കാവിമുണ്ടും മലയാളിയും

കാവിമുണ്ടിന്റെ ചരിത്രം, വർത്തമാനം, അർത്ഥവ്യത്യാസങ്ങൾ- ജോണി എംഎൽ എഴുതുന്നു

കാവിമുണ്ടും മലയാളിയും

ജോണി എംഎൽ

ഇന്ത്യയിൽ പൊതുവെ കാവി അവഥാ കാഷായ വസ്ത്രം ഹിന്ദു സന്യാസികളുമായി ബന്ധപ്പെടുത്തിയായിരുന്നു കണ്ടിരുന്നത്. ബാബ്‌റി മസ്ജിദിന്റെ തകർച്ചയോടെ കാവി വേഷം ഹിന്ദുത്വയുടെ അടയാളമായി മാറി. ഹിന്ദുമതത്തിന്റെ അടിസ്ഥാനാശയങ്ങളെ കാണാതിരിക്കുകയും അതിലെ സങ്കുചിതമായ ദേശാഭിമാനബോധവും പരമത ആശയവിദ്വേഷവും മാത്രം ഉയർത്തിപിടിക്കുന്നതിലൂടെയാണ് ഹിന്ദു എന്നത് ഹിന്ദുത്വ എന്നതിലേക്ക് സംക്രമിക്കുന്നത്. ഹിന്ദുത്വയുടെ ആശയങ്ങൾക്ക് രാഷ്ട്രീയാധികാരത്തിലൂടെ സാധ്യത ലഭിക്കുകയും തുടർന്നുള്ള രാഷ്ട്രീയാധികാര ലാഭങ്ങൾക്കായി ആക്രാമക ആശയങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ് ഹിന്ദുത്വയുടെ ഈ ഉഭയജീവിതം ഉന്ന് നമ്മുടെ രാജ്യത്ത് വളർന്ന് കൊണ്ടിരിക്കുന്നത്. സൗമ്യവും ദീപ്തവും പുഞ്ചിരി പൊഴിക്കുന്നതുമായ മുഖങ്ങൾ മാറി അവിടേയ്ക്ക് പേശിബലമുള്ളവരും ആയുധധാരികളും കോപിഷ്ഠരുമായ ദൈവങ്ങൾ കടന്നുവന്നു. ഹിന്ദുത്വയുടെ രാഷ്ട്രീയ പരിപാടികളിൽ വാളും ഗദയും ത്രിശൂലവും അമ്പും വില്ലും ഒക്കെ നേതാക്കളും അണികളും സമ്മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു പുതിയ പ്രതീകാത്മകത സംജാതമായി. ഇതിനെല്ലാം പശ്ചാത്തലമായി കാവി എന്ന നിറം എപ്പോഴും ഉണ്ടായിരുന്നു.


കാവി, കാഷായം, കുങ്കുമ വർണ്ണം തുടങ്ങിയ നിറങ്ങൾ ഒരേ നിറത്തിന്റെ വിവിധ വശങ്ങളെയാണ് കാട്ടുന്നത്. എങ്കിലും സന്ദർഭത്തിനനുസരിച്ച് ഇവയുടെ അർത്ഥം മാറുന്നു. ഇന്ത്യയുടെ ദേശീയ പതാകയിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന കുങ്കുമനിറം ധീരതയുടെയും ശക്തിയുടെുയം സഹനത്തിന്റെയും പ്രതീകമായിയിരകി്കുന്നു. വെളുപ്പിനും പച്ചയ്ക്കും ശുദ്ധത, ഊഷരത എന്ന ആഗോള അർത്ഥങ്ങൾ ഉണ്ടായിരിക്കവേ കുങ്കുമവർണ്ണം എന്നത് തികച്ചും ഭാരതീയം തന്നെയാണ്. അതിന് ഭാരതീയ സന്യാസിമാർ ധരിച്ചിരുന്ന കാവിയുമായി ചെറുതല്ലാത്ത സാമ്യമുണ്ട്.

