സീരിയലുകള്‍ക്ക് സെന്‍സറിങ് ആകാം; പ്രതികരണവുമായി പ്രമുഖര്‍

സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കെപിഎസി ലളിത, മധുപാല്‍, ശരത്, ഉണ്ണി ചെറിയാന്‍, ദിനേശ് പണിക്കര്‍, ഫൈസല്‍ അടിമാലി എന്നിവരുടെ പ്രതികരണം.

സീരിയലുകള്‍ക്ക് സെന്‍സറിങ് ആകാം; പ്രതികരണവുമായി പ്രമുഖര്‍

സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തെ പിന്തുണച്ച് സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍. മികച്ച സീരിയലുകള്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാണെന്നും അത് നല്‍കുകയാണ് വേണ്ടതെന്നും നടി കെപിഎസി ലളിത നാരദാ ന്യൂസിനോട് പറഞ്ഞു.

സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണവുമായി സീരിയല്‍-സിനിമാ രംഗത്തുള്ളവരും പ്രേക്ഷകരും രംഗത്തെത്തി.


സിനിമകളിലേതുപോലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

പല മലയാളം സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നുമാണ് പരാതികളില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചത്.

കെപിഎസി ലളിത

kpac-lalithaസെന്‍സറിങ് വേണമെന്ന് തന്നെയാണ് അഭിപ്രായം. മകളെ അറിയാത്ത അച്ഛനും അമ്മയും, മരുമകളെ വേട്ടയാടുന്ന അമ്മായിയമ്മ ഈ രീതിയിലാണ് എല്ലാ സീരിയലുകളും പോകുന്നത്. അച്ഛനും അമ്മയ്ക്കും ഒഴികേ ബാക്കി എല്ലാവര്‍ക്കും അറിയാം മകള്‍ അവരുടേതാണെന്ന്. ഇങ്ങനെയൊക്കെയാണ് കഥകള്‍. സീരിയലുകളില്‍ കാണിക്കുന്ന 65 ശതമാനം കുടുംബങ്ങളിലും പ്രശ്‌നങ്ങളാണ്. നമ്മുടെ സമൂഹം അങ്ങനെയല്ലല്ലോ, ഇവിടെ സമാധാനവും സന്തോഷവും ഉള്ള എത്രയോ കുടുംബങ്ങളുണ്ട്. അത്തരം കഥകള്‍ കാണിക്കുന്നത് വളരെ കുറവാണ്.

റേറ്റിങ് കുറയുന്നു എന്ന് പറഞ്ഞാണ് മോശം കഥകള്‍ സംവിധായകര്‍ക്ക് എഴുതേണ്ടി വരുന്നത്. കല എന്ന് പറഞ്ഞാല്‍ റേറ്റിങ് മാത്രമല്ല. നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകര്‍ക്ക് കഥയെഴുതേണ്ടി വരികയാണ്. ആയിരം എപ്പിസോഡുകള്‍ വരെ നീളുന്ന സീരിയലുകളുണ്ട്. ഈ ആയിരം എപ്പിസോഡും കഥാപാത്രങ്ങളുടെ വേദനകളും സങ്കടങ്ങളും കണ്ട് വേദനിക്കുന്ന പ്രേക്ഷകര്‍ രണ്ട് മണിക്കൂര്‍ സിനിമ കരച്ചിലാണെന്ന് പറഞ്ഞ് കാണാതിരിക്കുന്നുണ്ട്.

മുമ്പ് ദൂരദര്‍ശനില്‍ കലാമൂല്യമുള്ള മികച്ച സീരിയലുകള്‍ വന്നിരുന്നു അന്ന് അത് കാണാന്‍ പ്രേക്ഷകരുമുണ്ടായിരുന്നു. നല്ലത് കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും.

മഴവില്‍ മനോരമയില്‍ തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് കെപിഎസി ലളിത ഇപ്പോള്‍ അഭിനയിക്കുന്നത്.

മധുപാല്‍(നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍)

സീരിയലുകളില്‍ സെന്‍സറിങ് ആവശ്യമാണെന്ന് ശക്തമായി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. സിനിമകളില്‍ പ്രേക്ഷകരുടെ പ്രായം പരിഗണിച്ച് പല കാറ്റഗറികളിലായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ സീരിയലുകളില്‍ ഇത്തരത്തിലുള്ള യാതൊരു മാനദണ്ഡങ്ങളുമില്ല. മിക്ക സീരിയലുകളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ്. റേറ്റിങ് മുഖ്യഘടകമായതിനാല്‍ ഇത്തരം സീരിയലുകള്‍ക്കാണ് സ്വീകാര്യതയുള്ളത്. പലപ്പോഴും തെറ്റായ സന്ദേശങ്ങളാണ് ഇത്തരം സീരിയലുകള്‍ സമൂഹത്തിന് നല്‍കുന്നത്.

കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള പല സീരിയലുകളും ഇപ്പോഴുണ്ട്. കുട്ടികളുടെ കഷ്ടപ്പാടുകളും അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും കണ്ണീരുമൊക്കെയാണ് പ്രധാന വിഷയമാക്കുന്നത്. കുടുംബം ഒന്നിച്ചിരുന്നു കാണുന്നു എന്നതിനാല്‍ തന്നെ കുട്ടികളെയടക്കം ഇത്തരം സീരിയലുകള്‍ മോശമായി സ്വാധീനിക്കുന്നുണ്ട്. ഇതൊരു മോശം പ്രവണതയാmadhupal
ണ്. അതിനാല്‍ തന്നെ ഒരു പൊതു മാനദണ്ഡം സീരിയലുകള്‍ക്ക് ആവശ്യമാണെന്നാണ് കരുതുന്നത്.

കലാമൂല്യങ്ങളുള്ള സീരിയലുകള്‍ക്ക് റേറ്റിങ് കുറവാണ് എന്ന് പറയുമ്പോള്‍ അതിന് ഒരു പരിധിവരെ പ്രധാന കാരണക്കാര്‍ ടിവി പ്രമോട്ടേര്‍സ് തന്നെയാണ്. അന്യരുടെ ദുഃഖങ്ങളും ക്രൂരതകളും പ്രശ്‌നങ്ങളും നിരന്തരം കാണിച്ച് പ്രേക്ഷകരെ ഇത്തരം സീരിയലുകള്‍ക്ക് അടിമകളാക്കുകയാണ് ചെയ്തത്. കച്ചവടമാണ് പ്രധാനമായും നടക്കുന്നത് എന്നതിനാല്‍ അന്യന്റെ പ്രശ്‌നങ്ങള്‍ കച്ചവടവത്കരിക്കുകയാണ് ചെയ്യുന്നത്.

സിനിമയേക്കാള്‍ കൂടുതലായി കുടുംബങ്ങളെ നേരിട്ട് സ്വാധീനിക്കുന്നത് സീരിയലുകളാണ്. അതിനാല്‍ തന്നെ  നിര്‍ബന്ധമായും സെന്‍സറിങ് വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

ഫൈസല്‍ അടിമാലി (സംവിധായകന്‍ - സുന്ദരി, മഴവില്‍ മനോരമ)

serial-dir

സിനിമ പോലെ സീരിയലിനും സെന്‍സറിങ് വേണമെന്നാണ് ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കുടുംബിനികളാണ് പ്രധാനമായും സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍ എന്നതിനാല്‍ പ്രധാനമായും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മിക്ക പുരുഷന്മാരും പുറത്ത് പോയി സിനിമകള്‍ കാണുന്നവരാണ്. വീട്ടിനുള്ളിലെ പല സ്ത്രീകള്‍ക്കും ഇതിനുള്ള അവസരം പലപ്പോഴും ഉണ്ടാകാറില്ല. പ്രധാനമായും പഴയ തലമുറയിലെ സ്ത്രീകളാണ് സീരിയലുകളുടെ പ്രേക്ഷകര്‍.

നിരവധി പീഡനങ്ങള്‍ അനുഭവിക്കുന്ന പഞ്ചപാവമായ പെണ്‍കുട്ടിയായിരിക്കും മിക്ക സീരിയലുകളിലേയും നായികമാര്‍. പഴയ തലമുറയിലെ സ്ത്രീകള്‍ക്ക് ഈ കഥാപാത്രത്തെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും റേറ്റിംഗില്‍ മുന്നിലെത്താനായി സീരിയലുകളിലെ ക്രൂരതകള്‍ അതിരുകടക്കാറുണ്ട്. ഇത് സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യുന്നതാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ നടക്കുന്നത്. പ്രേക്ഷകരുടെ അഭിരുചിയില്‍ മാറ്റം വരുത്തുന്ന സീരിയലുകള്‍ ഉണ്ടാകേണ്ടതുണ്ട്. മഴവില്‍ മനോരമയില്‍ ഞങ്ങളുടെ സുന്ദരി എന്ന സീരിയല്‍ വളരെ പ്രതീക്ഷയോടെയാണ് ആദ്യഘട്ടങ്ങളില്‍ കൊണ്ടുവന്നത്. സാധാരണ സീരിയലുകളില്‍ കാണുന്ന ചേരുവകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഈ സീരിയലിനെ അവതരിപ്പിച്ചത്. എന്നാല്‍ റേറ്റിംഗില്‍ പുറകിലായി. റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നെങ്കില്‍ പ്രേക്ഷകരുടെ അഭിരുചിയില്‍ മാറ്റങ്ങളുണ്ടാകുമായിരുന്നു.

മുന്‍പ് ആഴ്ച്ചപ്പതിപ്പുകളില്‍ വായിച്ചിരുന്ന കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ സീരിയലുകളില്‍ സ്ത്രീകള്‍ കണ്ടെത്തുന്നത്. റേറ്റിംഗും വലിയ ഘടകമാണ്. റേറ്റിംഗില്‍ പുറകോട്ട് പോകാതിരിക്കാന്‍ പൈങ്കിളിവത്കരണം അനിവാര്യമായിരിക്കുന്നു. സംവിധായകര്‍ നിലനില്‍പ്പിന് വേണ്ടി അത്തരം സീരിയലുകള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.  ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള അവാര്‍ഡുകള്‍ കൊടുക്കുന്നത് പോലും സീരിയലിന്റെ ജനസ്വീകാര്യത നോക്കിയാണ്. കലാമൂല്യമല്ല പരിഗണിക്കുന്നത്. ഈ പ്രവണത മാറേണ്ടതുണ്ട്.

