ്യാപികയ്ക്ക് ഇ-മെയിൽ വഴി ലഭിച്ച ഒരു സന്ദേശത്തിന്റെ പരിഭാഷയാണിത്. ഈ കത്തിൽ ഒരു സാധാരണ രക്ഷ കർത്താവിൻറെ എല്ലാ ഭയവും ആശങ്കയും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിനെ കുറിച്ചാലോചിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിലുള്ള ആശങ്കയാണ് ഈ കത്ത് എന്നും കത്ത് ലഭിച്ച അദ്ധ്യാപിക പറയുന്നു. ഭാരത സംസ്‌കാരത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് ലൈംഗികവിദ്യാഭ്യാസം പാടില്ലെന്നാണ് മേൽപ്പറഞ്ഞ പരാതിയിൽ പറയുന്നത്.

ഉന്നതമായ വിദ്യാഭ്യാസമുള്ളവരായിട്ടും, മക്കൾക്ക് ലൈംഗീകതയെ കുറിച്ച് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നതിനെ ഇവർ ഇങ്ങനെ എതിർക്കുവാൻ കാരണം എന്താണ്? ഒരു പക്ഷെ തങ്ങൾ വളർന്നു വന്ന സാഹചര്യങ്ങളിൽ നിന്നും പാടെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്ക് എങ്ങനെ മക്കളെ വളർത്തി കൊണ്ട് വരും എന്ന ആശങ്കയായിരിക്കും ഇത് എന്ന് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ അർച്ചിത പൂജാരി പറയുന്നു. സമൂഹത്തിലെ ചില തെറ്റായ ധാരണകളെയാണ് ഇങ്ങനെയുള്ള രക്ഷകർത്താകന്മാർ പ്രതിഫലിപ്പിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ സെക്‌സ് ചിന്തകൾ വളർത്തുവാനായിരിക്കും ഈ വിദ്യാഭ്യാസം ഉപകരിക്കുക എന്നിവർ ഭയപ്പെടുന്നു. വിവാഹത്തിനു ശേഷം മാത്രം അവർ അറിയേണ്ടുന്ന കാര്യങ്ങൾ സ്‌കൂൾ തലം മുതൽ തന്നെ പകർന്നു നല്കുന്നതെന്തിന്നാണ് എന്നിവർ ചോദിക്കുന്നത് അതു കൊണ്ടാണ്. പെൺകുട്ടികൾ സ്‌കൂൾ തലം മുതൽ ഗർഭിണിയാകുവാനുള്ള സാധ്യതകളെ അല്ലെ ഈ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന മാതാപിതാക്കന്മാരുടെ ആശങ്ക വിരൽ ചൂണ്ടുന്നത്, ഇന്ത്യയിലെ ഒരു ശരാശരി രക്ഷകർത്താവിന്റെ ലൈംഗീക വിദ്യാഭ്യാസത്തോടെയുള്ള അജ്ഞത ആയിരിക്കാം എന്ന് അർച്ചിത പറയുന്നു.

ആണും, പെണ്ണും മുട്ടിയുരുമ്മിയിരുന്നു യാത്ര ചെയ്താൽ ഗർഭിണിയാകുമോ? ഗർഭിണിയായാൽ ശാരീരിക സൗന്ദര്യം കുറയുമോ? തുടങ്ങിയ ബാലിശമായ ചോദ്യങ്ങൾ ഇന്നും നമ്മുടെ യുവത്വത്തിൽ നിന്നും ഉയരുന്നുണ്ട്. അതിനെ കാണാതെയിരുന്നിട്ട് കാര്യമില്ല. ശരിയായ മറുപടി ശാസ്ത്രീയമായി കൊടുക്കുവാൻ നമ്മൾ പരാജയപ്പെടുമ്പോൾ ആണ് യഥാർത്ഥ അപജയം സംഭവിക്കുക. ഒരു വിരൽ തുമ്പിൽ ഇന്റെർനെറ്റിന്റെ ലോകം ശരി-തെറ്റുകളുടെ സമ്മിശ്രഅറിവുകളുമായി നിൽക്കുമ്പോൾ, ശരിയായ ലൈംഗീക വിദ്യാഭ്യാസം തന്നെയായിരിക്കില്ലേ പ്രയോജനം ചെയ്യുക.

