തല പോകും; കളിക്കുമ്പോള്‍ സൂക്ഷിക്കണം; നീ ഒന്നും ഇനി ഒരു പകല്‍ കാണില്ല: 'റിപ്പോര്‍ട്ടര്‍' ടിവി ലേഖകനെതിരെ വധഭീഷണിയുമായി ആർഎസ്എസ് അനുഭാവികൾ

ജന്മഭൂമി പത്രത്തിന്റെ ഫേസ് ബുക്ക് പേജിലും നിരവധി സംഘ പരിവാർ പ്രവര്‍ത്തകരുടെ ഫേസ് ബുക്കിലും കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്തു ശ്രീജിത്തിന്റെ ഫോട്ടോ വെച്ച് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് . ' തല പോകും ,കളിക്കുമ്പോള്‍ സൂക്ഷിക്കണം, ഇവന്റെ നാക്കു പിഴുതെടുക്കണം, ഈ പര നാറിയുടെ പല്ലും പിഴുതെടുക്കണം, ഈ നാടിനു വേണ്ടി നമ്മുടെ സംസ്‌കാരത്തെ നില നിര്‍ത്താന്‍ ഹിന്ദു ധര്‍മ്മത്ത നില നിര്‍ത്താന്‍ സ്വന്തം നാടും വീടും സ്വന്തക്കാരേയും വിട്ട് സംഘം എന്ന മഹാ പ്രസ്ഥാനത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ഞങ്ങളുടെ പ്രചാരകന്‍മാരെ തൊട്ടു കളിച്ചാല്‍ നീ ഒന്നും ഇനി ഒരു പകല്‍ കാണില്ല ' തുടങ്ങിയ വിധത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് ശ്രീജിത്തിനെതിരെ ഫേസ് ബുക്കില്‍ പ്രചരിക്കുന്നത്

തല പോകും; കളിക്കുമ്പോള്‍ സൂക്ഷിക്കണം; നീ ഒന്നും ഇനി ഒരു പകല്‍ കാണില്ല:

പാലക്കാട്:  ഒറ്റപ്പാലത്ത് ആര്‍ എസു എസുകാരുടെ അക്രമത്തിന് ഇരയായ റിപ്പോര്‍ട്ടര്‍ ടിവി  പാലക്കാട് റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന് ആര്‍ എസ് എസുകാരുടെ വധഭീഷണി. തുടർച്ചയായ വധഭീഷണിക്ക് എതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ പാലക്കാട് പ്രസ് ക്ലബ്ബ് തീരുമാനിച്ചു. പത്രപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളിയാഴ്ച്ച ഫാസിസ്റ്റ് ഭീഷണിക്കെതിരെ സാംസ്‌കാരിക സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.


'ഇനി മര്യാദക്ക് പണിയെടുക്കാന്‍ സമ്മതിക്കില്ലെന്നും ഉടന്‍ തട്ടിക്കളയും' എന്ന വിധത്തിലുള്ള ഭീഷണി സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ ശ്രീജിത്തിന് ലഭിക്കുന്നത്. ഫോൺ വഴിയാണ് പല സന്ദേശങ്ങളും വരുന്നത്. ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട ശേഷം അന്ന് മുതല്‍ തന്നെ ആര്‍ എസ് എസു കാര്‍ ശ്രീജിത്തിനെതിരെ വധ ഭീഷണിയുള്‍പ്പടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് .