ടെലിവിഷന്‍ സീരിയലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകളില്‍ പോപ്പുലാരിറ്റിയെ മാറ്റി നിര്‍ത്തി കലാമൂല്യത്തിന് പ്രാധാന്യം നല്‍കണം. അതിനാല്‍ ഗുണകരമായ രീതിയിലുള്ള സെന്‍സറിങ് സീരിയലുകള്‍ക്ക് വേണമെന്നാണ് ആഗ്രഹിക്കുന്നത്.

ശരത്(നടന്‍, സാഗരം സാക്ഷി, സൂര്യ)

sarath-serial-actorകുടുംബത്തോടൊപ്പമിരുന്നാണ് സീരിയലുകള്‍ കാണാറ്. സ്ഥിരമായി കാണുന്ന ഒരു ഹിന്ദി സീരിയലില്‍ അതിക്രൂരമായ രംഗങ്ങള്‍ ഒരിക്കല്‍ കണ്ടു. കുട്ടികളോടൊപ്പം ഇരുന്നാണ് കാണുന്നത് എന്നതിനാല്‍ ചാനല്‍ മാറ്റുകയായിരുന്നു. പലപ്പോഴും സീരിയലുകളിലെ ക്രൂരതകള്‍ അതിരുവിടാറുണ്ട്. എന്നെ അത്തരം സീനുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകരോട് അഭ്യര്‍ത്ഥിക്കാറുണ്ട്. പലപ്പോഴും ക്രൂരതകള്‍ അതിരുവിടുന്നു എന്നതിനാല്‍ സെന്‍സറിങ് വന്നാല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സീരിയലുകളിലും കഥകളായി വരുന്നത് എന്നതിനാല്‍ സമൂഹത്തിന്റെ ചെറിയൊരു അംശം സീരിയലുകളിലും ഉണ്ടാകുന്നുണ്ട്. പക്ഷേ, അതുകൊണ്ട് സമൂഹത്തില്‍ നടക്കുന്ന എല്ലാ മോശം കാര്യങ്ങളുടേയും ഉത്തരവാദിത്തം സീരിയലുകള്‍ക്കാണെന്ന് പറയുന്നത് ശരിയല്ല.

ഇവിടെ പ്രധാനമായും നടക്കുന്നത് കച്ചവടമാണ്. ഇരുപത് ശതമാനത്തോളം മാത്രമാണ് കലാമ്യൂലം വരുന്നത്. അതിനാല്‍ തന്നെ എല്ലാ സീരിയലുകളും മികച്ചതാണ് എന്ന അഭിപ്രായമില്ല. മോശം സീരിയലുകള്‍ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ടല്ലോ.

ഉണ്ണി ചെറിയാന്‍ (സംവിധായകന്‍, കാര്യം നിസ്സാരം)

ഒരു തരത്തിലും സെന്‍സറിങ് പാടില്ല. സിനിമയായാലും സീരിയലായാലും അതിന്റെ പച്ചയായ രൂപത്തില്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തണം. സെന്‍സറിങ് ഏര്‍പ്പെടുത്തിയാല്‍ അത് സീരിയലുകളെ ഏത് രീതിയില്‍ ബാധിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. നല്ലതല്ലെങ്കില്‍ തള്ളിക്കളയാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് മാത്രമാണുള്ളത്.

chandanamazha-1ദിനേശ് പണിക്കര്‍(നിര്‍മാതാവ്, നടന്‍- ചന്ദനമഴ)

സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നത് പോലെ സീരിയലുകള്‍ സെന്‍സര്‍ ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സീരിയലും സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു ചാനലില്‍ തന്നെ ഏഴും എട്ടും സീരിയലുകളും അവയില്‍ തന്നെ അന്യഭാഷയില്‍ നിന്ന് മൊഴിമാറ്റി ചെയ്ത് വരുന്നവയുമുണ്ട്. ഇവയൊക്കെ സെന്‍സര്‍ ചെയ്യുക എന്നത് പ്രായോഗികമല്ല. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നല്ലത് തന്നെ. പക്ഷേ അതൊന്നും പ്രായോഗികമല്ല. സീരിയലുകളിലെ  നല്ല വശങ്ങള്‍ കാണാതെ മോശം വശങ്ങള്‍ മാത്രം എടുത്തു കാണിക്കുന്ന പ്രവണത ശരിയല്ല.

അതേസമയം, സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സോഷ്യല്‍ മീഡയയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സീരിയലുകളെ പരിഹസിച്ചും സെന്‍സറിംഗിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് സോഷ്യല്‍ മീഡിയ പുതിയ വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്.