അറിഞ്ഞോ അറിയാതെയോ ഇന്ത്യയുടെ പ്രധാനമതം ഹിന്ദുമതമാണെന്ന ഒരു സൂചന അതിലുണ്ട്. കാരണം കുങ്കുമനിറത്തിന് കാഷായനിറത്തിന് അല്ലെങ്കിൽ കുറെക്കൂടി തിളക്കമുള്ള ഓറഞ്ച് നിറത്തിന്- ധീരത, ശക്തി, സഹനം എന്നീ അർത്ഥങ്ങൾ മറ്റൊരിടത്തും കാണുന്നില്ല. അഥവാ ഓറഞ്ച് നിറത്തിന് ആഗോളതത്തിൽ ഉള്ള അർത്ഥം വ്യതിരിക്തമായി കാണപ്പെടുന്നത് എന്നാണ്. എന്നാൽ ഈ അർത്ഥം ഓറഞ്ച് നിറത്തിന് മാത്രം ഉള്ളത് അല്ല. കടുത്ത പച്ചയ്ക്കും തിളങ്ങുന്ന ഇളം പച്ചയ്ക്കും മഞ്ഞയ്ക്കും ചുവപ്പിനും ഈ അർത്ഥങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഗതാഗത നിയന്ത്രണത്തിനായി ഈ നിറങ്ങളെ ആഗോളതലത്തിൽ ഉപയോഗപ്പെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിൽ കാവി വസ്ത്രം വളരെയധികം ബഹുമാന്യത നേടിയിട്ടുണ്ട്. ലൗകികസുഖങ്ങളെല്ലാം ത്യജിച്ച ഒരാൾ, അത് ആണായാലും പെണ്ണായാലും, സ്വയം ഏറ്റെടുക്കുന്ന വസ്ത്രത്തിന്റെ നിറമാണ് കാവി. അതിന് വലിയൊരു ചരിത്രമുണ്ട്. അതിലേയ്ക്ക് പോകുന്നതിന് മുമ്പ് ഇന്ന് ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഈ നിറത്തിനുള്ള പ്രസക്തിയെക്കുറിച്ച് നാം ആലോചിക്കുന്നത് നന്നായിരിക്കും. ബിജെപിയുടെ റാലികളിലെല്ലാം നാമിത് കാണുന്നുണ്ട്. സാക്ഷി മഹാരാജ്, ഉമാ ഭാരതി, സാധ്വി പ്രാചി, ആദിത്യനാാഥ്, രാംദേവ് ബാബ തുടങ്ങിയ രാഷ്ട്രീയ- ആത്മീയ പ്രത്യക്ഷങ്ങൾ കാവി വസ്ത്രത്തിലാണ് സംഭവി്കകുന്നത്. മറാത്തി ഹിന്ദുത്വയുടെ ഉപജ്ഞാതാവും നേതാവുമായിരുന്ന ബാൽ താക്കറെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് തിളങ്ങുന്ന കാവിപ്പട്ട് ധരിച്ചുകൊണ്ടായിരുന്നു. നമ്മുടെ പ്രധാനമന്ത്രിപോലും ഇടയ്ക്ക് കാവിയോളം എത്താത്ത കാവിപ്പട്ട് കൊണ്ടുള്ള അരക്കയ്യൻ ജുബ്ബാ ധരിക്കാറുണ്ട്. അതായത് കാവി വസ്ത്രത്തിന്റെ ലൗകിത്യാഗം എന്ന അർത്ഥം പരോക്ഷമായി രാഷ്ട്രീയാധികാരത്തിന് ത്യാഗത്തിന്റേതായ ഒരു വശമുണ്ടെന്ന് കൂടി എടുത്തുകാട്ടുന്നു. കോൺഗ്രസ്‌കാർക്ക് ഖദർ എന്തായിരുന്നോ അതാണ് ഹിന്ദുത്വരാഷ്ട്രീയക്കാർക്ക് കാവി.

