കാവിവൽക്കരണത്തിന്റെ സൂക്ഷ്മ ധ്വനികൾ

ഇന്ത്യയിൽ മാത്രമാണ് യോഗയ്ക്ക് കാവിയുടെയും ദേശീയതയുടെയും രൂപം നൽകിയിരിക്കുന്നത്. യോഗ ചെയ്യാത്തവർ ദേശീയതാ വിരുദ്ധരാണെന്ന അവസ്ഥയിലേക്ക് ഇന്ന് കാവി പ്രത്യശശാസ്ത്രക്കാർ നീങ്ങിയിരിക്കുന്നു. ജോണി എം എൽ എഴുതുന്നു.

കാവിവൽക്കരണത്തിന്റെ സൂക്ഷ്മ ധ്വനികൾ

ജോണി എംഎൽ

രാജ്യത്തിന് നല്ലതാണെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മാത്രമല്ല രാജ്യത്തെയൊന്നാകെ കാവിവൽക്കരിക്കുമെന്ന് കേന്ദ്രമാനവശേഷി വികസന വകുപ്പ് സഹമന്ത്രി രാംശങ്കർ കത്തേരിയ പറയുന്നത് ആശങ്കയോടെ മാത്രമേ കാണാനാകൂ. മുഹമ്മദലിയെ കേരളത്തിലെ ഒരു അത്‌ലറ്റായി തെറ്റിദ്ധരിച്ചുപോയ ഒരു കായികമന്ത്രിയുടെ അജ്ഞതയും നിഷ്‌കളങ്കതുമായി അതിന് ഒരു സമാനതയുമില്ല. സാക്ഷി മഹാരാജ്, സാധ്വി പ്രാചി തുടങ്ങിയ സന്യാസവും രാഷ്ട്രീയവും തൊഴിലിന്റെ രണ്ട് വശങ്ങളായി സ്വീകരിച്ച വ്യക്തികൾ രാജ്യത്തെ കാവിവൽക്കുന്നതിനെക്കുറിച്ച് പറയുന്നതുമായും അതിന് സാമ്യമില്ല. കാരണം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കാബിനറ്റ് റാങ്കുള്ള മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും അവരുടെ എല്ലാ പ്രസ്താവനകൾക്കും നിശബ്ദതകൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും പ്രോത്സാഹനം നൽകുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും കഴിഞ്ഞ രണ്ട് വർഷങ്ങളായി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങലെയും കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനൊരു അടിക്കുറിപ്പ് മാത്രമാണ് സഹമന്ത്രി കത്തേരിയായുടെ ഉദീരണമെങ്കിലും ആ പ്രസ്താവനയിലെ ഭീഷണസ്വരത്തെ നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.


ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഭരണത്തിൽ കൈവെച്ചുകൊണ്ടാണ് രാജ്യത്തെ വിദ്യാഭ്യാസ കാവി വൽക്കരണത്തിന് സ്മൃതി ഇറാനി തുടക്കം കുറിച്ചത്. തുടർന്ന് അത് സർവ്വകലാശാല ഭരണങ്ങളിലേക്കും യുജിസിയുടെ മൊത്തമായുള്‌ല മാർഗ്ഗരേഖകളിലേക്കും കടന്നു. ഹൈദ്രബാദ് സർവ്വകലാശാലയിലും ഒടുവിൽ നെഹ്രു സർവ്വകലാശാലയിലും നടന്ന പ്രതിഷേധ സമരങ്ങൾക്കൊടുവിൽ ഇന്ത്യൻ നീതിപീഠം, രാജ്യത്തെ കാവിൽക്കരണത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് രാഷ്ട്രീയത്തെ നീക്കം ചെയ്ണം എന്ന ആവശ്യംവരെ വന്ന് എത്തി നിൽക്കുകയാണ് കാര്യങ്ങൾ. ഒരു രാജ്യത്തെ ജനത എന്ത് ചിന്തിക്കണം എങ്ങനെ ചിന്തിക്കണം എന്ന് പോലും ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുമ്പോൾ ജോർജ്ജ് ഓർവൽ തന്റെ 1984 എന്ന നോവലിൽ വിഭാവനം ചെയ്ത് കേന്ദ്രീകൃത ഭരണകൂടത്തിന്റെ ചെയ്തികൾ യാഥാർത്ഥ്യമാവുകയാണ്. ചിന്തിക്കാനും ഓർമ്മിക്കാനും ഒരു വകുപ്പ് സൃഷ്ടിക്കുന്നതുപോലെ ചിന്തകളെ നിയന്ത്രിക്കാനും ചിന്തകളെയും ഓർമ്മകളെയും സമൂലം ഇല്ലാതാക്കാനും കൂടി ഒരു വകുപ്പ് അവിടെ ഉണ്ടായിരുന്നു. ഇത് കേവലം ഓർവെല്ലിയൻ ഭാവനയായി നമുക്ക് തള്ളിക്കളയാൻ കഴിയില്ല. ബിജെപിയുടെ രാജ്യസഭാ എംപിയും വിവാദനേതാവുമായ ഡോ. സുബ്രമണ്യം സ്വാമി പറഞ്ഞത് ആവിഷ്‌കാരസ്വാതന്ത്രെ്യ നിയന്ത്രിക്കണം എന്നാണ്. എന്ത് എഴുതണം, എങ്ങനെ എഴുതണം എന്ന് ഒരു പൊതുതത്വത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടണം എന്നാണ് സ്വാമി പറയുന്നതിന്റെ ചുരുക്കം. കേന്ദ്ര ഫിലിം സെർട്ടിഫിക്കേഷൻ ബോർഡ് ചെയർമാനായ നിഹ്ലാനി പറയുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ഹാനികരമായ സിനിമാരംഗങ്ങലെ സെൻസർ ചെയത് കളയണം എന്നാണ്. എന്ന് മാത്രമല്ല പുതിയ തലമുറയിലെ സംവിധായകരെ എങ്ങിനെ നല്ല സിനിമയുണ്ടാക്കാൻ പഠിപ്പിക്കാൻ കഴിയും എന്നുകൂടി അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും നയതന്ത്ര വികസനത്തിനും വേണ്ടി ലോകമെമ്പാടും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര പ്രതിച്ഛായയും ഇന്ത്യയിൽ അദ്ദേഹത്തിന്റെ മന്ത്രിമാരും പിണിയാളുകളും ചെയ്യുന്ന പ്രസ്താവനകളും തമ്മിൽ അജഗജാനന്തര വ്യത്യാസമുണ്ട്. പക്ഷേ ഇത്തരം പ്രസ്താവനകളെ സൗമ്യമായി സമീപിക്കുക എന്നത് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും അധികാരം രാജ്യമെമ്പാടും വ്യാപിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും ആവശ്യമാണ്. ഒരു രാജ്യത്തിന്റെ ചിന്തയെ നിയന്ത്രിക്കുന്നതിലൂടെ മാത്രമെ അഥിന് കഴിയുള്ളുവെന്ന് അവർ മനസിലാക്കിയിരിക്കുന്നു. അൽഡസ് ഹക്‌സിലിയുടെ ധീര നൂതന ലോകം എന്ന നോവൽ ഇത്തരമൊരു ഭീതിതമായ സ്ഥിതി വിശേഷത്തെ മനോഹരമായി വിവരിക്കുന്നു. കുട്ടികളെ ഹിപ്‌നോപീഡിയ അഥവാ ഉറക്കത്തിലുള്ള വിദ്യാഭ്യാസം എന്ന രീതിയിൽ അവരുടെ ചെറുപ്രായത്തിൽതന്നെ ഭരണകൂടത്തിന്റെ ആശയങ്ങൾ പഠിപ്പിക്കുകയാണ്. അങ്ങനെ പഠിച്ച് വളരുന്ന കുട്ടികൾ മറ്റൊരു ജ്ഞാനബോധനത്തിന്റെയോ അറിവ് പദ്ധതിയുടേയോ അഭാവത്തിൽ ഏക പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായി വളരുന്നു. അതിൽ വൈചിത്രമൊന്നും അവർക്ക് കാണാൻ കഴിയുന്നുമില്ല. ഇന്ത്യയിൽ കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും രാജ്യത്തിന്റെ തന്നെ കാവി വൽക്കരണത്തിലൂടെ ഭരണകൂടം വളർത്താൻ ശ്രമിക്കുന്നത് ഇത്തരത്തിൽ പകരം വെയ്ക്കാനുള്ള പ്രത്യയശാസ്ത്രങ്ങൾ ഇല്ലാത്ത മൂഢമായ ഒരു തലമുറയെ ആണ്. അത്തരമൊരു തലമുറയാണ് ഇന്ന് ശാഖകളിലും മറ്റും ആയുധ പരിശീലനം നേടുന്നത്. രാജ്യത്തെ ശത്രുക്കളിൽനിന്ന് രക്ഷിക്കാനാണ് ഇതെന്ന് അവർ പറയുന്നു. ഒപ്പം നേതാജി സുഭാഷ് ചന്ദ്രബോസിനേയും വിവേകാനന്ദനേയും കൂട്ടുപിടിച്ച് അവർ ആയോധനത്തെ ശരീരസംസ്‌കാരമായി പ്രഖ്യാപിക്കുന്നു. സർദാർ പട്ടേലിന്റെ പ്രതിമയിൽ തോക്കുകൽ കൊണ്ട് മാലയിടുന്നത് അത്തരമുള്ള ചരിത്രത്തിന്റെ വികൃതവായനയാണ്.