ലൈംഗീക വിദ്യാഭ്യാസം എന്നാൽ, കേവലം സെക്‌സ് പഠനം അല്ല. അതിൽ ലൈംഗീകതയെ സംബന്ധിച്ചു ഭാരതീയ സംസ്‌കാരത്തിൽ നിലനിൽക്കുന്ന സാമൂഹിക- ശാസ്ത്രീയ- കുടുംബ കാഴ്ചപാടുകളുടെ പഠനം ഉണ്ടാകുമെന്നും രക്ഷകർത്തക്കന്മാരാണ് ആദ്യം തിരിച്ചറിയേണ്ടത്. സെക്‌സിൽ എല്ലാം ശരിയാണ് എന്ന തെറ്റായ ചിന്താഗതിയിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ ഈ പാഠ്യപദ്ധതി സഹായിക്കും എന്നും അർച്ചിത വിവരിക്കുന്നു.

ഇന്ത്യയിൽ, 5 മുതൽ 12 വയസു വരെയുള്ള കുട്ടികളിൽ 53% പേർ ചെറുതും വലുതുമായ ലൈംഗീക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് YKAയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രായത്തിൽ ഉള്ള പകുതിയിൽ അധികം ശതമാനം കുട്ടികൾക്കും ഇത്തരം തിക്താനുഭവങ്ങൾ ഉണ്ടായിട്ടും, കാര്യങ്ങൾ അധികം ചർച്ചയാകാതെ പോകുന്നത്, പൈതൃക സംസ്‌കാരത്തിൽ അപമാനിതരാകാതെ അവയെ മൂടിവയ്ക്കുവാനുള്ള രക്ഷകർത്തകന്മാരുടെ ഇടുങ്ങിയ ചിന്തഗതിയല്ലാതെ മറ്റൊന്നും അല്ല. ദുർബലമായ ഒരു മാനസികാവസ്ഥയാണ് കുട്ടികൾക്ക് ഭയാനകമായ ഇത്തരം ബാല്യവും ടീനേജും സമ്മാനിക്കുക.

ആത്മവിശ്വാസവും പോസിറ്റീവ് ചിന്തഗതിയുമുള്ള ഒരു തലമുറയെ വേണോ അതോ, പൈതൃകത്തിന്റെ സാംസ്‌കാരികത വാക്കുകളിൽ അവകാശപ്പെട്ടു മാനസികമായി ബന്ധിതരായ ഒരു യുവ സമൂഹം വേണോ എന്ന് തിരഞ്ഞെടുക്കേണ്ടത് മാതാപിതാക്കന്മാരും രക്ഷകർത്തക്കന്മാരുമാണ്. അവരുടെ ആശങ്കയിൽ, സർക്കാർ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുമുണ്ട്. മറ്റെല്ലാ പദ്ധതികളെ പോലെയും, നവീകരണം പോലെയും വിദ്യഭ്യാസ രംഗത്തെ ഈ വിപ്ലവം മാറി പോകരുതെന്ന് മാത്രം. ഇതു, ശരിയായ രീതിയിൽ ആവഷ്‌കരിക്കപ്പെടാൻ അതിജാഗരൂകമായ ശ്രദ്ധയുണ്ടാകണം..ചിലർക്ക് മുതലെടുക്കുവാൻ മാത്രമുള്ളതാകരുത് കാര്യങ്ങൾ..ഇവിടെ പണയം വയ്ക്കപ്പെടുന്നത് ഇനിയുള്ള തലമുറയുടെ ജീവിതമാണ് എന്ന ഓർമ്മ പ്രഥമമാകണം!

ലൈംഗികതയെക്കുറിച്ചുള്ള അറിവ് എതിർലിംഗത്തെ ബഹുമാനിക്കാനും അവരുടെ ലൈംഗികതയെ മാനിക്കാനുമുള്ള അവസരം കൂടിയാണ് ഒരാൾക്ക് നൽകുന്നത്. കൂട്ടുകാരിൽനിന്നും കൂട്ടത്തിൽ മുതിർന്നവരിൽനിന്നും കിട്ടുന്ന അപസർപ്പക/രതി കഥകൾ കേട്ട് വളർന്ന് വരുന്ന ഒരു തലമുറയാണ് പങ്കാളിയെ രതിക്കുള്ള ഉപകരണം മാത്രമായി കാണുന്നത്.

Story by