ജന്മഭൂമി പത്രത്തിന്റെ ഫേസ് ബുക്ക് പേജിൽ വായനക്കാരുടെ കമന്റുകളായും നിരവധി സംഘ പരിവാർ പ്രവര്‍ത്തകരുടെ ഫേസ് ബുക്കിലും  കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്തു ശ്രീജിത്തിന്റെ ഫോട്ടോ വെച്ച് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് . ' തല പോകും, കളിക്കുമ്പോള്‍ സൂക്ഷിക്കണം, ഇവന്റെ നാക്കു പിഴുതെടുക്കണം, ഈ പര നാറിയുടെ പല്ലും പിഴുതെടുക്കണം, ഈ നാടിനു വേണ്ടി നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍, ഹിന്ദു ധര്‍മ്മത്ത നിലനിര്‍ത്താന്‍ സ്വന്തം നാടും വീടും സ്വന്തക്കാരേയും വിട്ട് സംഘം എന്ന മഹാപ്രസ്ഥാനത്തിനു വേണ്ടി ജീവിതം മാറ്റി വച്ച ഞങ്ങളുടെ പ്രചാരകന്‍മാരെ തൊട്ടുകളിച്ചാല്‍ നീ ഒന്നും ഇനി ഒരു പകല്‍ കാണില്ല ' തുടങ്ങിയ വിധത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് ശ്രീജിത്തിനെതിരെ ഫേസ് ബുക്കില്‍ പ്രചരിക്കുന്നത്. ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിലും സി പി ഐ(എം) ന് എതിരേയും ശ്രീജിത്തിനെതിരേയും വാര്‍ത്തയുണ്ടായിരുന്നു .

മാധ്യമ പ്രവർത്തകർക്ക്  നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സജീവമായി തന്നെ ഇടപെടുമെന്ന് ജനറല്‍ സെക്രട്ടറി സി നാരായണന്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ക്യാംപെയിന്‍ സംഘിപ്പിക്കാന്‍ യൂണിയൻ പദ്ധതിയിടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് എതിരെ മുന്‍പും സംഘടന ശക്തമായ നിലപാടെടുത്തിട്ടുണ്ട്. അതേ പിന്തുണ തന്നെ ശ്രീജിത്തിനും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നേര്‍ക്കുള്ള കടന്നുകയറ്റമായാണ് സംഘടന കാണുന്നത്. മുന്‍പും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും നീണ്ടു നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരു പ്രശ്‌നം അവസാനിപ്പിക്കാനല്ല, മറിച്ച് അതിന്റെ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച് പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ഇത് അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണെന്നും സി നാരായണന്‍ പ്രതികരിച്ചു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള സംഘപരിവാറിന്റെ വെല്ലുവിളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശ്രീജിത്ത് നാരദ ന്യൂസിനോട് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തനം നിര്‍ത്താനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടില്‍ ഉറച്ചു മുന്നോട്ടു പോകാനാണ് തീരുമാനം എന്നും ശ്രീജിത്ത് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ചെര്‍പ്പുളശേരി നെല്ലായ ഭാഗത്ത് സി പി എം(എം) പ്രവര്‍ത്തകരുടെ വീടും ബൈക്കുകളും കത്തിച്ച കേസില്‍ അറസ്റ്റിലായ ആറ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത് . ദ്യശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ രണ്ടു ബൈക്കുകളിലായി എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു . സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് പാലക്കാട് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ശ്രീജിത്ത്, പ്രാദേശിക ചാനലിലെ പ്രവർത്തകനായ അനൂപ് എന്നിവര്‍ക്കാണ് പരുക്കേറ്റത് . അനൂപിന്റെ കാമറയും ഇവര്‍ തകര്‍ത്തിരുന്നു .

സംഭവത്തെ തുടര്‍ന്ന് ആര്‍ എസ് എസ് കാര്യവാഹകും തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയുമായ വിഷ്ണുവിനെതിരെയും ചെര്‍പ്പുളശേരി സ്വദേശികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേയും വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതികളായ വിഷ്ണുവും സതീഷും ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ഇവരെ ഒറ്റപ്പാലം കോടതി പതിന്നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ്. പ്രതികളില്‍ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. സംഭവത്തിനു ശേഷം ആര്‍ എസ് എസ് പ്രവര്‍ത്തകരെ സി പി ഐ (എം) പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന നിലയിലാണ് ജന്മഭൂമി പത്രം വാർത്തനൽകിയത്. അക്രമത്തിന് ശ്രീജിത്ത് നേതൃത്വം നല്‍കിയെന്ന വ്യാജ പ്രചരണം നടത്തിയാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

Story by
Read More >>