ജൂൺ ഇരുപത്തിയൊന്നാം തീയതി അന്താരാഷ്ട്ര യോഗ ദിനമാണ്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ആളുകൾ വളരെ ആവേശത്തോടെ യോഗ നടത്തുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ മാത്രമാണ് യോഗയ്ക്ക് കാവിയുടെയും ദേശീയതയുടെയും രൂപം നൽകിയിരിക്കുന്നത്. യോഗ ചെയ്യാത്തവർ ദേശീയതാ വിരുദ്ധരാണെന്ന അവസ്ഥയിലേക്ക് ഇന്ന് കാവി പ്രത്യശശാസ്ത്രക്കാർ നീങ്ങിയിരിക്കുന്നു. രാംദേവ് ബാബയെപ്പോലുള്ള യോഗ അധ്യാപകർ ചുളുവിൽ ആത്മീയാചാര്യന്മാരും ബിസ്‌നസുകാരും ഒരേസമയം ആയിത്തീരുന്നു. ആത്മീയതയും സാമ്പത്തിക ശാസ്ത്രവും ഇഴപിരിയാനാകാത്ത വിധം ഒന്നുചേരുമ്പോൾ ഇത്തരം ആചാര്യന്മാർക്ക് പ്രധാനമന്ത്രിയെപ്പോലും അളിയാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം കൈവരുന്നു. ദേശീയതയെ ആത്മീയതയുടെ നുകത്തിൽ കെട്ടുമ്പോൾ രാംദേവ് ബാബയേയും ശ്രീ ശ്രീ രവിശങ്കറിനെയും മാതാ അമൃതാനന്ദമയിയേയും പോലുള്ള ബിസ്‌നസ് സ്വാമി(നി)മാരെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി മാറുന്നു. സിനിമാ തീയറ്ററുകളിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കുന്നതോ എഴുന്നേൽക്കാതിരിക്കുന്നതോ അല്ല പ്രശ്‌നം. മറിച്ച് നിർബന്ധപൂർവ്വം ദേശീയഗാനം അവിടെ കേൾക്കുന്നതാണ്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന നിഷ്ഠൂരമായ മുന്നറിയിപ്പ് പോലെയാണോ നമ്മുടെ ദേശീയത നമ്മളിലേക്ക് എത്തേണ്ടത്?

ദേശീയത ബോധം പുകവലി പോലെ അപകടം പിടിച്ച ഒന്നാണ് എന്നാണോ പറഞ്ഞുവരുന്നത്? ഏത് പ്രതിസന്ധിയിലാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. എന്തിനെതിരെയാണ് നാം ദേശാഭിമാന പ്രചോദിതരായി ആയുധം എടുക്കേണ്ടത്?

ഇത്തരം ചോദ്യങ്ങൾക്ക് കാവിവൽക്കരണത്തിന്റെ പ്രചാരകരുടെ കയ്യിൽ വ്യക്തമായ ഉത്തരം ഇല്ല. അങ്ങനെ ഉത്തരം മുട്ടുമ്പോഴാണ് അവർ ധബോൽക്കർമാരെയും പൻസാരെമാരെുയം ഗുൽബർഗിമാരെയും കൊന്ന് തള്ളുന്നത്. പെരുമാൾ മുരുഗന്മാരെ പോലെയുള്ളവരുടെ നാവ് കെട്ടുന്നത്. രോഹിത് വെമുലമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്താണിതിനൊരു പ്രതിവിധി? ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗവും മധ്യവർഗ്ഗവും ഒരിയ്ക്കൽകൂടി അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ആരാണ് നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത്? ഇന്നലെവരെ നാം കേട്ടിട്ട് പോലുമില്ലാതിരുന്ന ഒരാൾ രാജ്യത്തെ മന്ത്രിയാവുകയും അയാൾ രാജ്യത്തെ കാവിവൽക്കരിക്കും എന്ന് പറയുമ്പോൾ നാമത് എന്തിന് കേട്ടുകൊണ്ട് നിൽക്കണം. പുതുതലമുറയിലെ സംവിധായകരെ സിനിമ എടുക്കാൻ ഞാൻ പഠിപ്പിക്കും എന്ന് വരെ പറയുന്ന പഴയ ബി ഗ്രേഡ് സിനിമ നിർമ്മാതാവിനെ നാം എന്തിന് അംഗീകരിക്കണം? ഭരണകൂടം ചൂണ്ടിക്കാട്ടുന്ന ശത്രു എന്തുകൊണ്ട് നമ്മുടെ ശത്രു ആകണം? ജിമ്മിംഗും യോഗയും ശരീരാരോഗ്യത്തിന് നല്ലതാണ് എന്നുള്ളപ്പോൾ എന്തിന് യോഗയുടെ ഹിന്ദുത്വവേരുകളെ നാം ചികഞ്ഞെടുക്കണം. മൈക്കേൽ ജാക്‌സന്റെ പാട്ടിട്ടാൽ നമുക്ക് ചെയ്യാനാകില്ലേ? അതിന് ഓം എന്നുതന്നെ പറയണോ. ഇത്തരം ചോദ്യങ്ങൾ നിരന്തരം ചോദിക്കുകയാണെങ്കിൽ നമ്മുടെ രാജ്യത്തെ കാവിവൽക്കരണത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷിച്ച് നിർത്താം.

വാൽക്കഷണം: യോഗഭ്യാസിയോട് ശ്രീനാരായണ ഗുരു
ശോധനയ്ക്ക് നല്ലത്.
ഓം എന്നുതന്നെ പറയണമെന്നില്ലെന്ന് സദ്ഗുരു. പകരം ഇഷ്ടമുള്ള ഏത് വാക്കും പറയാം.

Story by