സൗദിയില്‍ പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്നു

സൗദി അറേബ്യയിലെ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും പ്രവാസികളെ ഏറെ ബാധിക്കും എന്ന് വ്യക്തമാകുന്നു.

സൗദിയില്‍ പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്നു

സൗദിയിലെ പ്രാവസികള്‍ക്ക് ആശങ്ക ഉണര്‍ത്തും വിധം വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരുയുന്ന ഒരു രാജ്യത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി ആണിത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സൗദിയിലെ ധനമന്ത്രി ഇബ്രാഹിം അലസാഫ് ഇക്കാര്യത്തിന്നു ഔദ്യോഗിക സ്ഥിതീകരണം നല്‍കിയില്ല.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ദേശിയ സാമ്പത്തിക പരിഷ്കാര നയത്തിലെ ഒരു ശുപാര്‍ശയാണിത്‌. വിദേശികള്‍ക്ക് ആദായ നികുതി ചുമത്തുന്ന്തിന്റെ പ്രാരംഭ പ്രവത്തികള്‍ക്കായി നാല് കോടി ഡോളര്‍ ഏകദേശം 266 കോടി രൂപ വിലയിരുത്തിയതായി ഈ നയത്തില്‍ പറയുന്നു. വാര്‍ത്ത പുറത്തു വന്നതോട് കൂടി, സൌദിയില്‍ ഉള്ള പ്രവാസികളില്‍ ഏറെയും ആശങ്കയിലാണ്. 3 കോടി ജനസംഖ്യ ഉള്ള ഒരു രാജ്യത്ത് 1/3 ആളുകളും വിദേശികളാണ്. ഇതില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരും ഉണ്ട്.


ഉപ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ഭരണ പരിഷ്ക്കാരത്തിന്റെ ഭാഗമായി ആണ് ഈ പുതിയ നീക്കം എന്ന് കരുതപ്പെടുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഈ നടപടി നിലവില്‍ കൂടിയ ശമ്പളം വാങ്ങുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ എങ്കിലും പ്രവാസികളില്‍ ആകെ മൊത്തം ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നിശ്ചിത ശതമാനത്തിന്‍റെ മുകളില്‍ വരുമാനമുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. അത് കൊണ്ട് തന്നെ പ്രൊഫഷനല്‍ ജോലി ചെയ്യുന്നവരെ ആയിരിക്കും ഈ നിയമത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത്. എഞ്ചിനീയറിംഗ് മേഖലയിലെ വിദഗ്ദ്ധരും, മെഡിക്കല്‍ മേഖലയിലെയും, സര്‍ക്കാര്‍ മേഖലയിലെയും ഉന്നത പദവികള്‍ വഹിക്കുന്നവരെയും ആയിരിക്കും ഇത് സാരമായി ബാധിക്കുക എന്നും കരുതപ്പെടുന്നു, നിലവില്‍ സൗദിയില്‍ ഒരു വരുമാനക്കാര്‍ക്കും ആദായ നികുതി ഒടുക്കേണ്ടതില്ല.