ഇത്തിക്കണ്ണികള്‍ കാതല്‍ തിന്നുതീര്‍ക്കുന്നതിനു മുന്‍പ്

എയ്ഡഡ് സ്ഥാപനങ്ങൾ കേരള പൊതുവിദ്യാഭ്യാസത്തിൽ നടത്തിയ സേവനങ്ങൾ ഒരിക്കലും തള്ളി കളയാൻ ആവില്ല. കേരളവിദ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 7947 എയ്ഡഡ് സ്‌കൂളുകൾ ഉള്ളപ്പോൾ 5250 സർക്കാർ സ്‌കൂളുകളും, 1282 പ്രൈവറ്റ് സ്കൂളുകളാണുള്ളത് എന്ന ഡാറ്റ പറയുന്നത് കേരളത്തിൽ ഇപ്പോഴും പൊതുവിദ്യാഭ്യാസം എയ്ഡഡ് സ്‌കൂളിലാണു പ്രധാനമായും നടക്കുന്നത് എന്നാണു. ഡാലി ഡേവിസ് എഴുതുന്നു.

ഇത്തിക്കണ്ണികള്‍ കാതല്‍ തിന്നുതീര്‍ക്കുന്നതിനു മുന്‍പ്

ഡാ ലി 

കേരളത്തിലെ സ്‌കൂള്‍ പൊതുവിദ്യാഭ്യാസത്തെ ആകെ തകര്‍ക്കാന്‍ പോന്നൊരു കോടതിവിധിയാണു മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള വിധി. ലാഭകരമല്ല എന്ന കാരണം കൊണ്ട് ഒരു സ്‌കൂള്‍ പൂട്ടേണ്ടി വരിക എന്നത് കേരള മോഡല്‍ വിദ്യാഭ്യാസ രീതിയുടെ തകര്‍ച്ചയുടെ തുടക്കമാണു. കേരള മോഡല്‍ എന്നു വിശേഷിപ്പിക്കുന്ന കേരള വികസന മാതൃകയുടെ ആണിക്കല്ലുകളില്‍ ഒന്നായ പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന നാഡിയായിരുന്നു എയ്ഡഡ് വിദ്യാഭ്യാസം. സ്ഥാപനങ്ങളോ വ്യക്തികളോ ഒരു സ്‌കൂളിനാവശ്യമായ ഇന്‍ഫ്രാസ്റ്റ്രക്‌സ്ചര്‍ ഉണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ ആ സ്‌കൂളിനാവശ്യമായ അദ്ധ്യാപക- അനദ്ധ്യാപക സേവനം നല്‍കുന്ന ഈ മാതൃക കേരളത്തിന്റെ എല്ലാ കോണുകളിലും പൊതുവിദ്യാഭ്യാസമെത്തിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഈ മാതൃകയെ ഉന്മൂലനം ചെയ്യാന്‍ കെല്‍പ്പുള്ള, ആഴത്തില്‍ വേരുകള്‍ ഉള്ള ഒരു റ്റിയൂമറിന്റെ പഴുത്ത ഒരു ചെറിയ മുഖം മാത്രമാണു മലാപ്പറമ്പ്. അതുകൊണ്ട് തന്നെ മലാപ്പറമ്പ് പ്രശ്‌നത്തില്‍ അവധാതയോടും കൃത്യമായ പഠനപിന്‍ബലത്തിലും എല്‍.ഡി.എഫ് ഗവണ്മെന്റ് ഇടപ്പെട്ടില്ലെങ്കില്‍ അത് പഴയ 'സ്വാശ്രയ' പ്രശ്‌നത്തേക്കാളേറേ പൊതുവിദ്യാഭ്യാസത്തെ സാരമായി ബാധിക്കും.


എന്തുകൊണ്ട് എയ്ഡഡ് സ്‌കൂളുകള്‍ ?