Saffronisation_1ഖദർ ധരിയ്ക്കുന്നവരെല്ലാം കോൺഗ്രസുകാർ ആകണമെന്നില്ല. അങ്ങനെയെങ്കിൽ കാവി ധരിക്കുന്നവരെല്ലാം ഹിന്ദുത്വയുടെ ആളുകൾ ആകുമോ? അതാണ് സ്ഥിതിവിശേഷമെങ്കിൽ കേരളത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും ഹിന്ദുത്വയുടെ വക്താക്കളാണെന്ന് വന്നേക്കാം. കേരളത്തിൽ കാവി മുണ്ടുടുക്കുന്നവരുടെയും കൈയിൽ ചരട് കെട്ടുന്നവരുടെയും നെറ്റിയിൽ കുറിയിടുന്നവരുടെയും എണ്ണം വർദ്ധിച്ചു വരുന്നു എന്ന സത്യം നിലനിൽക്കവേ തന്നെ ഈ പ്രതീകങ്ങൾ പേറുന്നവർ എല്ലാവരും ഹിന്ദുത്വയുടെ ആളുകളല്ല എന്നുകൂടി നാം തിരിച്ചറിയണം. കേരളത്തിൽ കാവിമുണ്ട് ഏറ്റവും അധികം പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നത് ക്ഷേത്രപരിസരങ്ങളിലല്ല, മറിച്ച് കവലകളിലും ഓട്ടോ സ്റ്റാൻഡുകളിലുമാണ്. പലതരം മത, ജാതി വിഭാഗങ്ങളിൽപ്പെടുന്ന ചെറുപ്പക്കാർ ഇവിടെ ഒത്തുകൂടുന്നു. അവരുടെ രാഷ്ട്രീയ വിശ്വാസം ബിജെപി മുതൽ ഡിവൈഎഫ്‌ഐ വരെയാണ്. ഇതേ പ്രതീകങ്ങൾ ധരിച്ച് കൊണ്ടുതന്നെയാണ് അവർ വാട്‌സ് അപ്പിൽ അശ്ലീലങ്ങളും തമാശകളും പരദൂഷണങ്ങളും കൈമാറുന്നതും കവലയിലെ ചെറിയ റസ്റ്റോറന്റുകളിൽനിന്ന് മുക്തകണ്ഠം ബീഫും പൊറോട്ടയും കഴിക്കുന്നതും. ഹിന്ദുത്വയുടെ തീവ്രത ഈ ചിഹ്നങ്ങളിൽ അവർ ഉൾച്ചേർക്കാറില്ല.

ഇതേ കാവിമുണ്ടുകളും കൈയിൽ ചരടുകളും ഒരു പക്ഷേ കൂട്ടമായി ഒന്നിയ്ക്കുന്നത് ക്ഷേത്രപരിസരങ്ങളിൽ ആയിരിക്കാം. കേരളത്തിൽ പൊതുവെ കൊയ്ത്ത് ഉൽസവങ്ങൾ നടക്കുന്ന ഏപ്രിൽ- മെയ് മാസങ്ങളിൽ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ക്ഷേത്രപരസിരങ്ങളിൽ ഇത്തരം നിറമുള്ള മുണ്ടുകൾ ധരിച്ച് എത്താറുണ്ട്. കേരളത്തിന്റെ പരിമിതമായ പുരുഷവസ്ത്രശൈലികളിൽ രണ്ടുതരം മുണ്ടുകളാണ് ഉണ്ടായിരുന്നത്. വെള്ളമുണ്ടും, കൈലിയും. സ്ഥിരവരുമാനം ഉള്ളവർക്ക് ധരിക്കാനുള്ളതാണ് വെള്ളമുണ്ട്. സ്ഥിരവരുമാനമില്ലാത്തവർക്കും സവിശേഷാവസരങ്ങളിൽ വെള്ളമുണ്ട് ധരിക്കുമായിരുന്നു. വെള്ളമുണ്ട് മാന്യതയുടെ ലക്ഷണമാണ്. ഒരു ശരാശരി മലയാളി യുവാവ് ആദ്യം മന്യത തെളിയിക്കുന്നത് വെള്ള മുണ്ടുടുത്ത് തുട കാട്ടാതെ മടക്കിക്കെട്ടുന്നതിലും മടക്കിക്കെട്ടാതെ സൈക്കിൾ ചവിട്ടുന്നതിലുമായിരുന്നു. രണ്ടാമത്തെ വേഷമാണ് കൈലി, ലുങ്കി എന്നൊക്കെ അറിയപ്പെടുന്ന നിറമുള്ളതും കളമുള്ളതുമായ മുണ്ട്. ലിഗംവ്യത്യാസമില്ലാതെ ധരിക്കാം എന്നൊരു സവിശേഷതകൂടി ഇതിനുണ്ട്. ഗൾഫുകാരാണ് ലംബവും തിരശ്ചീനവുമായ വരകൾക്ക് പകരം പൂക്കളും വള്ളിപ്പടർപ്പുകളും ഉള്ള കൈലി ധരിക്കാമെന്ന് മലയാളിയെ പഠിപ്പിച്ചത്. ഒരു കൈലി മടക്കിക്കെട്ടുന്നതിന്റെ രീതിയിൽനിന്ന് ഒരു യുവാവിന്റെ സാമാന്യസംസ്‌കാരം മനസിലാക്കാൻ കഴിയുമായിരുന്നു.

