ഗാന്ധിഭവനില്‍ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; പ്രതികള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം പത്തനാപുരം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഗാന്ധിഭവനില്‍ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; പ്രതികള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: പത്തനാപുരത്തുള്ള ഗാന്ധിഭവനില്‍ പതിനാറ് വയസ്സുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 29 ഞായറാഴ്ച്ചയായിരുന്നു സംഭവം. പത്തനാപുരം എംഎല്‍എയായ കെബി ഗണേഷ് കുമാറിന് ഗാന്ധി ഭവനില്‍ സ്വീകരണമുണ്ടായിരുന്നു. ഇതിനിടയിലാണ് സംഭവം.

ഗാന്ധി ഭവനില്‍ പുറത്തു നിന്ന് ജോലിക്കെത്തിയ മൂന്ന് പേരാണ് പ്രതികള്‍. ഗാന്ധിഭവനിലുള്ളിലുള്ള ഒഴിഞ്ഞ മുറിയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പെണ്‍കുട്ടി അപ്പോള്‍ തന്നെ കൂടെയുള്ളവരെ അറിയിച്ചെങ്കിലും സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുവാന്‍ ഗാന്ധി ഭവന്‍ അധികൃതര്‍ തയ്യാറായത് എന്നും ആരോപണമുണ്ട്.


ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം പത്തനാപുരം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ പങ്കെടുത്തിരുന്നു. കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിഭവനില്‍ നടന്ന ഗാന്ധിഭവന്‍ കെല്‍സ ലീഗല്‍ എയ്ഡ് ക്ലിനിക് അഞ്ചാം വാര്‍ഷികവും മെഗാ ലീഗല്‍ അദാലത്തും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

അന്തേവാസികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ ഗാന്ധി ഭവന്‍ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് പീഡനത്തിലെത്തിച്ചതെന്ന ആരോപണം ശക്തമായിരിക്കേ ബലാത്സംഗം പോലെ ഗുരുതരമായ കുറ്റകൃത്യം നടന്ന സ്ഥലത്ത് സര്‍വീസിലുള്ള ഹൈക്കോടതി ജഡ്ജി സന്ദര്‍ശനത്തിനെത്തിയത് കേസിനെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്ന് പ്രദേശവാസികള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവങ്ങള്‍ നടന്ന് ഇത്ര ദിവസമായിട്ടും ഒരു മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നില്ലെന്നതും ദുരൂഹമാണ്.

Read More >>