കേരള നവോത്ഥാന മൂല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വിഭ്യാഭ്യാസം. സമൂഹിക നവീകരണത്തിനും, പുരോഗമനത്തിനും വിദ്യാഭ്യാസമാണു ഏറ്റവും ശക്തവും ഫലപ്രദവുമായ മാര്‍ഗ്ഗം എന്ന ആശയം പ്രമുഖ നവോത്ഥാന നായകര്‍ മുന്നോട്ട് വച്ചു. ഇതിന്റെ ഫലമായി കേരളത്തിലങ്ങോളമിങ്ങോളം സ്‌കൂളുകള്‍ തുടങ്ങാന്‍ സമുദായ സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും മുന്നോട്ട് വന്നു. ഇതില്‍ പല സ്‌കൂളുകള്‍ക്കും കേരള സംസ്ഥാനം നിലവില്‍ വരുന്നതിനു മുന്‍പ് രാജ്യം ഭരിച്ചിരുന്നവരുടെ സഹായം ( എയ്ഡ്) ലഭിച്ചിരുന്നു. 1958 ലെ കേരള വിഭ്യാഭ്യാസ ചട്ടം ഉണ്ടാക്കിയപ്പോള്‍ ഇത്തരം സ്‌കൂളുകളെ കൂടെ ചേര്‍ത്ത് ഗവണമെന്റ് സ്‌കൂളുകള്‍ക്കൊപ്പം എയ്ഡഡ് സ്‌കൂള്‍ കാറ്റഗറിയും ഉണ്ടാക്കുകയാണു ഇ.എം എസ് സര്‍ക്കാര്‍ ചെയ്തത്.

സര്‍ക്കാര്‍ സഹായങ്ങള്‍ കിട്ടാന്‍ ഇത്തരം സ്‌കൂളുകളെ പ്രാപ്തരാക്കുക എന്നതിനേക്കാള്‍ അന്ന് ഈ സ്‌കൂളുകളില്‍ ഉള്ള അദ്ധ്യാപകര്‍ അനുഭവിച്ച കഷ്ടപ്പാടും വിവേചനവും ഇല്ലാതാക്കുക എന്ന ലക്ഷ്യവും ആ സര്‍ക്കാറിനു ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി ഒരു സ്‌കൂള്‍ എയ്ഡഡ് ആക്കാനായി മാനേജര്‍മാര്‍ ആവശ്യപ്പെട്ട്, സര്‍ക്കാറിനു ബോധ്യപ്പെടുന്ന പക്ഷം ആ സ്‌കൂളിലെ അദ്ധ്യാപക അനദ്ധ്യാപകര്‍ക്ക് ശബളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ ചുമതലായി. ഒരു സ്ഥലത്ത് ആവശ്യമെന്നു തോന്നുന്ന പക്ഷം ആര്‍ക്കും എയ്ഡഡ് സ്‌കൂളിനു അപേക്ഷ നല്‍കാം. എന്നാല്‍ പ്രസ്തുത സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ ഇ.എം.എസ് സര്‍ക്കാര്‍ പി.എസ്.സി തയ്യറാക്കുന്ന ലിസ്റ്റില്‍ നിന്നും ആയിരിക്കണം എന്ന നിബന്ധന വച്ചിരുന്നു (പതിന്നൊന്നാം വകുപ്പ്). എന്നാല്‍ വിമോചന സമരത്തിന്റെ ഭാഗമായി പിരിച്ചു വിട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനു ശേഷം വന്ന പട്ടംതാണുപിള്ള സര്‍ക്കാര്‍ ഈ പതിനൊന്നാം വകുപ്പ് ഭേദഗതി ചെയ്ത് നിയമനം സ്‌കൂള്‍ മാനേജര്‍മാക്ക് നേരിട്ടു നല്‍കി.

ചുരുക്കത്തില്‍, കേരളത്തില്‍ പൊതുവിദ്യാഭ്യാസം വളര്‍ന്ന് പടരാന്‍ ഇടയാക്കിയ എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്ന വന്‍വൃക്ഷത്തിലെ ഇത്തിക്കണ്ണിയായിരുന്നു മാനേജര്‍ വഴിയുള്ള അദ്ധ്യാപകനിയമനം. വൃക്ഷം പച്ചയായി നിന്നപ്പോള്‍ ഇത്തിക്കണിയെ ആരും കണ്ടില്ല. എന്നാല്‍ പൊതുവിഭ്യാഭ്യാസം എന്ന നവോത്ഥാന മൂല്യം പതിയെ ക്ഷയിക്കുകയും, കേരള മോഡല്‍ വിദ്യാഭ്യാസത്തില്‍ നിന്നു ഇംഗ്ലീഷ് മീഡിയം, െ്രെപവറ്റ് സ്‌കൂള്‍ എന്ന് മോഡലിലേക്ക് കേരളത്തിലെ വിഭ്യാഭ്യാസം മാറുകയും ചെയ്തപ്പോള്‍ എയ്ഡഡ് സ്‌കൂളുകള്‍ തങ്ങള്‍ ഉണ്ടാക്കേണ്ട ഇന്‍ഫ്രാസ്റ്റ്രക്ചറിന്റെ ലാഭം അദ്ധ്യാപക നിയമന കോഴ എന്ന പരസ്യമായ രഹസ്യത്തിലൂടെ ഉണ്ടാക്കാന്‍ തുടങ്ങി.