ഇങ്ങനെയഉള്ള മലയാള ഭൂമികയിലേയ്ക്കാണ് യേശുദാസ് തന്റെ അയ്യപ്പഭക്തിഗാനങ്ങളുമായി കടന്ന് വരുന്നത്. ഗംഗയാറ് പിറക്കുന്ന ശബരിമലയിൽ എന്നാണ് പാട്ട് തുടങ്ങുന്നത്. അതിന്റെ രണ്ടാം ഭാഗത്തിൽ അദ്ദേഹം ഇങ്ങനെ പാടുന്നു: കാവിയുമുടുത്ത് ഗംഗയിൽ മുങ്ങി കാശിയ്ക്ക് പോകും ഭക്തന്മാർ, കറുപ്പുമുടുത്ത് പമ്പയിൽ മുങ്ങി മലയ്ക്ക് പോകും അയ്യപ്പന്മാർ എന്നാണ് പാട്ടവസാനിക്കുന്നത്. സത്യത്തിൽ അതുവരെ കറുപ്പുടുത്ത് കൊണ്ട് ശബരിമലയ്ക്ക് പോകുന്ന ആചാരം കേരളത്തിൽ അത്ര പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. ശബരിമലയിൽ വന്നിരുന്ന തമിഴന്മാരും തെലുങ്കരുമൊക്കെയാണ് കറുപ്പിന് പ്രചാരം നൽകിയത്. അയ്യപ്പൻ ബൗദ്ധനായിരുന്നെന്നും ദ്രാവിഡനായിരുന്നു എന്നുമൊക്കെയുള്ള സങ്കല്പങ്ങളിൽ നിന്നാകാം ഈ കറുപ്പ് വസ്ത്രം ശബരിമലയുടെ സ്വന്തം വസ്ത്രമായത്. അമിതാഭ് ബച്ചൻ അദ്ദേഹത്തിന് സംഭവിച്ച അപകടത്തെ തുടർന്ന് ശബരിമല സന്ദർശിച്ചത് കൂടുതൽ സിനിമാ താരങ്ങളെയും കറുപ്പ് വസ്ത്രത്തേയും ശബരിമലയിലേക്ക് ആകർഷിച്ചു. എൺപതുകളുടെ മധ്യത്തോടെയാണ് കറുപ്പ് കൈലികൾ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. കളർ ടെലിവിഷന്റെ വരവിനെ ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. ശബരിമലയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കറുത്ത കൈല ധരിച്ച മനുഷ്യരെ ജനങ്ങൾ കാണാൻ തുടങ്ങിയതോടെ കറുപ്പ് ശബരിമലയുടെ ഔദ്യോഗിക വസ്ത്രമായി.