പക്ഷേ, പ്രൈവറ്റ് സ്‌കൂളുകളുടെ കുത്തൊഴുക്കു മൂലം ഈ വ്യവസ്ഥയ്ക്ക് അധിക കാലം തുടരാന്‍ കഴിഞ്ഞില്ല. മലയാളമീഡിയം, സര്‍ക്കാര്‍ സിലബസ്സ് എന്നിങ്ങനെയുള്ള കാരണങ്ങളില്‍ മിക്ക സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും കുട്ടികള്‍ ഇല്ലാതായി. കുട്ടികള്‍ ഇല്ലാതിരുന്നീട്ടും നിയമന കോഴ മുന്നില്‍ കണ്ട് എയ്ഡഡ് മാനേജ്‌മെന്റ് അദ്ധ്യാപക നിയമനം നടത്തുകയും അധിക അദ്ധ്യാപകര്‍ സര്‍ക്കാറിനു ബാധ്യത ആകുകയും ചെയ്തു.

എന്തൊക്കെയാണു പ്രശ്‌നങ്ങള്‍ ?

എയ്ഡഡ് സ്ഥാപനങ്ങള്‍ കേരള പൊതുവിദ്യാഭ്യാസത്തില്‍ നടത്തിയ സേവനങ്ങള്‍ ഒരിക്കലും തള്ളി കളയാന്‍ ആവില്ല. കേരളവിദ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 7947 എയ്ഡഡ് സ്‌കൂളുകള്‍ ഉള്ളപ്പോള്‍ 5250 സര്‍ക്കാര്‍ സ്‌കൂളുകളും, 1282 െ്രെപവറ്റ് സ്‌കൂളുകളുമാണുള്ളത് എന്ന ഡാറ്റ പറയുന്നത് കേരളത്തില്‍ ഇപ്പോഴും പൊതുവിദ്യാഭ്യാസം എയ്ഡഡ് സ്‌കൂളിലാണു പ്രധാനമായും നടക്കുന്നത് എന്നാണു. എന്നാല്‍ എണ്ണായിരത്തോളം വരുന്ന എയ്ഡഡ് സ്‌കൂളുകളില്‍ അദ്ധ്യാപകഅനദ്ധ്യാപക ശമ്പളം സര്‍ക്കാര്‍ നല്‍കുകയും അതേസമയം ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഒരുക്കുന്നതിന്റെ ലാഭമെന്നോണം നിയമന കോഴയോടി കൂടി തന്നെ അദ്ധ്യാപകഅനദ്ധ്യപക നിയമനം മാനേജ്‌മെന്റ് നടത്തുക എന്ന 'അനീതി' നടപ്പിലാവുകയും ചെയ്യുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളിളൊന്നും തന്നെ കൂടുതല്‍ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നു വാങ്ങാനും പാടുള്ളതല്ല. ഒരു പക്ഷേ, പതിനൊന്നാം വകുപ്പു ഭേദഗതി ഉണ്ടായിരുന്നില്ലെങ്കില്‍, അഥവാ പി.എസ്.സി ലിസ്റ്റ് വഴി, കോഴ വാങ്ങാന്‍ വകുപ്പില്ലാതെയായിരുന്നു അദ്ധ്യാപകഅനദ്ധ്യാപക നിയമനമെങ്കില്‍, ഇത്രയധികം എയ്ഡഡ് സ്‌കൂളുകള്‍ ഒരുപക്ഷേ, കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു തൊട്ട് മുന്‍പ് 113 സ്‌പെഷല്‍ സ്‌കൂളുകള്‍ ആണു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എയ്ഡഡ് ആയി പ്രഖ്യാപിച്ചത്. അതായത് ഒരു ഭാഗത്ത് അടച്ച് പൂട്ടല്‍ ഭീഷിണി നേരിടുന്ന അതേതരം എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് തന്നെ മറ്റൊരു ഭാഗത്ത് ആവശ്യക്കാരുണ്ട്. വിദ്യാഭ്യാസം ഒരു കച്ചവടം തന്നെ ആയി കാണുന്ന ഒരു തലമുറയില്‍ ഈ നിയമന കോഴ ലാഭം തങ്ങള്‍ക്ക് മതിയാകുന്നില്ല എന്ന് തോന്നുന്നവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, ഷോപ്പിങ്ങ് മാള്‍ എന്നിങ്ങനെ ലാഭമുള്ള കച്ചവടങ്ങളിലേക്ക് തിരിയാനുള്ള അവകാശവുമുണ്ട് . ഒരിക്കല്‍ ഒരു സ്ഥാപനം തുടങ്ങി എന്നതിന്റെ പേരില്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കണം എന്നു ആരേയും നിര്‍ബന്ധിക്കാനാവില്ല, അത്തരത്തില്‍ സുപ്രീം കോടതി വിധിയുമുള്ളതാണു.

ചുരുക്കത്തില്‍

1. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ല്.

2.ഇവിടെ അദ്ധ്യാപകഅനദ്ധ്യപക നിയമനത്തിനുള്ള അവകാശം മാനേജ്‌മെന്റിനാണു, അതേസമയം ഇത്തരം അദ്ധ്യപകര്‍ക്ക് മേല്‍ യാതൊരു തരത്തിലുള്ള ഉത്തരവാദിത്വവും മാനേജ്‌മെന്റില്ല.
3. എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിയമനം വഴിയുള്ള കോഴയല്ലാതെ, തങ്ങളുടെ മുടക്ക് മുതലിനുള്ള ലാഭം ഇല്ല.
4. എയ്ഡഡ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ അദ്ധ്യപകരും കുറഞ്ഞ് വരുന്നു, തന്മൂലം നിയമനകോഴ ലാഭവും കുറയുന്നു.

5. ഈ പ്രശ്‌നം അധികവും നേരിടുന്നത് വ്യക്തികള്‍ നടത്തുന്ന സ്‌കൂളുകളില്‍ ആണു.
6.റിയല്‍ എസ്‌റ്റേറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്‌കൂളുകള്‍ വ്യക്തികള്‍ക്ക് ആദായകരമല്ല.

പരിഹാരങ്ങള്‍

തുടക്കത്തില്‍ പറഞ്ഞത് പോലെ തന്നെ, വിദ്യാഭ്യാസ വിദഗ്ദരും, ഭരണാധികാരികളും ഈ പ്രശ്‌നം ആഴത്തില്‍ പഠിച്ച് തേടേണ്ടതാണു ഒരു പ്രാധന പ്രശ്‌നത്തില്‍ ചില സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമേ പൊതു സമൂഹത്തിനു കഴിയൂ.

1. പൂട്ടും എന്നു ഉറപ്പായ സ്‌കൂളുകള്‍ ഏറ്റെടുക്കല്‍ തീര്‍ച്ചയായും കേരള പൊതുവിദ്യാഭ്യാസത്തെ ഉന്നതിയില്‍ എത്തിച്ച എയ്ഡഡ് സ്‌കൂളുകളെ എഴുതിത്തള്ളാന്‍ കേരളത്തിനാവില്ല. അവ ലാഭം മാത്രം നോക്കി അടച്ച് പൂട്ടാതെ ഏറ്റെടുക്കുക തന്നെ വേണം. അതേ സമയം ഇത് ഒരു സര്‍ക്കാര്‍ ഇടപ്പെടല്‍ എന്നതിലുപരിയായി ജനപങ്കാളിത്തോടെ ആകണം. സ്‌കൂളിന്റെ അതേ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതില്‍ നിന്നും പിന്മാറണം.

2. പി.എസ്.സി വഴിയുള്ള നിയമനം. നിയമനം പി.എസ്.സി വഴിയായാല്‍ സ്‌കൂളിന്റെ ഇന്‍ഫ്രാസ്‌ക്ചറിനുള്ള പണം മനേജ്‌മെന്റ് എങ്ങനെ കണ്ടെത്തും? സ്‌കൂള്‍ നടത്തി കൊണ്ട് പോകാന്‍ സര്‍ക്കാര്‍ കൊടുക്കുന്ന എയ്ഡ് മതിയായകാത്ത സാഹചര്യത്തില്‍ ഈ പണം മാനേജ്‌മെന്റ് എങ്ങനെ കണ്ടെത്തും? നിയമനം പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ള ആളുകളെ ആകണം എന്ന് നിര്‍ബന്ധിക്കാനെ സര്‍ക്കാരിനു കഴിയൂ (അതായിരുന്നു ഭേദഗതിയ്ക്കു മുന്‍പുള്ള നിയമം). എന്നാല്‍ അതേസമയം,ഈ നിയമനങ്ങളുടെ ശബളംപെന്‍ഷന്‍ എന്നിവയല്ലാതെയുള്ള ബാധ്യത ഏറ്റെടുക്കാന്‍ സ്‌കൂളുകള്‍ തയ്യാറാകണം.