Saffronisation_2കാവി നിറമുള്ള വസ്ത്രം ധരിക്കുകയോ താടി വളർത്തുകയോ ചെയ്താൽ മലയ്ക്ക് പോകുന്നുണ്ടോ സന്യാസിയാകാൻ തീരുമാനിച്ചോ എന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രേമം എന്ന സിനിമ വന്നതിനുശേഷം കറുപ്പുവസ്ത്രവും താടിയും അത്തരം ചോദ്യങ്ങൾ ഉയർത്താതായി. കാവി മുണ്ടുകൾ ആദ്യമൊക്കെ ധരിച്ചിരുന്നത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരുന്ന അപൂർവ്വം ചിലരാണ്. പിന്നെ കുറഞ്ഞ വിലയ്ക്ക് പല നിറങ്ങളിലുള്ള കൈലികൾ ലഭിക്കാൻ തുടങ്ങിയതോടെ ചെറുപ്പക്കാർ കാവികൈലി തന്നെ തെരഞ്ഞെടുത്തു. ഒന്നാമതായി അതിന് എപ്പോഴും സാമൂഹികമായ ഒരുസാധ്യത ഉണ്ട്. ഹിന്ദുത്വവാദിയാകാതെ തന്നെ ഒരു ഐഡന്റിറ്റി സൃഷ്ടിക്കാൻ അതിന് കഴിയും. സ്ത്രീകൾ കേരളത്തിലങ്ങോളമിങ്ങോളം നൈറ്റി എന്ന വസ്ത്രം സ്വീകരിച്ചതുപോലുള്ള നീക്കമായിരുന്നു ഇത്. ലഭ്യത, കൈയിലൊതുങ്ങുന്നത്, സൗകര്യം എന്നീ മൂന്ന് ഘടകങ്ങൾ നൈറ്റിയേയും കാവി കൈലിയേയും തുണച്ചു. ദൈംനംദിനമായ എത് പ്രവൃത്തിക്കും സൗകരമ്യുള്ള ഡിസൈനാണ് രണ്ടിന്റെയും. അഴുക്ക് പറ്റിയാൽ അറിയില്ല. ഇനി അറിഞ്ഞാൽതന്നെയും അവഗണിക്കാം എന്നൊരു സൗകര്യം കൂടിയുണ്ട്. ഇന്ത്യ ഇന്നത്തെ ഇന്ത്യയാകുന്നതിന് എത്രയോ നൂറ്റാണ്ട് മുമ്പ് മുനിമാർ കാവിവസ്ത്രം സ്വന്തമാക്കിയിരുന്നു. അതിനുള്ള പ്രധാന കാരണം കാവി എന്നാൽ അഴുക്ക് അഥവാ അഴുക്ക് പറ്റിയാൽ അറിയാത്തത് എന്നതു തന്നെയായിരുന്നു അവർ കണ്ട അർത്ഥം.

ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച് അവധൂതരായി ജനപഥങ്ങൾ തെണ്ടുമ്പോഴോ കാടുകളിൽ വസിക്കുമ്പോവോ അവർക്ക് ഉടുതുണിയുടെ ഭാഗിയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. മണ്ണും പൊടിയുമേറ്റ് ഉടുത്തിരുന്നവ കാവിയായി. പിന്നീട് വേരുകളും ഇലകളും പൂക്കളും തിളപ്പിച്ച് അതിൽ മുക്കി വെളുത്ത വസ്ത്രത്തെ അവർ കാഷായമാക്കി. അങ്ങനെ ഹിന്ദുത്വം ഉരുത്തിരിഞ്ഞു വരുന്ന വേളയിൽ അതിന്റെ തത്വമുൾക്കൊണ്ടവർ ലൗകികസുഖങ്ങൽ വെടിഞ്ഞ് മുനിമാരായി കാഷായ വേഷധാരികളായി. ഹിന്ദുമതം അതിന്റെ ചാതുർവർണ്യാവസ്ഥയിലേക്ക് നീങ്ങുകയും ആചാരജഡിലമാവുകയും ചെയ്തപ്പോഴാണ് ബുദ്ധൻ അതുമായി കലഹിച്ചത്. ബുദ്ധനും പക്ഷേ സ്വീകരിച്ചത് കാവി വസ്ത്രമായിരുന്നു.