3. ഇനി എയ്ഡഡ് സ്റ്റാറ്റസ് കൊടുക്കാതിരിക്കുക ഇപ്പോള്‍ ഇത്രയും ഒച്ചപ്പാടുണ്ടായിട്ടും 50 കുട്ടികള്‍ പോലും ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കാണു ഉമ്മഞ്ചാണ്ടി സര്‍ക്കാര്‍ എയ്ഡഡ് സ്റ്റാറ്റസ് കൊടുത്തിരിക്കുന്നത് (ഇതില്‍ നിരവധി അഴിമതികള്‍ നടന്നു എന്നത് വേറെ കാര്യം). ഇന്ന് നിയമനങ്ങള്‍ നടത്തി കാശുണ്ടാക്കുന്ന മാനേജ്‌മെന്റ് നാളെ അത് ലാഭകരമല്ല എന്ന കാര്യം പറഞ്ഞ് പൂട്ടാനൊരുങ്ങിയാല്‍ ആ കുട്ടികളും അദ്ധ്യാപകരും സര്‍ക്കാറിന്റെ മാത്രം ബാധ്യത ആകും. ഇനി അഥവാ എയ്ഡഡ് സ്റ്റാറ്റസ്സ് കൊടുക്കുകയാണെങ്കില്‍ പോയന്റ് 2 ഇല്‍ പറഞ്ഞത് പോലെ അടച്ചു പൂട്ടനൊരുങ്ങിയാല്‍ വലിയ ബാധ്യത മാനേജ്‌മെന്റിനും കൂടി വരുന്ന തരത്തില്‍ വിദ്യാഭ്യാസ നിയമം പരിഷ്‌കരിക്കുക.

4.വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക പുതിയ വിദ്യാഭ്യാസമന്ത്രിയുടെ ആദ്യപത്രസമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നൊരു കാര്യമാണു വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാക്കുമെന്നത്; അതാണു വേണ്ടതും . എന്നാല്‍ കണ്ടു വരുന്നത് അദ്ധ്യാപകരെ എങ്ങനെ സംരക്ഷിക്കാം എന്ന രിതിയിലെ തുടക്കമാണു. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പരിഷ്‌കാരങ്ങള്‍, ഉദാഹരണത്തിനു 1:30 ടീച്ചര്‍ കുട്ടി അനുപാതം, നടപ്പിലാക്കിയാല്‍ തന്നെ പല എയ്ഡഡ് മാനേജ്‌മെന്റ് കുതന്ത്രങ്ങളും (ഉദാഹരണത്തിനു നിയന്ത്രണം വിട്ട നിയമനങ്ങള്‍, സ്റ്റാര്‍ സ്‌കൂളുകളിലെ ആനുപാതികമല്ലാത്ത ടീച്ചര്‍കുട്ടി അനുപാതം) ഇല്ലാതാക്കാന്‍ പറ്റും.

5. ഗവണ്മെന്റ് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കുട്ടികള്‍ വരുന്ന രീതിയില്‍ സിലബസ്സുകള്‍ പരിഷ്‌കരിക്കുക. ഇപ്പോള്‍ കൂടുതലായി പ്രചരിക്കുന്ന സി.ബി.എസ്.സി , ഐ.സി.എസ്.സി സിലബസ്സുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൊണ്ടുവരാമോ എന്ന ആലോചനയ്ക്കും പ്രസക്തിയുണ്ട്.

പൊതുവിദ്യാഭ്യാസത്തിനു മൂല്യം കല്‍പ്പിക്കുന്ന ഒരു പൊതുജനം ഉണ്ടാകുകയും അവര്‍ പ്രശ്‌നങ്ങളെ അതിന്റെ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം വേണമെന്നു കരുതുന്ന ഒരു എല്‍.ഡി.എഫ് ഗവണ്മെന്റ് വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ വിദ്യാഭ്യാസ വകുപ്പില്‍ ഉള്ളൂ.

Story by