auto-standബുദ്ധമതാനുയായികൾ ഇന്ന് പലതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. ഓറഞ്ച്, കാവി, മഞ്ഞ, തവിട്ട്, വെള്ള അങ്ങനെ പോകുന്ന നിറങ്ങൾ. പക്ഷേ ബുദ്ധൻ തെരഞ്ഞെടുത്തത് കാഷായമായിരുന്നു. അതിന് കാരണം ഹിന്ദുസന്യാസിമാരുടെ മാതൃക ആയിരുന്നില്ല. മറിച്ച് രോഗികളും അനാഥരും വീടില്ലാത്തവരും കള്ളന്മാരെന്നും ഭ്രാന്തന്മാരെന്നും പറഞ്ഞ് പുറത്താക്കപ്പെട്ടവരുമൊക്കെ ധരിച്ച വസ്ത്രത്തിന്റെ നിറമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കാഷായത്തിന് അർത്ഥം കണ്ടത് വൃത്തിയില്ലാത്തത്, അഴുക്ക് തുടയ്ക്കുന്നത്, ചീത്ത, കൊള്ളരുത്താത്ത, മലം തുടയ്ക്കുന്നത് എന്നൊക്കെയായിരുന്നു. എന്ത് നിർമ്മലമല്ലെന്ന് മുഖ്യധാര സമൂഹം കരുതിയോ അതിനെയാണ് ബുദ്ധൻ തന്റെ വസ്ത്രത്തിന്റെ നിറമാക്കിയത്. ശരണമന്ത്രവും ഭിക്ഷാംദേഹി എന്ന വിളിയുമായി നടന്ന ബുദ്ധഭിക്ഷുകൾ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായി സഹഭാവം പ്രാപിക്കുകയായിരുന്നു. എന്നാൽ രസകരമായ മറ്റ് ചില കാര്യങ്ങളും ഒപ്പം നടന്നു. ബുദ്ധമംത രാജ്യത്തിന്റെ മുഖ്യമതമായി. അതോടെ ബുദ്ധന്റെ കാഷായത്തിനും മാന്യത ലഭിച്ചു. അതേ കാഷായാത്തെയാണ് മറ്റൊരു കാവിവസ്ത്രധാരി, ആദി ശങ്കരൻ വാദിച്ച് തോൽപ്പിച്ച് കളഞ്ഞത്. പുറത്താക്കപ്പെട്ടവരുടെ വസ്ത്രം എന്ന അർത്ഥമാണ് അധികാരം കൈയാളുന്നവരുടെ വസ്ത്രമായി കാവി മാറി. അതിലേക്ക് കുങ്കുമനിറവും പട്ടും (silk) കയറിവന്നു.

ഇതിനിടെ നമ്മുടെ പുതിയ നൂറ്റാണ്ടിൽ കാവിയ്ക്ക് പുതിയ അർത്ഥം കൈവന്നു. ഇറാക്കിൽ നിന്ന് പിടിച്ചുകൊണ്ടുപോയ സദാം അനുകൂലികളെ ക്യൂബയ്ക്കരികിലുള്ള ഗ്വേണ്ടനാമോ ബേയിൽ പാർപ്പിക്കുമ്പോൾ അമേരിക്ക അവർക്ക് നൽകിയ യൂണിഫോം കാവി/ ഓറഞ്ച് നിറമുള്ളതായിരുന്നു പുറത്താക്കപ്പെട്ടവരുടെ നിറം. അതുകൊണ്ടാണ് ഐസിസ് തീവ്രവാദികൾ സിറിയയിൽ പിടിച്ചെടുക്കുന്ന വെള്ളക്കാരെ വധിക്കുന്നതിന് മുമ്പ് അവരെ ഓറഞ്ച് വസ്ത്രം അണിയിക്കുന്നത്. നിറ്തിതന് നിറംകൊണ്ട് പ്രതികാരം. ഇരുപതാം നൂറ്റാണ്ടിലെ പല പ്രഗത്ഭരും കാവിയുടെ വർണ്ണസാംഗത്യം തിരിച്ചറിഞ്ഞവരാണ്. കാവിയ്ക്ക് ഹിന്ദുത്വയുടെ നിറം കൂടിപ്പോയതു കൊണ്ടാണ് ശ്രീനാരായണഗുരു കാവി വേണ്ടെന്ന് വെച്ചത്. രമണ മഹർഷി കാവി ധരിച്ചിട്ടില്ല. മഹാത്മാ ഗാന്ധി കാവിയുടെ തീക്ഷ്ണത തിരിച്ചറിഞ്ഞ് ഖാദിയുടെ വെണ്മയിലേക്ക് നീങ്ങി. ഗുരുദേവനായ ടാഗോർ കാവി ഉപയോഗിച്ചിട്ടില്ല. ഡോ. അംബേദ്കർ ത്രീ പീസ് സ്യൂട്ടിലൂടെ ഹിന്ദുത്വയുടെ വസ്ത്രകോഡിനെ എതിർത്തു. അതുകൊണ്ടുതന്നെ കാവിയ്ക്ക് അതിന്റെ നിഷ്‌കാസിത പദതി തിരികെ ലഭിച്ചെങ്കിൽ എന്ന് ആശിച്ച് പോകുകയാണ്.